ഒരു ജഡ്ജിയുടെ അനുഭവസാക്ഷ്യം – Shalom Times Shalom Times |
Welcome to Shalom Times

ഒരു ജഡ്ജിയുടെ അനുഭവസാക്ഷ്യം

സ്വീഡിഷ് അധിനിവേശക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കീഴടക്കി മുന്നേറുന്ന കാലം. പോളണ്ടായിരുന്ന അവരുടെ അടുത്ത ഇര. 1655-ലെ ഈ അധിനിവേശത്തില്‍ പോളണ്ടുമുഴുവന്‍ സ്വീഡന്‍ കീഴടക്കി. എന്നാല്‍ അവര്‍ക്ക് പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരേയൊരു സ്ഥലം ‘ബ്രൈറ്റ് മൗണ്ട്’ എന്നര്‍ത്ഥമുള്ള ജാസ്‌നഗോര ആശ്രമമാണ്. ഔവര്‍ ലേഡി ഓഫ് ഷെസ്റ്റോകോവ, അഥവാ ഷെസ്റ്റോകോവ മാതാവിന്റെ പ്രശസ്ത തീര്‍ത്ഥകേന്ദ്രമാണ് ജാസ്‌നഗോര. 4000-ല്‍ പരം സ്വീഡിഷ് സൈനികര്‍ 40 ദിവസം ഈ ചെറുനഗരത്തെ ഉപരോധിച്ചു.

എന്നാല്‍ പരിശുദ്ധ ദൈവമാതാവിന്റെ സഹായം പ്രാര്‍ത്ഥിച്ച്, ആശ്രമത്തിലെ വെറും എഴുപത് സന്യാസിമാരും മറ്റ് 180 പേരും ചേര്‍ന്നു സൈന്യത്തെ തടഞ്ഞുനിര്‍ത്തി, ഒടുവില്‍ സ്വീഡിഷ് സൈന്യത്തിന് തോറ്റ് പിന്‍വാങ്ങേണ്ടിവന്നു. അതേത്തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പോളിഷ് സൈന്യം സ്വീഡിഷ് അധിനിവേശക്കാരെ പോളണ്ടില്‍നിന്ന് സമൂലം പിഴുതെറിയുകയും രാജ്യം പൂര്‍ണമായും സ്വതന്ത്രമാക്കുകയും ചെയ്തു. ജാസ്‌നഗോരയിലെ പരിശുദ്ധ അമ്മയുടെ ഇടപെടലാണ് പോളണ്ടിന്റെ മുഴുവന്‍ വിജയത്തിനും നിദാനമായത്.

‘ഉഷസുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ’ (ഉത്തമഗീതം 6/10) ഷെസ്റ്റോകോവ മാതാവിന്റെ മധ്യസ്ഥതയില്‍ സംഭവിച്ച ഈ അത്ഭുത വിജയം, പോളണ്ടുമുഴുവന്‍ (കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍) മാതാവിന്റെ സംരക്ഷണത്തിന് പ്രതിഷ്ഠിക്കാന്‍ ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജാവിനെ പ്രേരിപ്പിച്ചു. 1656 ഏപ്രില്‍ 1-ന,് മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ പിയെത്രോ വിഡോനിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടനുബന്ധിച്ച്, ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജാവ് പോളണ്ടിനെ ഷെസ്റ്റോകോവ മാതാവിന് സമര്‍പ്പിച്ചു. അതേത്തുടര്‍ന്ന് പരിശുദ്ധ മാതാവിനെ പോളണ്ടിന്റെ രാജ്ഞിയായി പ്രഖ്യാപിച്ചുകൊണ്ട് രാജാവ് ഉദ്‌ഘോഷിച്ചു:

”ദൈവത്തിന്റെ മഹത്വപൂര്‍ണയായ മാതാവേ, വാഴ്ത്തപ്പെട്ട കന്യകേ, ഞാന്‍, ജോണ്‍ കാസിമിര്‍, അങ്ങയുടെ പുത്രനും രാജാക്കന്മാരുടെ രാജാവും എന്റെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ കൃപയാലും അങ്ങയുടെ കാരുണ്യത്താലും, രാജാവായ ഞാന്‍ അങ്ങയുടെ ഏറ്റവും പരിശുദ്ധമായ പാദാന്തികത്തില്‍ വീണുകൊണ്ട്, എന്റെ രാജ്യങ്ങളുടെ (കോമണ്‍വെല്‍ത്ത്) രക്ഷാധികാരിയും രാജ്ഞിയുമായി അങ്ങയെ സ്വീകരിക്കുന്നു. എന്റെ പോളണ്ട് രാജ്യത്തെയും എന്നെയും അങ്ങയുടെ അനന്യമായ പരിപാലനയ്ക്കും സംരക്ഷണത്തിനും ഞാന്‍ ഭരമേല്‍പ്പിക്കുന്നു.”
12 യുദ്ധങ്ങളും കിരാതമായ സൈനിക നിയമനടപടികളും ചെര്‍ണോബില്‍ ആണവ ദുരന്തവുമെല്ലാം അതിജീവിച്ച്, ലോകത്തിന് ഇന്നും ഒരു അതിശയമായി വാഴുകയാണ് ഷെസ്റ്റോകോവ മാതാവ്. ഈ അമ്മയുടെ മാധ്യസ്ഥ്യശക്തിയെക്കുറിച്ച് നൊവോേഗ്രാഡിലെ പ്രമുഖ ജഡ്ജിയുടെ സാക്ഷ്യം അനിതരസാധാരണമാണ്.

ജഡ്ജി പറഞ്ഞ സ്വന്തം സാക്ഷ്യം
വടക്കുകിഴക്കന്‍ പോളണ്ടിലെ നൊവോഗ്രോഡ് സ്വദേശിയാണ് മിക്കൊളാജ് ഗ്രൊഷോള്‍സ്‌കി എന്ന ജഡ്ജി. ഏവര്‍ക്കും സുസമ്മതനും പ്രിയങ്കരനുമായ അദ്ദേഹം മാറാരോഗബാധിതനായി. കഠിനവേദനയാല്‍ ഒന്നു സംസാരിക്കാന്‍പോലും സാധിക്കാതെ സകലരെയും ദു:ഖിതരാക്കി നിത്യതയിലേക്ക് യാത്രയായി. മൃതസംസ്‌കാരത്തിനുള്ള കബറിടവും മൃതപേടകവുമെല്ലാം മനോഹരമായി അലങ്കരിച്ചു. ഉന്നതനെന്നോ സാധാരണക്കാരെന്നോ മുഖംനോട്ടമില്ലാതെ ഏവര്‍ക്കും സഹായമേകിയിരുന്ന ആ നല്ല മനുഷ്യന് ആദരവര്‍പ്പിക്കാന്‍ ജനം തിങ്ങിക്കൂടി.

പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നുകൊണ്ടിരുന്നു. മൃതസംസ്‌കാരശേഷം ജനത്തിന് നല്കാനുള്ള ലഘുഭക്ഷണവും ക്രമീകരിക്കപ്പെട്ടു. ഒടുവില്‍, ഔദ്യോഗിക ബഹുമതികളോടെ ജഡ്ജിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി മൃതപേടകം ഉയര്‍ത്തി. അപ്പോഴതാ ജഡ്ജി ശവമഞ്ചത്തില്‍ എഴുന്നേറ്റിരിക്കുന്നു…! എല്ലാവരും ഭയന്നോടി. ആകെ ബഹളം… വൈദികരും ഉദ്യോഗസ്ഥരും സ്തംബ്ധരായി നില്‌ക്കെ ജഡ്ജി ശാന്തനായി പറഞ്ഞു, ഞാന്‍ ഭൂതമല്ല, യഥാര്‍ത്ഥ മനുഷ്യനാണ്…! ഓടിപ്പോയവര്‍ ഇതുകേട്ട് ഞെട്ടലോടെ തിരിച്ചെത്തി, മാംസരക്തങ്ങളുള്ള പച്ചമനുഷ്യനെ കണ്ടു ബോധ്യപ്പെട്ടു. എന്താ സംഭവിച്ചത്, എന്തുണ്ടായി…? ആശ്ചര്യവും ആകാംക്ഷയുംകൊണ്ട് അദ്ദേഹത്തെ പൊതിഞ്ഞു. ജസ്റ്റിസ് മിക്കൊളാജ് ഗ്രൊഷോള്‍സ്‌കി ചെറുപുഞ്ചിരിയോടെ സംസാരിക്കാന്‍ ആരംഭിച്ചു.

ശവപ്പെട്ടിക്കുള്ളിലെ സംഭവങ്ങള്‍
”രോഗാവസ്ഥയിലായിരിക്കെ എനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ മരണാസന്നനായിട്ടും വിശുദ്ധ കുമ്പസാരമോ മറ്റ് കൂദാശകളോ സ്വീകരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ മരണം സംഭവിക്കുന്നതുവരെയും ഉള്ളില്‍ നല്ല ബോധമുള്ള അവസ്ഥയിലായിരുന്നു ഞാന്‍. ഹൃദയമുയര്‍ത്തി ഞാന്‍ പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചു. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, എനിക്ക് ആരോഗ്യവും ജീവനും നല്കിയാല്‍ ജാസ്‌നഗോരയിലേക്ക് തീര്‍ത്ഥാടനം നടത്തി ഷെസ്റ്റോകോവ മാതാവിന് നന്ദിയര്‍പ്പിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തു. ഷെസ്റ്റോകോവയിലെ പരിശുദ്ധ അമ്മയുടെ സഹായത്താല്‍, കുമ്പസാരിക്കാനും പ്രായശ്ചിത്തമനുഷ്ഠിക്കാനുമായി ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു. ”എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്?” (ലൂക്കാ 1/43).

പരിശുദ്ധ അമ്മയിലൂടെ ദൈവം പ്രവര്‍ത്തിച്ച അസാധാരണ സംഭവം കേട്ട്, ഏവരും ഷെസ്റ്റോകോവ മാതാവിനെ വാഴ്ത്തുകയും കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്തു. അങ്ങനെ, ദൈവമാതാവ് ഇടപെട്ട ജീവന്റെ തിരിച്ചുവരവിന് സാക്ഷിയായ ശവപ്പെട്ടി അവര്‍ക്കൊരു കൗതുകമായി ഭവിച്ചു. മരണത്തെ വിജയിച്ച പുഞ്ചിരിയോടെ ജനം അത് മടക്കിക്കൊടുത്തുകൊണ്ട് സന്താപത്തിന്റെ ലഘുഭക്ഷണം ആനന്ദത്തിന്റെയും ദൈവസ്തുതിയുടെയും വിരുന്നാക്കി മാറ്റി.

ദയയില്‍ തോറ്റുകൊടുക്കാതെ മാതാവ്
1680-ല്‍ നടന്ന ഈ അത്ഭുതത്തിന് മുന്നോടിയായി നേര്‍ന്ന നേര്‍ച്ചപ്രകാരം, ജാസ്‌നഗോരയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ജസ്റ്റിസ് മിക്കൊളാജ് താമസം വരുത്തി. ദൈവത്തോടുള്ള പ്രതിജ്ഞ നിസാരമാക്കിയ അയാള്‍ വീണ്ടും രോഗബാധിതനും മരണാസന്നനുമായിത്തീര്‍ന്നു. ഇനി ജീവന്‍ തിരികെ ലഭിക്കില്ലെന്ന് ബോധ്യമായ അയാള്‍ കരുണാമയിയായ പരിശുദ്ധ അമ്മയെത്തന്നെ വീണ്ടും ആശ്രയിച്ചു, ഒരവസരംകൂടി നല്കണമേയെന്ന് അമ്മയോട് യാചിച്ചു. അന്നുരാത്രി, ആരോ അയാള്‍ക്ക് മുന്നറിയിപ്പുനല്കി: ‘തീര്‍ത്ഥാടനം ഇനിയും വൈകിപ്പിക്കരുത്…’ പിറ്റേന്ന് അതിരാവിലെ സ്വയം വിശ്വസിക്കാന്‍ കഴിയുംമുമ്പേ, ജഡ്ജി ആരോഗ്യത്തോടെ എഴുന്നേറ്റ് ജാസ്‌നഗോരയിലേക്ക് യാത്രയായി.

മരണത്തില്‍നിന്ന് തന്നെ അത്ഭുതകരമായി ഉയിര്‍പ്പിക്കുകയും രണ്ടാമതും മരണവക്ത്രത്തില്‍നിന്ന് ആരോഗ്യത്തോടെ തിരികെ നടത്തുകയും ചെയ്ത ഷെസ്റ്റോകോവ മാതാവിന്റെ അത്ഭുതങ്ങളെ ജഡ്ജി ജനമധ്യേ സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന്, അവിടെ കൂടിയിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരോടൊപ്പം മാതാവിന് നന്ദി പറഞ്ഞ്, ദൈവത്തിന് സ്തുതിസ്‌തോത്രങ്ങള്‍ ആലപിച്ചു.

ഇവ ശ്രദ്ധിക്കാതെ പോകരുത്
നോക്കൂ… പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയുടെ ശക്തി..! മരണത്തിന് വിധിക്കപ്പെട്ട ആ വ്യക്തി മരണസമയത്ത് ഹൃദയമുയര്‍ത്തി അമ്മയോട് അപേക്ഷിച്ചപ്പോഴേക്കും സ്വര്‍ഗത്തിന്റെ തീരുമാനത്തെ മാറ്റിക്കുറിക്കുവാന്‍ അമ്മയുടെ ഇടപെടല്‍ നിദാനമായി. അമ്മ പറഞ്ഞാല്‍ ദൈവം അവിടുത്തെ തീരുമാനങ്ങള്‍പോലും മാറ്റുമെന്ന് ഈ സംഭവം സാക്ഷീകരിക്കുന്നു. മരണത്തിന്മേലും ജീവന്റെമേലും പരിശുദ്ധ ദൈവമാതാവിന് ഈശോ തന്റെ അധികാരം നല്കിയിരിക്കുന്നു എന്നതല്ലേ ഇത് തെളിയിക്കുന്നത്…?

മറ്റൊരു പ്രധാന വസ്തുതകൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജസ്റ്റിസ് മിക്കൊളാജ് കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുക എന്നത് തിന്മയുടെ ഏറ്റവും വലിയ ആഗ്രഹവും ആവശ്യവുമായിരുന്നു. അയാളുടെ ആത്മാവിനെ തട്ടിയെടുക്കാനുള്ള അവന്റെ കുതന്ത്രത്തെയാണ് പരിശുദ്ധ അമ്മ ഇവിടെ തകര്‍ത്തെറിഞ്ഞത്. ”സര്‍വശക്തനായ കര്‍ത്താവ് ഒരു സ്ത്രീയുടെ കയ്യാല്‍ അവന്റെ പദ്ധതികള്‍ തകിടംമറിച്ചു” (യൂദിത്ത് 16/5). പരിശുദ്ധ അമ്മയുടെ സ്‌നേഹിതര്‍ മരിക്കുമ്പോഴും മരണശേഷവും അമ്മ സഹായിക്കും, കൂദാശകള്‍ സ്വീകരിക്കാന്‍ അവസരം ഒരുക്കും എന്നതൊക്കെ ജസ്റ്റിസ് മിക്കൊളാജിന്റെ അനുഭവം നല്കുന്ന സന്ദേശങ്ങളാണ്.

ദൈവത്തിനടുത്ത് ഇത്രയധികം സ്വാധീനശക്തിയുള്ള പരിശുദ്ധ മറിയം സ്വന്തം അമ്മയായുള്ളവരാണ് നാം ഓരോരുത്തരും എന്ന് വീണ്ടും ഓര്‍മിക്കണം. ഈശോ മുറുകെ പിടിച്ച ആ കൈകളില്‍ നമുക്കും ഇറുകെപ്പിടിച്ച്, അമ്മയോടുചേര്‍ന്ന്, അങ്ങനെ ഈശോയോടൊപ്പം നടക്കാം. എങ്കില്‍ ജീവിതത്തിലും മരണനേരത്തും മരണശേഷവും ഈശോയും മാതാവും യൗസേപ്പിതാവും നമ്മോടൊപ്പം ഉണ്ടായിരിക്കും.

ആന്‍സിമോള്‍ ജോസഫ്