”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29/11). 33 വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ച് ഈ വചനം കേട്ടപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു. ഈ നാളുകളില്‍ കര്‍ത്താവിന്റെ വചനം ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.
വിവാഹിതരാകുന്ന അനേകരെയുംപോലെ, ഞങ്ങളുടെ ആഗ്രഹവും അതുതന്നെ ആയിരുന്നു. ആദ്യത്തെ കണ്‍മണി ആണായിരിക്കണം. അവന്‍ സുന്ദരനായിരിക്കണം, മിടുക്കനായിരിക്കണം, ബുദ്ധിശാലി ആയിരിക്കണം. മൂന്ന് വര്‍ഷക്കാലം ഈ മനോഹരമായ സ്വപ്നവുമായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ കര്‍ത്താവ് ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അപ്പോള്‍ ഉത്തരം തന്നില്ല. ഞങ്ങളുടെ ഡിമാന്‍ഡ് അല്പം കുറച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ ഞങ്ങളുടെ ഡിമാന്‍ഡുകളെല്ലാം പിന്‍വലിച്ചു. ‘കര്‍ത്താവേ, നീ ഞങ്ങള്‍ക്കായി കരുതിവച്ചിരിക്കുന്ന സ്വര്‍ഗത്തിലെ ആ കുഞ്ഞിനെ തരാന്‍ ഇനിയും വൈകല്ലേ. നീ നല്കുന്ന കുഞ്ഞ് എങ്ങനെ ആയാലും കുഴപ്പമില്ല. നിങ്ങള്‍ക്ക് നല്കാന്‍ എന്റെ പക്കല്‍ ഒരു കുഞ്ഞില്ല എന്നുമാത്രം പറയല്ലേ.’ ഇതായിരുന്നു ഞങ്ങളുടെ പുതുക്കിയ പ്രാര്‍ത്ഥന. കര്‍ത്താവ് ആ പ്രാര്‍ത്ഥനക്ക് ഉത്തരം തന്നു. ആദ്യത്തെ മോനെ ഞങ്ങള്‍ക്ക് ലഭിച്ചു.
വിശിഷ്ടമായ നിധികള്‍ക്കായി നാം ഏറെ കാത്തിരിക്കേണ്ടിവരും. ഞങ്ങള്‍ കാത്തിരുന്ന് വാങ്ങിയ മോന്‍ ഒരു ‘സ്‌പെഷ്യല്‍’ കുഞ്ഞായിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെത്താന്‍ കാലതാമസമുണ്ടായിരുന്നു. സംസാരം, നടപ്പ് എല്ലാം ക്രമേണ ശരിയായിക്കൊള്ളുമെന്ന് ഡോക്ടര്‍ ആശ്വസിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ മനസ് പതറിപ്പോയ ദിവസങ്ങളായിരുന്നു അത്. ആ നാളുകളില്‍ തിരുവചനത്തിലൂടെ ദൈവം തന്ന ആശ്വാസവും പ്രത്യാശയും വലുതായിരുന്നു. പ്രാര്‍ത്ഥനമാത്രമായിരുന്നു ഞങ്ങളുടെ പിടിവള്ളി. രണ്ടുപേരും പരസ്പരം ഊന്നുവടികളായി കുഞ്ഞിനെ പരിചരിച്ചു.
നാളുകള്‍ കഴിഞ്ഞപ്പോള്‍ രണ്ടാമതൊരു കുഞ്ഞിനെ തരാന്‍ ഈശോയോട് പറഞ്ഞു. അധികം വൈകാതെ രണ്ടാമത്തെ മോനും ഞങ്ങളുടെ കൈകളിലെത്തി. ശൈശവത്തില്‍ പലപ്പോഴും അവനുണ്ടായ ‘ഇന്റേണല്‍ ഫീവര്‍’ (പുറമെ അറിയാന്‍ കഴിയാത്ത പനി) അപസ്മാരത്തിലെത്തുകയും അവന്റെ തലച്ചോറിന്റെ കോശങ്ങളെ ബാധിക്കുകയും ചെയ്തു. പിന്നീടാണ് ഞങ്ങള്‍ അതറിഞ്ഞത്. അങ്ങനെ ഞങ്ങള്‍ക്കായി ദൈവം കരുതിവച്ചിരുന്ന രണ്ട് മക്കളും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ‘സ്‌പെഷ്യല്‍’ കുട്ടികളായിരുന്നു എന്ന വലിയ തിരിച്ചറിവ് ഞങ്ങളെ ഏറെ ചിന്തിപ്പിച്ചു. ആദ്യത്തെ മോന്റെ കാര്യം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ അല്പം പതറിപ്പോയെങ്കിലും രണ്ടാമത്തെ മോനും അതുപോലെയാണ് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരു അസാധാരണ ധൈര്യം കിട്ടി. കാരണം, രണ്ട് മക്കളും അവരുടെ ജീവിതകാലം മുഴുവനും സ്വയം ചിന്തിക്കാനോ പരസഹായം കൂടാതെ ജീവിക്കാനോ കഴിവില്ലാത്തവരാണെങ്കില്‍ അത് ദൈവം ബോധപൂര്‍വം എടുത്ത തീരുമാനമായിരിക്കണം. ഞങ്ങള്‍ക്കുവേണ്ടി ദൈവത്തിന് എന്തോ പ്രത്യേക പദ്ധതിയുണ്ട്. ഇങ്ങനെയൊക്കെയാണ് ആ നാളുകളില്‍ ഞങ്ങള്‍ക്ക് മനസിലായത്.
അപ്പോള്‍മുതല്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെ ആത്മീയമായി ഒരുക്കാന്‍ തുടങ്ങി. കാരണം, ഈ മക്കളിലൂടെ ലോകത്തിന്റേതായ ഒന്നുംതന്നെ നേടാനാവില്ല എന്നും അതുതന്നെയാണ് ദൈവത്തിന്റെ പദ്ധതിയെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആ ദിവസങ്ങളില്‍ എന്നെ ഏറെ സ്പര്‍ശിച്ച ഒരു തിരുവചനം ഇന്നും എനിക്ക് വഴികാട്ടിയാണ്. ”ദൈവത്തോട് ചേര്‍ന്നുനില്‍ക്കുവിന്‍, അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും” (യാക്കോബ് 4/8). അതുപോലെ വേറൊരു വചനമാണ് ”നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ, അവിടുന്ന് നിനക്ക് വഴിതെളിച്ചുതരും” (സുഭാഷിതങ്ങള്‍ 3/6).
ഞങ്ങള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും സ്വര്‍ഗത്തിലെ വലിയ ആനന്ദം സ്വന്തമാക്കാനായി ഈ ലോകത്തിലെ ചില സന്തോഷങ്ങള്‍ വേണ്ടെന്നുവയ്ക്കണമെന്നും ഞങ്ങള്‍ പരസ്പരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. മക്കള്‍ രണ്ടുപേരും അഞ്ചാം ക്ലാസുമുതല്‍ സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് പഠിച്ചത്. മറ്റാരുടെയും സഹായം കൂടാതെ വ്യത്യസ്ത സ്വഭാവമുള്ള രണ്ട് സ്‌പെഷ്യല്‍ മക്കളെ വളര്‍ത്തുക എന്നത് വളരെ ശ്രമകരമായിരുന്നു. ഞാന്‍ ഓഫീസില്‍ പോയിക്കഴിഞ്ഞാല്‍ ക്ലേശങ്ങളെല്ലാം ഏറ്റെടുത്തത് ജീവിതപങ്കാളിയായിരുന്നു. രാവിലെ ഉണര്‍ത്തുന്നതുമുതല്‍ രാത്രി ഉറക്കുന്നതുവരെ ഓരോ കാര്യത്തിനും കൂടെ നില്‍ക്കണം. അവര്‍ക്ക് പ്രായം കൂടുമ്പോഴും ഞങ്ങളുടെ അധ്വാനത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനകളും ജപമാലയും സങ്കീര്‍ത്തനങ്ങളുമെല്ലാം കാണാപാഠമാക്കാനും അനുദിന ദിവ്യബലിയില്‍ പങ്കെടുക്കാനും അവരെ പരിശീലിപ്പിച്ചു. കഴിഞ്ഞ 15 വര്‍ഷത്തോളമായി മഴയോ മറ്റ് പ്രതികൂലങ്ങളോ ശ്രദ്ധിക്കാതെ, മക്കള്‍ ഞങ്ങള്‍ക്കൊപ്പം ഉത്സാഹത്തോടെ ദിവസവും ദിവ്യബലിക്ക് വരുന്നുണ്ട്. കോവിഡ് കാലത്തുപോലും ദിവ്യബലി മുടങ്ങിയില്ല. ഓരോ ദിവസവും ദൈവാലയത്തില്‍ കേള്‍ക്കുന്ന തിരുവചനങ്ങള്‍ വീട്ടില്‍വന്ന് ബൈബിള്‍ നോക്കി, പകര്‍ത്തി എഴുതുന്നതും ഉറങ്ങുന്നതിനുമുമ്പുള്ള ബൈബിള്‍വായനയും മക്കളുടെ ദിനചര്യയുടെ ഭാഗമാണ്.
അത്താഴം കഴിഞ്ഞ് അരമണിക്കൂര്‍ ബൈബിള്‍ വായിക്കുന്നത് ഞങ്ങളുടെ അനുദിന ‘ഫാമിലി പ്രോഗ്രാം’ ആണ്. ഉറങ്ങുംമുമ്പ് ഹന്നാന്‍വെള്ളവുമായി മക്കള്‍ ഞങ്ങളുടെ മുന്നില്‍ വന്ന് കൈകൂപ്പി നില്‍ക്കും, നെറ്റിയില്‍ കുരിശുവരച്ച് ശിരസില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചനുഗ്രഹിക്കാനായി. അവരും തിരിച്ച് ഞങ്ങളുടെ നെറ്റിയില്‍ കുരിശുവരച്ചുതരും. എന്നും ഉറങ്ങുംമുമ്പ് ഞാനും ഭാര്യയും കൈകള്‍ കോര്‍ത്ത് ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കും, ഇന്ന് ഈ മക്കളെ സ്‌നേഹിച്ച് പരിചരിക്കാനുള്ള ശക്തിയും കൃപയും തന്നതിന്.
ഞങ്ങള്‍ ദൈവാലയത്തിലും ഇടവക കൂട്ടായ്മയിലും വിവാഹചടങ്ങുകളിലുമെല്ലാം മക്കളോടൊന്നിച്ചാണ് പോകുന്നത്. മറ്റ് യാത്രകളും ആശുപത്രിസന്ദര്‍ശനങ്ങളും നടത്തുന്നതും ഒന്നിച്ചുതന്നെ. പലര്‍ക്കും ഇത് കൗതുകമാകാറുണ്ട്. ‘ഇതൊക്കെ വിധിയാണ്, ശാപമാണ്’ എന്നൊക്കെ മക്കളുടെ സഹപാഠികളുടെ മാതാപിതാക്കള്‍ പറയുമ്പോഴും, ‘ഇതൊരു അനുഗ്രഹമാണ്, ദൈവവിളിയാണ്, നാം തെരഞ്ഞെടുക്കപ്പെട്ടവരാണ്’ എന്നാണ് ഞങ്ങള്‍ അവരോട് പറയുന്നത്. ഞങ്ങളെപ്പോലുള്ള അനേകര്‍ക്ക് ആശ്വാസമേകാന്‍ ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു.
‘മക്കളെയോര്‍ത്ത് വിഷമിക്കരുത്, അവര്‍ക്കായി ദൈവം കരുതിയിട്ടുണ്ട്’ എന്നാണ് ദൈവശുശ്രൂഷകര്‍വഴി പലപ്പോഴും ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള സന്ദേശം. ഇങ്ങനെയുള്ള കുട്ടികള്‍ക്കായി ജീവിതം സമര്‍പ്പിക്കാനുള്ള ദൈവവിളിയാണ് കര്‍ത്താവ് ഞങ്ങള്‍ക്ക് തന്നിരിക്കുന്നത് എന്ന് ദൈവശുശ്രൂഷകരിലൂടെ ഞങ്ങള്‍ക്ക് മനസിലായി. ആ ശ്രേഷ്ഠമായ നിയോഗം സമര്‍പ്പിച്ച് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരിക്കലും മക്കളെ സുഖപ്പെടുത്തണമേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചില്ല. പകരം, ”ദൈവമേ, അങ്ങ് ഞങ്ങള്‍ക്ക് തന്ന ഈ മക്കളെ സംബന്ധിച്ചുള്ള അങ്ങയുടെ തിരുഹിതം എന്തെന്ന് വെളിപ്പെടുത്തിത്തരണമേ. അങ്ങ് ആഗ്രഹിക്കുന്നതുപോലെ, മക്കളെ വളര്‍ത്താന്‍ ഞങ്ങള്‍ക്ക് കൃപതരണമേ…’ എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന.
”എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും” (യോഹന്നാന്‍ 14/14). ഞങ്ങളുടെ മക്കള്‍ക്കും അവരെപ്പോലുള്ള മറ്റ് കുട്ടികള്‍ക്കും പഠനവും പരിശീലനവും നടത്തി, മറ്റേതൊരു പൗരനെയുംപോലെ, ഒരു തൊഴില്‍ ചെയ്ത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ഒരു പദ്ധതി ഞങ്ങള്‍ മനസില്‍ സൂക്ഷിച്ചിരുന്നു. അതിന്റെ സാക്ഷാത്കാരത്തിനായി ഞാന്‍ എന്റെ ബാങ്ക് ജോലി ഉപേക്ഷിച്ചു. നീണ്ട നാളത്തെ പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായി, ദൈവം ഞങ്ങളെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് ‘ഏയ്ഞ്ചല്‍സ് വില്ലേജ്’ എന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രസ്ഥാനത്തിലാണ്. മക്കള്‍ രണ്ടുപേരും, ഇവിടത്തെ സ്‌പെഷ്യല്‍ കുട്ടികളും മാതാപിതാക്കളും ചേര്‍ന്നുനടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരാണ്.
ഇനിയുള്ള കാലം ഈ ‘മാലാഖമാരുടെ ഗ്രാമ’ത്തിലെ മക്കളോടൊപ്പം അവര്‍ക്ക് ശുശ്രൂഷ ചെയ്ത് ജീവിച്ച്, അവര്‍ക്കായി ജീവിതം സമര്‍പ്പിക്കാനുള്ള വിളി ദൈവം സാധ്യമാക്കിയിരിക്കുന്നു. ”നിങ്ങള്‍ മക്കളെയോര്‍ത്ത് വിഷമിക്കരുത്, അവര്‍ക്കായി കര്‍ത്താവ് കരുതിയിട്ടുണ്ട്” എന്ന വാക്കുകള്‍ വിശ്വസിക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് എളുപ്പമാണ്. ഞങ്ങള്‍ക്കായി പണ്ടേ ദൈവം വാഗ്ദാനം ചെയ്തിരുന്നതാണ് ‘ഏയ്ഞ്ചല്‍സ് വില്ലേജ്’ എന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നു.
”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്”- പലവിധ സങ്കടങ്ങളിലായിരിക്കുന്നവരോട് കര്‍ത്താവ് പറയുന്ന വാക്കുകളാണിത്. ”ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല” (റോമാ 9/6). വിശ്വസിച്ചാല്‍ നാം ദൈവമഹത്വം ദര്‍ശിക്കും.
ജോണ്‍ തെങ്ങുംപള്ളില്‍