ജോലി ലഭിക്കാന്‍ ഞാന്‍ ചെയ്യേണ്ടിയിരുന്നത്… – Shalom Times Shalom Times |
Welcome to Shalom Times

ജോലി ലഭിക്കാന്‍ ഞാന്‍ ചെയ്യേണ്ടിയിരുന്നത്…

 

കാഞ്ഞിരപ്പള്ളിയിലെ അമല്‍ജ്യോതി കോളേജിലാണ് ഞാന്‍ ബി.ടെക് പഠിച്ചത്. മൂന്നാം വര്‍ഷ പഠനത്തിന് Television Engineering എന്നൊരു പേപ്പര്‍ ഉണ്ടായിരുന്നു. സതീഷ് ജോണ്‍ എന്ന സാറാണ് ആ വിഷയം പഠിപ്പിച്ചിരുന്നത്, ഏറെ നന്മകളുള്ള ഒരു അധ്യാപകന്‍. ചില വ്യക്തിപരമായ കാരണങ്ങളാല്‍ ആ വിഷയത്തില്‍ സാര്‍ നടത്തിയ ഒരു പരീക്ഷ എഴുതാന്‍ ഞാനുള്‍പ്പെടെ കുറച്ച് പേര്‍ക്ക് സാധിക്കാതെ വന്നു. അതിനാല്‍ അദ്ദേഹം ഞങ്ങള്‍ക്കായി ആ പരീക്ഷ രണ്ടാമത് എടുക്കാന്‍ തീരുമാനിച്ചു.
നിശ്ചിതദിവസം അദ്ദേഹം ചോദ്യപേപ്പര്‍ തന്നിട്ട് ക്ലാസില്‍നിന്ന് പോയി. ഞങ്ങളോട് കാണിച്ച വിശ്വാസമായിരുന്നു അത്. പക്ഷേ ഞങ്ങള്‍ ഒരു അവിവേകം കാണിച്ചു. ഞാനുള്‍പ്പെടെ കുറച്ചുപേര്‍ ടെക്‌സ്റ്റ് ബുക്ക് തുറന്നുവച്ചാണ് പരീക്ഷ എഴുതിയത്. ഞങ്ങള്‍ ഇപ്രകാരം ചെയ്യുന്നത് കണ്ടുകൊണ്ട് സാര്‍ ക്ലാസിലേക്ക് വന്നു. ഞങ്ങള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല.
അന്ന് സാര്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു, ”ഞാന്‍ നിനക്ക് ഫുള്‍ മാര്‍ക്ക് ഇടാന്‍ പോവുകയാണ്. നീ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഈ മാര്‍ക്ക് കിട്ടാന്‍ വേണ്ടിയല്ലേ നീയിത് ചെയ്തത്. അത് നീ എടുത്തോ. എനിക്ക് ആ പേപ്പര്‍ കാണണ്ട!” ചങ്ക് പൊട്ടിപ്പോയ അനുഭവമായിരുന്നു അത്.

അപ്പോള്‍ അങ്ങനെയൊരു ശിക്ഷ തന്നെങ്കിലും ആ സംഭവത്തിനുശേഷം സാര്‍ പഴയതുപോലെ കരുതലും താങ്ങും എല്ലാം തന്നു. സാറിനോട് ക്ഷമ ചോദിക്കണമെന്ന് പലപ്പോഴും കരുതിയെങ്കിലും അത് സാധിച്ചില്ല.
പിന്നീട് നാലാം വര്‍ഷപഠനം തുടങ്ങിയപ്പോള്‍ ധാരാളം ക്യാംപസ് പ്ലേസ്‌മെന്റ് അവസരങ്ങള്‍ വരാന്‍ തുടങ്ങി. പക്ഷേ എത്ര നന്നായി ചെയ്തിട്ടും എനിക്ക് ചേര്‍ന്ന ജോലികളൊന്നും കിട്ടിയില്ല. കിട്ടിയതാകട്ടെ എനിക്ക് പോകാന്‍ സാധിക്കാത്ത തരത്തിലുള്ളതുമായിരുന്നു. പിന്നീട് ബി.ടെക് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിട്ടും പലവിധ കാരണങ്ങളാല്‍ ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥ. അങ്ങനെയിരുന്ന സമയം, ഒരു ദിവസം പ്രാര്‍ത്ഥിക്കാനായി ദൈവാലയത്തില്‍ സക്രാരിക്കുമുന്നിലിരുന്നു. അപ്പോള്‍മുതല്‍ സതീഷ്‌സാറിന്റെ മുഖം കര്‍ത്താവ് മനസില്‍ കാണിച്ചുതരാന്‍ തുടങ്ങി.
സാറിനോട് ക്ഷമ പറഞ്ഞേ മതിയാവൂ എന്നെനിക്ക് മനസിലായി. മനസുകൊണ്ട് അതിനായി ഞാന്‍ ഒരുങ്ങി. എന്നാല്‍ അടുത്ത ദിവസം കേട്ടത് എന്നെ വല്ലാതെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. പാമ്പാടിക്കടുത്ത് തലേന്നുണ്ടായ വാഹനാപകടത്തില്‍ സതീഷ് ജോണ്‍ സാര്‍ മരിച്ചിരിക്കുന്നു!!

അതുകേട്ട് ഞാന്‍ ചങ്കുപൊട്ടിക്കരഞ്ഞു. ആ മൃതസംസ്‌കാരശുശ്രൂഷയിലൊക്കെ എങ്ങനെയാണ് പങ്കെടുത്തത് എന്ന് ഇപ്പോഴും പറയാനാവില്ല. കുറച്ചുനാള്‍ കഴിഞ്ഞ് നെടുങ്കുന്നം ദൈവാലയത്തില്‍ സാറിന്റെ കബറിടത്തില്‍ ഞാന്‍ വീണ്ടുമെത്തി. അവിടെ നിന്ന് കരഞ്ഞുകൊണ്ട് സാറിനോട് ഞാന്‍ മാപ്പുചോദിച്ചു. എനിക്കറിയാം, എന്നെ അത്രമാത്രം സ്‌നേഹിച്ചിരുന്ന ആ അധ്യാപകന്‍ ആത്മനാ എന്നോട് ക്ഷമിച്ചെന്ന്. അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതുപോലുള്ള മറക്കാനാവാത്ത അനുഭവമാണ് അന്ന് ലഭിച്ചത്.
അതിനുശേഷമാണ് എനിക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതും ജീവിതത്തില്‍ പതിയെ കരകയറിത്തുടങ്ങിയതും. വിദ്യ പകര്‍ന്നുതരുന്ന അധ്യാപകരുടെ നിറഞ്ഞ മനസോടെയുള്ള അനുഗ്രഹം ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് ആ അനുഭവം എന്നെ ബോധ്യപ്പെടുത്തി.

പിന്നീടൊരിക്കലും ജീവിതത്തില്‍ അന്നത്തെ പരീക്ഷയ്ക്ക് ചെയ്തതിന് സമാനമായ തെറ്റ് ഞാന്‍ ചെയ്തിട്ടില്ല. ”അങ്ങയുടെ നീതിയുക്തമായ കല്പനകള്‍ പാലിക്കുമെന്ന് ഞാന്‍ ശപഥപൂര്‍വം നിശ്ചയിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 119/106).
ജോര്‍ജ് Alpha & Omega Computers Pvt. Ltd, Kerala Head ആയി ജോലി ചെയ്യുന്നു. അമ്മയും ഭാര്യ ബിന്‍സിയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

ജോര്‍ജ് ജോസഫ്