ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍… പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു! ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന്‍ പറയുകയാണ്, ”അച്ചാ, ശരിക്കും ആ വൈദികന്‍ ദൈവത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു.”
അവന്‍ ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍. ആളുകളുടെ ‘ക്വാളിറ്റി’ അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്റെ ‘ക്വാളിറ്റി’യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം.
”നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല… അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും.” (മത്തായി 7/17- 20).
ഫാ. ജോസഫ് അലക്‌സ്