ഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്‍മക്കളും മൂന്നു പെണ്‍മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. ”പത്തുസെന്റും വീടും നിനക്കുള്ളതാണ്” അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന്‍ കരുതി, ”സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍…”
എന്നാല്‍ അവന്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, ”സ്വത്ത് തുല്യമായി വീതിക്കണം.”
”ചേട്ടാ വീടെനിക്കുള്ളതല്ലേ…”
പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്‌മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ?
”വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്” അവര്‍ ആവശ്യപ്പെട്ടു.
”വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്‍…? പകരം സ്ഥലം തരട്ടെ…” യാചനാപൂര്‍വം അനുജന്‍ അവരോടഭ്യര്‍ത്ഥിച്ചു.
”വേണ്ട, വീടു പൊളിക്കണം” ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്‌നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്റെ കണ്ണു നിറഞ്ഞു. തന്റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു.
വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു ”നിനക്ക് കിടന്നുറങ്ങാമല്ലോ?”
വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന്‍ പറഞ്ഞു, ”അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു.”
ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: ”അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല” (വിലാപങ്ങള്‍ 3/35-36).
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന്‍ വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍… സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു ”പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി” (സങ്കീര്‍ത്തനങ്ങള്‍ 107/17).
ഗലീലിയക്കാരയ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5).
നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്റെ വഴികളിലേക്ക് കടന്നുവരാം. ”തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും” (സുഭാഷിതങ്ങള്‍ 28/13).
ജോയി പുള്ളോലിക്കല്‍