ഇപ്പോള്‍ത്തന്നെ സെറ്റാക്കണം – Shalom Times Shalom Times |
Welcome to Shalom Times

ഇപ്പോള്‍ത്തന്നെ സെറ്റാക്കണം

എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന ഒരു പ്രലോഭനമാണിത്. അതായത്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെന്ന് വിചാരിക്കുക. പഠനമാവാം, വീട്ടിലെ എന്തെങ്കിലും ജോലിയാവാം, അല്ലെങ്കില്‍ ആരെങ്കിലും ഏല്പിച്ച ജോലിയാവാം.
ചാടിക്കയറി അതങ്ങ് ചെയ്യുക എന്ന പ്രലോഭനം എനിക്കെപ്പോഴും ഉണ്ടാവാറുണ്ട്. ആ നേരത്ത് ഒരു കുഞ്ഞുപ്രാര്‍ത്ഥന ചൊല്ലി ഈശോയോട് ചേര്‍ന്ന് ചെയ്യുക എന്ന പരിപാടിയില്ല.
എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതുപോലത്തെ ആശ്രയബോധം ‘സെറ്റ്’ ആക്കുകയെന്നതാണ്. സുവിശേഷദൗത്യത്തിലും ഈ പ്രലോഭനം കയറി വരാന്‍ സാധ്യതയുണ്ട്. കുറെ സോഷ്യല്‍ വര്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൂട്ടുക എന്നതല്ല സുവിശേഷദൗത്യം.
മറിച്ച്, ഈശോയോടുള്ള സ്‌നേഹത്തില്‍ ഹൃദയം നിറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുക, അത്രയേ ഉള്ളൂ.
സ്‌നേഹത്തോടെ ആളുകളെ കാണുക,
സ്‌നേഹത്തോടെ ആളുകളുമായി സംസാരിക്കുക
സ്‌നേഹത്തോടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
”ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു”(ലൂക്കാ 9/2) എന്നുപറയുമ്പോള്‍ ഈശോ ശ്ലീഹരെ ഏല്പിച്ച ദൗത്യവും ഇതുതന്നെയാണ്. സ്‌നേഹത്തോടെ ചെയ്യുക എന്നതാണ് കാതല്‍.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെപ്പോലെ, വിശുദ്ധരുടെ പ്രത്യേകതയും വേറൊന്നായിരുന്നില്ല. ഫ്രാന്‍സിസ് അസ്സീസ്സി ഈശോയോടുള്ള സ്‌നേഹത്തെ പ്രതി എല്ലാം ഉപേക്ഷിച്ച് ഭിക്ഷ തേടിക്കൊണ്ട് ആളുകളെ കാണുകയും സംസാരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ അവിടെയെല്ലാം വിശുദ്ധിയുടെ പരിമളം പടര്‍ന്നു.
നമുക്കും ഇപ്രകാരം നമ്മുടെ സുവിശേഷദൗത്യം ചെയ്യാം, പ്രാര്‍ത്ഥനയോടെയും സ്‌നേഹത്തോടെയും.

ഫാ. ജോസഫ് അലക്‌സ്