ഹെലികോപ്റ്റര്‍ കാണാന്‍ പോയി, പക്ഷേ… – Shalom Times Shalom Times |
Welcome to Shalom Times

ഹെലികോപ്റ്റര്‍ കാണാന്‍ പോയി, പക്ഷേ…

”റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!” കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്തിനടുത്തേക്ക് ഓടിയത്. ചെന്നപ്പോഴേക്കും ഒരു തവണ വന്നുപോയി. ഇനി വീണ്ടും വരുന്നതേയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ കാത്തിരിക്കാമെന്ന് കരുതി. എനിക്കന്ന് പന്ത്രണ്ട് വയസ്. 1979-ലെ വേനലവധിക്കാലമായിരുന്നു അത്. ഏപ്രില്‍ 23, രാവിലെ സമയം. പക്ഷേ വെയില്‍ മൂത്തപ്പോള്‍ നല്ല ദാഹം തോന്നി. അടുത്തുള്ളത് ഒരു ക്രൈസ്തവ ദൈവാലയമാണ്. അവിടത്തെ ടാപ്പ് ശ്രദ്ധയില്‍പ്പെട്ടു. അല്പം വെള്ളം കുടിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു.

വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചിന്ത. ദൈവാലയത്തിനകത്തെ ‘വിഗ്രഹം’ ഒന്ന് കാണണം. ഒരു ഹൈന്ദവനെന്ന നിലയില്‍ എനിക്ക് ക്ഷേത്രങ്ങളാണ് പരിചിതമായത്. അവിടെ, പ്രതിഷ്ഠിച്ച വിഗ്രഹത്തിനാണ് പ്രാധാന്യം. അതുപോലെ ഇവിടെയുള്ള വിഗ്രഹം ഒന്ന് കാണണമെന്ന ആഗ്രഹം, അത്രമാത്രം. പക്ഷേ, ക്ഷേത്രങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന് നിബന്ധനയുള്ളതുപോലെ ഇവിടെയും കാണുമോ എന്ന ചിന്ത ഉള്ളിലുയര്‍ന്നു. എങ്കില്‍ അകത്തുകടന്നാല്‍ പ്രശ്‌നമാകുമല്ലോ എന്നുള്ള ഭയവും. പക്ഷേ ദൈവാലയത്തിനുള്ളില്‍ കയറി നോക്കാനുള്ള പ്രേരണ തടുക്കാനാവുന്നുമില്ല. ഒടുവില്‍ ദൈവാലയവാതില്‍ക്കലെത്തി അകത്തേക്ക് നോക്കുന്നതിനിടെ ഇടതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു.

പെട്ടെന്ന് ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം! ഇടതുകാതില്‍ ഒരു സ്വരവും മുഴങ്ങി, ”ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്.” വീണ്ടും ആകാംക്ഷയോടെ അകത്തേക്ക് നോക്കിക്കൊണ്ട് വലതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. അപ്പോള്‍ ഷോക്കടിക്കുന്നതോടൊപ്പം വലതുകാതില്‍ ഒരു സ്വരം, ”പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല.” എന്തായാലും ഞാന്‍ അകത്ത് പ്രവേശിച്ചു. ഭയവും ദൈവാനുഭവവുമെല്ലാം നിമിത്തം എന്റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. നിമിഷങ്ങള്‍ക്കകം എന്റെ ബോധം മറഞ്ഞു. പിന്നെ ഒരു ടെലിവിഷന്‍ സ്‌ക്രീനിലെന്നതുപോലെ ചില കാഴ്ചകളാണ് കണ്ടത്. കുന്നിന്‍പ്രദേശംപോലെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യന്‍ കമിഴ്ന്നുകിടക്കുന്നു… പഴയ രീതിയിലുള്ള വസ്ത്രമണിഞ്ഞ ആളുകള്‍ വരുന്നു. ഒരാള്‍ കവിളില്‍ ഉമ്മവയ്ക്കുന്നു.

പിന്നെ അയാളെ പിടിച്ചുകൊണ്ടുപോകുന്നു. ഇരുട്ടറയിലാക്കുന്നു. പിന്നെ അയാള്‍ കുരിശും വഹിച്ച് മര്‍ദനമേറ്റ് നടക്കുന്നതും കുരിശില്‍ മരിക്കുന്നതുമെല്ലാം കണ്ടു. കുരിശില്‍നിന്ന് ആ മനുഷ്യന്റെ ശരീരം ഇറക്കി ഒരു സ്ത്രീയുടെ മടിയില്‍ കിടത്തുന്നു. തുടര്‍ന്ന് കല്ലറയില്‍ അടക്കുന്നു. ഒരു സ്ത്രീ കല്ലറയുടെ മുന്നില്‍ നില്‍ക്കുന്നു. അപ്പോള്‍ അയാള്‍ ‘ഞാനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്’ എന്ന് അവളോട് പറയുന്നു…. ഇത്രയും കണ്ടതോടെ ദര്‍ശനം അവസാനിച്ചു. ഇതെല്ലാം ഒരു കളര്‍ ടി.വി സ്‌ക്രീനില്‍ കാണുന്നതുപോലെയാണ് കണ്ടത്. പക്ഷേ അന്ന് ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്‌ക്രീന്‍മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. വിഗ്രഹമല്ല, ദിവ്യകാരുണ്യമായി യഥാര്‍ത്ഥ ദൈവംതന്നെയാണ് ആ ദൈവാലയത്തില്‍ എഴുന്നള്ളിയിരിക്കുന്നതെന്ന് അറിയാത്ത പന്ത്രണ്ടുകാരനോട് ദൈവം അങ്ങനെയാണ് സംസാരിച്ചത്.

ഒരു പ്രകാശം വീണ്ടും അടിക്കുന്നതുപോലെ തോന്നി. ഒരു പുസ്തകത്തിന്റെ പേജുകള്‍ മറിയുന്നു. ജറെമിയാ ഒന്നാം അധ്യായം നാലുമുതല്‍ 10 വരെയുള്ള വചനങ്ങള്‍ അന്തരീക്ഷത്തില്‍ ആ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നതായി കണ്ടു. അബോധാവസ്ഥയിലാണെങ്കിലും, ”കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു…. എന്നുതുടങ്ങി, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു” എന്നുവരെയുള്ള ആ വചനങ്ങള്‍ വായിച്ചത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്റെ നാവില്‍ എന്തോ എഴുതുന്ന അനുഭവവും ഉണ്ടായി.

പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കൈപ്പത്തിയിലും കാല്‍പ്പത്തിയിലും നെഞ്ചിലും നെറ്റിയിലുമെല്ലാം കടുത്ത വേദന. അതുകഴിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം പൂര്‍ണമായി സൗഖ്യപ്പെട്ടതായി എനിക്ക് വ്യക്തമായി മനസിലായി. കാരണം തലവേദന, കണ്ണില്‍ പുകച്ചില്‍, വയറില്‍ പുകച്ചില്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. ആറുവയസുവരെ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം അതെല്ലാം പൂര്‍ണമായി സുഖമായി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലായില്ലെങ്കിലും എന്റെ ഹൃദയത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു.

അന്ന് ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. വൈകിട്ട് നാമം ജപിക്കാനിരിക്കുമ്പോള്‍, എനിക്കുണ്ടായ അനുഭവങ്ങളെല്ലാം അമ്മയോട് പങ്കുവച്ചു. തുടര്‍ന്ന്, യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ അമ്മ അനുഭവിക്കുന്ന ശാരീരികാസ്വസ്ഥതകള്‍ എനിക്ക് കൃത്യമായി മനസിലായി. പ്രാര്‍ത്ഥനയുടെ സമയത്ത് അമ്മയ്ക്ക് ശരീരത്തില്‍ ഐസുകട്ട വയ്ക്കുന്ന അനുഭവം ലഭിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് അമ്മയ്ക്കും പൂര്‍ണസൗഖ്യം ലഭിച്ചു. അമ്മയ്ക്കും എനിക്കും സമാനമായ രോഗാവസ്ഥ ഉണ്ടാകാനും ഒരു കാരണമുണ്ടായിരുന്നു. അമ്മയുടെ ഒമ്പതാമത്തെ മകനായി ജനിക്കുന്ന ഞാന്‍ കുടുംബത്തിന് അപമാനം വരുത്തിവയ്ക്കുമെന്ന് ഒരു ജ്യോതിഷപ്രവചനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഗര്‍ഭത്തിലായിരുന്നപ്പോഴേ നശിപ്പിച്ചുകളയാന്‍ അമ്മയറിയാതെ എന്തോ പച്ചമരുന്നുകള്‍ നല്കിയിരുന്നുവത്രേ. പക്ഷേ ഗര്‍ഭഛിദ്രം സംഭവിച്ചില്ല.

പകരം അതിന്റേതായ ശാരീരികപ്രശ്‌നങ്ങള്‍ എന്നെയും അമ്മയെയും പിന്തുടര്‍ന്നു. ആ അസ്വസ്ഥതകളാണ് യേശു പൂര്‍ണമായും സൗഖ്യപ്പെടുത്തിയത്. അമ്മ അതെല്ലാം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്‌തെങ്കിലും സംഭവിച്ചതൊന്നും ആരോടും പറയേണ്ടെന്ന് നിര്‍ദേശിച്ചു. നാളുകള്‍ കഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വിഷമവും രോഗവുമെല്ലാം എനിക്ക് വെളിപ്പെടുത്തിക്കിട്ടാന്‍ തുടങ്ങി. അവരോടൊന്നും യേശുവിനെക്കുറിച്ച് പറയാനും എനിക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ ജീവിതം തുടര്‍ന്നു. ഇരുപത്തിയൊന്ന് വയസായപ്പോള്‍ അമ്മാവന് പിന്‍ഗാമിയായി എന്നെ അവിടത്തെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കണമെന്ന് ‘സ്വര്‍ണപ്രശ്‌നം’ എന്ന പ്രത്യേക ജ്യോതിഷപ്രശ്‌നം വച്ചുനോക്കി അവര്‍ തീരുമാനിച്ചു. പക്ഷേ ഞാനനുഭവിക്കാത്ത ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല എന്ന് പറഞ്ഞ് യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നെ ഏഴുവര്‍ഷത്തോളം ‘കുരിശിന്റെ വഴി അനുഭവങ്ങളി’ലൂടെയാണ് കടന്നുപോയത്.

പല ബൈബിള്‍ വചനങ്ങളും ആരും പഠിപ്പിക്കാതെതന്നെ എന്റെയുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് ബൈബിള്‍ സ്വന്തമാക്കാനും വായിക്കാനും കഴിഞ്ഞെങ്കിലും അതിനുമുമ്പേതന്നെ പല വചനങ്ങളും എനിക്കറിയാമായിരുന്നു എന്നതാണ് സത്യം. ദൈവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിന്റെ തുടര്‍ച്ചയായി ആശുപത്രികളില്‍ ആരുമില്ലാത്തവരോ അതിയായി ക്ലേശിക്കുന്നവരോ ആയ രോഗികളുടെ അരികില്‍ പോകും. അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ രോഗാവസ്ഥകള്‍ പറയാതെതന്നെ എനിക്ക് മനസിലാകും. മാത്രവുമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നുകില്‍ അവരുടെ രോഗത്തിന് ആശ്വാസം ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അതിനെ നേരിടാനുള്ള ധൈര്യവും ശക്തിയും ലഭിക്കും. ഇങ്ങനെയുള്ള അനുഭവമാണ് എപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നത്. അതിനിടെ 1994-ല്‍ ഹൈന്ദവയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അങ്ങനെയിരിക്കേ, 1995-ല്‍ ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി.

പനയ്ക്കലച്ചന്‍ ധ്യാനം നയിക്കുന്ന സമയം. ‘നാരായണന്‍ സ്റ്റേജില്‍ കയറിവരാന്‍’ പറഞ്ഞു. അവിടെയുള്ള ഏതാണ്ട് 12000-ത്തോളം പേരില്‍ എത്രയോ നാരായണന്‍മാര്‍ കാണുമെന്ന് കരുതി ഞാന്‍ സംശയിച്ചുനിന്നപ്പോള്‍ 12 വയസില്‍ കര്‍ത്താവ് സ്‌നേഹിച്ച നാരായണന്‍ സ്റ്റേജില്‍ കയറിവരിക എന്ന് അച്ചന്‍ വ്യക്തമാക്കി. സംശയം നീങ്ങി, സ്റ്റേജില്‍ കയറിച്ചെന്ന എനിക്ക് മൈക്ക് തന്നിട്ട് ‘നിന്റെ കര്‍ത്താവിനെക്കുറിച്ച് പറയുക’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവിധ ശുശ്രൂഷകള്‍ ചെയ്യാന്‍ കര്‍ത്താവ് അവസരം തരുന്നു. എന്റെ അടുത്തേക്ക് ദൈവം നയിക്കുന്നവര്‍ക്കായി അവിടുന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിംഗാണ് അതില്‍ ഏറ്റവും പ്രധാനം.

എന്റെ ദാമ്പത്യജീവിതത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂത്തത് മകളും രണ്ടാമത്തേത് മകനും. അവരെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ കൊണ്ടുപോകുമായിരുന്നു. എങ്കിലും അവര്‍തന്നെ താത്പര്യം പ്രകടിപ്പിച്ചതിനുശേഷം 2009 ഡിസംബര്‍ 23-നാണ് രണ്ടുമക്കളും ഞാനും മാമ്മോദീസ സ്വീകരിച്ചത്. അപ്പമായി നമ്മില്‍ വരുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടുത്തെ സ്വീകരിക്കാന്‍ ഏറെനാളായി ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴാണ് അനുയോജ്യമായ സമയം വന്നെത്തിയത്.
ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. 12-ാം വയസില്‍ ദൈവാലയത്തില്‍ ആദ്യമായി കയറിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ശാരീരിക-വൈകാരിക അനുഭവം. പിന്നീട് വചനം പറയുമ്പോള്‍ മുമ്പത്തേതിനെക്കാള്‍ ശക്തി അനുഭവപ്പെടാന്‍ തുടങ്ങി. ശ്രോതാക്കളിലേക്ക് വചനം തുളഞ്ഞുകയറുന്നതുപോലെ…

ഞങ്ങളുടെ മാമ്മോദീസ കഴിഞ്ഞ് മാസങ്ങള്‍ക്കകം ഭാര്യയും സ്വന്തം താത്പര്യത്തില്‍ മാമ്മോദീസ കൈക്കൊണ്ടു. അതിനുശേഷം ഞങ്ങള്‍ കൗദാശികമായ വിവാഹാശീര്‍വാദവും സ്വീകരിച്ചു. ജീവിതത്തില്‍ ഇന്നും യേശു നയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ മുടക്കംകൂടാതെ പങ്കുകൊള്ളും. അതാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം എന്നുപറയാം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കും ഇടയില്‍ യേശുസ്‌നേഹത്തിന് സാക്ഷിയായി ജീവിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. അതോടൊപ്പം ശുശ്രൂഷകളും ചെയ്യുന്നു. അനേകര്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനും അവരുടെ ജീവിതത്തില്‍ സാന്ത്വനമാകാനും അവിടുന്ന് എന്നെ ഉപയോഗിക്കുന്നുണ്ട്. അത് ഏറെ സന്തോഷകരമായ അനുഭവമാണ്.

നാരായണന്‍ പോള്‍