അമ്മ കഴിച്ചോ ? – Shalom Times Shalom Times |
Welcome to Shalom Times

അമ്മ കഴിച്ചോ ?

തികച്ചും അവിചാരിതമായിട്ടാണ് അങ്ങനെയൊരാള്‍ സഹായാഭ്യര്‍ത്ഥനയുമായി വീട്ടില്‍ വരുന്നത്. പതിനെട്ടോ ഇരുപതോ വയസ് പ്രായം കാണും. പേര് സന്തോഷ്. വന്നപാടെ അവന്‍ വളരെ താഴ്മയോടെ പറയാന്‍ തുടങ്ങി. ”അമ്മാ, സഹായത്തിനായി വന്നതാണ്. ഞാന്‍ അങ്ങ് മറ്റൊരു നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. സാമ്പത്തികമായ ദുരവസ്ഥകള്‍ വന്നതുകൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. എന്തെങ്കിലും സഹായം ചെയ്യണം.”
ഞാന്‍ അവന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. അവന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമോ നുണയോ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ ഒന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവന് നന്നായി വിശക്കുന്നുണ്ട്. ഒട്ടിയ വയറും വാടിയ മുഖവും! ഒരു നിമിഷം എന്നിലെ അമ്മ ഉണര്‍ന്നു. ഞാനവനോടു ചോദിച്ചു: ”മോന്‍ ഇന്നു ഭക്ഷണം കഴിച്ചോ? ഞാനിത്തിരി ഭക്ഷണം എടുക്കട്ടെ?”

അവന് വലിയ സന്തോഷമായി. അവന്‍ വലിയ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടു പറഞ്ഞു, ”വേണമമ്മാ വേണം. നന്നായി വിശക്കുന്നുണ്ട്.” ഞാന്‍ അകത്തുപോയി ഒരു പ്ലേറ്റ് നിറയെ ഇഡ്ഡലിയും ചമ്മന്തിയും ഒരു ഗ്ലാസ് ചായയുമായി തിരികെ വന്നു. അപ്പോഴും അവന്‍ മുറ്റത്തുതന്നെ നിന്നു. സിറ്റൗട്ടിലെ കസേരയില്‍ ഇരിക്കാന്‍ ഞാന്‍ പറഞ്ഞിട്ടും അവനിരുന്നില്ല. തറയില്‍ ചമ്രം പടിഞ്ഞിരുന്നു. ഞാന്‍ ഭക്ഷണം അവന്റെ മുമ്പില്‍ വച്ചുകൊടുത്തിട്ട് മാറിനിന്നു. ഞാനോര്‍ത്തത് അവന്‍ കിട്ടിയ ഭക്ഷണം ആര്‍ത്തിപിടിച്ചു വാരിക്കഴിക്കുമെന്നാണ്. പക്ഷേ അതുണ്ടായില്ല. പകരം അവന്‍ എന്റെ മുഖത്തേക്കു നോക്കി സെക്കന്റുകളിരുന്നു. ഞാന്‍ അവന്റെ നേരെ നോക്കി ചോദിച്ചു, ”എന്താ മോനേ, കഴിക്കാത്തത്?”

അതിന് മറുപടിയെന്നവണ്ണം തിരിച്ചുകിട്ടിയത് മറ്റൊരു ചോദ്യമാണ്. അവനെന്റെ കണ്ണുകളിലേക്കു നോക്കിയിട്ട് ചോദിച്ചു: ”അമ്മ കഴിച്ചോ?!” ഇത്തവണ ഞാന്‍ ഞെട്ടിത്തരിച്ചുപോയി. അവനില്‍നിന്ന് ഞാനത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ അമ്പരപ്പും നില്‍പ്പും കണ്ടിട്ട് അവന്‍ ചോദിച്ചു ‘എന്താണമ്മാ?’ ഞാന്‍ പറഞ്ഞു, ”ഒന്നുമില്ല മോനേ, നീ കഴിക്ക്.” അവനത് രുചിയോടെ കഴിക്കുന്നതുനോക്കി കഴിച്ചു തീരുന്നതുവരെ ഞാന്‍ അവിടെത്തന്നെ നിന്നു. ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകി എന്റെ കൈയില്‍ തന്ന് നന്ദി പറഞ്ഞ് അവന്‍ പോകാനൊരുങ്ങി. ധനസഹായം ചോദിച്ച കാര്യം അവനും മറന്നുപോയെന്നു തോന്നുന്നു.

അവന്‍ പോകാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘നില്‍ക്ക്.’ ഞാന്‍ അകത്തുപോയി എന്റെ മൂത്തമകന്‍ മനുവിന്റെ നല്ലൊരു ഷര്‍ട്ട് എടുത്തുകൊണ്ടുവന്ന് അവനു കൊടുത്തു (അതവന്‍ ചോദിച്ചതല്ല). കൈയില്‍ നൂറുരൂപയും വച്ചുകൊടുത്തു. അവന്‍ കൈകൂപ്പി നന്ദിപറഞ്ഞ് യാത്രപറഞ്ഞ് പോയി. അവന്‍ നടന്നകലുന്നത് നോക്കി കണ്ണില്‍നിന്നും മറയുവോളം ഞാന്‍ അവിടെത്തന്നെ നിന്നു.

ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കി അവനും നടന്നകന്നു. ഓരോ തിരിഞ്ഞുനോട്ടത്തിലും അവനെന്നോടു ചോദിക്കുന്നതുപോലെ എനിക്കു തോന്നി, ‘അമ്മ കഴിച്ചോ? അമ്മ കഴിച്ചോ? അമ്മ കഴിച്ചോ?’ ആ പോക്ക് നോക്കിനില്‍ക്കുമ്പോള്‍ ചുണ്ടനക്കാതെ ഹൃദയംകൊണ്ട് ഞാനവനോടു പറഞ്ഞു, ”പ്രിയപ്പെട്ട സന്തോഷ് നന്ദി. നീ ആരെന്നോ എന്തെന്നോ എനിക്കറിയില്ല. നീ എവിടുത്തുകാരനെന്നോ നിന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ സത്യമോ പൊളിയോ എന്നുപോലും എനിക്കറിയില്ല. പക്ഷേ നീ ഒത്തിരി വലിയവനാണ്. കാരണം ഒരു മാതൃഹൃദയത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന നന്ദിയും പ്രതികരണശേഷിയുമുള്ള ഒരു ഹൃദയം നിനക്കുണ്ട്. മുലപ്പാലിന്റെ ഉപ്പുനോക്കാത്ത ഒരു ഹൃദയം! ഇന്നത്തെ ലോകത്തിന് തീര്‍ത്തും നഷ്ടമായിരിക്കുന്ന നന്ദിയുടെ ഒരു ഹൃദയം. നന്ദി സന്തോഷ്, നന്ദി.”

നാലമ്മച്ചിമാര്‍;
പക്ഷേ ഒരു ഹൃദയം!
നാല് വല്യമ്മച്ചിമാരെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തിത്തരാം. നാലുപേരും എന്റെ ഹൃദയത്തെ ആഴത്തില്‍ സ്വാധീനിച്ചവരാണ്.
ഒന്നാമത്തെ വല്യമ്മച്ചി എന്റെ അമ്മച്ചിയുടെ അമ്മ! ഞാന്‍ ചെറുപ്പകാലത്ത് എന്റെ അമ്മച്ചിയുടെ വീട്ടില്‍നിന്നാണ് വളര്‍ന്നത്. അമ്മച്ചിയുടെ അമ്മ എന്റെ വിശ്വാസജീവിതത്തിലെ ഒരു വലിയ ഹീറോ ആണ്. ആ അമ്മച്ചിയുടെ നടപ്പും എടുപ്പും വാക്കുകളും പ്രതികരണങ്ങളും എന്റെ വിശ്വാസയാത്രയില്‍ വലിയ മാര്‍ഗദര്‍ശനങ്ങളായിത്തീര്‍ന്നിട്ടുണ്ട്. വീടുവിട്ട് പള്ളിയില്‍ അല്ലാതെ എവിടെയും പോകാനാഗ്രഹിക്കാത്ത ഒരു അമ്മ. വീട്ടില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ശുശ്രൂഷകളും വീട്ടുകാര്യങ്ങളും നിരന്തര പ്രാര്‍ത്ഥനയുംമാത്രം ജ്വരമായി സ്വീകരിച്ചിരിക്കുന്ന അമ്മ. അമ്മയുടെ ദിവസം സൂര്യനുദിക്കുന്നതിന് വളരെ മുമ്പേ തുടങ്ങും.

വീട്ടില്‍ എല്ലാര്‍ക്കും പ്രാതല്‍ വച്ചുവിളമ്പി കൊടുത്തതിനുശേഷം ഏറ്റവും ഒടുക്കം പത്തുമണി-പതിനൊന്നുമണിയൊക്കെയാവും അമ്മയിത്തിരി കഞ്ഞി കുടിക്കാന്‍. അതു ശാന്തമായി ദൈവവിചാരത്തോടെ ചെയ്യും. ഇതിനിടയില്‍ ഓരോരുത്തര്‍ക്കും വേണ്ടത് വേണോ വേണോ എന്ന് ചോദിച്ച് അമ്മ എത്തിച്ചുകൊടുക്കും. പക്ഷേ അവരാരുംതന്നെ എന്തെങ്കിലും ‘അമ്മ കഴിച്ചോ’ ‘അമ്മയ്ക്ക് വല്ലതും വേണോ’ എന്ന ഒരു ചോദ്യം ചോദിച്ചതായി എനിക്കോര്‍മയില്ല. പക്ഷേ അമ്മ എന്നും പരിപൂര്‍ണ സംതൃപ്തയായിരുന്നു. എല്ലാക്കാലത്തും ദൈവത്തോട് നന്ദിയുള്ളവളും ആയിരുന്നു.

രണ്ടാമത്തെ അമ്മച്ചി
ഇത് എന്റെ അപ്പച്ചന്റെ അമ്മച്ചിയാണ്. വലിയൊരു കര്‍ഷകകുടുംബം. അപ്പച്ചന്റെ അമ്മച്ചി ആ വീടിന്റെ വിളക്കായിരുന്നു. തികഞ്ഞ ജപമാലഭക്ത. ഒരൊറ്റ നോയമ്പുപോലും നഷ്ടമാക്കാതെ നോക്കുന്നവള്‍. നല്ല വിശ്വാസജീവിതത്തിനായി മക്കളെ പരിശീലിപ്പിക്കുന്നവള്‍. തികഞ്ഞ കഠിനാധ്വാനി. വീട്ടിലും പറമ്പില്‍ ജോലിക്കാര്‍ക്കൊപ്പവും പണിയുന്നവള്‍. ഭര്‍ത്താവിന് താങ്ങും തണലുമായവള്‍. ഭര്‍ത്താവിനും മക്കള്‍ക്കും വച്ചുവിളമ്പി കഴിയുമ്പോള്‍ ചിലപ്പോള്‍ അമ്മയ്ക്ക് ആവശ്യത്തിന് ഭക്ഷണം തികയാറില്ല. പക്ഷേ അമ്മ ഓരോരുത്തരോടും ചോദിക്കും കുഞ്ഞിന് ഇത്തിരികൂടി വിളമ്പട്ടെ എന്ന്. ഭര്‍ത്താവിനോടും ചോദിക്കും നിങ്ങള്‍ക്കു മതിയായോ, ഇത്തിരികൂടി വിളമ്പട്ടെ എന്ന്. പക്ഷേ… ‘അമ്മ കഴിച്ചോ’, അമ്മ കഴിക്കാതെയാണോ ഈ ഓട്ടം ഓടുന്നത് എന്നൊരു ചോദ്യം ഒരിക്കലെങ്കിലും ആരെങ്കിലും ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ആ അമ്മച്ചിയൊട്ട് പരാതി പറഞ്ഞിട്ടുമില്ല.

മൂന്നാമത്തെ അമ്മച്ചി
ഈ അമ്മച്ചി അയല്‍പക്കത്തെ അമ്മച്ചിയാണ്. അമ്മച്ചിയുടെ കുടുംബം ഒരു ധനികകുടുംബമാണ്. വീടുനിറച്ച് മക്കള്‍, ഇഷ്ടംപോലെ പണിക്കാരും. അവിടെയും ഇതുതന്നെ കഥ. വയ്ക്കാനും വിളമ്പാനും ശുശ്രൂഷിക്കുവാനും എല്ലാം മുന്നില്‍നില്‍ക്കുന്നത് അമ്മച്ചിതന്നെ. എല്ലാവര്‍ക്കും വിളമ്പിക്കൊടുത്ത് എല്ലാവരെയും തൃപ്തരാക്കിയതിനുശേഷം അമ്മച്ചി ശാന്തമായി ഒരിത്തിരി കഞ്ഞി കുടിക്കും. ഒരു കഷണം നാരങ്ങാ അച്ചാറും കൂട്ടി. ഞാന്‍ ആ വീട്ടില്‍ പല കാര്യങ്ങള്‍ക്കുമായി പോകാറുണ്ടായിരുന്നു. അമ്മ കഴിച്ചോ എന്നൊരു വാക്ക് മക്കളോ, നീ കഴിച്ചോടീ, സമയത്തു ഭക്ഷണം കഴിക്കണം വയറു വാട്ടി നടന്ന് അസുഖം പിടിപ്പിക്കരുത് എന്നൊരു വാക്ക് ഭര്‍ത്താവോ പറഞ്ഞുകേട്ടതായി എനിക്ക് ഓര്‍മയില്ല. എന്നിട്ടും ആ അമ്മച്ചി ആരോടും പരാതി പറഞ്ഞിട്ടില്ല. അമ്മച്ചി കര്‍ത്താവില്‍ സംതൃപ്തയായിരുന്നു.

നാലാമത്തെ അമ്മച്ചി
നാലാമത്തെ അമ്മച്ചി എന്റെ ഭര്‍ത്താവിന്റെ അമ്മച്ചിയാണ്. അമ്മച്ചി കഞ്ഞി പ്ലേറ്റിലെടുത്താല്‍ തിടുക്കത്തില്‍ കഴിച്ചു കഴിയും. ഇരുന്ന് കഞ്ഞി കുടിക്കാന്‍ ഇരിപ്പ് ഉറക്കാത്തതുപോലെ. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഞാനമ്മയോട് ഒരിക്കല്‍ ചോദിച്ചു, ”അമ്മയെന്തിനാ അമ്മേ, തിടുക്കം കൂട്ടുന്നത്. കുറച്ചുകൂടി സാവധാനത്തില്‍ കഴിച്ചാല്‍ പോരേ?” അപ്പോള്‍ അമ്മ പറഞ്ഞു, ”എന്റെ മോളേ, കഞ്ഞി കൈയിലെടുക്കുമ്പോള്‍ പഴയ കാലത്തെ ഒരോര്‍മയാണ് വരുന്നത്. ഇരുന്ന് ഭക്ഷണം കഴിച്ച നാളുകള്‍ ഓര്‍മയില്ല. നടന്നും ഓടിയുമൊക്കെയാ കഞ്ഞി കുടിച്ചുകൊണ്ടിരുന്നത്. രാവിലെ മൂന്നുമണിക്ക് എഴുന്നേല്‍ക്കണം. അന്ന് നെല്ലു കുത്തുന്ന മില്ലുകളില്ലാത്തതിനാല്‍ ആ ദിവസത്തേക്കുള്ള അരി ഉരലിലിട്ടു കുത്തിയെടുക്കണം.

ഒരു കുഞ്ഞ് വയറ്റിലും മുല കുടിക്കുന്ന ഒന്ന് പുറത്തും കാണും. അതിന്റെ ചിത്താന്തം സാധിക്കണം. കൂടാതെ നിരന്തരമായ പല്ലുവേദന…. വല്യപ്പന്റെയും വല്യമ്മയുടെയും കെട്ടിയവന്റെയും ശുശ്രൂഷ. വച്ചുവേവിച്ചാല്‍ പോരാ, പഠിക്കുന്ന പിള്ളേര്‍ക്ക് പൊതിച്ചോര്‍ കെട്ടി കൊടുത്തുവിടണം. ഒരു നേരത്തെ പണി കഴിഞ്ഞാല്‍ അടുത്ത നേരത്തേക്കുള്ള വക നോക്കണം. അന്ന് കറന്റും മോട്ടോറുമില്ല. വെള്ളം മുഴുവന്‍ വലിച്ചുകോരിക്കൊണ്ടുവരണം. പണിതീര്‍ത്തു കിടക്കാന്‍ ഒരുങ്ങുമ്പോള്‍ സമയം 12 മണിയാകും.

അപ്പോഴേക്കും നേരത്തെ ഉറങ്ങിയ കൊച്ച് ഉണര്‍ന്നെഴുന്നേറ്റ് കരയാന്‍ തുടങ്ങും. ചുരുക്കത്തില്‍ എന്തുപറയാന്‍, ഇരുന്നു കഞ്ഞി കുടിക്കാന്‍ നേരമില്ല. പലപ്പോഴും നിന്നുകൊണ്ടും ഓടിനടന്നുമാണ് ഭക്ഷണം കഴിച്ചിരുന്നത്. മിക്കവാറും കഞ്ഞിവെള്ളം കോരിക്കുടിച്ച് അങ്ങനെ നടക്കും. ഒരു കയ്യൊഴിവ് എപ്പോഴെങ്കിലും കിട്ടുമ്പോഴാണ് രണ്ടുവറ്റ് വാരിത്തിന്നുന്നത്. അങ്ങനെയായിരുന്നു മോളേ ജീവിതം. ഞാനെന്റെ ഒടേതമ്പുരാനെ നോക്കി ഒറ്റ ഓട്ടമാ. കുടുംബം കരയ്‌ക്കെത്തിക്കണ്ടേ…”

ഈ അമ്മച്ചിമാര്‍ ഇന്നും
ഇന്നും ഈ അമ്മച്ചിമാര്‍ നമ്മുടെയൊക്കെ മിക്ക ക്രിസ്തീയ കുടുംബങ്ങളിലും ജീവിക്കുന്നുണ്ട്. പല രൂപത്തിലും ഭാവത്തിലും പ്രായത്തിലുമൊക്കെ, അവരിങ്ങനെ രാപകലില്ലാതെ കുടുംബത്തെ കരകയറ്റാന്‍വേണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ആരില്‍നിന്നും ഒരംഗീകാരവും അവര്‍ക്കു കിട്ടുന്നില്ല എന്നതാണ് സത്യം.

അവഗണിക്കപ്പെടുന്ന മാതൃത്വങ്ങള്‍
ഒരിക്കല്‍ അമ്മച്ചി എന്നോട് കണ്ഠമിടറിക്കൊണ്ട് പറഞ്ഞു. ”എന്റെ മോളേ, ആദ്യമൊക്കെ ഞങ്ങളുടെ കുടുംബജീവിതം വളരെ ശാന്തവും സ്വസ്ഥവുമായിരുന്നു. പക്ഷേ അപ്രതീക്ഷിതമായിട്ടാണ് കടക്കെണികളും വലിയ സാമ്പത്തിക തകര്‍ച്ചകളും ഞങ്ങളുടെ കുടുംബത്തെ തേടിയെത്തിയത്. അഞ്ചു പൈസപോലും വരുമാനമില്ലാത്ത ആ കാലഘട്ടത്തില്‍ ഞാന്‍ മുന്നിട്ടിറങ്ങിച്ചെയ്ത കൈത്തൊഴില്‍കൊണ്ടും മറ്റു വരുമാന ഇനങ്ങള്‍കൊണ്ടുമാണ് ഞങ്ങളുടെ കുടുംബം പിടിച്ചുനിന്നതും കരകയറിയതും. ഇന്ന് സാമ്പത്തികമായി ഞങ്ങള്‍ നല്ല നിലയിലാണ്. മക്കളൊക്കെ വിദേശത്ത് നല്ല നിലയിലാണ്. പക്ഷേ അവര്‍ ഇന്ന് അമ്മ ചെയ്തതെല്ലാം മറന്നുപോയിരിക്കുന്നു. അവരുടെ മനസില്‍ അപ്പന്‍ ചെയ്തവയൊക്കെയേ ഉള്ളൂ. അവര്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന് പിന്നിലുള്ള എന്റെ ത്യാഗങ്ങളും കഷ്ടപ്പാടുകളും അവര്‍ മറന്നുതന്നെ പോയിരിക്കുന്നു.

ഒരു ബര്‍ത്ത്‌ഡേ ആഘോഷംതന്നെ കണക്കിലെടുത്താല്‍ മതി. അപ്പന്റെ ബര്‍ത്ത്‌ഡേ ദിവസം കൈയിലെത്താന്‍വേണ്ടി അവര്‍ മുന്നമേ കൂട്ടി സമ്മാനങ്ങള്‍ ബുക്കുചെയ്ത് ആ ദിവസം വീട്ടിലെത്തിക്കും. പക്ഷേ അമ്മയായ എന്റെ ബര്‍ത്ത്‌ഡേക്ക് എനിക്ക് കിട്ടുന്നത് മക്കളില്‍നിന്നും ഒരു തണുത്ത ഫോണ്‍വിളി മാത്രമായിരിക്കും. അങ്ങനെയങ്ങനെ എല്ലാ കാര്യങ്ങളിലും ഞാനൊരു അവഗണിക്കപ്പെട്ട വസ്തുവായിത്തീര്‍ന്നിരിക്കുന്നു.” ഇതൊരു കെട്ടുകഥയല്ല. കണ്ഠമിടറിക്കൊണ്ട് ഒരമ്മ എന്നോടു പങ്കുവച്ച യഥാര്‍ത്ഥ സംഭവമാണ്. ഇതു പറഞ്ഞിട്ടവര്‍ കൂട്ടിച്ചേര്‍ത്തു – ”മക്കള്‍ നല്ലവരായി പേരുകേട്ടവരായാല്‍ അത് അപ്പന്റെ മിടുക്ക്. മക്കള്‍ വഴിപിഴച്ചു പോയാല്‍ അത് അമ്മ വളര്‍ത്തിയതിന്റെ കുഴപ്പവും. ഇതാണല്ലോ ലോകത്തിന്റെ ചിന്താഗതി.”
ദിവ്യകാരുണ്യഭാവം
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാതെ
ദിവ്യകാരുണ്യമേ സ്‌നേഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ്ഭാവമേ
ദിവ്യകാരുണ്യമേ സ്‌നേഹമേ
മുകളില്‍ കൊടുത്ത ദിവ്യകാരുണ്യത്തെ സംബന്ധിച്ച വരികള്‍ തികച്ചും ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയഭാവമാണ്. ദിവ്യകാരുണ്യനാഥന് എപ്പോഴും ഒരമ്മയുടെ ഹൃദയഭാവമാണ് ഉള്ളത്. തിബേരിയൂസ് കടല്‍ക്കരയില്‍ പ്രാതലൊരുക്കി വിളമ്പിക്കൊടുത്ത് തന്റെ ശിഷ്യന്മാരെ തീറ്റിപ്പോറ്റുന്ന ഈശോയുടെ മനസ് ഒരമ്മയുടെ മനസല്ലേ. പരിഭവങ്ങളില്ല, പരാതികളില്ല. സ്‌നേഹിക്കുന്നുവോ, സ്‌നേഹിക്കുന്നുവോ, സ്‌നേഹിക്കുന്നുവോ എന്ന ചോദ്യംമാത്രം. നാമും വളരേണ്ടത് ഈ മാതൃഭാവത്തിലേക്കല്ലേ?

ഒപ്പംതന്നെ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. നമ്മള്‍ ഭക്ഷിക്കുന്ന ഓരോ വിരുന്നിന്റെയും പിന്നില്‍ ഉണ്ണാതെ ഊട്ടുന്ന പലരുടെയും ബലിജീവിതമുണ്ട്. അതൊരുപക്ഷേ അമ്മയാകാം, അപ്പനാകാം, സ്ഥാപനത്തിലെ അധികാരിയാകാം, റെക്ടറച്ചനാകാം, മദറമ്മയാകാം, കുശിനിയിലെ പണിക്കാരനാകാം, മറ്റു പലരുമാകാം അവര്‍. ആരുതന്നെയുമാകട്ടെ, അവര്‍ ഒരമ്മയുടെ മനസുള്ളവരാണ്. അതുകൊണ്ടാണ് അതിനവര്‍ക്ക് കഴിയുന്നത്. അവരെ നോക്കി അമ്മേ, അമ്മ കഴിച്ചോ? അപ്പാ അപ്പന്‍ കഴിച്ചോ, അച്ചാ അച്ചന്‍ കഴിച്ചോ മദറേ മദറു കഴിച്ചോ, ചേട്ടാ ചേട്ടന്‍ കഴിച്ചോ എന്നൊരന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചികഞ്ഞുനോക്കുന്നത് വളരെ നന്നായിരിക്കും. ജീവിതയാത്രയില്‍ കഴിക്കേണ്ടതു പലതും കഴിക്കാതെ നമുക്കുവേണ്ടി ഓടുന്നവരുടെ ബലിജീവിതങ്ങളോട് നന്ദി എന്നൊരു വാക്ക് പറയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ നമ്മുടെ ക്രിസ്തീയജീവിതം എത്ര അര്‍ത്ഥപൂര്‍ണമാകുമായിരുന്നു! അതിനാല്‍ ‘അമ്മ കഴിച്ചോ?’ എന്ന ചോദ്യം ഞാന്‍ നിങ്ങളുടെ ക്രിസ്തീയമനഃസാക്ഷിക്കു വിടുന്നു.

ഇനി, ഉണ്ണാതെ ഊട്ടുന്ന ജീവിതം നയിക്കുന്നവരോടൊരു വാക്ക്. ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ ശ്രേഷ്ഠത. ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ മഹത്വം. അതിനാല്‍ പരാതിപ്പെടരുത്. പറയാനും ഉപദേശിക്കാനും അത് എളുപ്പമാണ്. പക്ഷേ പച്ചയായ മനുഷ്യന്റെ പച്ചയായ ജീവിതത്തില്‍ ഈ പരാതി വന്നുപോകും. ”ഗോതമ്പുമണി നിലത്തു വീണഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് ധാരാളം ഫലം പുറപ്പെടുവിക്കും” (യോഹന്നാന്‍ 12/24). ഈ അഴിയപ്പെടലിന്റെ വേദനയാണ് നിങ്ങളുടെ ജീവിതത്തിന്റെ മഹത്വം. ഈ വേദനയാണ് തികഞ്ഞ പ്രതികൂലങ്ങളിലും ഫലം ചൂടി നില്‍ക്കുന്ന ഫലവൃക്ഷമായി നിങ്ങളുടെ ജീവിതങ്ങളെ മാറ്റുന്നത്.
പ്രിയപ്പെട്ട സന്തോഷ്, നിനക്ക് നന്ദി. നീയൊരുപക്ഷേ ഒരു വിജാതീയനായിരിക്കാം. ഞാന്‍ ജാതി ചോദിച്ചില്ല. കെട്ടും മട്ടും കണ്ടിട്ടങ്ങനെ തോന്നുന്നു. ‘അമ്മ കഴിച്ചോ?’ എന്ന ചോദ്യം ഞങ്ങളുടെ ക്രിസ്തീയ മനഃസാക്ഷിക്കുനേരെ തൊടുത്തുവിട്ട് നടന്നകന്ന നിന്നെ ഈശ്വരന്‍ സമൃദ്ധമായി അനുഗ്രഹിച്ചു വഴിനടത്തട്ടെ ആമ്മേന്‍. ആവേ മരിയ.

സ്റ്റെല്ല ബെന്നി