മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് – Shalom Times Shalom Times |
Welcome to Shalom Times

മക്കള്‍ വിശുദ്ധരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്

 

അസ്സീസ്സിയിലെ മേയര്‍ ആയിരുന്നു വിശുദ്ധ ഗബ്രിയേല്‍ പൊസെന്റിയുടെ പിതാവ്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ അദേഹം ദൈവത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കും. മേയര്‍ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനുള്ള ദൈവകൃപ ചോദിച്ചും അദേഹം പ്രാര്‍ത്ഥിച്ചിരുന്നു. വിശുദ്ധന്റെ അമ്മ പരിശുദ്ധ ദൈവമാതാവിന്റെ വ്യാകുലങ്ങളെക്കുറിച്ച് നിരന്തരം ധ്യാനിക്കുക പതിവായിരുന്നു. ഇരുവരുടെയും പ്രാര്‍ത്ഥനയും ധ്യാനവും മകനെ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേലായി രൂപാന്തരപ്പെടുത്തി.

ബിസിനസുകാരനായ പിതാവില്‍നിന്നാണ് ദൈവാരാധനയുടെയും കൃതജ്ഞതയുടെയും പ്രാധാന്യം വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ മനസിലാക്കുന്നത്. ബിസിനസില്‍ വഞ്ചിക്കപ്പെട്ടപ്പോഴും അദേഹം നിരാശനാവുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മറിച്ച് തികഞ്ഞ മുഖപ്രസാദത്തോടെ ദൈവത്തിന് നന്ദിയും ആരാധനയും അര്‍പ്പിച്ചുകൊണ്ടിരുന്നു. വിശുദ്ധന്‍ പിതാവിനെക്കുറിച്ച് പറയുന്നതിങ്ങനെ: എന്റെ പിതാവ് ബിസിനസില്‍ വഞ്ചിക്കപ്പെട്ട് തകര്‍ക്കപ്പെട്ടു. അതിനാല്‍ ദാരിദ്ര്യം എന്തെന്ന് ഞാന്‍ അറിയാന്‍ ഇടയായി.

കടുത്ത പരാജയത്തിലും ദാരിദ്ര്യത്തിലും ദൈവത്തിന് നന്ദിപറയുന്ന പിതാവില്‍ നിന്ന് ഞാന്‍ ദൈവത്തെ കണ്ടെത്തി. അതിനാല്‍ ദാരിദ്ര്യത്തെപ്രതിയും എന്റെ പിതാവിനെപ്രതിയും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.”
വിശുദ്ധ ജിയന്ന മൊള്ളയുടെ ഭവനത്തില്‍, ഭക്ഷണത്തിന് മുമ്പ് ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ തുടര്‍ച്ചയെന്നോണം, അത്ര പവിത്രമായിരുന്നു അവര്‍ക്ക് കുടുംബഭക്ഷണം. മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ആ അനുഗൃഹീത പ്രാര്‍ത്ഥന ജിയന്നയെ വളരെയധികം സ്വാധീനിച്ചു. അവരുടെ ദൈവോന്മുഖ ജീവിതശൈലിയാണ് ജിയന്ന മൊള്ളയുടെ വിശുദ്ധിയുടെ അടിക്കല്ലുകള്‍.

ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയുടെ വ്യക്തിത്വങ്ങളായിരുന്നു. പിതാവ് വിശുദ്ധ ലൂയി മാര്‍ട്ടിന്‍, കൊച്ചുത്രേസ്യായ്‌ക്കൊപ്പം പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം കൂടെക്കൂടെ സന്ദര്‍ശിച്ച് സ്വദേശമായ ഫ്രാന്‍സിനുവേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. ഫ്രാന്‍സ് ക്രൈസ്തവവിശ്വാസത്തില്‍ വേരുറയ്ക്കാനും ലോകരാഷ്ട്രങ്ങള്‍ക്ക് ക്രിസ്തുസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായിത്തീരുന്നതിനും സമൃദ്ധമായ ദൈവകൃപ അത്യാവശ്യമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ഇവയെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന ഇളയമകള്‍ മിഷനറിമാരുടെ മദ്ധ്യസ്ഥയായത് യാദൃശ്ചികമല്ലല്ലോ. ലൂയി മാര്‍ട്ടിനും ജീവിതപങ്കാളിയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു.

വിശുദ്ധ ഫൗസ്റ്റീന തന്റെ പിതാവ് സ്റ്റാനിസ്ലോവൂസിന്റെ പ്രാര്‍ത്ഥനാജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ഇത്രയും വര്‍ഷം മഠത്തില്‍ ജീവിച്ചിട്ടും എന്റെ പിതാവിന്റെ അത്ര ആത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ലജ്ജ തോന്നുന്നു. അദ്ദേഹം അതിരാവിലെ എഴുന്നേല്‍ക്കുകയും പരിശുദ്ധ അമ്മയുടെ ചെറിയ ഓഫീസ് പ്രാര്‍ത്ഥിക്കുകയും ചെയ്യും. നോമ്പുകാലത്ത് എല്ലാദിവസവും കുരിശിന്റെ വഴി അര്‍പ്പിച്ചും അദ്ദേഹം പ്രാര്‍ത്ഥിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, അദേഹത്തിന്റെ പിതാവ് രാത്രിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത് ദിവസേന കണ്ടു വളര്‍ന്നിരുന്നതിനാല്‍ അത് അദ്ദേഹവും അനുവര്‍ത്തിച്ചു. മുട്ടിന്മേല്‍ നിന്നുള്ള പ്രാര്‍ത്ഥനകൊണ്ട് അദേഹം സാര്‍വത്രികസഭയെ ദീര്‍ഘനാള്‍ നയിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
വിശുദ്ധരുടെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം, പറയാതെ പഠിപ്പിച്ച ചില വാക്കുകളും പ്രവൃത്തികളുമായിരുന്നു.

വിശുദ്ധര്‍ അവരുടെ മാതാപിതാക്കളുടെ കരങ്ങളില്‍ പരിശുദ്ധ ജപമാല കണ്ടു. അതിരാവിലെയുള്ള പ്രാര്‍ത്ഥന, മഞ്ഞും വിറയ്ക്കുന്ന തണുപ്പും വകവയ്ക്കാതെ ദൈവാലയത്തിലേക്കുള്ള യാത്ര, ദൈവതിരുമുമ്പില്‍ ശിരസു നമിക്കുന്നത്, കാല്‍മുട്ടുകള്‍ തറയില്‍ കുത്തിനില്‍ക്കുന്നു, വിശുദ്ധ ബൈബിള്‍ ഭക്തിയോടെ വായിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. അവിടെനിന്നും വിശുദ്ധര്‍ ജന്മമെടുത്തു. അങ്ങനെ വിശുദ്ധരുടെ മാതാപിതാക്കള്‍ തങ്ങളുടെ മുട്ടുകുത്തി ലോകത്തെ മാറ്റിമറിച്ചു.