കറുത്തവരെ സ്‌നേഹിച്ച് വിശുദ്ധപദവിയിലേക്ക്… – Shalom Times Shalom Times |
Welcome to Shalom Times

കറുത്തവരെ സ്‌നേഹിച്ച് വിശുദ്ധപദവിയിലേക്ക്…

ഒന്നാം വത്തിക്കാന്‍ സുനഹദോസ് നടന്നുകൊണ്ടിരുന്ന 1870 കാലം. പുരോഹിതനായ ഡാനിയല്‍ കൊമ്പോണി, വെറോണയിലെ മെത്രാന്റെ കൂടെ ഒന്നാം വത്തിക്കാന്‍ സൂനഹദോസിനെത്തിയിരുന്നു. കത്തോലിക്കാ വിശ്വാസത്തെ സംബന്ധിച്ച പ്രമാണരേഖക്കായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കവേയാണ് സാവന്നയുടെ മെത്രാന്‍, അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് വന്ന പിതാവ്, ഈ വരി കൂട്ടിച്ചേര്‍ക്കാന്‍ പറയുന്നത്: ”നീഗ്രോകള്‍ മനുഷ്യകുടുംബത്തിന്റെ ഭാഗമാകേണ്ടവര്‍ അല്ലെന്നും മനുഷ്യര്‍ക്കുള്ളതുപോലുള്ള ആത്മാവ് അവര്‍ക്ക് ഇല്ലെന്നുമുള്ള മണ്ടന്‍ അഭിപ്രായത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.”

ആഫ്രിക്കക്കാരെ അമേരിക്കയില്‍ അടിമകളായി വില്‍ക്കുകയും അവരോട് മൃഗങ്ങളോടെന്നവണ്ണം പെരുമാറുകയും ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. മനുഷ്യരായി അവരെ പരിഗണിച്ചിരുന്നില്ല. ഹിറ്റ്‌ലര്‍, ‘മെയിന്‍ കാംഫ്’ എന്ന പുസ്തകത്തില്‍ എഴുതിയിരുന്നത് പകുതി കുരങ്ങും പകുതി മനുഷ്യനുമായ നീഗ്രോയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമായ വിഡ്ഢിത്തവും യുക്തിക്ക് നിരക്കാത്ത തെറ്റും ആണെന്നാണ്. അമേരിക്കയിലെ ബിഷപ്പിന്റെ ഇടപെടലിന് ശേഷമുണ്ടായ ചര്‍ച്ച ശ്രദ്ധയോടെ കേട്ടിരുന്ന ഫാ. ഡാനിയല്‍ കൊമ്പോണി, ഏറ്റവും അവഗണിക്കപ്പെട്ടിരുന്ന ഭൂഖണ്ഡമായ ആഫ്രിക്കയുടെ സുവിശേഷവല്‍ക്കരണത്തിനായി അപേക്ഷിച്ചു, വാദിച്ചു. ആഫ്രിക്കയില്‍ സുവിശേഷം എത്തിക്കാനായി ഓരോ ഇടവകയും തങ്ങളാല്‍ ആയത് ചെയ്യണം എന്നുള്ള അപേക്ഷയില്‍ 70 മെത്രാന്മാരെക്കൊണ്ട് ഒപ്പിടുവിക്കാന്‍ കഴിഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍, പ്രേഷിതപ്രവര്‍ത്തനം, തിരുസ്സഭ തുടങ്ങിയ പ്രമാണരേഖകളില്‍ ഡാനിയല്‍ കൊമ്പോണിയുടെ ധാരാളം ആശയങ്ങള്‍ കടമെടുത്തു.

പരസ്യമാക്കാത്ത വ്രതം
ലൂയിജിയുടെയും ഡോമെനിക്കയുടെയും മകനായി, ഇറ്റലിയില്‍ ലിമോണെ എന്ന സ്ഥലത്ത്, 1831 മാര്‍ച്ച് 15-ന് ഡാനിയേല്‍ കൊമ്പോണി ജനിച്ചു. എട്ട് മക്കളില്‍, നാലാമനായി ജനിച്ച ഡാനിയേല്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി. ദാരിദ്ര്യം മൂലം, 12 വയസുള്ളപ്പോള്‍ വെറോണയിലെ ഒരു സ്‌കൂളിലേക്ക് അവനെ അയച്ച് പഠിപ്പിക്കേണ്ടി വന്നു. ഫാദര്‍ നിക്കോള മാസ സ്ഥാപിച്ച സ്‌കൂള്‍ ആയിരുന്നു അത്. ഫാദര്‍ മാസ, ആഫ്രിക്കയെ നെഞ്ചിലേറ്റിയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും, അടിമകച്ചവടത്തില്‍നിന്ന് രക്ഷിക്കപ്പെട്ട ആഫ്രിക്കന്‍ കുട്ടികള്‍ക്ക് സന്തോഷത്തോടെ ക്രൈസ്തവവിദ്യാഭ്യാസം നല്‍കിയിരുന്നു.

പിന്നീട് പുരോഹിതരായോ വിവാഹം കഴിപ്പിച്ചോ അവരുടെ സ്വന്തം രാജ്യത്തേക്ക് സുവിശേഷവല്‍ക്കരണത്തിനായി അയക്കുമായിരുന്നു. സ്‌കൂളില്‍ ഡാനിയലിന് എത്യോപ്യക്കാരനായ, മുമ്പ് അടിമയായിരുന്ന, ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അതോടൊപ്പം, ആഫ്രിക്കയില്‍നിന്ന് തിരിച്ചുവരുന്ന മിഷനറിമാര്‍ പറയുന്ന കഥകളും കേട്ട് അവന് ആഫ്രിക്കന്‍ മിഷനോട് വലിയ താല്പര്യം തോന്നി. 1849-ല്‍, 18 വയസുള്ളപ്പോള്‍, ആഫ്രിക്കയുടെ സുവിശേഷവല്‍ക്കരണത്തിനായി ജീവിതം അര്‍പ്പിക്കുന്നു എന്ന സ്വകാര്യവ്രതം കൂടി അവനെടുത്തു.

എല്ലാവരും മരിച്ചപ്പോള്‍…
1854-ല്‍ ഡാനിയേല്‍ കൊമ്പോണി വൈദികനായി. വെറോണയില്‍ ദൈവശാസ്ത്രത്തിന് പുറമേ ചില ഭാഷകളും അതിന് പുറമേ വൈദ്യശാസ്ത്രവും അദ്ദേഹം പഠിച്ചു. യുവവൈദികന്‍ ആയിരിക്കുമ്പോള്‍ തന്നെ പ്‌ളേഗ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കാനും മരുന്നുകള്‍ നിര്‍ദ്ദേശിക്കാനുമുള്ള അറിവുണ്ടായിരുന്നു. ലാറ്റിന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മന്‍, ഹീബ്രു, അറബിക്കിന്റെ 13 പ്രാദേശികവകഭേദങ്ങള്‍, മൂന്ന് ആഫ്രിക്കന്‍ ഭാഷകള്‍-ഇത്രയും കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു.

1857-ല്‍ ഡാനിയേലും മറ്റ് അഞ്ച് മിഷനറിമാരും സുഡാനിലെ കാര്‍ത്തൂമില്‍ എത്തി. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് പേര്‍ മരിച്ചു. അവരുടെ നേതാവും സുപ്പീരിയറും അടക്കം. മരിക്കുന്നതിന് മുന്‍പ് സുപ്പീരിയര്‍ അവരെക്കൊണ്ട് ഒരു പ്രതിജ്ഞ എടുപ്പിച്ചു. അവരില്‍ ഒരാളേ അവശേഷിക്കുന്നുള്ളൂ എങ്കില്‍പ്പോലും അവരുടെ ഉദ്യമം ഉപേക്ഷിക്കില്ലെന്നും തിരിച്ചുപോകില്ലെന്നുമുള്ളതായിരുന്നു അത്. ദൈവം ആഫ്രിക്കയുടെ മാനസാന്തരം ആഗ്രഹിക്കുന്നു, അവര്‍ അത് തുടരും എന്നുള്ള ഉറപ്പിലാണ് അദ്ദേഹം കണ്ണടയ്ക്കുന്നത് എന്ന് പറഞ്ഞു. തന്റെ പതിനെട്ടു വയസ്സില്‍ എടുത്ത വ്രതം ഡാനിയേല്‍ നവീകരിച്ചു. മംഗളവാര്‍ത്ത തിരുന്നാള്‍ ദിവസമായിരുന്നു അത്.

പുതിയ വെളിപാട്
ആദ്യത്തെ മിഷനറിയാത്ര കൂടുതല്‍ വിപരീതസാഹചര്യങ്ങളിലേക്കും കഠിനമായ കാലാവസ്ഥയിലേക്കും കൊണ്ടെത്തിച്ചെങ്കിലും ഡാനിയേല്‍ അചഞ്ചലനായിരുന്നു. എട്ടുമക്കളില്‍ ആകെ അവശേഷിച്ച മകനായിരുന്നിട്ടും അവന്‍ മാതാപിതാക്കള്‍ക്കെഴുതി, ”ഞങ്ങള്‍ ഇനിയും കഠിനമായി അധ്വാനിക്കേണ്ടി വന്നേക്കാം, കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നേക്കാം, മരിക്കേണ്ടി വന്നേക്കാം. എങ്കിലും ഈശോമിശിഹായുടെ സ്‌നേഹത്തെപ്രതിയും ഏറ്റവും അവഗണിക്കപ്പെട്ട ആത്മാക്കളെ പ്രതിയും അധ്വാനിക്കുകയും മരിക്കുകയും ചെയ്യേണ്ടി വരുന്നത് അത്രത്തോളം മാധുര്യമുള്ളതായത് കൊണ്ട് ഞങ്ങള്‍ക്ക് ഈ ഉദ്യമം ഉപേക്ഷിക്കാന്‍ വയ്യ.”

പക്ഷേ മരണത്തിന്റെ വക്കോളം എത്തിയത് കൊണ്ട് ഡാനിയേലിന് ഇറ്റലിയിലേക്ക് തിരിച്ചുപോരേണ്ടി വന്നു. 1864-ല്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി അദ്ദേഹം റോമിലെത്തി. സെപ്റ്റംബര്‍ 15ന്, വ്യാകുലമാതാവിന്റെ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനരികില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പുതിയൊരു പദ്ധതി ഡാനിയേലിന്റെ മുന്‍പില്‍ തെളിഞ്ഞു, ‘ആഫ്രിക്കയിലൂടെതന്നെ ആഫ്രിക്കയെ രക്ഷിക്കുക.’ തങ്ങളുടെ ഭൂഖണ്ഡത്തെ സുവിശേഷവല്‍ക്കരിക്കാനായി തങ്ങളുടെ തന്നെ മിഷനറിമാരെ അയക്കാന്‍ കെല്‍പ്പുള്ള ആഫ്രിക്കന്‍ സഭയെ രൂപീകരിക്കണം. എല്ലാ മിഷനറി ഇന്‍സ്റ്റിറ്റിയൂട്ടുകളുടെയും സഹായത്തോടെ ആഫ്രിക്കന്‍ തീരദേശങ്ങളില്‍, വിദേശികള്‍ക്ക് കാലാവസ്ഥ അത്രക്ക് പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍, സ്വദേശികള്‍ക്ക് പരിശീലനം നല്‍കണം.

വിശ്വാസപ്രചാരണത്തിനായി കര്‍ദ്ദിനാളിന്റെയും ഒന്‍പതാം പീയൂസ് പാപ്പയുടെയും അനുമതി ലഭിച്ചതിന് ശേഷം ഡാനിയേല്‍ ഒരു യൂറോപ്പ് ടൂര്‍ സംഘടിപ്പിച്ചു, രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും മെത്രാന്മാരുടെയും സാധാരണ ജനത്തിന്റെയുമൊക്കെ പിന്തുണക്കായി. മിഷനറി പ്രവര്‍ത്തനത്തിനായി സഹായമാകുംവിധം ഒരു മിഷനറി മാഗസിനും ഇറക്കി. പാപ്പ എല്ലാത്തിനും പിന്തുണയുമായി നിന്നു.
1867-ല്‍ ഡാനിയേല്‍ കൊമ്പോണി ‘തിരുഹൃദയത്തിന്റെ പുത്രന്മാര്‍’ എന്ന പേരില്‍ ഒരു സഭാസ്ഥാപനത്തിന് തുടക്കം കുറിച്ചു. പിന്നീട് അത് പുരോഹിതരും സഹോദരരും അടങ്ങിയ സഭാസ്ഥാപനമായി വളര്‍ന്നു, Combonian Missionaries of the Heart of Jesus’ Or ‘The Verona Fathers and Brothers എന്ന പേരില്‍. ഡിസംബര്‍ 8, 1867 അമലോത്ഭവതിരുന്നാള്‍ ദിവസം ഈജിപ്തിലെ കെയ്‌റോയില്‍ ആദ്യത്തെ മിഷന്‍ സെന്റര്‍ തുറന്നു. പദ്ധതികളെല്ലാം ഡാനിയേല്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. സ്വദേശികളായ ആഫ്രിക്കക്കാരെ അധ്യാപകരായി നിയമിച്ചു. ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ക്ക് വിശ്വാസപരിശീലവും , എംബ്രോയ്ഡറി, വീട്ടുജോലികള്‍, ഗണിതം, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, അറബിക്, അര്‍മേനിയന്‍ എന്നിവയില്‍ പരിശീലനവും നല്‍കി. 1872-ല്‍ മിഷനറികളായ സ്ത്രീകള്‍ക്കായി ഒരു ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു.

1872-ല്‍ അദ്ദേഹം, സെന്‍ട്രല്‍ ആഫ്രിക്കയുടെ പ്രോ വികാര്‍ അപ്പോസ്‌തോലിക് ആയി. 1846 ല്‍ വികാരിയേറ്റില്‍ നൂറു മില്യണ്‍ നിവാസികള്‍ അടങ്ങിയിരുന്നു. അതിലേക്കായി നിയോഗിക്കപ്പെട്ട 120 മിഷനറിമാരില്‍ 46 പേര്‍ മരണമടഞ്ഞു, ബാക്കിയുള്ളവര്‍ പിന്മാറി. കൊമ്പോണിക്ക് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു. എല്‍ ഓബെയ്ദ്, കാര്‍ത്തും എന്നീ മിഷനുകളുമായി അദ്ദേഹം വീണ്ടും ആരംഭിച്ചു.

അടച്ചുപൂട്ടലുകളുടെ ആരംഭം
എല്‍ ഒബേയ്ദ് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. കൊമ്പോണിയുടെ പരിശ്രമഫലമായി, എല്‍ ഒബെയ്ദ് അടച്ചുപൂട്ടി. സ്വതന്ത്രരായ അടിമകളെ പൗരോഹിത്യത്തിനായി റോമിലേക്ക് അയക്കുകപോലും ചെയ്തു അദ്ദേഹം. അടിമസമ്പ്രദായം നിര്‍ത്തലാക്കാനുള്ള ആദ്യത്തെ ഫലപ്രദമായ വഴിയായി ആഫ്രിക്കയുടെ സുവിശേഷവല്‍ക്കരണം അദ്ദേഹം കണ്ടു. ക്രിസ്തീയതക്ക് മാത്രമേ ആഫ്രിക്കന്‍ സംസ്‌കാരം മെച്ചപ്പെടുത്താന്‍ കഴിയൂ എന്ന് ഡാനിയേല്‍ തിരിച്ചറിഞ്ഞു.

1877-ല്‍ ഡാനിയേല്‍ കൊമ്പോണി സെന്‍ട്രല്‍ ആഫ്രിക്കയുടെ വികാര്‍ അപ്പോസ്‌തോലിക് ആയി. മാസങ്ങള്‍ക്കകം, ആ വര്‍ഷത്തെ സ്വര്‍ഗാരോപണതിരുന്നാളില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1877-78 കാലഘട്ടം കഠിനപരീക്ഷണങ്ങളുടേതായിരുന്നു. കഠിനവരള്‍ച്ചയും ക്ഷാമവും കൊണ്ട് ഇടയഗണത്തില്‍ത്തന്നെ കുറേപേര്‍ മരിച്ചു. ”ആഫ്രിക്കയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദൈവപദ്ധതിയാണെന്നുള്ളതിന്റെ തെളിവാണ് നമ്മുടെ ഇപ്പോഴത്തെ കഷ്ടതകള്‍. ഈ ദുരന്തങ്ങള്‍, അപകടങ്ങള്‍, ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുമ്പോഴും നിരാശപ്പെടരുത്, കാരണം കുരിശ് വിജയത്തിലേക്കുള്ള രാജകീയ പാതയാണ്,” അദ്ദേഹം ഓര്‍മിപ്പിച്ചു.

1880-ല്‍ തളരാത്ത തീക്ഷ്ണതയോടെ ബിഷപ്പ് കൊമ്പോണി അദ്ദേഹത്തിന്റെ എട്ടാമത്തെയും അവസാനത്തെയും ആഫ്രിക്കന്‍ യാത്ര നടത്തി. കൂടുതല്‍ സ്വദേശി ആഫ്രിക്കക്കാര്‍ സുവിശേഷവേലയില്‍ പങ്കാളികളാകുന്നത് അദ്ദേഹത്തെ ആശ്വസിപ്പിച്ചെങ്കിലും വിദേശമിഷനറിമാരുടെ മരണനിരക്ക് ഏറെ ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, അധ്വാനഭാരത്താല്‍, സഹമിഷനറിമാരുടെ മരണസംഖ്യയുടെ വിഷമത്താല്‍, മഹാനായ ആ മിഷനറി രോഗബാധിതനായി. ഒക്ടോബര്‍ 10, 1881-ല്‍ 50-ാം വയസില്‍ കാര്‍ത്തൂമിലെ തന്റെ ആളുകളുടെ മധ്യേവച്ച്, സ്വര്‍ഗസമ്മാനത്തിനായി അദ്ദേഹം യാത്രയായി.

മാര്‍പാപ്പാ കണ്ട സ്വപ്നയാഥാര്‍ത്ഥ്യം
എല്ലാം പാഴായെന്ന് തോന്നുന്ന അവസ്ഥ ആയിരുന്നു അപ്പോള്‍. സെന്‍ട്രല്‍ ആഫ്രിക്ക മിഷനിലെ നൂറോളം പുരോഹിതര്‍ മരണമടഞ്ഞിരുന്നു. മുസ്‌ലീങ്ങളുടെ പ്രവര്‍ത്തനംമൂലം കുറേ മിഷനുകള്‍ വിഫലമായി, അദ്ദേഹത്തിന്റെ ശവകുടീരം അശുദ്ധമാക്കാന്‍ പോലും അവര്‍ മുതിര്‍ന്നു. എങ്കിലും ശുഭപ്രതീക്ഷയുണ്ടായിരുന്നു. മിഷനുകളുടെ പ്രവാചകനായ ഡാനിയേല്‍ കൊമ്പോണി പറഞ്ഞിരുന്നു, ”പേടിക്കണ്ട, ഞാന്‍ മരിച്ചാലും മിഷന്‍മരിക്കില്ല. സഹിക്കാന്‍ ഏറെയുണ്ടാകുമെങ്കിലും നമ്മുടെ മിഷന്റെ വിജയം നിങ്ങള്‍ കാണും.”
അത് ശരിയായി, മധ്യ ആഫ്രിക്കയില്‍ ഇന്ന് 600 ല്‍ ഏറെ മെത്രാന്മാരും 28000-ല്‍ അധികം പുരോഹിതരും അടങ്ങുന്ന ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഉള്ളത്.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ 1993 ഫെബ്രുവരി 10-ന് കാര്‍ത്തൂമിലെ തുറന്ന സ്റ്റേഡിയത്തിലെ പ്രസംഗപീഠത്തില്‍ നില്‍ക്കുമ്പോള്‍ ലക്ഷോപലക്ഷം വിശ്വാസികള്‍ പാപ്പയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. സുഡാനിലെ ബിഷപ്പ് എല്ലാവരുടെയും പേരില്‍ പിതാവിനോട് പറഞ്ഞു, ”പരിശുദ്ധ പിതാവേ, ബിഷപ് കൊമ്പോണിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതാണ് ഞങ്ങളെല്ലാം.”

മാര്‍ച്ച് 26, 1994-ല്‍ അദ്ദേഹത്തിന്റെ വീരോചിതമായ നന്മകള്‍ അംഗീകരിക്കപ്പെട്ടു, ഡാനിയേല്‍ കൊമ്പോണിയെ ധന്യനായി ഉയര്‍ത്തി. 1996, മാര്‍ച്ച് 17-ന് വിശുദ്ധ ജോണ്‍പോള്‍ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തി. ഡിസംബര്‍ 20, 2002 ല്‍ ലുബ്‌ന അബ്ദല്‍ അസീസ് എന്ന സുഡാനില്‍ നിന്നുള്ള ഒരു മുസ്ലീം വനിതയുടെ രോഗശാന്തി ഡാനിയേല്‍ കൊമ്പോണിയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതമായി സ്ഥിരീകരിച്ചതോടെ 2003 ഒക്ടോബര്‍ 5ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പതന്നെ അദ്ദേഹത്തെ അള്‍ത്താരവണക്കത്തിലേക്ക് ഉയര്‍ത്തി.