എനിക്കും വേണം, നിങ്ങളുടെ ദൈവത്തെ! – Shalom Times Shalom Times |
Welcome to Shalom Times

എനിക്കും വേണം, നിങ്ങളുടെ ദൈവത്തെ!

നഴ്‌സായ ഒരു ചേച്ചി പങ്കുവച്ച അനുഭവം പറയാം. ആശുപത്രിയില്‍ പല തരത്തിലുള്ള രോഗികള്‍ ഉണ്ടാവുമല്ലോ. കടുത്ത അവിശ്വാസിയായ ഒരു അപ്പച്ചന്‍ ഈ ചേച്ചിയുടെ പരിചരണത്തിന്‍കീഴില്‍ ഉണ്ടായിരുന്നു.
ആരെങ്കിലും പ്രാര്‍ത്ഥിക്കുന്നത് കണ്ടാല്‍ ഉടന്‍ അദ്ദേഹത്തിന് ദേഷ്യം വരും. പാവം, മുമ്പ് ഉണ്ടായ എന്തെങ്കിലും മുറിവുകളായിരിക്കാം കാരണം. എന്തായാലും അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഈ ചേച്ചി ഒരിക്കല്‍ ചെന്നപ്പോള്‍, ചേച്ചി ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലുന്നത് അദ്ദേഹം കേട്ടു.
അദ്ദേഹത്തിന് ദേഷ്യം വന്നു, മരുന്ന് കൊടുക്കാന്‍ ചെന്നപ്പോള്‍ ചേച്ചിയുടെ കൈയില്‍ ആഞ്ഞൊരു തട്ട്, ‘എന്നെ തൊടണ്ടാ!’

എതിര്‍ക്കപ്പെട്ടതിന്റെ വിഷമം തോന്നിയെങ്കിലും ചേച്ചി തിരിച്ചൊന്നും പറഞ്ഞില്ല. മാത്രവുമല്ല, പിറ്റേ ദിവസവും ചേച്ചി ഈ അപ്പച്ചന്റെ പക്കല്‍ ചിരിച്ചുകൊണ്ട് ചെന്ന് മരുന്ന് കൊടുത്തു. അപ്പച്ചന് ആശ്ചര്യം. ഇനി ഒരിക്കലും ചേച്ചി അതുവഴി വരില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്.
അതിനടുത്ത ദിവസവും ചേച്ചി ചിരിച്ചുകൊണ്ട് വരുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചങ്ക് കത്തി. ദേഷ്യത്തോടെ ആഞ്ഞ് തട്ടിയ അതേ കൈകളില്‍ പിടിച്ചിട്ട് അപ്പച്ചന്‍ ഇത്തവണ ചോദിച്ചു, ”ഞാന്‍ നിങ്ങളോട് മോശമായി പെരുമാറിയിട്ടും നിങ്ങള്‍ക്കെങ്ങനെ എന്നോട് സ്‌നേഹത്തോടെ ഇടപെടാന്‍ കഴിയുന്നു?!”
ചേച്ചി പറഞ്ഞു, ”അത് ഞാന്‍ തനിയെ ചെയ്യുന്നതല്ല, എന്റെ ദൈവം എന്നെ സ്‌നേഹം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു.”

അപ്പച്ചന്‍ ഉടനെ പറഞ്ഞതെന്തെന്നോ, ”എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ എനിക്കും വേണം!”
കരുണ എങ്ങനെയാണ് ഒരു ആത്മാവിനെ വീണ്ടെടുത്തതെന്ന് കണ്ടില്ലേ. ഈശോയില്‍ വിശ്വസിക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന ഞാന്‍, എന്നെ ഉപദ്രവിക്കുന്നവരോട് കരുണ കാണിച്ചില്ലെങ്കില്‍ എങ്ങനെയാണ് അത്യുന്നതന്റെ പുത്രനാവുക?
ഈശോ പറയുന്നത് അതല്ലേ, ”ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (ലൂക്കാ 6/27-28)
ഒരു പട്ടികയെടുക്കാം, നമ്മെ ഏറെ വേദനിപ്പിച്ചിട്ടുള്ളവരുടെ, നമുക്ക് ഒട്ടും പൊറുക്കാന്‍ പറ്റാത്തവരുടെ…
അവര്‍ക്കുവേണ്ടി പരിത്യാഗം എടുക്കാനും, ഈശോയുടെ നാമത്തില്‍ ഞാനവരെ സ്‌നേഹിക്കുന്നുവെന്ന് ഇടയ്ക്കിടെ ഉരുവിടാനും നമുക്ക് സാധിക്കട്ടെ.

ഫാ. ജോസഫ് അലക്‌സ്, യു.എസ്