ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം – Shalom Times Shalom Times |
Welcome to Shalom Times

ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം

 

നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ വിജയിക്കാനായിരിക്കാം. ചിലപ്പോള്‍ കല്യാണം കഴിക്കാനായിരിക്കാം, ഒരു കുഞ്ഞ് ഉണ്ടാകാനായിരിക്കാം… അങ്ങനെ കാത്തിരിപ്പിന്റെ നിര നീളുകയാണ്…
മാത്രവുമല്ല, ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിനായി കാത്തിരിക്കാനുള്ള വകയൊക്കെ ജീവിതം നമുക്ക് വച്ച് തരും. സത്യത്തില്‍ ഇത്തരത്തിലുള്ള കാത്തിരിപ്പുകളല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്തിനെയാണ് കാത്തിരിക്കേണ്ടത്?
അത് ഒരൊറ്റ ദിവസത്തിന് വേണ്ടി മാത്രമാണ്…. എല്ലാ മനുഷ്യര്‍ക്കും ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ആ ഒരു ദിവസത്തിനു വേണ്ടി! നമ്മുടെയൊക്കെ ആത്മാവിനെ തിരിച്ചു വിളിക്കാന്‍ കര്‍ത്താവ് വരുന്ന ദിവസത്തിനുവേണ്ടിയാണത്. അതെ, അതിനുവേണ്ടിത്തന്നെയാണ് നാം ഒരുങ്ങേണ്ടതും…
മരണത്തെ ഒരിക്കലും ഭയത്തോടെ കാണേണ്ടതില്ല. കാരണം ഈശോയൊപ്പം ഉള്ള സുന്ദരമായ ജീവിതത്തിന്റെ ആരംഭമാണത്… മരണത്തിനുവേണ്ടി ഓരോ ദിവസവും ഒരുങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ജീവിച്ചു തുടങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും നാം പരാതി പറഞ്ഞ നമ്മുടെ സങ്കടങ്ങളൊക്കെ ആ ഒരു ദിവസത്തിലേക്ക് നമ്മെ ഒരുക്കുവാനായി ദൈവം തരുന്നതായിരുന്നുവെന്ന് മനസിലാകും.
ഒരിക്കല്‍ വിശുദ്ധ ഫൗസ്റ്റീന തന്റെ സഹനങ്ങളുടെ ആധിക്യം മൂലവും ഈശോയുടെ ഒപ്പമായിരിക്കാനുള്ള ആഗ്രഹം മൂലവും തന്റെ ആത്മാവിനെ എടുക്കാന്‍ ഈശോയോടു യാചിച്ചു. അപ്പോള്‍ ഈശോ പറയുകയാണ്, സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഭൂമിയില്‍ ഒരു ദിവസം കൂടി ദൈവത്തിനായി സഹിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കും എന്ന്… സഹനങ്ങള്‍ ആത്മാവിന്റെ നിധിയാണ്.
നമുക്ക് ഒരുങ്ങിത്തുടങ്ങാം, ആ ദിവസത്തിനായി….ഈശോയോടൊപ്പമുള്ള ജീവിതത്തിനായി… അപ്പോള്‍ നമ്മുടെ മറ്റ് കാത്തിരിപ്പുകള്‍ക്കും അര്‍ത്ഥം കൈവരും.

സ്റ്റെഫീന റഫായേല്‍