സ്‌പെയിന്‍: ”ചൈനയില്‍ ഒരു വൈദികനാകുക ക്ലേശകരമാണ് എന്നെനിക്കറിയാം, പക്ഷേ ഞാന്‍ നിര്‍ഭയനാണ്. ദൈവം എനിക്ക് കൃപ തരും, പരിശുദ്ധാത്മാവ് എന്റെ രാജ്യത്തെ വിശ്വാസികളെ നയിച്ചുകൊള്ളും.” സ്‌പെയിനില്‍ വൈദികവിദ്യാര്‍ത്ഥിയായ സിയാലോംഗ് വാംഗ് എന്ന ഫിലിപ് പറയുന്നു. ആറാം വയസില്‍ അമ്മയ്‌ക്കൊപ്പം പങ്കെടുത്ത ഒരു ദിവ്യബലിക്കിടെയാണ് വൈദികനാകണമെന്ന ആഗ്രഹം ഫിലിപ്പില്‍ നാമ്പെടുത്തത്. പിന്നീട് മുതിര്‍ന്നപ്പോള്‍ സംഗീതാധ്യാപകനാകാന്‍ കൊതിച്ചു.
പക്ഷേ ഏറെ നാള്‍ കഴിയുംമുമ്പുതന്നെ വീണ്ടും വൈദികനാകണമെന്ന ആഗ്രഹം തിരിച്ചെത്തി. അങ്ങനെയാണ് 16-ാം വയസില്‍ ഫിലിപ് സെമിനാരിയില്‍ ചേര്‍ന്നത്. ചൈനയിലെ ബെയ്ജിംഗ് അതിരൂപതാംഗമാണ് ഇരുപത്തിനാലുകാരനായ ഫിലിപ്. ചൈനയുടെ വടക്കുഭാഗത്തുള്ള ലിയൂഹെ ഗ്രാമത്തിലാണ് ഫിലിപ് ജനിച്ചുവളര്‍ന്നത്. കത്തോലിക്കര്‍ ധാരാളമായുള്ള സ്ഥലമാണിത്. താരതമ്യേന ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യവും മെച്ചപ്പെട്ട സാഹചര്യങ്ങളുമുള്ള ഗ്രാമമാണ് ലിയൂഹെ എന്നും ഈ വൈദികാര്‍ത്ഥി സാക്ഷ്യപ്പെടുത്തുന്നു.
”ചൈനയില്‍ കത്തോലിക്കര്‍ നല്ലവണ്ണം സഹിച്ചുകഴിഞ്ഞു. ഇപ്പോഴും ഗവണ്‍മെന്റ് അംഗീകൃത സഭയിലല്ലാതെ, യഥാര്‍ത്ഥ കത്തോലിക്കാസഭയില്‍ ജീവിക്കുക ക്ലേശകരംതന്നെയാണ്. പക്ഷേ വിശ്വാസികള്‍ വിലകൊടുത്തുതന്നെ യഥാര്‍ത്ഥസഭയോട് ചേര്‍ന്നുനില്‍ക്കുന്നു. യഥാര്‍ത്ഥത്തിലുള്ള സംഖ്യ കണക്കാക്കാന്‍ പ്രയാസമാണെങ്കിലും ജനസംഖ്യയുടെ 0.46 ശതമാനം കത്തോലിക്കാവിശ്വാസികളുണ്ടെന്നാണ് കണക്ക്. 40,000 മുതല്‍ 50,000 പേര്‍വരെ ഓരോ വര്‍ഷവും പുതുതായി മാമ്മോദീസ സ്വീകരിക്കുന്നുണ്ട്,”ഫിലിപ്പിന്റെ വാക്കുകളില്‍ വിശ്വാസം നല്കുന്ന പ്രത്യാശ നിറയുന്നു.