എന്റെ പതിനഞ്ചാമത്തെ വയസിലുണ്ടായ ഒരനുഭവം. ഞങ്ങള്‍ താമസിക്കുന്നത് ഒരു കുന്നിന്‍പ്രദേശത്താണ്. വീട് സ്ഥലത്തിന്റെ ഏകദേശം താഴെയാണ്. മുകള്‍ഭാഗത്താണ് കൃഷികളൊക്കെയുള്ളത്. ഞാന്‍ ചെറിയ പണികളുമായി പറമ്പിലേക്ക് പോയി. കുറെക്കഴിഞ്ഞ് എന്നെ കാണാതെ എന്റെ പ്രിയപ്പെട്ട അമ്മച്ചി ഏലിക്കുട്ടി അവിടേക്ക് വന്നു. അമ്മച്ചിയും എന്റെ കൂടെ അധ്വാനിക്കാന്‍ തുടങ്ങി. ഏകദേശം രണ്ടുമണിക്കൂറോളം ആയിക്കാണും. പെട്ടെന്നാണ് അമ്മച്ചി പറഞ്ഞത്, ”മാതാവേ, ഞാന്‍ മറന്നു പോയല്ലോ, അരി അടുപ്പത്ത് ഇട്ടിട്ടാണ് പോന്നത്.”
അതുകേട്ട് ഞാന്‍ പറഞ്ഞു, ”എങ്കില്‍ തിരിച്ച് ചെല്ലുമ്പോള്‍ ഒന്നുകില്‍ തീ കെട്ടുപോയിട്ട് അരി വേവാതെ കിടപ്പുണ്ടാകും. അല്ലെങ്കില്‍ നമുക്ക് പായസമാക്കാം.”
അപ്പോള്‍ അമ്മച്ചി പറഞ്ഞു, ”ഞാന്‍ നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് ഏല്‍പിച്ചിട്ടാ പോന്നത്. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയും ചൊല്ലിയിട്ടുണ്ട്. അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല.”
അതുകഴിഞ്ഞ് അല്‍പം വിറകൊക്കെ എടുത്ത് അമ്മച്ചിയോടൊപ്പം വീട്ടില്‍ ചെന്നപ്പോള്‍ ശരിക്കും നമ്മുടെ പരിശുദ്ധ അമ്മ ചെയ്ത പ്രവൃത്തികണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. അമ്മച്ചി അടുപ്പില്‍ കത്തിച്ച് വച്ചിട്ടുപോന്ന വിറക് ഏകദേശം കത്തി തീരാറായിരിക്കുന്നു. തീ കെട്ടുപോയിട്ടില്ല. കലത്തില്‍ നോക്കിയപ്പോള്‍ വെള്ളം കുറേയൊക്കെ വറ്റിയെങ്കിലും ചോറ് പാകത്തിന് വെന്തിരിക്കുന്നു. അപ്പോഴാണ് എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞത്. പിന്നീട് ഞാനും കൂടുതലായി എത്രയും ദയയുള്ള മാതാവേ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി.
സജി സെബാസ്റ്റ്യന്‍