നന്നായി ജീവിച്ചാല്‍പോരേ? – Shalom Times Shalom Times |
Welcome to Shalom Times

നന്നായി ജീവിച്ചാല്‍പോരേ?

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായ ഒരു അനുഭവമാണ്. കൂടെക്കൂടെ നവീകരണ ധ്യാനം കൂടിയിട്ടും ഒരു ചിന്ത മനസിനെ ഭരിക്കാന്‍ തുടങ്ങി; ”നന്നായി ജീവിച്ചാല്‍മാത്രം പോരേ? എന്തിനാണ് ക്രിസ്തുവിശ്വാസത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത്? എത്രയോ മനുഷ്യര്‍ ക്രിസ്തുവിശ്വാസമൊന്നുമില്ലാതെ നല്ല ജീവിതം നയിക്കുന്നു?”
കുറച്ചുകാലം ഈ ചിന്തയുമായി നടന്നെങ്കിലും അധികം അലയുവാന്‍ നല്ലവനായ എന്റെ ദൈവം അനുവദിച്ചില്ല. ബഹുമാനപ്പെട്ട ഒരു വൈദികന്‍ പങ്കുവച്ച ഒരു സംഭവത്തിലൂടെയാണ് എന്റെ ചിന്തകളെ പ്രകാശിപ്പിക്കാന്‍ അവിടുന്ന് ഇടയാക്കിയത്. സംഭവം ഇപ്രകാരമാണ്:

വളരെ സ്‌നേഹത്തോടെ അടുത്തടുത്ത് താമസിച്ചിരുന്ന രണ്ട് കുടുംബങ്ങള്‍. അതില്‍ ഒരു കുടുംബത്തിലെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളാല്‍ കുറച്ചു മാസങ്ങള്‍ക്കുശേഷമാണ് വിവാഹം. ഇതിനിടയ്ക്ക് മറ്റേ കുടുംബത്തിന് സാമ്പത്തികമായ ഒരു പ്രതിസന്ധി വന്നു. സ്വാഭാവികമായും വിവാഹം ഉറപ്പിച്ച കുടുംബം പണം സ്വരൂപിച്ചിട്ടുണ്ടാവും എന്ന ധാരണയില്‍ സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബം പണം വായ്പ ചോദിക്കുന്നു. വിവാഹത്തിനുമുമ്പ് തിരിച്ചു കിട്ടണമെന്ന ഉറപ്പില്‍ പണം വായ്പ കൊടുത്തു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.

പണം വാങ്ങിയ വ്യക്തിക്ക് കൃത്യസമയത്ത് പണം തിരിച്ചു കൊടുക്കുവാന്‍ സാധിച്ചില്ല. മനംനൊന്ത് അയാള്‍ നാടുവിട്ടു. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു. കടം വാങ്ങിയ വ്യക്തി കടം വാങ്ങിയതിനെക്കാള്‍ മൂന്നോ നാലോ മടങ്ങ് പണം എങ്ങനെയോ സ്വരുക്കൂട്ടി പണം തിരിച്ചു കൊടുക്കുവാനായി സ്വന്തം നാട്ടിലേക്ക് വരുന്നു. അപ്പോഴാണ് വേദനിപ്പിക്കുന്ന ആ വാര്‍ത്ത പണം തന്നു സഹായിച്ച വീട്ടുകാരില്‍നിന്ന് കേള്‍ക്കുന്നത്, ”കൃത്യസമയത്ത് വേണ്ട പണമില്ലാതെ വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് ഇനി വിവാഹമേ കഴിക്കുകയില്ലെന്ന് പറഞ്ഞ് ഒറ്റയ്ക്ക് ജീവിക്കുകയാണവള്‍!”

ബഹുമാനപ്പെട്ട വൈദികന്‍ ഈ വിഷയം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്: സാമ്പത്തികമേഖലയില്‍പോലും നമ്മുടെ വീഴ്ചയ്ക്ക് പരിഹാരം ചെയ്യുവാന്‍ നമുക്ക് സാധിക്കുന്നില്ല. പിന്നെ മറ്റ് മേഖലകളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഇവിടെയാണ് നമ്മുടെ പാപത്തിന് പരിഹാരയാഗമായി മാറിയ യേശുക്രിസ്തുവിന്റെ പ്രസക്തി.
ദൈവം സ്‌നേഹവാനായതുപോലെ നീതിമാനുമാണ്. പാപത്തിന് ശിക്ഷ വിധിക്കാതെ ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയാണെങ്കില്‍ നീതി എന്നൊന്ന് ഉണ്ടാവില്ല. ദൈവം സത്യമായും നീതിമാന്‍ ആവുകയുമില്ല. ദൈവം നമ്മുടെ ഓരോരുത്തരുടെയും പാപങ്ങള്‍ക്കനുസരിച്ച് ശിക്ഷ വിധിച്ചിരുന്നെങ്കില്‍ നമുക്ക് നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയ്ക്ക് വഴിയുണ്ടാകുമായിരുന്നില്ല… ”പാപത്തിന്റെ വേതനം മരണമാണ്” (റോമാ 6/22).

നമ്മുടെ പാപങ്ങളോട് ഇടപെടുവാന്‍ സ്‌നേഹവാനും നീതിമാനുമായ ദൈവം കണ്ടെത്തിയ മാര്‍ഗമായിരുന്നു സ്വന്തം പുത്രന്റെ കുരിശിലെ യാഗം. പാപമില്ലാത്ത യേശുക്രിസ്തുവിന്റെമേല്‍ നമ്മുടെ പാപങ്ങള്‍ വച്ച് അവനെ നമുക്കുവേണ്ടി പരിഹാരയാഗമാക്കി. അങ്ങനെ പാപം ശിക്ഷിക്കപ്പെട്ട് ദൈവത്തിന്റെ നീതി തൃപ്തിപ്പെട്ടു. നമുക്കാകട്ടെ അതുവഴി രക്ഷയുടെ വാതില്‍ തുറന്നു കിട്ടുകയും ചെയ്തു. ”വിശ്വാസംവഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചു തന്നു. അവിടുന്ന് തന്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്തുവാനും അങ്ങനെ താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്” (റോമാ 3/25-26).

ജോജു എം.ഐ