കടം വാങ്ങുന്നതെന്തിന്? – Shalom Times Shalom Times |
Welcome to Shalom Times

കടം വാങ്ങുന്നതെന്തിന്?


അമ്മ ഇടയ്ക്ക് അയല്‍പക്കത്തുനിന്ന് ഒരു തേങ്ങാമുറി കടം വാങ്ങുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ ചിരകിയ തേങ്ങ പാത്രത്തിലാക്കി വച്ചിട്ടുണ്ടെന്ന് മകന്‍ കണ്ടതാണ്. പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്? ഏഴാം ക്ലാസുകാരന് സംശയം. പല തവണ ഇതാവര്‍ത്തിക്കുകകൂടി ചെയ്തതോടെ അവന്‍ അമ്മയെ ചോദ്യം ചെയ്തു, ”അമ്മേ, വീട്ടില്‍ തേങ്ങയുള്ളപ്പോഴും വെറുതെ എന്തിനാണ് അപ്പുറത്തെ വീട്ടില്‍ പോയി കടം വാങ്ങുന്നത്?”

അമ്മ സാവധാനം മകനെ തന്നോടു ചേര്‍ത്തുനിര്‍ത്തി. ”മോനേ, അവര്‍ അത്ര നല്ല സാമ്പത്തികസ്ഥിതിയിലല്ല ജീവിക്കുന്നത്. ഇടയ്ക്ക് അത്യാവശ്യം വരുമ്പോള്‍ ചില സാധനങ്ങളൊക്കെ അമ്മയോട് ചോദിച്ചുവാങ്ങും. സാവധാനമാണ് തിരിച്ചുതരിക. പക്ഷേ നമുക്ക് അവരില്‍നിന്ന് ഒന്നും വാങ്ങിക്കേണ്ട ആവശ്യം വരാറില്ല. നാം നേരത്തേതന്നെ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങിവയ്ക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ.

എങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ നാം ചോദിച്ചുവാങ്ങുകയാണെങ്കില്‍ അവര്‍ക്ക് അതൊരു സന്തോഷമായിരിക്കും. നമ്മുടെ കൈയില്‍നിന്ന് എന്തെങ്കിലും വാങ്ങിക്കാന്‍ വിഷമം തോന്നുകയുമില്ല.” അമ്മയുടെ ജ്ഞാനം കണ്ട മകന് സന്തോഷവും അഭിമാനവും തോന്നി.

”അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും അവന്‍ നമ്മോട് കല്‍പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം” (1 യോഹന്നാന്‍ 3/23).