വിശുദ്ധ പാദ്രേ പിയോ പ്രഭാതത്തില്‍ പതിവുപോലെ പ്രാര്‍ത്ഥിക്കാനായി ചാപ്പലിലേക്ക് പോയി. വാതില്‍ തുറന്നപ്പോള്‍ ചാപ്പലിനുള്ളില്‍ ഒരു സന്യാസി…! ഇദ്ദേഹമെങ്ങനെ അടഞ്ഞുകിടന്ന ചാപ്പലില്‍ കയറി? വിശുദ്ധന്‍ ചെറുതായൊന്ന് ഞെട്ടാതിരുന്നില്ല. കണ്ടുപരിചയമില്ലല്ലോ… അമ്പരന്നുനില്ക്കുമ്പോള്‍ അദേഹം മറ്റൊന്നുകൂടി കണ്ടു; സന്യാസി ചാപ്പലിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സക്രാരിക്കുമുമ്പിലെത്തുമ്പോള്‍ താണുവണങ്ങി, ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുന്നു. എഴുന്നേറ്റ് അപ്പുറംകടക്കും,
തിരികെവന്ന് ദിവ്യകാരുണ്യ ഈശോയ്ക്കുമുമ്പില്‍ കുമ്പിട്ടാരാധിക്കും. ഇതുതന്നെ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നു. പാദ്രേക്ക് ഒന്നും മനസിലായില്ല. തലേന്ന് പുറത്തുനിന്ന് അടച്ചിരുന്ന ചാപ്പല്‍ രാവിലെ പാദ്രേപിയോ ആണ് തുറന്നത്.
പൂട്ടിക്കിടന്ന ചാപ്പലില്‍ ഈ സന്യാസിക്കെങ്ങനെ പ്രവേശിക്കാന്‍ കഴിഞ്ഞു? വിശുദ്ധന്‍ സന്യാസിയെ ചാപ്പലിന് പുറത്തേക്ക് വിളിച്ചു. ആരാണ്, എങ്ങനെ ചാപ്പലില്‍ കയറി?
നിശബ്ദനായി നിന്നശേഷം സന്യാസി പറഞ്ഞു: ‘അനേക വര്‍ഷങ്ങള്‍ക്കുമുമ്പ്-കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ആശ്രമത്തില്‍ ജീവിച്ചിരുന്ന സന്യാസിയാണ് ഞാന്‍. അക്കാലയളവില്‍ ഈ ചാപ്പലിന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ എനിക്കും അവസരം ലഭിച്ചിരുന്നു. ചാപ്പല്‍ വൃത്തിയാക്കുമ്പോഴും അള്‍ത്താര അലങ്കരിക്കുമ്പോഴും മറ്റു ക്രമീകരണങ്ങള്‍ ചെയ്യുമ്പോഴുമെല്ലാം അനേകതവണ ചാപ്പലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടി വരുമല്ലോ. സ്ഥിരമായി ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പരിശുദ്ധനായ ദൈവത്തിന്റെ ഈ ആലയത്തിനോ ഇവിടെ വസിക്കുന്ന സര്‍വശക്തനായ ദൈവത്തിനോ വേണ്ടത്ര ആദരവോ ആരാധനയോ നല്കാന്‍ ഞാന്‍ ശ്രദ്ധിച്ചില്ല. സക്രാരിയില്‍ വസിക്കുന്ന ദിവ്യകാരുണ്യ ഈശോയെ ഞാന്‍ ആദരിക്കാതെ നിസാരമാക്കി. ചാപ്പലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ കുമ്പിടുകയോ വണങ്ങുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. മറ്റേതൊരു സ്ഥലത്തെന്നതുപോലെ സാധാരണമായി പെരുമാറി. എന്റെ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നുമാത്രമായിരുന്നു എന്റെ ചിന്ത.
ഇപ്പോള്‍ ഞാന്‍ ശുദ്ധീകരണസ്ഥലത്താണ്. സ്‌നേഹസമ്പന്നനും പരമപരിശുദ്ധനും മഹത്വപൂര്‍ണനുമായ ദൈവത്തിന് അര്‍ഹമായ മഹത്വവും ആരാധനയും ആദരവും നല്കാതെ നിസാരമാക്കിയതിന് ഞാനിവിടെ പരിഹാരം ചെയ്യുകയാണ്. ഞാന്‍ മരിച്ചിട്ട് അനേക വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും എന്റെ ശുദ്ധീകരണം പൂര്‍ത്തിയായിട്ടില്ല. നിങ്ങള്‍ക്കു കാണാന്‍ കഴിയില്ലെങ്കിലും എന്നെ ശുദ്ധിചെയ്തുകൊണ്ടിരിക്കുന്ന തീവ്രമായ അഗ്നിയില്‍ത്തന്നെയാണ് ഞാനിപ്പോഴും.’
സ്തബ്ധനായി നിന്ന പാദ്രേയോട് സന്യാസി തുടര്‍ന്നു. എനിക്ക് മഹത്വമായി മാറേണ്ടിയിരുന്ന കാര്യങ്ങളാണ് ശിക്ഷാകരമാക്കി ഞാന്‍ മാറ്റിയത്. ദിവ്യകാരുണ്യത്തില്‍ സര്‍വമഹത്വത്തോടെ വസിക്കുന്ന സര്‍വശക്തനായ ദൈവത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും വണങ്ങുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. നമ്മുടെ കടമ നിര്‍വഹിക്കുമ്പോള്‍പോലും അവിടുന്ന് നമ്മെ അനുഗ്രഹിക്കുന്നുണ്ട്. അതായത്, നാം ഓരോ പ്രാവശ്യവും ദൈവതിരുമുമ്പില്‍ സ്‌നേഹത്തോടും ആദരവോടും കുമ്പിടുമ്പോള്‍ അവിടുന്ന് സ്‌നേഹവാത്സല്യങ്ങളോടെ നമ്മെ അനുഗ്രഹിക്കുകയും അവിടുത്തെ മഹത്വം നമ്മിലേക്ക് പകരുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ത്തന്നെ സ്വര്‍ഗത്തില്‍ വലിയ പ്രതിഫലം നമുക്കായി നിക്ഷേപിക്കപ്പെടും. പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും നിത്യതയില്‍ നമുക്കത് വ്യക്തമാകും. കൂടാതെ, നമ്മുടെ പാപകടങ്ങള്‍ അവിടുന്ന് കനിഞ്ഞ് പൊറുക്കുകയും ചെയ്യുന്നു.
സൗജന്യമായി ലഭിക്കേണ്ട അവിടുത്തെ അനുഗ്രഹങ്ങളും എനിക്കായി കരുതിവച്ചിരുന്ന മഹത്വവും പാപമോചനവും, അവിടുത്തെ ആദരിക്കാതിരുന്നതുമൂലം ഞാന്‍ നിരാകരിച്ചു. മാത്രമല്ല, അത്യുന്നതമായ ആദരം അര്‍ഹിക്കുന്ന അവിടുത്തെ അനാദരിച്ച്, നിന്ദിച്ച്, അവഗണിച്ചുകൊണ്ട് ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വലിയ തിന്മ പ്രവര്‍ത്തിക്കുകയും ചെയ്തു. ഞാന്‍ എന്റെ സുപ്പീരിയറിനു കൊടുത്ത ബഹുമാനംപോലും ദൈവത്തിന് നല്കാതെ പോയി. എന്റെ പാപകടങ്ങളുടെ പരിഹാരമായിത്തീരേണ്ടിയിരുന്നത് അനാസ്ഥമൂലം ഞാന്‍ പാപമാക്കിമാറ്റി. അതിനാല്‍ പിതാവേ, അങ്ങ് എനിക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമോ? എത്രയുംവേഗം വിശുദ്ധീകരണം പൂര്‍ത്തിയാക്കി ഈ തീക്കുണ്ഠത്തില്‍നിന്നും രക്ഷപ്പെട്ട് സ്‌നേഹമായ ദൈവത്തില്‍ എത്തിച്ചേരാന്‍ എന്നെ സഹായിക്കണമേ.’
ശ്വാസംവിടാതെ എല്ലാം കേട്ടുനിന്ന പാദ്രേ പറഞ്ഞു: ‘ഞാന്‍ അങ്ങേയ്ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.’
തിരുവചനം ഓര്‍മിപ്പിക്കുന്നു, ‘ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് കൊടുക്കുവിന്,.. ആദരം അര്‍ഹിക്കുന്നവന് ആദരം, ബഹുമാനം അര്‍ഹിക്കുന്നവന് ബഹുമാനം’ (റോമാ 13/7).
തിരുസഭ ശക്തവും വ്യക്തവുമായി പഠിപ്പിക്കുന്നു, പരിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തു പൂര്‍ണമായും വസിക്കുന്നു. തന്മൂലം ഏറ്റവും പരിശുദ്ധവും വണക്കത്തിനും ആരാധനയ്ക്കും ബഹുമാനത്തിനും യോഗ്യവുമായ ദിവ്യകാരുണ്യത്തോട് അത്യുന്നതമായ ആദരവും ആരാധനയും ബഹുമാനവും ഉണ്ടായിരിക്കണം. ഉന്നതമായ ഭക്ത്യാദരവുകളോടെ മാത്രമേ പരിശുദ്ധ കുര്‍ബാനയെ സമീപിക്കാവൂ; അത് പ്രവൃത്തികളിലും പെരുമാറ്റത്തിലൂം പ്രകടമായിരിക്കുകയും വേണം.
ദൈവസന്നിധിയില്‍ അശ്രദ്ധമായ പെരുമാറ്റവും പ്രവര്‍ത്തനരീതികളും അനാദരവുകളും അനാസ്ഥകളും അവഗണനയും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. കാനന്‍ നിയമവും വത്തിക്കാന്‍ കൗണ്‍സിലും കാലാകാലങ്ങളില്‍ മാര്‍പാപ്പാമാരുടെ പ്രബോധനങ്ങളുമെല്ലാം ഇക്കാര്യങ്ങള്‍ ഊന്നിപ്പറയുന്നുണ്ട്. ദിവ്യകാരുണ്യത്തിന് എതിരായി, അഥവാ ക്രിസ്തുവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ ചെയ്യുന്ന എല്ലാ പാപങ്ങളും അതീവ ഗൗരവതരമാണ് എന്ന് മതബോധനഗ്രന്ഥവും (Catechism of the Catholic Church 2120) പഠിപ്പിക്കുന്നു.
അതിനാല്‍, നിരന്തരം ദൈവാലയങ്ങളില്‍ വ്യാപരിക്കുന്നവരും അല്ലാത്തവരും ദൈവമായ കര്‍ത്താവ് 1സാമുവല്‍ 2/30-ല്‍ പറയുന്നത് സദാ ഓര്‍മയില്‍ സൂക്ഷിക്കണം: ”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും; എന്നെ നിന്ദിക്കുന്നവന്‍ നിന്ദിക്കപ്പെടും.”
നമുക്ക് കര്‍ത്താവിനെ ആദരിക്കുന്നവരും കര്‍ത്താവിനാല്‍ ആദരിക്കപ്പെടുന്നവരുമാകാം. അപ്രകാരം ഇവിടെയും സ്വര്‍ഗത്തിലും അവിടുത്തെ മഹത്വത്തിനും സമ്മാനത്തിനും അവകാശികളായിത്തീരട്ടെ.
ആന്‍സിമോള്‍ ജോസഫ്