മാറ്റങ്ങളുണ്ടാക്കിയ പ്രാര്‍ത്ഥനാരീതി – Shalom Times Shalom Times |
Welcome to Shalom Times

മാറ്റങ്ങളുണ്ടാക്കിയ പ്രാര്‍ത്ഥനാരീതി

2010 ആവസാനിക്കുന്ന സമയം. ഞാന്‍ മാമ്മോദീസ സ്വീകരിച്ച് സഭാംഗമായിത്തീര്‍ന്ന കാലം. മാതാപിതാക്കള്‍ രണ്ടുപേരുടെയും കുടുംബങ്ങളില്‍ വളരെ സാമ്പത്തികപ്രശ്‌നങ്ങള്‍. ഏലവും കുരുമുളകുമെല്ലാം ഉണ്ട്. പക്ഷേ സാമ്പത്തിക ഉന്നമനമില്ല. രോഗവും മരണവും മൂലം സാധാരണയിലേറെ മരണങ്ങള്‍. അതോടൊപ്പം ഏറെ തിരോധാനങ്ങള്‍, നഷ്ടപ്പെടുന്നവര്‍ തിരികെ വരുന്നില്ല. സഹോദരങ്ങള്‍ തമ്മില്‍ ഐക്യമില്ല. ദാമ്പത്യപ്രശ്‌നങ്ങള്‍, പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കുപോലും അതിന് സാധിക്കുന്നില്ല. ഇങ്ങനെ സമാനമായ ചില പ്രശ്‌നങ്ങള്‍ രണ്ട് കുടുംബങ്ങളിലും ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ തോന്നി, എനിക്ക് മാമ്മോദീസ നല്കിയ വൈദികനെ ഒന്നുകാണണം, സംസാരിക്കണം.

അച്ചനെ കാണാന്‍ അനുവാദം ചോദിച്ച് കുമളിക്ക് സമീപമുള്ള ശാന്തിഗിരി ദൈവാലയത്തില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ കൂരപോലെ ഒരു ദൈവാലയം; ചോര്‍ച്ചയുമുണ്ട്. പക്ഷേ അവിടെ അഖണ്ഡ ആരാധന നടക്കുന്നു. അതിനിടയില്‍ വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഞാന്‍ ചെന്ന ദിവസം രാത്രി വൈകിയും അച്ചനോടൊപ്പം സംസാരിച്ചിരുന്നു. ഏതാണ്ട് രാത്രി രണ്ടര സമയം. അദ്ദേഹം ചോദിച്ചു, ”എനിക്ക് വിശുദ്ധ കുര്‍ബാന ചൊല്ലാനുണ്ട്. നീ കൂടുന്നോ?” ആ സമയത്ത് വിശുദ്ധ ബലിയോ എന്ന ആശ്ചര്യത്തോടെ ഞാന്‍ ആ ബലിയില്‍ പങ്കെടുത്തു. ആ വൈദികന്റെ അപ്പോഴത്തെ നിയോഗങ്ങള്‍ ഇവയായിരുന്നു, പ്രസ്തുത ഇടവകയില്‍നിന്ന് ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക്, ഒപ്പം എന്റെ കുടുംബത്തിലെ ശുദ്ധീകരണാത്മാക്കള്‍ക്കായി.
അതുകഴിഞ്ഞ് ഞാന്‍ അച്ചനോട് ചോദിച്ചു, ”എന്തുകൊണ്ടാണ് അങ്ങനെമാത്രം പ്രാര്‍ത്ഥിച്ചത്? മറ്റ് നിയോഗങ്ങള്‍ക്കായൊന്നും പ്രാര്‍ത്ഥിക്കാതെ?” ”മോനേ, നീയും ബലിയില്‍ ആദ്യം ഈ നിയോഗത്തിനായി പ്രാര്‍ത്ഥിക്കണം. സഭ നമ്മോട് ആവശ്യപ്പെടുന്നതാണിത്.”

പിന്നീട് ഞാന്‍ ശ്രദ്ധിച്ച കാര്യം ഇതാണ്, ആ ഇടവകയില്‍ ഇപ്രകാരം അദ്ദേഹം രണ്ടു മാസത്തോളം ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയാണ്! ആ ഇടവകയുടെ അവസ്ഥ ഞാന്‍ പഠിച്ചു, ഇടവകദൈവാലയത്തിനായി സ്ഥലം വാങ്ങി തറ പണിതിട്ടിരിക്കുകയാണ്. പക്ഷേ 15 വര്‍ഷം കഴിഞ്ഞിട്ടും പണി മുന്നോട്ട് നീങ്ങുന്നില്ല. ദേശത്തിന് പുരോഗതിയില്ല. നല്ലൊരു റോഡ്‌പോലുമില്ല. കുടുംബങ്ങള്‍ തമ്മില്‍ അകല്‍ച്ച. അങ്ങനെയൊരു പശ്ചാത്തലത്തില്‍ ഈ വൈദികന്‍ 40 ദിവസത്തേക്ക് അഖണ്ഡജപമാല ആരംഭിച്ചു. അകല്‍ച്ചയുള്ള രണ്ട് കുടുംബങ്ങളെ ഒന്നിച്ച് രണ്ട് മണിക്കൂര്‍ ആരാധന നടത്താനായി ഏല്പിക്കും. ദിവ്യകാരുണ്യ ആരാധന കഴിഞ്ഞിറങ്ങുമ്പോള്‍ അവരുടെ അകല്‍ച്ച നീങ്ങി സ്‌നേഹത്തിലാകുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കി. എനിക്ക് അതില്‍നിന്ന് പഠിക്കാനായ കാര്യം ഇതാണ്, കുടുംബത്തില്‍ മാതാപിതാക്കളും മക്കളും ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങളില്‍ ആ ഐക്യം നില്‍ക്കും. അവര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ സാധിക്കുകയില്ല. അതോടൊപ്പം വൈദികന്‍ ശുദ്ധീകരണാത്മാക്കള്‍ക്കായുള്ള വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു.

ഇടവകയുടെ മാറ്റം
ആ ഇടവകപ്രദേശത്ത് പിന്നീടുണ്ടായത് ശ്രദ്ധേയമാണ്, കുറച്ചുനാള്‍ക്കകം ഒരു സര്‍വേ നടന്ന് അവിടെ റോഡ് വന്നു. 14 ഏക്കറോളം സ്ഥലമുണ്ടായിരുന്നു ദൈവാലയത്തിന്. അവിടെ ഏലകൃഷിയുണ്ടായിരുന്നു. എന്നാല്‍ പണിക്കൂലിപോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് ഏലത്തിന് പ്രതീക്ഷിക്കാത്ത വിധത്തില്‍ വില കയറി. ആ വൈദികന്‍ മുന്‍കൈയെടുത്ത് അവിടെ ഏലം ഡ്രൈയര്‍ തുടങ്ങി. കുറച്ച് വരുമാനം അതിലൂടെ ലഭിക്കാനും ആരംഭിച്ചു. അതോടൊപ്പം പൊതുപണിയും എല്ലാമായി ദൈവാലയനിര്‍മാണം വേഗം മുന്നോട്ടുപോയി.

ആ സമയത്ത് ഇടവകയിലെ ഒരു മനുഷ്യന്‍ ഈ വികാരിയച്ചനെ സമീപിച്ചു, ”15 വര്‍ഷം മുമ്പ് പറമ്പില്‍ ഈട്ടി വെട്ടിയിട്ട് ഫോറസ്റ്റ് അധികൃതരില്‍നിന്ന് പ്രശ്‌നമുണ്ടാകുമോ എന്ന് പേടിച്ച് കുഴിച്ചിട്ടിരുന്നു. അത് ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ട് പള്ളിക്കായി അച്ചന്‍ എടുത്തുകൊള്ളുക!” മൂന്ന് മാസത്തിനകം മനോഹരമായ ദൈവാലയം ഉയര്‍ന്നു.
അച്ചന്‍ എനിക്കും പറഞ്ഞുതന്നത് അതാണ്. സഭ നിര്‍ദേശിച്ചിരിക്കുന്ന അംഗീകൃതപ്രാര്‍ത്ഥനയായ ശുദ്ധീകരണാത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥന നടത്തുക. പ്രത്യേകിച്ച് ദിവ്യബലികളിലും ജപമാലകളിലും അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. ഞാനത് അക്ഷരംപ്രതി അനുസരിച്ചിരുന്നു. ഇപ്രകാരം ആത്മീയോപദേഷ്ടാക്കള്‍ തരുന്ന നിര്‍ദേശങ്ങള്‍ നിരന്തരം അക്ഷരംപ്രതി പാലിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

എന്റെ ജീവിതത്തില്‍
എന്‍ജിനീയറിംഗില്‍ സെഗ്മെന്റേഷന്‍ എന്നൊരു തത്വമുണ്ട്. ഓരോ ഭാഗം എടുത്ത് അതിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കും. പിന്നീടാണ് അടുത്തത് എടുക്കുക. ഇതുപോലെ ജീവിതത്തിലും ഞാന്‍ ജീവിതത്തിലെ ഓരോ ഭാഗങ്ങളായി എടുക്കാന്‍ തുടങ്ങി. ആദ്യത്തേത് എനിക്ക് പഠിക്കണം എന്നതായിരുന്നു. അന്ന് ഞാന്‍ ബി.ടെക് പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ എം.ടെക് പഠിക്കണമെന്നായിരുന്നു ആഗ്രഹം. പഠനച്ചെലവിനായി സ്ഥലം വില്‍ക്കാം എന്നായിരുന്നു ചിന്ത. എന്നാല്‍ ഒന്നും നടന്നില്ല. ആ സമയത്താണ് വൈദികനെ കാണാന്‍ പോകുന്നത്. ”കര്‍ത്താവ് വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ത്ഥമാണ്…” (സങ്കീര്‍ത്തനങ്ങള്‍ 127/1).
എന്റെ കുടുംബത്തില്‍ ആര്‍ക്കും കാര്യമായ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ എനിക്കെങ്കിലും ഉന്നതവിദ്യാഭ്യാസം നേടണം. ഇതായിരുന്നു ആഗ്രഹം. അര്‍പ്പിച്ച ബലികളില്‍ എന്റെ കുടുംബങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടാനാഗ്രഹിച്ചിട്ടും സാധിക്കാതെപോയ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചു, ”കരുണയായിരിക്കണേ, നിത്യഭാഗ്യം നല്കി അനുഗ്രഹിക്കണമേ.”

തുടര്‍ന്ന് വൈദികന്‍ എന്നോട് ഇങ്ങോട്ട് പറഞ്ഞ്, രൂപതാധികാരികള്‍വഴി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജില്‍ എം.ടെക് പഠിക്കാനുള്ള വഴികള്‍ തുറന്നുകിട്ടി. ഫീസ് ക്രമീകരിക്കപ്പെട്ടു. തുടര്‍ന്ന് റാങ്കോടുകൂടി അവിടെനിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങാനും കഴിഞ്ഞു.
പിന്നീട് പ്രാര്‍ത്ഥിച്ചത് സാമ്പത്തികമേഖലയ്ക്കായാണ്. ആ മേഖലയില്‍ വളരെ പ്രതിസന്ധി അനുഭവിച്ചിരുന്ന ശുദ്ധീകരണാത്മാക്കളെ പ്രത്യേകം സമര്‍പ്പിച്ച് വിശുദ്ധബലിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട് വിഷമിച്ചിരുന്ന ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചു. ആ മേഖലയിലും മാറ്റങ്ങള്‍ കാണാന്‍ കഴിഞ്ഞു. ദാമ്പത്യപ്രശ്‌നങ്ങള്‍നിമിത്തം വിഷമിച്ചിരുന്നവരും വിവിധകാരണങ്ങളാല്‍ കുടുംബസമാധാനമില്ലാതെ വിഷമിച്ചിരുന്നവരുമായ ആത്മാക്കളെ സമര്‍പ്പിച്ച് വിശുദ്ധബലിയര്‍പ്പിച്ചു.

ഭ്രൂണഹത്യ ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഇതിന്റെയെല്ലാം ഫലം എന്റെ ജീവിതത്തിലും ദൃശ്യമായി. താമസിയാതെ എന്റെ വിവാഹം കഴിഞ്ഞു. ഞങ്ങളുടെ എല്ലാ കുടുംബങ്ങളിലുംനിന്നും രണ്ടുമുതല്‍ പത്ത് തവണവരെ ഗര്‍ഭം അലസിപ്പോയവരുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ ജനിക്കാതെ പോകുമായിരുന്നു. പക്ഷേ എന്റെ കുടുംബജീവിതത്തില്‍ അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കുന്ന ആത്മാക്കള്‍ ഏത് തിന്മയുടെ ഫലമായിട്ടാണോ വിഷമിച്ചിരുന്നത് അതിനെതിരായ പുണ്യത്തില്‍ വളരാന്‍ നമുക്കായി പ്രാര്‍ത്ഥിക്കുകയും നമ്മെ സഹായിക്കുകയും ചെയ്യുമെന്ന് എനിക്ക് ബോധ്യമായി.

ഓസ്‌ട്രേലിയന്‍ അനുഭവം
കുറച്ചുനാള്‍മുമ്പ് ഓസ്‌ട്രേലിയയില്‍നിന്ന് ഒരു കുടുംബം എന്നെ വിളിച്ചു. അവിടത്തെ പെര്‍മനെന്റ് റെസിഡന്‍സ്-പി.ആര്‍- കിട്ടേണ്ടത് അവര്‍ക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ അത് ലഭിക്കുന്നില്ല. അവര്‍ പ്രൊവിന്‍സ് മാറിയാലോ, നാട്ടിലേക്ക് തിരികെ വന്നാലോ എന്നെല്ലാം ആലോചിക്കുന്ന സമയം. അവരുടെ കുടുംബത്തില്‍നിന്ന് സ്ഥലം വാങ്ങിക്കണം, വീട് വയ്ക്കണം, എവിടെയങ്കിലും സ്ഥിരതാമസമാക്കണം എന്നെല്ലാം ആഗ്രഹിച്ച് സാധിക്കാതെപോയ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു എനിക്ക് ലഭിച്ച ചിന്ത. അവരോട് അത് പങ്കുവച്ചു. അവര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. രണ്ട് മാസം കഴിഞ്ഞ് അവര്‍ക്ക് അത്ഭുതകരമായി പി. ആര്‍ കിട്ടി എന്നുപറഞ്ഞുകൊണ്ടാണ് വിളിച്ചത്. തുടര്‍ന്നും ഈ രീതിയിലുള്ള പ്രാര്‍ത്ഥന തുടരണമെന്ന് അവരോട് നിര്‍ദേശിക്കുകയും ചെയ്തു.

ജോര്‍ജ് ജോസഫ്