ഏറെക്കാലങ്ങളായി ഞാന്‍ ഹാര്‍ട്ടിന്റെ രണ്ട് വാല്‍വുകള്‍ക്കും തകരാറായി രോഗാവസ്ഥയിലായിരുന്നു. ഈ അവസ്ഥയില്‍ അഞ്ചുതവണ എനിക്ക് സ്‌ട്രോക്ക് വന്നിട്ടുണ്ട്. അതില്‍നിന്നെല്ലാം ദൈവം രക്ഷിച്ചു. പിന്നീട് 2017 ഡിസംബര്‍ 19-ന് കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് എനിക്ക് ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഓപ്പറേഷനൊക്കെ ഭംഗിയായി നടന്നു. പക്ഷേ പുതിയ വാല്‍വ് സ്വീകരിക്കുവാന്‍ ശരീരം തയാറല്ലായിരുന്നു. ആകെ പ്രശ്‌നമായി. ഡോക്ടര്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് ഒരു റീ ഓപ്പറേഷന്‍ ചെയ്യാം, അല്ലാതെ വഴിയൊന്നും ഇല്ലെന്നു പറഞ്ഞു. അതിനായി സമ്മതപത്രം എഴുതി ഒപ്പിട്ടു കൊടുക്കണം. അപ്പോള്‍ ഞാന്‍ ഐസിയുവില്‍ ആയിട്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് രോഗം കൂടി. എന്റെ ചുറ്റിലും നഴ്‌സുമാരും ഡോക്ടര്‍മാരും നില്‍ക്കുന്നു. എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല, പക്ഷേ ഉള്ളില്‍ ബോധമുണ്ട്.
‘ഈശോമറിയം യൗസേപ്പേ, എന്റെ ആത്മാവിന് കൂട്ടായിരിക്കണമേ’ എന്ന് ഞാന്‍ ഉള്ളില്‍ ചൊല്ലിക്കൊണ്ടിരുന്നു. ഒരു കൊന്ത കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. കാരണം കൊന്ത എന്റെ സന്തതസഹചാരിയായിരുന്നു. ആ സമയം അവിടെ കൂടിനിന്നിരുന്നവരില്‍ ഒരു നഴ്‌സ് എന്റെ കൈയില്‍ ഒരു കൊന്ത എടുത്തുതന്നു. ”മോളേ, ഇതു കൈയില്‍ വച്ചോ” എന്നു പറഞ്ഞു. പക്ഷേ, കൊന്ത കൈയില്‍ പിടിക്കാന്‍ പറ്റാത്തവിധം കൈകള്‍ തളര്‍ന്നുപോയിരുന്നു. ആ നഴ്‌സുതന്നെ കൊന്ത കൈയില്‍ ചുറ്റിവച്ചു. അത്ഭുതമെന്നു പറയട്ടെ, അടുത്ത നിമിഷംമുതല്‍ എന്റെ രോഗം കുറയാന്‍ തുടങ്ങി. റീ ഓപ്പറേഷന്‍ വേണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഐസിയുവില്‍നിന്ന് മാറ്റി, മൂന്നുദിവസംകൂടി കഴിഞ്ഞപ്പോള്‍ ആശുപത്രി വിട്ടു. കൊന്തയുടെ രൂപത്തില്‍ വന്നത് എന്റെ പരിശുദ്ധ അമ്മതന്നെയായിരുന്നു!
ആ നഴ്‌സ് ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഒരു കിലോമീറ്റര്‍ ദൂരമുണ്ട് പള്ളിയില്‍ പോകാന്‍. എല്ലാ ദിവസവും ഞാന്‍ പള്ളിയില്‍ പോകും. അത്യാവശ്യം ജോലികളൊക്കെ ചെയ്യും. അങ്ങനെ ദൈവമെന്നെ ഇന്നും വഴിനടത്തുന്നു. ഇത്രയേറെ കരുതുന്ന ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പരിശുദ്ധ ത്രിത്വത്തിനും തിരുക്കുടുംബത്തിനും കോടാനുകോടി നന്ദിയര്‍പ്പിക്കുന്നു.
ബീനാ ഡെന്നിസ്, ആലയ്ക്കല്‍, അമനകര