‘സ്‌പെഷ്യല്‍’ സഹനങ്ങളുണ്ടോ? – Shalom Times Shalom Times |
Welcome to Shalom Times

‘സ്‌പെഷ്യല്‍’ സഹനങ്ങളുണ്ടോ?

ദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം.
എന്റെ ഭവനത്തില്‍ മദ്യപാനത്തിന്റെ ഒട്ടനവധി തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്‍ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്‍. ഈശോയോടു പല തവണ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം?

ഈശോ തന്ന ഉത്തരം
വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഈശോ എന്നെ ഒരു നഴ്‌സ് ആക്കി. ‘ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്ന് പറഞ്ഞ നസ്രായനായ യേശു ചില മനുഷ്യാത്മാക്കളുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകള്‍ വച്ചുകെട്ടാന്‍ പിന്നീട് എന്നെ നയിക്കുകയായിരുന്നു. മദ്യപിച്ചതുമൂലം രോഗികളായവര്‍, ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി.
വയലന്റ് ആയി വന്നവരും അബോധാവസ്ഥയില്‍ വഴിയില്‍ വീണുകിടന്നിടത്തുനിന്ന് ആരൊക്കെയോ വഴി ആശുപത്രിയില്‍ എത്തിയവരും വഴക്കു കൂടി ശരീരം മുറിപ്പെട്ടു ചോരയില്‍ കുളിച്ചെത്തിയവരും അവരില്‍ ഉള്‍പ്പെടുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസങ്ങളില്‍ ആണ് ഇത്തരം രോഗികള്‍ വരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. അത്തരം രോഗികള്‍ ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നാല്‍ അവര്‍ എന്നോട് പറയും. ‘നിന്റെ സ്‌പെഷ്യാലിറ്റി രോഗി വന്നിട്ടുണ്ടെ’ന്ന്… ആ രോഗിയുടെ ഉത്തരവാദിത്വം അവര്‍ എനിക്ക് നല്‍കും. അതിനൊരു കാരണവുമുണ്ട്.

എന്റെ ഡ്യൂട്ടി കഴിയുന്നതുവരെ രോഗിക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ഞാന്‍ അവരോട് കുറെ സംസാരിക്കും. ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ചും ഒക്കെ ആദ്യം സംസാരിക്കും. ഞാന്‍ കടന്നുപോയ ഞെരുക്കങ്ങളെക്കുറിച്ചു പറയും. ഒടുവില്‍ ഈശോയെക്കുറിച്ച് പറയും. ദീര്‍ഘപ്രഭാഷണത്തിനൊടുവില്‍ അവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ത്ഥിക്കും. ആ രംഗം അവസാനിക്കുന്നത് കവിഞ്ഞൊഴുകുന്ന നാല് കണ്ണുകളിലാണ്.
”സിസ്റ്ററിനെ ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇനി ഞാന്‍ മദ്യപിക്കില്ല’ എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ സഹനം എന്ന സര്‍വകലാശാലയില്‍നിന്നും ഈശോ എന്നെ ‘സ്‌പെഷ്യാലിറ്റി നഴ്‌സ്’ ആക്കി മാറ്റി.
എന്തുകൊണ്ട് എനിക്കിങ്ങനെ ഒരു ജീവിതം എന്ന ചോദ്യത്തിന് കാലങ്ങള്‍ക്കപ്പുറം ഈശോ നല്‍കിയ മറുപടിയായിരുന്നു ഈ ‘സ്‌പെഷ്യാലിറ്റി’ ശുശ്രൂഷ. ”യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന്‍ 13/7).

”അണ്ണീ, നിങ്ങള്‍ ദൈവമാണ്!”
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഓര്‍ത്തു പോകുകയാണ്. എന്റെ നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഒരു രോഗി നെഞ്ചുവേദനയുമായി കടന്നു വന്നു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. അത്യാവശ്യമുള്ള ടെസ്റ്റുകളെല്ലാം നടത്തി. മരുന്നുകള്‍ നല്‍കി. ഇ.സി.ജി യില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അഡ്മിറ്റ് ആക്കി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം സുബോധത്തിലായി.
ഉച്ചവരെ ഞാന്‍ എന്റെ മുറിയില്‍ വന്ന് ഉറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ വാര്‍ഡിലേക്ക് പോയി. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഈശോയെക്കുറിച്ചു പറഞ്ഞ ശേഷം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയില്ല, ദൈവാലയത്തില്‍ പോകാറില്ല എന്നൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൊണ്ടുവന്നുതരാമോ എന്ന് ചോദിച്ചു. തമിഴ് ബൈബിള്‍ ആയതുകൊണ്ട് ഉടനെ സാധിക്കുമോ എന്ന് മനസ്സില്‍ ശങ്ക. എങ്കിലും നല്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു നല്‍കി.

ഈശോ നല്‍കിയ പ്രേരണയാല്‍ ഒരു വ്യക്തിയെ വിളിച്ചു. അന്ന് രാത്രിയില്‍ത്തന്നെ ലഭിച്ചു തമിഴ് ബൈബിള്‍. തൊട്ടടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞു വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയി. ബൈബിള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നല്‍കി, കൂടെ ഒരു ജപമാലയും. കുറെ നേരം അദ്ദേഹത്തോട് ഈശോയെക്കുറിച്ച് പറഞ്ഞു. ചില ദൈവവചനങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു. അപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കാം, വിഷമിക്കരുതെന്ന് പറഞ്ഞ് ഞാന്‍ പോകാനിറങ്ങി.
പെട്ടെന്നാണ് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞത്: അദ്ദേഹത്തിന്റെ ഭാര്യക്ക് എന്നോട് സംസാരിക്കണം. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിക്കൊണ്ട് ഒരു അമ്മ. അവര്‍ എന്നെ ‘അണ്ണി’ എന്ന് വിളിച്ചു, ചേച്ചി എന്നര്‍ത്ഥം. ”നിങ്ങള്‍ ദൈവമാണ്” എന്ന് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി കരയുകയായിരുന്നു അവര്‍.
”എന്റെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചു തന്നതിന് നന്ദി!”

ഇനി മദ്യപിക്കില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതുവരെ വന്നുപോയ വീഴ്ചകള്‍ക്ക് ഭാര്യയോട് മാപ്പു പറഞ്ഞു കരഞ്ഞു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ദൈവാനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോവുകയായിരുന്നു. ഒരുപാട് വര്‍ഷത്തെ എന്റെ കണ്ണുനീരും വേദനകളും ഇത്തരം രോഗികളിലൂടെ ഈശോ സന്തോഷമാക്കി മാറ്റുകയായിരുന്നു. നസ്രായന് മാത്രം ചെയ്യാന്‍ കഴിയുന്ന മാജിക്!!
ആത്മീയ വളര്‍ച്ച ആത്മീയ കാര്യങ്ങളില്‍ കൂടി മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ഈശോ മരപ്പണിക്കാരനാകാന്‍ വേണ്ടി ജനിച്ചവനല്ല. എന്നിട്ടും മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനു മുമ്പ് മുപ്പതു വയസ്സ് വരെ മരപ്പണിക്കാരനായി ജോലി ചെയ്തു. അനുദിനജീവിതത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതത്തിനായി വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം നമ്മെ വളര്‍ത്തുകയാണ്. ”ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” (ലൂക്കാ 16/10).
മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അനുസരിച്ച് ജീവിക്കേണ്ടവരല്ല നമ്മള്‍. ദൈവം നമ്മെ ഏതു വൃക്ഷമായിട്ടാണോ നട്ടു പിടിപ്പിച്ചിരിക്കുന്നത് ആ വൃക്ഷത്തില്‍ ഫലമായി നാം കായ്ക്കണം. അവന്‍ കായ്ക്കാന്‍ പറയുന്നിടത്ത്, പറയുന്ന സമയത്ത്, കായ്ച്ചു നിലനില്‍ക്കുന്നതാണ് വിശ്വാസജീവിതത്തിന്റെ വിജയം.

യേശുവും യോഹന്നാനും ദാവീദും
യേശുവിനു പിശാചുണ്ട് എന്ന് പറഞ്ഞു കൊണ്ട് കല്ലെറിയാനും ബന്ധനസ്ഥനാക്കുവാനും യഹൂദര്‍ ശ്രമിച്ചു കൊണ്ടിരുന്നു (യോഹന്നാന്‍ 10) അവിടെവച്ചാണ് ലാസര്‍ രോഗിയാണെന്ന് യേശുവിനെ അറിയിക്കുന്നത്. എന്നിട്ടും പ്രതികൂലങ്ങള്‍ക്കു നടുവില്‍ രണ്ടു ദിവസം കൂടി അവിടുന്ന് താമസിച്ചു. പിന്നീട് യൂദായിലേക്കു യാത്രയായി. തുടര്‍ന്നാണ് ലോകം അതുവരെ കാണാത്ത ഒരു അത്ഭുതം ചെയ്തത്. ചീഞ്ഞഴുകിയ ലാസറിനെ ജീവനുള്ള ശരീരത്തോടെ പുറത്ത് കൊണ്ടുവന്നു, തന്നോടൊപ്പം ഭക്ഷണത്തിനിരുത്തി.
വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് പറഞ്ഞ യേശുവിനെ വിശ്വസിക്കാന്‍ തയ്യാറായാല്‍ എവിടെയാണോ നാം കണ്ണീര്‍ പൊഴിച്ചത് അവിടെ അവന്‍ നമ്മെ ഉയര്‍ത്തും. ഒരു അത്ഭുതമാക്കി നമ്മുടെ ജീവിതം മാറ്റും. നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതികള്‍ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. ശുഭകരമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. തിളച്ച എണ്ണയില്‍ കിടന്ന, പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട, വിശുദ്ധ യോഹന്നാനിലൂടെ ലോകത്തിന് നല്കാന്‍ വെളിപാട് ദൈവം മാറ്റിവച്ചെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങള്‍ക്കൊടുവില്‍ ചില ദൈവികരഹസ്യങ്ങള്‍ വെളിപ്പെടും. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവന്റെ സ്വപ്നങ്ങള്‍…

ജസ്സെയുടെ പുത്രന്മാരില്‍ ഏറ്റവും ഇളയവനായ ദാവീദ് അല്പംപോലും പരിഗണന ലഭിക്കാത്തവനായിരുന്നു എന്നുവേണം കരുതാന്‍. പവിഴനിറവും മനോഹര നയനങ്ങളും ഉള്ള സുന്ദരനായ അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമിയായ യോദ്ധാവുമായിരുന്നു. എങ്കിലും ആടു മേയിക്കാന്‍ ആയിരുന്നു അവന്‍ നിശ്ചയിക്കപ്പെട്ടത്. ദൈവം അതനുവദിച്ചത് അവന്റെ ജീവിതത്തെ പടിപടിയായി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ആടുമേയിക്കാന്‍ പോകുമ്പോള്‍ ആടുകളെ രക്ഷിക്കാനായി ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. തുടര്‍ന്ന് ദാവീദിനെ ദൈവം ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടാന്‍ നിയോഗിച്ചു. അവിടെ വിജയിച്ച ദാവീദിനെ സാവൂളുമായി നേരിടാന്‍ അനുവദിച്ചു. ഈ വഴികളിലൂടെയെല്ലാം ദാവീദിനെ ദൈവം നയിച്ചത് യൂദാരാജ്യത്തിന്റെ രാജാവായി വാഴിക്കാനായിരുന്നു.

രാജസിംഹാസനത്തിലേക്കുള്ള ദാവീദിന്റെ യാത്ര ഒട്ടനവധി പ്രതിസന്ധികളുടെ അതിജീവന പരിശീലനത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളും പ്രതിസന്ധികളും വന്നു ചേരുമ്പോള്‍ ഓര്‍ക്കുക. നമുക്കായി അവിടുന്ന് ഒരുക്കിയ രാജസിംഹാസനത്തിലേക്കു നമ്മള്‍ നടന്നടുക്കുകയാണ്. നമുക്ക് മുന്‍പില്‍ കടന്നു വരുന്ന കരടിയെയും സിംഹത്തെയും ഗോലിയാത്തിനെയും സാവൂളിനെയും പ്രാര്‍ത്ഥനയോടും ക്ഷമയോടും വിശ്വാസത്തോടുംകൂടി നാം അതിജീവിച്ചാല്‍ നമുക്കായി ഒരുക്കപ്പെട്ട സിംഹാസനത്തില്‍ യേശു നമ്മെ ഇരുത്തും, അവന്റെ കൃപ മാത്രം മതി!

ആന്‍ മരിയ ക്രിസ്റ്റീന