ആ ‘അമ്മ’യും പുകവലിയും – Shalom Times Shalom Times |
Welcome to Shalom Times

ആ ‘അമ്മ’യും പുകവലിയും

യൗവനത്തില്‍ത്തന്നെ സുഹൃത്തുക്കളുടെ പ്രേരണമൂലം എന്നില്‍ കടന്നുകൂടിയതാണ് പുകവലിശീലം. കുറഞ്ഞ കാലംകൊണ്ട് ഞാന്‍ അതിന് വല്ലാതെ അടിമയായിപ്പോയി. ഇടയ്ക്ക് പലപ്പോഴും നിര്‍ത്തുവാന്‍ പരിശ്രമിച്ചു. പക്ഷേ രണ്ടോ മൂന്നോ ദിവസം പുകവലിക്കാതെ കഴിച്ചുകൂട്ടിയാലും ആരെങ്കിലും വലിക്കുന്നത് കാണുമ്പോള്‍ അവരോട് വാങ്ങി വലിച്ച് വീണ്ടും പുകവലിശീലത്തിലേക്ക് മടങ്ങിപ്പോകുമായിരുന്നു.
വിവാഹിതനായപ്പോള്‍ ഭാര്യ അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ വീണ്ടും പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഒരു മകനും ഉണ്ടായി. കുട്ടിക്ക് ചില അസുഖങ്ങള്‍. ചികിത്സകള്‍ നടത്തിയിട്ടും പൂര്‍ണഫലം കണ്ടില്ല. പിന്നീട് മാഹിയിലെ വിശുദ്ധ അമ്മത്രേസ്യായെ വിളിച്ച് പ്രാര്‍ത്ഥിച്ച് ഭക്തിപ്രചരണാര്‍ത്ഥം 21 ഭവനങ്ങളില്‍ ഭിക്ഷയെടുത്ത് നേര്‍ച്ചയുമായി മാഹിപ്പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് നി യോഗം സമര്‍പ്പിച്ചു.

പിറ്റേദിവസം രാവിലെ മാത്രമേ സ്വദേശമായ വയനാട്ടിലേക്ക് തിരിച്ചുപോരാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ കടല്‍ത്തീരത്ത് പോയി. അപ്പോഴും കീശയില്‍ പുകവലിക്കുള്ള സാമഗ്രികളൊക്കെയുണ്ടായിരുന്നു. പക്ഷേ പള്ളിയില്‍നിന്നും ഇറങ്ങിയതുമുതല്‍ ഞാന്‍ ആ കാര്യം മറന്നുപോയി. പിറ്റേദിവസം പുലര്‍ച്ചയ്ക്കുള്ള ബസിനുവേണ്ടി തലശേരി ബസ്സ്റ്റാന്റില്‍ കാത്തിരുന്നു. പിന്നെ വീട്ടില്‍ എത്തിയപ്പോഴാണ് പുക വലിക്കാമെന്ന് തോന്നിയത്. പക്ഷേ വായില്‍ വല്ലാത്ത അരുചി കാരണം ഒരെണ്ണംപോലും വലിക്കാന്‍ പറ്റിയില്ല. അന്നുമുതല്‍ നാല്‍പത്തിരണ്ടു വര്‍ഷമായി പുകവലി എന്ന ദുഃശീലത്തില്‍നിന്നും മോചിതനായി ഞാന്‍ ജീവിക്കുന്നു.
ഞാന്‍ എന്റെ പുകവലി മാറാന്‍ മാഹി അമ്മയുടെ അടുത്ത് പ്രാര്‍ത്ഥിച്ചിട്ടൊന്നുമില്ല. അതിനുള്ള വിശ്വാസവും ഇല്ലായിരുന്നു. എന്നാല്‍, മാഹിപ്പള്ളിയിലെ വിശുദ്ധ അമ്മത്രേസ്യായുടെ പ്രാര്‍ത്ഥനയാണ് എനിക്ക് പുകവലിശീലത്തില്‍നിന്നും പൂര്‍ണമായ വിടുതല്‍ തന്നതെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മറ്റൊരിക്കല്‍ അവിടെ പോയി നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഒരു ചൊല്ലു കേട്ടിട്ടുണ്ട്, ‘ആയിരം നല്ല ശീലങ്ങള്‍ പുലര്‍ത്തിക്കൊണ്ടുപോകുവാന്‍ നമുക്ക് കഴിയും. പക്ഷേ ഒരു ദുഃശീലം മാറ്റുവാന്‍ നമുക്ക് കഴിയില്ല.’ ഓരോ ദുഃശീലങ്ങള്‍ക്ക് നാം അടിമകളാകുമ്പോഴും ഓരോ പൈശാചിക ബന്ധനങ്ങള്‍ക്ക് നാം അടിമകളാവുകയാണ്. അതില്‍നിന്നും മോചനം പ്രാപിക്കണമെങ്കിലും നിലനില്‍ക്കണമെങ്കിലും ദൈവകൃപ ഉണ്ടായേ പറ്റൂ. നവീകരണത്തിന്റെ ആദ്യപടിതന്നെ നമ്മുടെ ശരീരങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ശരീരത്തെ ദുഃശീലങ്ങള്‍മൂലവും മറ്റു ദുഷ്പ്രവൃത്തികള്‍മൂലവും മലിനമാക്കാന്‍ പാടില്ല എന്ന ബോധ്യമാണ്. ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?” (1 കോറിന്തോസ് 6/19).
കര്‍ത്താവേ, ഞങ്ങളുടെ ശരീരം ദൈവാത്മാവ് വസിക്കുന്ന ആലയമാണെന്ന ബോധ്യത്തോടെ വിശുദ്ധിയില്‍ പരിപാലിക്കുവാനും മറ്റുള്ളവരെ ആ കണ്ണുകള്‍കൊണ്ട് കാണുവാനും ഞങ്ങളെ സഹായിക്കണമേ.

ജോസ് ഫിലിപ്പ്‌