ഒരു യുവാവും യുവതിയും പ്രണയത്തിലാണെന്ന് കരുതുക. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എങ്കില്‍, ഈ കമിതാക്കള്‍ വിവാഹത്തിനുമുമ്പുതന്നെ പരസ്പരസമ്മതത്തോടെ ശരീരംകൊണ്ട് ഒന്നുചേരുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ തലമുറയില്‍ വളരെ പ്രസക്തമായ ഒരു ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
മറവില്ലാത്ത സ്‌നേഹമോ?
നമുക്കാദ്യം യു.എസില്‍നിന്നുള്ള മിഷേലിനെ പരിചയപ്പെടാം. വിവാഹത്തിന് മുന്നേ ഡേറ്റിംഗ് ആപ്പിലൂടെ അവള്‍ പല ആളുകളെ പരിചയപ്പെട്ടു. അവസാനം ഒരാളെ ഇഷ്ടമായി, ദൈവം തനിക്ക് വേണ്ടി നല്കിയ വ്യക്തിയാണെന്ന് വിശ്വസിച്ചു. രണ്ട് മാസം പോയതറിഞ്ഞില്ല. അവര്‍ ഏറെയങ്ങ് അടുത്തു. പതിയെ അവര്‍ ശരീരം കൈമാറാനും തുടങ്ങി. ‘പരസ്പരം സ്‌നേഹിക്കുന്ന രണ്ട് ഇണപ്രാവുകള്‍ ഒന്നും മറയ്ക്കാതെ സ്‌നേഹിക്കുന്നു,’ തന്റെ ന്യായീകരണത്തില്‍ പിശകൊന്നുമില്ലെന്ന് അവള്‍ വിശ്വസിച്ചു. ഒരു മാസം കൂടി പിന്നിട്ട ശേഷമാണ് മിഷേല്‍ ചില ഇരുണ്ട സത്യങ്ങള്‍ മനസിലാക്കിയത്. താന്‍ ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി ചില ദുശീലങ്ങള്‍ക്ക് അടിമയാണ്! ഇത്രയും നാള്‍ അവളില്‍നിന്നും അക്കാര്യം മറച്ചു വയ്ക്കാന്‍ പയ്യന് കഴിഞ്ഞു. ആദ്യം, സാരമില്ല… സ്‌നേഹത്തെപ്രതി അവ സഹിക്കാമെന്ന് അവള്‍ കരുതി. എന്നാല്‍, പതിയെപ്പതിയെ കുറച്ചധികം അപകടസൂചനകള്‍കൂടി മിഷേലിന് കിട്ടി, അവനുമായി ചേര്‍ന്ന് പോകാന്‍ പറ്റില്ലെന്ന് മനസിലാക്കി തരുന്നവ. പയ്യന്റെ മുഖത്ത് നോക്കി ‘നോ’ പറയണമെന്നും ഈ ബന്ധം നിര്‍ത്തണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ എന്തോ ഒരു തടസം…
ഒരുപക്ഷേ നിങ്ങള്‍ക്കറിയാമായിരിക്കും ലൈംഗിക ബന്ധവേളയില്‍ സാധാരണ ഉണ്ടാവുന്ന ജൈവികരാസപ്രവര്‍ത്തനങ്ങളെക്കുറിച്ച്. അതങ്ങനെയാണ്, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം ചില ഹോര്‍മോണുകള്‍ പുറപ്പെടുവിക്കും, ബന്ധപ്പെടുന്ന വ്യക്തിയുടെ സാമീപ്യവും സംസാരവും ഗന്ധവുമെല്ലാം ഇഷ്ടപ്പെടാന്‍ പാകത്തിനുള്ളവ. പരസ്പരം അടുപ്പം ഉണ്ടാകാനും വിവാഹജീവിതം ഫലപ്രദമായി കൊണ്ടുപോകാനും പ്രകൃതിയില്‍ത്തന്നെ ദൈവം സൃഷ്ടിച്ച സംവിധാനമാണ് അത്. എന്നാല്‍, വിവാഹത്തിന് മുമ്പേ ശാരീരികബന്ധം പുലര്‍ത്താന്‍ തുടങ്ങിയാല്‍ അതൊരു ബന്ധനമായി മാറും, മിഷേലിന്റെ ജീവിതത്തില്‍ സംഭവിച്ചത് പോലെ. ഒടുവില്‍ ക്യാംപസ് ധ്യാനവും കൗണ്‍സിലിംഗുമെല്ലാമാണ് മിഷേലിനെ വിടുതലിലേക്ക് നയിച്ചത്.
ആ ബന്ധത്തിന്റെ ബന്ധനത്തില്‍നിന്നും മുക്തയായതോടെ അവള്‍ ഒരു തീരുമാനമെടുത്തു- വിവാഹശേഷം തന്റെ ജീവിതപങ്കാളിക്ക് മാത്രമേ തന്നെത്തന്നെ ഒരു സമ്മാനമായി നല്‍കുകയുള്ളൂ എന്ന്. ഇന്ന് മിഷേല്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. സകുടുംബം അവള്‍ സന്തോഷത്തോടെ കഴിയുന്നു.
വിവാഹത്തിന് മുമ്പേയുള്ള ശാരീരിക ബന്ധം ബന്ധനമായി മാറുമെന്ന് മിഷേലിന്റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇവിടെ വിവാഹം കഴിക്കണമെന്ന് മിഷേലിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഉറപ്പില്ലായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പെട്ടാല്‍ നാളെ വേറൊരാളുടെ ജീവിതപങ്കാളിയാവാന്‍ പോകുന്ന വ്യക്തിയുമായാണ് ആ വ്യക്തി ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അതാകട്ടെ വേശ്യാവൃത്തിക്ക് തുല്യവുമാണ്.
വിവാഹനിശ്ചയം കഴിഞ്ഞാല്‍…
വേറൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാം. വിവാഹം കഴിക്കുമെന്ന് 100 ശതമാനം ഉറപ്പുള്ള സാഹചര്യം, വിവാഹനിശ്ചയവും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റുണ്ടോ? അതിരുകടന്ന ‘സേവ് ദ ഡേറ്റ്’ ഷൂട്ടിംഗുകളും ഈ ചോദ്യവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ടതാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, വിവാഹം മനുഷ്യന്‍ കണ്ടുപിടിച്ച ഒരു സാമൂഹ്യവ്യവസ്ഥയല്ല, അത് യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ സ്ഥാപിതമാണ്. വിവാഹമെന്ന വിശുദ്ധ കൂദാശയിലൂടെ ദമ്പതിമാര്‍ തമ്മില്‍ സ്ഥാപിക്കുന്ന സ്‌നേഹത്തിന്റെ ഉടമ്പടിയാണ്, ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന്റെ അടിസ്ഥാനം. വിവാഹത്തെ പുരുഷ-സ്ത്രീ ശാരീരികബന്ധത്തില്‍നിന്നും വേര്‍പെടുത്താനാവില്ലെന്ന് സാരം.
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച്, വിവാഹാശീര്‍വ്വാദം നല്‍കി അവരെ പറഞ്ഞയക്കുന്നത് ഒരു ശരീരമായിത്തീരാനും (ഉല്പത്തി 2/24) സന്താനപുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കാനുമാണ് (ഉല്പത്തി 1/28). വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ് 5/31,32 വചനങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ”പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇത് പറയുന്നത്.”
മാമ്മോദീസാ സ്വീകരിക്കാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതുപോലെയും പൗരോഹിത്യാഭിഷേകമില്ലാത്തവര്‍ ദിവ്യബലി അര്‍പ്പിക്കുന്നതുപോലെയുമാണ് വിവാഹമെന്ന കൂദാശ സ്വീകരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ജീവിതപങ്കാളിയോടുള്ള സ്‌നേഹം ഏറ്റുപറഞ്ഞ വിവാഹ ഉടമ്പടി മാംസം ധരിക്കേണ്ട വേളയാണ് ദാമ്പത്യബന്ധം. വിവാഹ ബന്ധമില്ലാതെയോ വിവാഹ ബന്ധത്തിന് പുറേത്താ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ലൈംഗിക ബന്ധത്തിന്റെ പ്രകൃതിക്കും യുക്തിക്കും എതിരാണ്. അതൊരു ‘വ്യാജപ്രവൃത്തി’യാണ്, ഒരു ‘നുണ!’ പച്ചയായി പറഞ്ഞാല്‍ വ്യഭിചാരമെന്ന പാപമാണ്, കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
ഫാ. ജോസഫ് അലക്‌സ്, യുഎസ്