എന്റെ അപ്പന്റെ പേര് ഔസോ എന്നാണ്, യൗസേപ്പിതാവിന്റെ പേരിന്റെ ഒരു വകഭേദം. അമ്മയുടെ പേരാകട്ടെ മേരി എന്നും. ഞങ്ങളുടെ നാട്ടില്‍ പരമ്പരാഗതമായി ഒരു രീതിയുണ്ട്, യൗസേപ്പിതാവിന്റെയും മറിയത്തിന്റെയും പേരുള്ള ദമ്പതികളെയും അവരുടെ ഒരു ആണ്‍കുട്ടിയെയും ചേര്‍ത്ത് തിരുക്കുടുംബമായി സങ്കല്പിച്ച് ഭവനങ്ങളില്‍ വിരുന്ന് നല്‍കും. ഏഴുമക്കളില്‍ അഞ്ചാമനായ എന്നെ ഉണ്ണീശോയുടെ സ്ഥാനത്ത് കണ്ട് ഞങ്ങളെ വിളിക്കുന്ന വീടുകളിലേക്ക് പോകുമായിരുന്നു.
തിരുക്കുടുംബവിരുന്നിനിടെ ആതിഥേയര്‍ പതിവായി എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ”ആരാകാനാണ് ആഗ്രഹം?”
ഞാന്‍ പറയും, ”എനിക്കൊരു അച്ചനാകണം!”
ആ കാലം അങ്ങനെ കടന്നുപോയി. പക്ഷേ വളര്‍ന്നുവരുംതോറും വൈദികനാകണമെന്ന എന്റെ ആഗ്രഹം കുറഞ്ഞുവന്നുകൊണ്ടിരുന്നു.
ഇതിനിടെ ഞാന്‍ ആദ്യതവണ പത്താം ക്ലാസില്‍ തോറ്റു, വീണ്ടും പരീക്ഷ എഴുതിയാണ് ജയിച്ചത്. തുടര്‍ന്ന് ഡിഗ്രിവരെ പഠിച്ചു. ഡിഗ്രി വിജയിച്ചെങ്കിലും പിന്നെ എന്ത് എന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ എന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിന്റെ ജോലിക്കാര്‍ക്കൊപ്പം ഇലക്ട്രീഷ്യനായി പോകാന്‍ തുടങ്ങി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുത്തെ ജോലി ഇല്ലാതെയായി.
‘കുതിര’സംഭവം
പിന്നീട് പെയിന്റിങ്ങ് തൊഴിലാളിയായ അപ്പന്റെകൂടെ ജോലിക്ക് പോകാന്‍ തുടങ്ങി. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അപ്പനും ജോലി ഇല്ലാതെയായി. തുടര്‍ന്ന് അപ്പന്റെ സുഹൃത്തിന്റെകൂടെ ഞാന്‍ അതേ ജോലിക്ക് പോകാന്‍ തുടങ്ങി. ഒരു ഇരുനിലവീടിന്റെ പെയിന്റിങ്ങ് ജോലി ലഭിച്ച സമയം. ഉയരം ലഭിക്കാന്‍വേണ്ടി കയറിനില്‍ക്കുന്ന ‘കുതിര’ എന്ന ഉപകരണം രണ്ടാം നിലയില്‍നിന്ന് താഴെ ഇറക്കാന്‍ ചെന്ന ഞാന്‍ നിര്‍ഭാഗ്യവശാല്‍ നിലതെറ്റി നേരെ താഴേക്ക്…!
ഒരു കിണറിന്റെ വക്കിലേക്കാണ് വീണത്. അപ്പോള്‍ത്തന്നെ എനിക്ക് ബോധക്ഷയം ഉണ്ടായി. ഉടനെ എല്ലാവരും ചേര്‍ന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കിണറിലേക്ക് വീഴാതിരുന്നതിനാല്മാത്രം ജീവന് നഷ്ടമാകാതെ രക്ഷപ്പെട്ടു. വാസ്തവത്തില്‍ അതിലൂടെയെല്ലാം ദൈവം എന്നോട് സംസാരിക്കുകയായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. വൈകാതെ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടില്‍ വന്നെങ്കിലും അതോടെ ആ ജോലിയും നഷ്ടമായി.
യൂദാശ്ലീഹായെ വിളിച്ചപ്പോള്‍…
ആ ദിവസങ്ങളിലാണ് പത്രത്തില്‍, അസാധ്യകാര്യങ്ങളുടെ പ്രത്യേകമധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന ശ്രദ്ധിക്കുന്നത്. ഞാന്‍ അത് ചൊല്ലാന്‍ തുടങ്ങി. ”മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ…”
എട്ടാം ദിവസം ഞാന്‍ വീടിന്റെ മുമ്പിലിരുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരനായ ജോസഫ് വന്ന് എന്നോടു പറഞ്ഞു, വികാരിയച്ചനായ ഫാ. മൈക്കിള്‍ തലക്കെട്ടില്‍ വിളിക്കുന്നുണ്ടെന്ന്. എനിക്ക് അച്ചനാകാന്‍ ആഗ്രഹമുണ്ടെന്ന് അറിയാമായിരുന്ന ജോസഫ് പറഞ്ഞ് അക്കാര്യം അറിഞ്ഞാണ് അദ്ദേഹം എന്നെ വിളിപ്പിച്ചത്. എനിക്ക് ദൈവവിളിയുണ്ടെന്ന് മുമ്പേ അറിയാമായിരുന്നു എന്ന് പറഞ്ഞ് എന്നെ പള്ളിമേടയിലേക്ക് സ്വാഗതം ചെയ്ത അച്ചന് എന്നെ പിറ്റേന്നുതന്നെ, അയിരൂരിലുള്ള കര്‍മലീത്താ ആശ്രമത്തിലേക്ക് അയച്ചു. ഇപ്പോള്‍ നിത്യതയിലായിരിക്കുന്ന അച്ചനെ നന്ദിയോടെ ഓര്‍ക്കുന്നു.
ആ സമയത്ത് അന്നത്തെ സഭാമേധാവിയായ ഫാ. ആന്‍ഡ്രൂസ് ആശുപത്രിയില്‍ ആയിരുന്നു. പിറ്റേ ദിവസം ജര്‍മനിക്ക് പോകാനൊരുങ്ങുന്ന ഫാ. ജയരാജിനെയാണ് ഞാന്‍ കണ്ടത്. അദ്ദേഹം പറഞ്ഞതുപ്രകാരം സഭാധികാരിക്ക് ഒരു കത്ത് എഴുതിക്കൊടുത്തിട്ട് ഞാന്‍ മടങ്ങി. തിരികെയെത്തി അക്കാര്യം ഫാ. മൈക്കിളിനെ അറിയിച്ചപ്പോള്‍ അദ്ദേഹം എന്നെ പിറ്റേദിവസവും അങ്ങോട്ട് അയച്ചു. വീണ്ടും ചെന്നപ്പോള്‍ അവിടെയുള്ളവര്‍ എന്നെ ഒരു വാനില്‍ കയറ്റി സഭാധികാരിയായ ഫാ. ആന്‍ഡ്രൂസ് കിടക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി.
‘എന്തിനാ വൈകിക്കുന്നേ?’
ആന്‍ഡ്രൂസച്ചന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു, ”മോന് ഇനി എന്തിനാ വൈകിക്കുന്നേ? അടുത്ത ആഴ്ച ഒരു വണ്ടി കൊട്ടാരക്കര പോകുന്നുണ്ട്!”
അദ്ദേഹം പറഞ്ഞത് മറ്റൊന്നുമല്ല, കൊട്ടാരക്കരയിലെ പെരുങ്കുളത്തുള്ള കര്‍മലീത്താസഭയുടെ ഭവനത്തില്‍ സന്യാസാര്‍ത്ഥിയായി ചേര്‍ന്നുകൊള്ളുക!
പിറ്റേ ആഴ്ചതന്നെ അപ്പനും ചേട്ടനും ചേര്‍ന്ന് എന്നെ കൊട്ടാരക്കരയില്‍ കൊണ്ടുവിട്ടു. അങ്ങനെ വൈദികപരിശീലനം ആരംഭിച്ചു. ”മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിനുമുമ്പ് ഞാന്‍ നിന്നെ അറിഞ്ഞു. ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു” (ജറെമിയ 1/5) എന്ന വചനം എന്റെ ദൈവവിളിയിലും എത്രയോ സത്യം! വൈദികാര്‍ത്ഥിയായി ചേര്‍ന്ന് പതിനൊന്നാം വര്‍ഷം, 2002 ഡിസംബര്‍ 14-ന്, വൈദികപട്ടം സ്വീകരിച്ചു. വിശുദ്ധ കുരിശിന്റെ യോഹന്നാന്റെ തിരുനാള്‍ദിവസമായ അന്ന് തിരുവനന്തപുരം വിഴിഞ്ഞത്തുവച്ചായിരുന്നു പന്ത്രണ്ട് പേരില്‍ ഒരാളായി എന്റെ വൈദികാഭിഷേകം.
വൈദികപഠനം വേറെ ലെവല്‍
പഠനകാലത്ത് വളരെയധികം ക്ലേശങ്ങളിലൂടെ കടന്നുപോയെങ്കിലും, ജ്ഞാനം നല്കി കര്‍ത്താവ് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. പത്താം ക്ലാസില്‍ ആദ്യതവണ തോറ്റ്, പിന്നീട് വളരെ കഷ്ടിച്ച് ഡിഗ്രിവരെ എത്തിയ ഞാന്‍ വൈദികാര്ത്ഥിയായതുമുതല് പഠനത്തില്‍ ഉയരാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ എന്നെ ഒന്നാം സ്ഥാനത്തേക്ക് ദൈവം ഉയര്‍ത്തി. പിന്നീട് മലയാളത്തില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തു. അതിനും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചു. എല്ലാ മേഖലകളിലും കര്‍ത്താവ് എന്നെ ഉയര്‍ത്തിക്കൊണ്ടുവരുന്ന അനുഭവമായിരുന്നു.
പട്ടത്തിന്റെ സമയത്ത് വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായിരുന്നെങ്കിലും പട്ടത്തിന്റെ ചടങ്ങുകളെല്ലാം മനോഹരമായി നടത്താന്‍ കര്‍ത്താവ് സഭാധികാരികളിലൂടെ വഴിയൊരുക്കി. വൈദികപട്ടം കഴിഞ്ഞിട്ടും എല്ലാ മേഖലകളിലും കര്‍ത്താവ് വിജയംതന്നെ എപ്പോഴും നല്കിക്കൊണ്ടിരുന്നു. അതോടൊപ്പം സഹനങ്ങളും…
അച്ചന് മരിച്ചുപോയിരുന്നെങ്കില്‍!
2007-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ ഉദയംകുളങ്ങര-അമരവിള പള്ളിയിലായിരുന്നു സേവനം ചെയ്തിരുന്നത്. മാര്‍ച്ച് അഞ്ചിന് കൊറ്റാമം എന്ന സബ്സ്റ്റേഷനില്‍ ബലിയര്‍പ്പിച്ച് മടങ്ങുമ്പോള്‍ ബൈക്ക് യാത്രികനായ ഞാന്‍ റോഡ് കുറുകെക്കടക്കാന്‍ ശ്രമിക്കവേ ഒരു അപകടം ഉണ്ടായി.
അപകടം നടന്നതിന് ദൃക്സാക്ഷിയായ ഒരു സിസ്റ്റര്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. അന്ന് അപകടസ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുകയായിരുന്നുവത്രേ. സിസ്റ്ററുള്പ്പെടെയുള്ളവര് ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ചിന്തിക്കുന്നത്ര ഭീകരമായിരുന്നു അവസ്ഥ. എന്നാല്‍ റോഡ് മുഴുവന്‍ ബ്ലോക്ക് ആയപ്പോള്‍ ഏതോ ഒരു വാഹനത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ എന്റെ രക്തം പ്രവഹിക്കുന്ന കാലിന്റെ മുറിഞ്ഞ ഭാഗത്തിനുമുകളില്‍ എന്റെതന്നെ പാന്റ്സ് വലിച്ചുകീറി കെട്ടിവച്ചു. ഞാനപ്പോഴും വൈദികവസ്ത്രത്തില്ത്തന്നെയായിരുന്നു. അങ്ങനെയാണ് അമിതരക്തസ്രാവംമൂലമുള്ള മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ഇപ്രകാരം വിവിധരീതികളില്‍ കര്‍ത്താവിന്റെ കരുതല്‍ പ്രകടമായിരുന്നു. അതിവേഗം എന്റെ ചികിത്സകള്‍ നടത്തുന്നതിനായി വലിയ തുകതന്നെ സന്യാസസഭാധികാരികള്‍ നല്കി. ആദ്യം പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍നിന്ന് കൂടുതല്‍ ചികിത്സകള്‍ക്കായി വേറെ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഒടുവില്‍ എന്റെ വലതുകാലിന്റെ മുട്ടിനുതാഴെവച്ച് മുറിച്ചുകളയേണ്ടിവന്നു. പിന്നീട് കൃത്രിമക്കാല്‍ വയ്ക്കുകയാണ് ചെയ്തത്.
കാല് പോയാലെന്ത്?
കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ ഇറ്റലിയില്‍ സേവനത്തിനായി അയക്കപ്പെട്ടു. അവിടെ ഇടവകവികാരിയും അസിസ്റ്റന്റ് വികാരിയും എല്ലാം ആയി സേവനം ചെയ്തു. അതിനിടെയും സഹനങ്ങള്‍ പിന്തുടര്ന്നു. എന്റെ ദൈവവിളിപോലും നഷ്ടപ്പെടുമോ എന്ന് തോന്നുന്ന ചില തെറ്റിദ്ധാരണകള്‍ നേരിടേണ്ടിവന്നു. ഇറ്റാലിയന്‍ ഭാഷമാത്രം സംസാരിക്കുന്ന അവിടത്തെ എന്റെ സഭാധികാരികളോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുമനസിലാക്കാനും സാധിച്ചിരുന്നില്ല. ഒടുവില്‍ അവര്‍ എന്നെ പുറത്താക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് സമീപിച്ചു. ആ സമയത്ത് ഞാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പിന്നെ നടന്നത് അത്ഭുതമാണ്, ഇറ്റാലിയന്‍ ഭാഷയില്‍ പ്രാവീണ്യമില്ലാത്ത ഞാന്‍ പറഞ്ഞത് അവര്‍ക്ക് വ്യക്തമായി മനസിലായി. തുടര്‍ന്ന് അവര്‍ എനിക്ക് അനുകൂലമായി തീരുമാനമെടുക്കുന്നവിധത്തില് സാഹചര്യങ്ങള്‍ മാറുകയും ചെയ്തു. അങ്ങനെ ആ പ്രതിസന്ധി തരണം ചെയ്തു.
വീണ്ടും കേരളത്തിലേക്ക് മടങ്ങിവന്നപ്പോഴും എല്ലാ പ്രതികൂലങ്ങളിലും ദൈവികപരിപാലന ദൃശ്യമായിരുന്നു. സന്യാസസഭ എന്റെ ഉപയോഗത്തിനായി പ്രത്യേകം വാഹനം അനുവദിച്ചു. വീണ്ടും ഉന്നതപഠനത്തിന് അവസരം ഒരുക്കിത്തന്നു. അതോടൊപ്പം, പരിശുദ്ധാത്മ വരദാനങ്ങളില്‍ പരിശീലനം നേടി കൗണ്‍സിലിംഗ് നടത്തണമെന്ന ആഗ്രഹം മനസില്‍ ഉണര്‍ന്നിരുന്നു. അതിനായി എവിടെയാണ് പോകേണ്ടത് എന്ന ചിന്തയുമായി വ്യക്തിപരമായ ധ്യാനത്തിനായി ചാലക്കുടി പരിയാരം സിഎസ്ആര്‍ ആശ്രമത്തിലായിരുന്ന സമയം. അപ്രതീക്ഷിതമായി അവിടെ എത്തിയ നീലവസ്ത്രധാരിണിയായ ഒരു സിസ്റ്റര്‍ കുളത്തുവയല്‍ എന്‍.ആര്.സിയെക്കുറിച്ച് പറഞ്ഞുതന്നു. എന്റെ ആ നിയോഗത്തിന് പരിശുദ്ധ മാതാവ് നേരിട്ട് വന്ന് ഉത്തരം തന്നതുപോലുള്ള അനുഭവമായിരുന്നു അത്. തുടര്‍ന്ന് കുളത്തുവയലിലെത്തി പ്രാര്‍ത്ഥിക്കാനും വരദാനങ്ങളില്‍ പരിശീലനം നേടാനും സാധിച്ചു. കൗണ്‍സിലിംഗിലൂടെ അനേകര്‍ക്ക് സാന്ത്വനമാകാന്‍ ഈ പരിശീലനം ഏറെ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ഒരു സാധാരണ വൈദികന്മാത്രമായിരുന്ന ഞാന്‍ കൂടുതല്‍ പവിത്രീകരിക്കപ്പെടാനും ഈശോയിലേയ്ക്കടുക്കാനും സഹനങ്ങള്‍ നിമിത്തമായി. ”ദുരിതങ്ങള്‍ എനിക്കുപകാരമായി. തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71). നല്ല ദൈവത്തിന് ഒരായിരം നന്ദി…
വരാപ്പുഴ അതിരൂപതയിലെ മാള-പള്ളിപ്പുറം സ്വദേശിയാണ് ഫാ. തോമസ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്നു.
ഫാ. തോമസ് കൊടിയന്‍ O.Carm