മാനസാന്തരപ്പെട്ട യുവാവിന്റെ മുന്നറിയിപ്പ് – Shalom Times Shalom Times |
Welcome to Shalom Times

മാനസാന്തരപ്പെട്ട യുവാവിന്റെ മുന്നറിയിപ്പ്

അടുത്തയിടെ ഒരു സാക്ഷ്യം കേട്ടു, അന്യമതത്തില്‍നിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു വ്യക്തിയുടെ സാക്ഷ്യം. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. മതത്തിലോ ദൈവത്തിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. ഒരു ചെറിയ നക്‌സലൈറ്റ് പ്രവര്‍ത്തകന്‍.പക്ഷേ കോളേജിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ ചില സുഹൃത്തുക്കള്‍ നിരന്തരം ഈ യുവാവിന്റെ മാനസാന്തരത്തിന് വേണ്ടി സഹനങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു.

അവര്‍ ഒരു ബൈബിളൊക്കെ സമ്മാനമായി കൊടുത്തെങ്കിലും, അത് വെറുതെ ഒരു മൂലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു.
ഒരു വര്‍ഷമെടുത്തു, അവരുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണാന്‍. ചില പ്രശ്‌നമുഹൂര്‍ത്തങ്ങള്‍ വന്നപ്പോള്‍, അദ്ദേഹത്തിന്റെ കണ്ണുകള്‍ മുറിയില്‍ ഒരു മൂലയില്‍ കിടന്ന ബൈബിളില്‍ ഉടക്കുകയും അതെടുത്ത് തുറന്ന് വായിക്കുകയും ചെയ്തു.

പുസ്തകം വായിക്കുന്ന അനുഭവം ആയിരുന്നില്ലത്, മറിച്ച് സ്‌നേഹിക്കുന്ന ഒരു വ്യക്തി തന്നോട് സംസാരിക്കുന്ന അനുഭവമായിരുന്നു. തന്റെ പ്രയാസങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കിറുകൃത്യം ഉത്തരം, ഒരാളിങ്ങനെ പറഞ്ഞ് തരുന്ന അനുഭവം!
അങ്ങനെയാണ് വിശ്വാസത്തിലേക്ക് വന്നത്. പിന്നീട് ആറുവര്‍ഷത്തിന് ശേഷം മാമ്മോദീസാ സ്വീകരിച്ചു. വീട്ടില്‍നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നതുകൊണ്ടാണ് വൈകിയത്.

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല, അദ്ദേഹം പങ്കുവച്ച ഒരു സങ്കടമാണ്- ഏത് സുഹൃത്തുക്കള്‍ മൂലമാണോ താന്‍ വിശ്വാസത്തിലേക്ക് വന്നത്, അവരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണത്രേ. ലൗകികമായ സുഖസൗകര്യങ്ങളും കൊച്ചുകൊച്ച് ആര്‍ഭാടങ്ങളും യുക്തിയില്ലാത്ത യുക്തിവാദവും അവരുടെ ഹൃദയങ്ങളെ, പ്രാര്‍ത്ഥനയില്‍നിന്നും ദൈവത്തില്‍നിന്നും അകറ്റി. പാവങ്ങള്‍!! ഇതുപോലത്തെ വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനാണ് സുവിശേഷത്തില്‍ ഈശോ ശിഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. വിജയകരമായി തങ്ങളുടെ സുവിശേഷദൗത്യം കഴിഞ്ഞ് വന്ന ശ്ലീഹന്മാരോട് ഈശോ പറയുകയാണ്, സന്തോഷിക്കാനുള്ള കാരണം മാറി പോകരുതെന്ന്. ”പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു, എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച് നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10/20).

ആത്യന്തികലക്ഷ്യം മാറിപ്പോവുകയോ മറന്നു പോവുകയോ ചെയ്യരുതെന്ന് സാരം. ഇന്ന് എന്നിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചേക്കാം. പക്ഷേ അതുകൊണ്ടുമാത്രം കാര്യമില്ല. മരണംവരെ വിശ്വസ്തതരായിരിക്കണം. വളരുംതോറും, ബുദ്ധിമാന്മാരായി നിനച്ച് മണ്ടന്മാരായി പോവാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നവരാവാം.

ഫാ. ജോസഫ് അലക്‌സ്