ഐ.ടി രംഗത്തുള്ള ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പോവുക പതിവാണ്. അങ്ങനെയൊരു സന്ദര്‍ശനത്തിനായി കുറച്ചു നാളുകള്‍ക്കുമുമ്പ് എറണാകുളത്തിനുസമീപം നോര്‍ത്ത് പറവൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ചെന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സി.എം.സിയെയാണ് കാണേണ്ടിയിരുന്നത്. ഔദ്യോഗികമായി, ഐ.ടി ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സംസാരം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും താത്പര്യമുള്ള ആത്മീയവിഷയങ്ങളിലേക്ക് നീങ്ങി.
ഒരു മിഷനറിയായി മിഷന്‍പ്രദേശങ്ങളില്‍ ത്യാഗപൂര്‍വം ജീവിച്ചതിന്റെ വിശേഷങ്ങളാണ് ആദ്യം സിസ്റ്റര്‍ പങ്കുവച്ചത്. മിഷന്‍ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ സിസ്റ്ററിന് ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍സ്ഥാനം അധികാരികള്‍ നല്കി. ദൈവഹിതപ്രകാരം പുതിയ നിയോഗം ഏറ്റെടുത്ത് സേവനം തുടങ്ങിയ സമയത്താണ് കോവിഡ് കടന്നുവരുന്നത്. സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം. അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍. ഓണ്‍ലൈന്‍ അധ്യാപനം മാത്രം നടന്നു. പക്ഷേ അധ്യാപകര്‍ക്ക് മുഴുവന്‍ ശമ്പളവും നല്കണമെന്ന് സിസ്റ്ററിന് നിര്‍ബന്ധമായിരുന്നു. അവരുടെ വീടുകളില്‍ പട്ടിണിയുണ്ടാകരുതെന്നും കാര്യങ്ങള്‍ക്ക് മുടക്കമുണ്ടാകരുതെന്നും കരുതി. പല സ്ഥാപനങ്ങളിലും ശമ്പളം വെട്ടിക്കുറയ്ക്കുകയും ഇല്ലാതെവരികയുമൊക്കെ ചെയ്ത സമയമായിരുന്നല്ലോ അത്. പക്ഷേ ഇവിടെ സ്റ്റാഫിന് മുഴുവന്‍ ശമ്പളവും നല്കാന്‍ തീരുമാനമെടുത്തപ്പോള്‍ അതിനുള്ള വഴികളും കര്‍ത്താവ് തുറന്നുകൊടുത്തുവെന്നായിരുന്നു സിസ്റ്ററിന്റെ സാക്ഷ്യം.
അറ്റുപോയ വിരലും ഉണ്ണീശോയും
ഇതെല്ലാം പങ്കുവച്ചുകഴിഞ്ഞ് സിസ്റ്റര്‍ മറ്റൊരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ഒരിക്കല്‍ സ്‌കൂളില്‍ എല്‍.കെ.ജി- യു.കെ.ജി വിദ്യാര്‍ത്ഥികളുടെ ഒരു പരിപാടി നടക്കുന്ന സമയം. പരിപാടിക്കിടെ ഒരു അപകടം നടന്നു. ഒരു കുഞ്ഞിന്റെ കൈവിരല്‍ പകുതിയോളം അറ്റുപോയി. എല്ലാവരും പരിഭ്രാന്തിയിലായ നിമിഷങ്ങള്‍… അധ്യാപകര്‍ വേഗം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. താമസിയാതെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ വന്നു. സാവധാനം, അപകടത്തെക്കുറിച്ച് അറിഞ്ഞ്, പുറത്തുനിന്നുള്ള ആളുകളും വരാന്‍ തുടങ്ങി. ആ അപകടം വര്‍ഗീയ പ്രശ്‌നമായി മാറുമോ എന്നുപോലും തോന്നുന്ന സാഹചര്യം, വലിയൊരു പ്രതിസന്ധി! അതിനിടെ ചില ആളുകള്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. സിസ്റ്റര്‍ സത്യാവസ്ഥ വിശദമാക്കാനും അവരെ അനുനയിപ്പിക്കാനും ശ്രമിച്ചെങ്കിലും അവര്‍ ശാന്തരായില്ല.
ഈ പ്രശ്‌നങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കേയാണ് ആശുപത്രിയില്‍നിന്ന് ഡോക്‌ടേഴ്‌സ് പറഞ്ഞ വിവരം അറിയുന്നത്, ‘കുഞ്ഞിന്റെ അറ്റുപോയ പകുതിവിരല്‍ നിശ്ചിതസമയത്തിനുള്ളില്‍ കിട്ടിയാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പഴയതുപോലെ ആക്കാം.”
പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, കുഞ്ഞിന്റെ വിരല്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. അപകടം നടന്ന സ്ഥലത്തെല്ലാം അന്വേഷിച്ചിട്ടും വിരല്‍ കിട്ടുന്നില്ല. വലിയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അവസാനം സിസ്റ്റര്‍ സ്വന്തം മുറിയില്‍ വന്നിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല. മേശപ്പുറത്ത് ഉണ്ണീശോയുടെ ഒരു രൂപം ഇരിക്കുന്നുണ്ട്. സ്‌കൂള്‍തന്നെയും ഉണ്ണീശോയുടെ പേരിലുള്ളതാണല്ലോ- ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂള്‍. അതിനാല്‍ സിസ്റ്റര്‍ പറഞ്ഞു: ”ഉണ്ണീശോയേ, നിന്റെയാണ് സ്‌കൂള്‍, നീതന്നെ നോക്കിക്കോണം. അതുപോലെ ഈ കുഞ്ഞും നിന്റെയാണ്. എന്താന്നുവച്ചാല്‍ നീ ചെയ്‌തോണം.”
അതുപറഞ്ഞുകഴിഞ്ഞപ്പോള്‍ പെട്ടെന്ന് സിസ്റ്ററിന് ഇങ്ങനെ തോന്നുകയാണ്. അപകടം നടന്ന സ്ഥലത്ത് ഒന്നുകൂടി ചെല്ലണം. സിസ്റ്റര്‍ അവിടെച്ചെന്ന് ഒരു മൂലയിലേക്ക് നോക്കിയപ്പോള്‍, ഉണ്ണീശോ എന്തോ ചൂണ്ടിക്കാണിക്കുന്നതുപോലെ സിസ്റ്ററിന് തോന്നി. നോക്കിയപ്പോള്‍ അവിടെയൊരു പേപ്പര്‍. അത് മാറ്റിയപ്പോഴുണ്ട് അതിനടിയില്‍ ആ കുഞ്ഞിന്റെ അറ്റുപോയ വിരല്‍!! ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ഈ വിരലിന്റെ ഭാഗം ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ഇനിയും സമയമുണ്ട്! അതോര്‍ത്തപ്പോള്‍ സിസ്റ്ററിന്റെ ഹൃദയം നന്ദിയും സന്തോഷവുംകൊണ്ട് നിറഞ്ഞു. അതിവേഗം ആ വിരലിന്റെ ഭാഗം അതേ പേപ്പറില്‍ത്തന്നെ പൊതിഞ്ഞെടുത്ത് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വിരല്‍ പഴയതുപോലെ ആക്കുകയും സൗഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നുവരികയും ചെയ്തു.
ഉണ്ണീശോയുടെ സ്‌കൂളല്ലേ..!
ഉണ്ണീശോ ഇടപെട്ട മറ്റൊരു സംഭവവും സിസ്റ്റര്‍ പങ്കുവച്ചു. ഒരിക്കല്‍ സ്‌കൂള്‍ വിടുന്ന സമയത്ത് ഒരു കുഞ്ഞിനെ കാണാതെ പോയി. സങ്കടകരമാണെന്നുമാത്രമല്ല, സ്‌കൂളിന്റെ സല്‍പ്പേര് നഷ്ടപ്പെടാനും കാരണമായേക്കാവുന്ന സാഹചര്യം. അപ്പോഴും ഉണ്ണീശോയോട് സിസ്റ്റര്‍ പറഞ്ഞു, ”നിന്റെ സ്‌കൂളല്ലേ. എവിടെനിന്നായാലും കുഞ്ഞിനെ കണ്ടുപിടിച്ചു തന്നേക്കണം.”
സ്‌കൂള്‍ ബസുകളെല്ലാം പോയി തിരികെ വരുന്നുണ്ട്. എല്ലാ ബസിലും നോക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണുന്നില്ല. ഒടുവില്‍ ഏറ്റവും അവസാനം ട്രിപ്പ് കഴിഞ്ഞ് തിരിച്ചുവന്ന ബസ് രണ്ടാം തവണയും പരിശോധിക്കുകയാണ്. അതാ പിന്‍സീറ്റിന്റെ മറവില്‍ ആ കുഞ്ഞ് ഒളിഞ്ഞിരിക്കുന്നു! അറിയാതെ കുഞ്ഞ് ഈ ബസില്‍ കയറിപ്പോയതാണ്. പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു. ഡ്രൈവര്‍ ആദ്യം നോക്കിയിട്ടൊന്നും കാണാതിരുന്നത് അതുകൊണ്ടാണ്. പ്രാര്‍ത്ഥനയോടെ രണ്ടാം തവണ നോക്കാന്‍ തോന്നിയത് വലിയൊരു അനുഗ്രഹമായി, കുഞ്ഞിനെ കണ്ടുകിട്ടി.
തുടര്‍ന്ന് സിസ്റ്റര്‍ പറയുകയാണ്, ”ഉണ്ണീശോയുടെ കരങ്ങളില്‍ കൊടുത്ത ഒരു കാര്യവും ഉണ്ണീശോ ഈ സ്‌കൂളിന് നടത്തിത്തരാതിരുന്നിട്ടില്ല.”
ആ സമയത്ത് എന്റെ മനസിലേക്ക് കടന്നുവന്നത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞ ഒരു വാക്യമാണ്, ”ഓരോ ക്രൈസ്തവ സ്ഥാപനങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ളതാണ്.”
എത്രയോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുവേണ്ടിയും മറ്റ് ജോലിക്കാര്‍ക്കു വേണ്ടിയും പ്രസ്തുത സ്ഥാപനത്തിന്റെ നാമഹേതുകവിശുദ്ധരുടെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. ക്രൈസ്തവസ്ഥാപനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കാനും അതുവഴി അനേകര്‍ക്ക് അനുഗ്രഹം പകരാനുമുള്ളതാണെന്ന് മറക്കാതിരിക്കാം. ദൈവമഹത്വത്തിനായി ആ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ത്താവുതന്നെ ആ സ്ഥാപനത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തുകൊള്ളും. സിസ്റ്റര്‍ സ്മിത പങ്കുവച്ച അനുഭവങ്ങള്‍ അതാണല്ലോ വ്യക്തമാക്കുന്നത്.
വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കാം, ”കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണമായി പ്രഖ്യാപിക്കുവാന്‍ വേണ്ട ശക്തി അവിടുന്ന് എനിക്ക് നല്‍കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മയില്‍നിന്നും എന്നെ മോചിപ്പിച്ച് തന്റെ സ്വര്‍ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേ ക്കും അവിടുത്തേക്ക് മഹത്വം! ആമ്മേന്‍” (2 തിമോത്തിയോസ് 4/17-18)
ജോര്‍ജ് ജോസഫ്