സൗന്ദര്യക്കൂട്ട് വെളിപ്പെടുത്തി ‘ഗോസ്പാ!’ – Shalom Times Shalom Times |
Welcome to Shalom Times

സൗന്ദര്യക്കൂട്ട് വെളിപ്പെടുത്തി ‘ഗോസ്പാ!’

മെജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രവും ടെലിവിഷനും റേഡിയോയും മുഖേന യുഗോസ്ലാവിയ ഒട്ടാകെ പടര്‍ന്നു. ദര്‍ശനങ്ങളുടെ സ്വാധീനം അങ്ങ് ദൂരെ ബെല്‍ഗ്രേഡ്, യൂഗോസ്ലാവിയയുടെ തലസ്ഥാനം വരെ മാറ്റൊലിയുണ്ടാക്കി. കമ്മ്യൂണിസ്റ്റുകാര്‍- അവരുടെ സമ്മര്‍ദത്തിന് തലകുനിക്കുവാന്‍ ഞങ്ങള്‍ കാണിച്ച വൈമുഖ്യവും അവരുടെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭീതിയും നിമിത്തം ക്രോധംപൂണ്ട് എത്രയും വേഗം ഇവയെല്ലാം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു.

ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളം ഗ്രാമത്തിലേക്ക് ഇരച്ചുകയറി. തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ യത്നിക്കുമ്പോള്‍ അവര്‍ക്കു മീതെ ഹെലികോപ്റ്ററുകള്‍ ഇരമ്പി നീങ്ങി. ഭീമാകാരമായ ഒരു കടന്നല്‍ക്കൂട് ഇളക്കിയ പ്രതീതിയായിരുന്നു മെജുഗോറിയയില്‍. ഇപ്പോള്‍ ദര്‍ശകരുടെ വിസ്താരങ്ങള്‍ നടത്തിപ്പോന്നത് പ്രാദേശിക പോലീസായിരുന്നില്ല, മറിച്ച് കേന്ദ്ര പോലീസായിരുന്നു. വിസ്താരങ്ങള്‍ കൂടുതല്‍ തീവ്രവും ദൈര്‍ഘ്യമേറിയതും ആയി.
ഞങ്ങള്‍ മുതിര്‍ന്നവരായിരുന്നെങ്കില്‍, കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങളെ നിഗൂഢമായ ഏതെങ്കിലും ഇരുണ്ട തടവറയില്‍ ഒതുക്കിയിരുന്നേനേ…

അല്ലെങ്കില്‍ എന്റെ മുത്തശ്ശന്‍ അന്തര്‍ദ്ധാനം ചെയ്തതു പോലെ ഞങ്ങളെയും കാണാതെ ആയേനേ… അതുകൊണ്ടുതന്നെ, എത്രമാത്രം ക്രൂരര്‍ ആയിരുന്നെങ്കില്‍ പോലും, കുട്ടികളെ തടവിലാക്കിയാല്‍ പൊതുജനരോഷം നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരു നിലയ്ക്ക്, ഞങ്ങളുടെ യൗവനം ഞങ്ങള്‍ക്ക് സുരക്ഷ നല്‍കി. എന്നാലും, ഞങ്ങളെ ഭയപ്പെടുത്തുന്നതില്‍നിന്ന് അവരെ തടയുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഭീതിജനകമായ അനുഭവങ്ങള്‍ക്കിടയിലും, ആവേശത്തിനും കാരണങ്ങളുണ്ടായിരുന്നു. എല്ലാ പ്രഭാതവും ഒരു പുതിയ സാഹസത്തിന്റെയോ ആശ്ചര്യത്തിന്റെയോ വാഗ്ദാനവുമായാണ് വന്നത്.

ചിലപ്പോള്‍, ഒരേ വൈകുന്നേരം തന്നെ ഞങ്ങള്‍ പലവട്ടം നാഥയെ ദര്‍ശിക്കാനിടയായി. പോലീസുകാര്‍ നിരന്തരം ഞങ്ങളെ പിന്തുടരുകയും ഞങ്ങളുടെ ക്രമം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് അവരില്‍നിന്ന് രക്ഷപ്പെടുവാന്‍ ഞങ്ങള്‍ നിരന്തരം സമാഗമസ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഞങ്ങളിലൊരാളുടെ വീടിനു പുറകിലെ കാട്ടില്‍, കാടു കയറിയ ഒരു വയലിന്റെ നടുവില്‍, ഒരു തണല്‍മരത്തോട്ടത്തില്‍- എന്തുകൊണ്ടോ പ്രകൃതിയുടെ ഏകാന്തതയില്‍ നാഥയുടെ ദര്‍ശനങ്ങള്‍ അനുഭവിക്കുന്നത് സമുചിതമായി തോന്നി.

വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു സന്ദേശത്തില്‍ നാഥ പറയുകയുണ്ടായി, ”ഇന്ന് ഞാന്‍ നിങ്ങളെ പ്രകൃതിയെ നിരീക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടെ നിങ്ങള്‍ ദൈവത്തെ കണ്ടുമുട്ടും.” വേറെ ഒരു സന്ദേശത്തില്‍, ”പ്രകൃതിയുടെ വര്‍ണ്ണങ്ങളില്‍ സ്രഷ്ടാവായ ദൈവത്തിന് മഹത്വം നല്‍കുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ഏറ്റവും ചെറിയ ഒരു പുഷ്പത്തില്‍ക്കൂടിപ്പോലും ദൈവം തന്റെ സൗന്ദര്യത്തെപ്പറ്റിയും തന്റെ സ്‌നേഹത്തിന്റെ ആഴത്തെപ്പറ്റിയും നമ്മളോട് സംസാരിക്കുന്നു.”

1981 ഓഗസ്റ്റ് 2ന്, നാഥ സാധാരണ സമയത്ത് പ്രത്യക്ഷപ്പെട്ടിട്ട് ആ വൈകുന്നേരം വീണ്ടും നാഥയെ കാത്തിരിക്കുവാന്‍ ആവശ്യപ്പെട്ടു. ആദ്യകാലത്തുള്ള പല ദര്‍ശനങ്ങളുടെയും, ഇതിന്റെയും, ഓര്‍മ്മകള്‍ എനിക്ക് വ്യക്തമല്ല. എന്നാല്‍ നാഥ ഇങ്ങനെ പറഞ്ഞുവെന്ന് മരിയ രേഖപ്പെടുത്തി, ”നിങ്ങള്‍ എല്ലാവരും ഒരുമിച്ച് ഗുമ്‌നോയിലെ പുല്‍ത്തകിടിയില്‍ പോകൂ. ഒരു ഭയാനകമായ യുദ്ധം വിവൃതമാക്കപ്പെടുവാന്‍ പോവുകയാണ്- എന്റെ മകനും സാത്താനും തമ്മിലുള്ള യുദ്ധം. മനുഷ്യാത്മാക്കള്‍ സന്ദിഗ്ധ സ്ഥിതിയിലാണ്.”

അന്നുതന്നെ വൈകിട്ട്, ഞങ്ങള്‍ എന്റെ അങ്കിളിന്റെ വീടിന് സമീപം ഗുമ്‌നോ എന്നറിയപ്പെടുന്ന പ്രദേശത്തേക്കു പുറപ്പെട്ടു. ഞങ്ങളുടെ ഭാഷയില്‍ ഗുമ്‌നോ എന്നാല്‍ മെതിക്കളം എന്നാണ്്. ഏകദേശം നാല്‍പ്പത് ആളുകള്‍ ഞങ്ങളോടൊപ്പം ഗുമ്‌നോയില്‍ സമ്മേളിച്ചു. അവിടുത്തെ ചുമന്ന മണ്ണില്‍ മുട്ടുകുത്തി നിന്നപ്പോള്‍ ചീവീടുകള്‍ ചിലയ്ക്കുന്നതും കൊതുകുകള്‍ മുഖത്തിനു ചുറ്റും മൂളിക്കൊണ്ട് പാറി നടക്കുന്നതും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നു. പെട്ടെന്ന് നാഥ പ്രത്യക്ഷപ്പെട്ടു.

ആളുകളില്‍ ചിലര്‍ അവര്‍ക്കു നാഥയെ സ്പര്‍ശിക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ അവരുടെ ആവശ്യം അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെ ആണോ സ്പര്‍ശിക്കേണ്ടത് അവര്‍ക്കു തന്നെ സമീപിക്കാമെന്ന് നാഥ പറഞ്ഞു.
ഒന്നൊന്നായി, ഞങ്ങള്‍ ആളുകളുടെ കൈയില്‍ പിടിച്ച് അവരെ നാഥയുടെ വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നതിനായി വഴികാട്ടി. ഞങ്ങള്‍ക്ക് അത് വിചിത്രമായ ഒരനുഭവമായിരുന്നു- ഞങ്ങള്‍ക്ക് മാത്രമേ നാഥയെ കാണുവാന്‍ സാധിക്കുന്നുള്ളൂ എന്നത് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമായിരുന്നു. ഞങ്ങളുടെ വീക്ഷണത്തില്‍, നാഥയെ തൊടുവാനായി ആളുകളെ വഴികാട്ടുന്നത് അന്ധരെ നയിക്കുന്നത് പോലെയായിരുന്നു.

അവരുടെ പ്രതികരണങ്ങള്‍ മനോഹരമായിരുന്നു, പ്രത്യേകിച്ചും കുട്ടികളുടെ. മിക്ക ആളുകള്‍ക്കും എന്തോ അനുഭവം ഉണ്ടായതുപോലെ തോന്നി. വളരെ കുറച്ചു പേര്‍ വൈദ്യുതി കടന്നു പോകുന്നത് പോലെയുള്ള അനുഭൂതി രേഖപ്പെടുത്തി. മറ്റുള്ളവര്‍ വികാരനിര്‍ഭരരായി കാണപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആളുകള്‍ നാഥയെ സ്പര്‍ശിച്ചപ്പോള്‍, നാഥയുടെ വസ്ത്രത്തില്‍ കറുത്ത പാടുകള്‍ രൂപപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ പാടുകളെല്ലാം കട്ടപിടിച്ചു കരിനിറത്തില്‍ വലിയ കറയായിമാറി. അത് കണ്ടതും ഞാന്‍ കരഞ്ഞു. ”നാഥയുടെ വസ്ത്രം!” മരിയയും നിലവിളിച്ചു.

ഒരിക്കലും കുമ്പസാരിച്ചിട്ടില്ലാത്ത പാപങ്ങളെ ആ കറകള്‍ സൂചിപ്പിക്കുന്നുവെന്ന് നാഥ വിശദീകരിച്ചു. പെട്ടെന്ന് നാഥ അപ്രത്യക്ഷയായി. കുറച്ചുനേരം പ്രാര്‍ത്ഥിച്ചതിനുശേഷം, ഞങ്ങള്‍ ആ ഇരുട്ടില്‍ അവിടെ നിന്ന് ഞങ്ങള്‍ കണ്ടതൊക്കെ ആളുകളോട് വിവരിച്ചു. അവരും ഞങ്ങളുടെ അത്രത്തോളം തന്നെ അസ്വസ്ഥരായി. അവിടെയുള്ളവര്‍ എല്ലാവരും തന്നെ കുമ്പസാരത്തിനു പോകണമെന്ന് ആരോ നിര്‍ദേശം മുന്നോട്ടു വച്ചു. അടുത്ത ദിവസം, അനുതപിച്ചു ഗ്രാമീണര്‍ പുരോഹിതരുടെ പക്കലേക്കു പ്രവഹിച്ചു.

ദിവസേനയുള്ള ഈ കൂടിക്കാഴ്ചകളില്‍ നാഥ പ്രാര്‍ത്ഥന, ഉപവാസം, കുമ്പസാരം, ബൈബിള്‍ വായന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നീ കാര്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പിന്നീട്, ആളുകള്‍ ഇവ നാഥയുടെ ‘പ്രധാന സന്ദേശങ്ങള്‍’ ആയി തിരിച്ചറിഞ്ഞു. അഥവാ, ഫാ. യോസോ അവയെ വിശേഷിപ്പിച്ചതു പോലെ, നാഥയുടെ ‘അഞ്ചു കല്ലുകള്‍.’ നാഥ നമ്മളോടു പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും പറയുമ്പോളും, അതിന് അതിനാല്‍ത്തന്നെ യാതൊരു പ്രയോജനവും ഇല്ല. വിശ്വാസം ജീവിക്കുന്നതിന്റെ ഫലം, സ്‌നേഹമാണ്. നാഥ തന്റെ ഒരു സന്ദേശത്തില്‍ പറഞ്ഞതുപോലെ, ”എല്ലാത്തിലുമുപരി തന്റെ കുട്ടികളെ സ്‌നേഹിക്കുന്ന ഒരമ്മയെന്ന പോലെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നു. എന്റെ കുട്ടികളേ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുവാന്‍ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.”
നാഥയുടെ സ്വര്‍ഗ്ഗീയമായ സൗന്ദര്യം ആദ്യം മുതല്‍ തന്നെ ഞങ്ങളുടെ മനം കവര്‍ന്നിരുന്നു. ഒരു ദിവസം, പ്രത്യക്ഷീകരണത്തിനിടയില്‍, ഞങ്ങള്‍ നാഥയോടു ബാലിശമായ ഒരു ചോദ്യം ചോദിച്ചു: ”നാഥ ഇത്ര സൗന്ദര്യവതി ആയിരിക്കുന്നത് എങ്ങനെയാണ്?”

നാഥ മൃദുവായി പുഞ്ചിരിച്ചു. ”ഞാന്‍ സൗന്ദര്യവതി ആയിരിക്കുന്നത് ഞാന്‍ സ്‌നേഹിക്കുന്നതിനാലാണ്,” നാഥ പറഞ്ഞു. ”നിങ്ങളും സൗന്ദര്യം ആഗ്രഹിക്കുന്നുവെങ്കില്‍, സ്‌നേഹിക്കുവിന്‍.”
നാം ഉള്ളില്‍ വിശുദ്ധി പാലിക്കുന്നുണ്ടെങ്കില്‍, ഹൃദയം മുഴുവന്‍ സ്‌നേഹം നിറച്ചെങ്കില്‍, പുറത്തും നമ്മള്‍ സൗന്ദര്യമുള്ളവരാകും. ആ രീതിയിലുള്ള സൗന്ദര്യമാണ് നാഥ നമുക്കും ആഗ്രഹിക്കുന്നത്.
പരിശുദ്ധ കന്യകയുമായുള്ള ദൈനംദിന കൂടിക്കാഴ്ച്ചകളില്‍ നിന്നും, നാഥയ്ക്ക് മെജുഗോറിയയെക്കുറിച്ചുള്ള പദ്ധതികള്‍ ആ ഗ്രാമത്തിനു വേണ്ടിയോ, യുഗോസ്ലാവിയ മുഴുവനും വേണ്ടിയോ മാത്രം പരിമിതമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഭൂമി മുഴുവന്‍ പരിവര്‍ത്തനം കൊണ്ടുവരാനാണ് നാഥ വന്നിരിക്കുന്നത്.

മിര്യാനാ സോള്‍ഡോ (മെജുഗോറിയ ദര്‍ശക)