”മോളേ, നീ ഒന്ന് ഇവിടം വരെ വരാമോ? അച്ഛന് നിന്നെ കണ്ടു സംസാരിക്കണം. അവള് മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കതകടച്ച് ഇരിപ്പാണ്.”
‘വരാം അച്ഛാ’ എന്ന് പറഞ്ഞു ഫോണ്‍ കോള്‍ ഞാന്‍ അവസാനിപ്പിച്ചു. എന്റെ സുഹൃത്തിന്റെ അച്ഛനാണ് വിളിച്ചത്.
വളരെ ആഘോഷമായി നടത്തിയ ഒരു വിവാഹം. പക്ഷേ പതിനഞ്ചു ദിവസത്തെ ജീവിതത്തിനൊടുവില്‍ അവള് വിധവയായിരിക്കുന്നു. ബന്ധുക്കളുടെയും അയല്‍വാസികളുടെയുമൊക്കെ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഒക്കെ കേട്ട് അവള് ആകെ തകര്‍ന്നിരിക്കുകയാണ്. ഭര്‍ത്താവ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. എങ്ങനെ അവളെ ആശ്വസിപ്പിക്കും എന്ന് അറിയില്ല. എങ്കിലും അവളുടെ അച്ഛന് കൊടുത്ത വാക്ക്, അത് എന്നെ അവളുടെ വീട്ടിലേക്ക് നയിച്ചു.
വീടിനുമുന്നില്‍ അച്ഛന് കാത്തിരിപ്പുണ്ട്. എന്നെ കണ്ടപ്പോള്‍ അച്ഛന് വിതുമ്പി. അമ്മയുടെ കണ്ണുകള്‍ തോരാത്ത മഴയായി പെയ്തു കൊണ്ടിരുന്നു. മനസ്സില്‍ ഒരു ചോദ്യം മാത്രം, ”ഈശോയേ, ഞാന്‍ എന്താണ് ചെയ്യേണ്ടത്? അക്രൈസ്തവരായ ഇവരോട് ഞാന്‍ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക?”
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ അവളുടെ മുറിയിലേക്ക് നടന്നു. വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചു. കട്ടിലില്‍ ആരോ വന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയിട്ടാവണം അവള് കണ്ണ് തുറന്നു നോക്കി. എന്നെ കണ്ടതും എഴുന്നേറ്റിരുന്നു. അവള്മാത്രം ആണ് കരയാതിരിക്കുന്നത്. കഠിനമായ ഡിപ്രെഷനില്‍ ആയിരിക്കുന്നു എന്ന് മനസ്സിലായി. അവള് കരഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.
കുറെ സമയം ഞങ്ങള്‍ രണ്ടു പേരും പരസ്പരം നോക്കിയിരുന്നതല്ലാതെ ഒന്നും സംസാരിച്ചില്ല. അവള്‍ക്കു വേണ്ടി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ നിശബ്ദത അവസാനിപ്പിച്ച് അവള് സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ഈശോയെക്കുറിച്ചും… കാരണം ഈശോയ്ക്കല്ലാതെ ആര്‍ക്കും അവളെ ആശ്വസിപ്പിക്കുക സാധ്യമായിരുന്നില്ല. സകലതും നന്മയ്ക്കായി മാറ്റുന്ന ഈശോയുടെ സ്നേഹത്തെക്കുറിച്ചാണ് സംസാരിച്ചത്. ആ അവസരത്തില്‍ അതെല്ലാം അനുയോജ്യമാണോ എന്ന് അറിയില്ലെങ്കിലും ഒരു ആത്മഹത്യ ഒഴിവാക്കാന്‍ ഈശോയെക്കുറിച്ച് സംസാരിച്ചു. നീണ്ട സംസാരത്തിനൊടുവില്‍ അവള് എന്നോട് ചോദിച്ചു, ”ഞാന്‍ നിന്റെ മടിയില്‍ കിടന്നു കരഞ്ഞോട്ടെ ഇനിയെങ്കിലും…!”
ഹൃദയം പൊട്ടുന്ന വേദന. എത്ര മണിക്കുറുകള്‍ കടന്നുപോയാലും അവള് കരഞ്ഞു തീരും വരെ അവള്‍ക്കൊപ്പം ആയിരിക്കണം എന്ന് ഞാന്‍ ചിന്തിച്ചു. വലിയൊരു മഴക്കാറിനൊടുവില്‍ ഭയാനക ശബ്ദത്തില്‍ പെയ്യുന്ന മഴപോലെ അവള് പൊട്ടിക്കരഞ്ഞു.
ഒടുവില്‍ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ അച്ഛന് നന്ദിയോടെ എന്റെ മുന്പില് നില്‍ക്കുകയാണ്. മനസ്സില്‍ ലഭിച്ച പ്രേരണകൊണ്ട് അച്ഛനോട് ചോദിച്ചു, ”ഞാന്‍ ഒരാഴ്ച കൊണ്ടുപൊയ്ക്കോട്ടെ എന്റെകൂടെ ഒരു ധ്യാനത്തിന്?”
അച്ഛന് മറുപടി പറഞ്ഞു, ”മോളുടെ കൂടെയല്ലേ? എവിടെ വേണമെങ്കിലും കൊണ്ടു പോയ്ക്കോളൂ. എന്റെ പഴയ ചിന്നുവിനെ ഞങ്ങള്‍ക്ക് തിരിച്ചു തരണം.”
രണ്ട് ദിവസങ്ങള്‍ക്കുശേഷം ധ്യാനത്തിന് പോകാനായി ഒരുങ്ങിക്കോളാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ഒരാഴ്ച ഞങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനകളിലും വചനശുശ്രൂഷകളിലും അവള് താല്പര്യപൂര്വ്വം പങ്കെടുത്തു. അവള്‍ക്കു നല്ലൊരു കൗണ്‍സിലിംഗ് ആവശ്യമായിരുന്നത് കൊണ്ടാണ് ധ്യാനത്തിന് കൊണ്ടുവന്നത്. ആ കൗണ്‍സിലിംഗില്‍ ഈശോ അവളെ ഒരുപാട് ആശ്വസിപ്പിച്ചു. ഒപ്പം ഒരു ദൈവിക ഇടപെടലും. ധ്യാനം കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ മറ്റൊരു വിവാഹം ഈശോ ക്രമീകരിച്ചിട്ടുണ്ടാകും എന്നായിരുന്നു ദൈവികസന്ദേശം.
ധ്യാനത്തിനൊടുവില്‍ അവള് അതീവ സന്തോഷവതിയായി കാണപ്പെട്ടു.
ഈശോയ്ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി. അവളുടെ അച്ഛന് ഞങ്ങളെ കാത്ത് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. ബസില്‍ നിന്നും ചിന്നു ഇറങ്ങിയപ്പോള്‍ വാതിലിനടുത്തു വന്നു അച്ഛന് പറഞ്ഞു, ”ഒരു സന്തോഷ വാര്‍ത്ത പറയാനുണ്ട്, മോളെ ഞാന്‍ ഫോണില്‍ വിളിക്കാം.” ഞാന്‍ എന്റെ യാത്ര തുടര്‍ന്നു. അവര്‍ വീട്ടിലേക്കു പോയി. അന്ന് രാത്രിയില്‍ അച്ഛന് പറഞ്ഞത് ഈശോയുടെ സന്ദേശം സാക്ഷാത്കരിക്കപ്പെട്ടതിനെക്കുറിച്ചാണ്. അവള്‍ക്ക് മറ്റൊരു വിവാഹാലോചന ഈശോ ഒരുക്കിയിരിക്കുന്നു!
ആദ്യത്തേതിനെക്കാള്‍ മനോഹരമായി ഈശോ അവളെ പുതുജീവിതത്തിലേക്കു കൈ പിടിച്ച് കയറ്റി. എത്ര മനോഹരമായിട്ടാണ് ദൈവം ഓരോ ആത്മാവിനെയും സ്നേഹിക്കുന്നതെന്ന് ഞാന്‍ ഓര്‍ത്തു. ഈശോയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു ആത്മാവ് ഈശോയില്‍ വിശ്വസിച്ചപ്പോള്‍ നടന്നുകയറിയ വഴികള്‍ മാനുഷിക ബുദ്ധിക്കതീതമാണ്. ദുഖവും നിരാശയുംകൊണ്ട് തകര്‍ന്നിരുന്ന തന്റെ മകളെ കൈപിടിച്ചെഴുന്നേല്പിച്ച് പുതിയ വഴികള്‍ തുറന്നു കൊടുത്ത കാരുണ്യവും സ്നേഹവും നിറഞ്ഞ ഈശോ…
മനസില്‍ ഒരു ചോദ്യംമാത്രം ഉയര്‍ന്നുനിന്നു, ‘ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കില്‍ എന്താകുമായിരുന്നു?’ ഓര്‍ക്കണം, വിശ്വാസ പരീക്ഷണം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ മാറ്റുരയ്ക്കലാണ്. മാറ്റുരയ്ക്കുന്ന സ്വര്‍ണം അതിന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നതുപോലെ വിശ്വാസ പരീക്ഷണങ്ങള്‍ നമ്മുടെ അന്തരംഗത്തിലെ ദൈവസ്നേഹം വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ മരുഭൂമിയും ഗത്സെമനിയും കാല്‍വരിയും മാത്രം ഉള്ള നാളുകളിലൂടെ ആയിരിക്കാം നാമിന്നു യാത്ര ചെയ്യുന്നത്. എങ്കിലും ഈശോ പറയുന്നു, ”വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?” (യോഹന്നാന് 11/40).