ഗ്ലോറിയ അറിഞ്ഞ ‘കുമ്പസാര രഹസ്യങ്ങള്‍’ – Shalom Times Shalom Times |
Welcome to Shalom Times

ഗ്ലോറിയ അറിഞ്ഞ ‘കുമ്പസാര രഹസ്യങ്ങള്‍’

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1725-ല്‍ ഇങ്ങനെ പറയുന്നു ”എന്റെ മകളേ, എന്റെ സാന്നിധ്യത്തില്‍ നീ എപ്രകാരമാണ് ഒരുങ്ങുന്നത് അപ്രകാരംതന്നെ എന്റെ മുമ്പില്‍ കുമ്പസാരിക്കുക. വൈദികനെന്ന വ്യക്തി എനിക്കൊരു മറ മാത്രമാണ്. ഞാനുപയോഗിക്കുന്നത് എപ്രകാരമുള്ള ഒരു വൈദികനെയാണെന്ന് നീ ഒരിക്കലും അപഗ്രഥനം ചെയ്യരുത്. എന്നോടെന്നപോലെ കുമ്പസാരത്തില്‍ നിന്റെ ആത്മസ്ഥിതി തുറന്നു പറയുക. ഞാനതിനെ പ്രകാശത്താല്‍ നിറയ്ക്കാം.”

മാമോദീസായ്ക്കുശേഷം ചെയ്ത പാപങ്ങളുടെ മോചനം മാനസാന്തരത്തിന്റെയും ഏറ്റുപറച്ചിലിന്റെയും അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശ എന്നു വിളിക്കപ്പെടുന്ന ഈ കൂദാശയാല്‍ നല്‍കപ്പെടുന്നു (സിസിസി 1486). അനുതാപം (മനസ്താപം) വിശ്വാസത്തില്‍നിന്നും ഉത്ഭവിക്കുന്ന ലക്ഷ്യങ്ങളാല്‍ പ്രചോദിതമായിരിക്കണം. ദൈവത്തോടുള്ള സ്‌നേഹത്തില്‍നിന്നുണ്ടാകുന്ന അനുതാപമാണെങ്കില്‍ അതിനെ ‘പൂര്‍ണ മനസ്താപം’ എന്നു വിളിക്കും. മറ്റു കാരണങ്ങളില്‍നിന്നാണ് അതുണ്ടാകുന്നതെങ്കില്‍ അതിനെ ‘അപൂര്‍ണ’ മനസ്താപം എന്നു വിളിക്കുന്നു (സിസിസി 1492). തുടര്‍ന്ന് പരിഹാരത്തിന്റെ അല്ലെങ്കില്‍ പ്രായശ്ചിത്തത്തിന്റെ ചില പ്രവൃത്തികള്‍ വൈദികന്‍ നിര്‍ദേശിക്കുന്നു. ഈ കൂദാശയിലൂടെ ദൈവവുമായുള്ള അനുരഞ്ജനവും സഭയുമായുള്ള അനുരഞ്ജനവും സാധ്യമാകുന്നു. ഒപ്പംതന്നെ പാപം വഴിയുണ്ടാകുന്ന കാലികശിക്ഷകളില്‍നിന്ന് ഇളവ് ലഭിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വ്യക്തിക്ക് സമാധാനവും മനഃസാക്ഷിയുടെ സ്വച്ഛതയും ആധ്യാത്മിക ആശ്വാസവും ലഭിക്കുന്നു.

ഒരു വൈദികനുപകരം റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ അതൊരു കൂദാശയായി മാറുന്നില്ല. മറിച്ച് അത് വെറുമൊരു കൗണ്‍സിലറെ സമീപിക്കുന്നതിന് തുല്യമായിരിക്കും. അതുകൊണ്ടാണല്ലോ ധ്യാനകേന്ദ്രങ്ങളിലൊക്കെ കൗണ്‍സിലിങ്ങിനുശേഷം വൈദികന്റെയടുത്ത് കുമ്പസാരിക്കുന്നതിന് നിര്‍ദേശം നല്‍കുന്നത്.
കൊളമ്പിയായിലുള്ള ഗ്ലോറിയാ പോളോ എന്ന ദന്തഡോക്ടര്‍ക്ക് 1995 മെയ് അഞ്ചാം തിയതി കുമ്പസാരമെന്ന കൂദാശയിലൂടെ നടക്കുന്ന രഹസ്യത്തെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ ഈശോ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ശക്തമായ ഇടിമിന്നല്‍ ഏറ്റതിനെതുടര്‍ന്ന് മരണത്തിനടുത്ത അനുഭവം ഉണ്ടാകുകയും ചെയ്തു. മാരകപാപത്തില്‍ ജീവിച്ചിരുന്ന അവര്‍ക്ക് വിധിയാളനായ യേശുവിന്റെ മുന്‍പാകെ നില്‍ക്കേണ്ടിവരികയും തന്നെക്കുറിച്ചുള്ള ന്യായ വിധിയുടെ അനുഭവം ലഭിക്കുകയും ചെയ്തു.

ഭാഗ്യവശാല്‍ വളരെ എളിമയുള്ള ദൈവഭക്തനായ ഒരു കൃഷിക്കാരന്‍ ഇവരുടെ മരണവാര്‍ത്തയും ചിത്രവും പത്രത്തിലൂടെ ശ്രദ്ധിക്കുവാനിടയായി. അദ്ദേഹം അവരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി യേശു അവള്‍ക്ക് രണ്ടാമതൊരു മടങ്ങിവരവിന് അനുമതി നല്‍കി. ജീവന്‍ തിരിച്ചുകിട്ടിയ ഗ്ലോറിയായ്ക്ക് പതിനായിരക്കണക്കിനാളുകളോട് ഇതിനെക്കുറിച്ച് സാക്ഷ്യം നല്‍കുവാനുള്ള വരവും ലഭിച്ചു. ഒപ്പംതന്നെ ആദ്യം ഒരവസരം ലഭിച്ചതിനാല്‍ അവളുടെ രണ്ടാമത്തെ ന്യായവിധി വളരെ കഠിനമായിരിക്കുമെന്ന് യേശു മുന്നറിയിപ്പു നല്‍കി. ഗ്ലോറിയ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ഇടിമിന്നലിനെ തുടര്‍ന്ന് അവളുടെ ആന്തരിക അവയവങ്ങളെല്ലാം കത്തിക്കരിഞ്ഞുപോയ അവസ്ഥയിലായി. ഒപ്പംതന്നെ വൃക്കകള്‍, ശ്വാസകോശം, കരള്‍, അണ്ഡാശയം തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്ക് കേടുപറ്റുകയും ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്തു. ആ സമയത്ത് അവളുടെ ശരീരത്തില്‍നിന്ന് ആത്മാവ് പുറത്തുവരികയും സ്വര്‍ഗ, നരക, ശുദ്ധീകരണ സ്ഥലങ്ങള്‍ ദര്‍ശിക്കുകയും ചെയ്തു. ജനിച്ചപ്പോള്‍ മുതല്‍ താന്‍ ചെയ്ത ഓരോ പാപങ്ങളെയുംകുറിച്ച് യേശു അവള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. അതുപോലെതന്നെ സഭയുടെ കൂദാശകളെക്കുറിച്ചുള്ള വിശദീകരണങ്ങളും അവള്‍ക്ക് മനസിലാക്കിക്കൊടുത്തു.

തുടര്‍ന്ന് അവളുടെ ആത്മാവ് ശരീരത്തിലേക്ക് മടങ്ങുകയും അവള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു. ലൈംഗികവിശുദ്ധി, ജപമാല ഭക്തി, ദിവ്യകാരുണ്യഭക്തി, പ്രമാണലംഘനങ്ങള്‍, പ്രാര്‍ത്ഥനാമാധ്യസ്ഥം, ഉപേക്ഷയാലുള്ള പാപങ്ങള്‍, ഭ്രൂണഹത്യ, നാവിന്റെ പിഴവ്, ദൈവകരുണ എന്നീ മേഖലകളോടൊപ്പം വിശുദ്ധ കുമ്പസാരമെന്ന കൂദാശയില്‍ സംഭവിക്കുന്ന രഹസ്യങ്ങളെക്കുറിച്ചും അവള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു. (ഗ്ലോറിയാ പോളോയുടെ ജീവിതസാക്ഷ്യം ‘ന്യായാധിപസന്നിധിയില്‍’ എന്ന പേരില്‍ ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്).

വിശുദ്ധ കുമ്പസാരത്തെക്കുറിച്ച്…
ഈ കൂദാശകളില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇപ്രകാരമാണ്. വൈദികരുടെ വ്രണിതമായ ഹൃദയത്തില്‍ (ഇതൊരു ആത്മീയ മുറിവാകുന്നു) ക്രൂശിതനായ ഈശോ എപ്പോഴും ജീവിക്കുന്നു. വൈദികപട്ടം ലഭിക്കുമ്പോള്‍ അഭിഷേകത്താല്‍ അവരുടെ ഹൃദയത്തില്‍ ഈ ആത്മീയമുറിവ് ലഭിക്കുന്നു. അതിലൂടെ പ്രവഹിക്കപ്പെടുന്ന തിരുരക്തത്താലാണ് ഒരു പാപി തന്റെ പാപം ഏറ്റുപറയുമ്പോള്‍ കഴുകപ്പെടുന്നത്. വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോ കാണിച്ചുകൊടുത്ത തന്റെ തിരുഹൃദയത്തില്‍ മുള്‍മുടിയും കുരിശും ദൃശ്യമാണല്ലോ.
മനുഷ്യബുദ്ധിക്ക് മനസിലാക്കുവാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ കുമ്പസാരത്തിനായി വൈദികനെ സമീപിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മാവില്‍ സംഭവിക്കുന്നുണ്ട്.

അപ്പോള്‍ ആ വ്യക്തിയുടെ ആത്മാവ് ദൈവകരുണയിലേക്ക് ഉയര്‍ത്തപ്പെടുകയും ദൈവകരുണയുടെ വാതില്‍ തുറക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ആ വ്യക്തിയുടെ ആത്മാവ് വൈദികന്റെ വ്രണിതഹൃദയത്തിലേക്ക് ഉയര്‍ത്തപ്പെടുകയും അവിടെ ഈശോ തന്റെ കുരിശ് സ്ഥാപിച്ചിരിക്കുന്നത് വഴിയായി തിരുരക്തം അനുതാപത്തോടുകൂടി കുമ്പസാരിക്കുന്ന വ്യക്തിയുടെ ആത്മാവിലേക്ക് ഒഴുകിയിറങ്ങി, ആ വ്യക്തിയുടെ ആത്മാവിനെ കഴുകി വെടിപ്പാക്കുന്നു.

യഥാര്‍ത്ഥ അനുതാപത്തോടും പശ്ചാത്താപത്തോടുംകൂടി പാപം ഏറ്റുപറയുമ്പോള്‍ മാത്രമേ ഈ പ്രക്രിയ സംഭവിക്കുന്നുള്ളൂ. ഇവയെല്ലാം മനുഷ്യബുദ്ധിക്ക് ഗ്രഹിക്കുവാന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യങ്ങളാണെന്നും ഗ്ലോറിയായ്ക്ക് ഈശോ വെളിപ്പെടുത്തി. ഇങ്ങനെ ഓരോ പാപവും ഒരു വ്യക്തി ആഴമായ അനുതാപത്തോടുകൂടി വൈദികന്റെ മുമ്പില്‍ ഏറ്റുപറയുമ്പോള്‍ സാത്താന്റെ അവകാശത്തിലുള്ളതും അവന്റെ പക്കല്‍ ഇരിക്കുന്നതുമായ പാപത്തിന്റെ കടച്ചീട്ട് ഈശോ വാങ്ങി കീറിക്കളയുന്നു.

പ്രഫ. M.A ഏബ്രഹാം