പരിശ്രത്തിനും പ്രതിഫലം ഉറപ്പ്! – Shalom Times Shalom Times |
Welcome to Shalom Times

പരിശ്രത്തിനും പ്രതിഫലം ഉറപ്പ്!

പഠനവുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. സെമിനാര്‍ നയിക്കുന്നത് വിദേശ പ്രൊഫസര്‍മാരാണ്. അവരുടെ പേപ്പര്‍ അവതരണം കണ്ടപ്പോള്‍ ഇവര്‍ പറയുന്നതൊന്നും എനിക്ക് സാധിക്കുന്നതല്ലെന്നും ഒന്നുംതന്നെ ചെയ്യാനാകില്ലെന്നുമുള്ള തോന്നലാണ് ആദ്യം ഉള്ളില്‍ വന്നുകൊണ്ടിരുന്നത്.
പക്ഷേ സെമിനാര്‍ കഴിഞ്ഞപ്പോള്‍ പഠനം കഴിയും മുന്‍പേ ഒരു പേപ്പറെങ്കിലും എനിക്ക് പബ്ലിഷ് ചെയ്യണമെന്നും സാധിക്കുന്ന എന്തെങ്കിലുമൊക്കെ ഇതുമായി ബന്ധപ്പെട്ട് ചെയ്യണമെന്നും ഞാന്‍ തീരുമാനിക്കുകയുണ്ടായി. സാധ്യമായ കൊച്ചുകൊച്ചു കാര്യങ്ങളാണ് ചെയ്തുതുടങ്ങിയത്. പരിചയമുള്ളവരോട് വിഷയസംബന്ധമായി സംസാരിക്കുക, അന്വേഷണങ്ങള്‍ നടത്തുക, ചില വെബ്സൈറ്റുകള്‍ പരിശോധിക്കുക, വായനകള്‍ ആരംഭിക്കുക, ആ മേഖലയുമായി ബന്ധപ്പെട്ട ചില പ്രൊഫസര്‍മാരെ കണ്ടെത്തുക എന്നിങ്ങനെ. അത്തരം കൊച്ചുകൊച്ചുകാര്യങ്ങള്‍ കൂട്ടിവച്ച് ഏതാണ്ട് നാലുമാസത്തിനുള്ളില്‍ ഞാന്‍ ഒരു പേപ്പര്‍ പബ്ലിഷ് ചെയ്തു. അതെനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. കര്‍ത്താവ് എന്നെ ഏറെ സഹായിച്ചു.

ദൈവരാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താങ്കളെങ്കില്‍, കൊച്ചുകൊച്ചു കാര്യങ്ങളില്‍ തുടങ്ങുക എന്ന ഇതേ സൂത്രവാക്യം ഉപയോഗിക്കുക. സുവിശേഷവേലയൊന്നും എന്നെക്കൊണ്ട് സാധ്യമല്ലെന്ന് തോന്നുന്നുണ്ടോ? പേടിക്കണ്ട. ഇത് എല്ലാവര്‍ക്കും അനുഭവപ്പെടുന്ന കാര്യമാണ്. എല്ലാ മേഖലയിലുള്ളവര്‍ക്കും ഇതേ അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍ സുവിശേഷവേലയെക്കുറിച്ചുള്ള ബോധ്യം, അതിന്റെ പ്രാധാന്യം, അതിലൂടെ നേടാനിരിക്കുന്ന ലക്ഷ്യത്തിന്റെ മനോഹാരിത, അതിന്റെ മൂല്യം, ചെയ്യാനുള്ള ആഗ്രഹം, എല്ലാറ്റിലുമുപരി ഈശോയോടുള്ള ഇഷ്ടം- ഇവയെല്ലാം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ തടസ്സമായി തോന്നുന്ന എല്ലാ കടമ്പകളും മറികടക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും. ഓര്‍ക്കുക, ”എല്ലാവരും അന്വേഷിക്കുന്നത് സ്വന്തം കാര്യമാണ്, യേശുക്രിസ്തുവിന്റെ കാര്യമല്ല”(ഫിലിപ്പി 2/21).

മനസ്സില്‍ തട്ടിയിട്ടുള്ള എന്തെങ്കിലും പ്രത്യേക കാര്യത്തിനുവേണ്ടി ഒരു ചെറിയ പ്രാര്‍ത്ഥന തുടങ്ങാനും അതിനുവേണ്ടി കൊച്ചുകൊച്ചു ഉപേക്ഷകള്‍ സ്വീകരിക്കാനും കുറച്ചുപേരെ ഒരുമിച്ചുകൂട്ടുവാനും സംഘടിപ്പിക്കാനും മറ്റുമുള്ള തോന്നലുകള്‍ ഗൗരവത്തിലെടുക്കുക. ഒപ്പം ക്ഷമയോടെ കുറച്ചു കഷ്ടപ്പെടാനും ദൈവരാജ്യത്തിനായി പരസ്പരം സഹായങ്ങള്‍ ചോദിക്കാനും കൈനീട്ടാനും മനസ്സുകാണിക്കുക. ദൈവരാജ്യവേലയില്‍ വിജയത്തിനല്ല പരിശ്രമത്തിനാണ് പ്രതിഫലം. ദൈവരാജ്യത്തെ മണ്ണില്‍ പാകുന്ന കടുകുമണിയോട് കര്‍ത്താവ് ഉപമിക്കാന്‍ കാരണവും ഇതുതന്നെ. ആരംഭത്തില്‍, മറ്റുള്ളവരുടെ കണ്ണുകളില്‍ ചെറിയ കാര്യങ്ങള്‍ ആയിരിക്കും അവയൊക്കെ. ഘട്ടം ഘട്ടമായി അവ താനേ വളര്‍ന്നുപന്തലിച്ചുകൊള്ളും.

”പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പുവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്. ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ഠിക്കുക; അവയ്ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതി കാണാന്‍ ഇടയാകട്ടെ. നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും” (1 തിമോത്തേയോസ് 4/14-16).

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM