ദിവ്യബലിയും തീപാറുന്ന സിംഹങ്ങളും – Shalom Times Shalom Times |
Welcome to Shalom Times

ദിവ്യബലിയും തീപാറുന്ന സിംഹങ്ങളും

ഒരിക്കല്‍ ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞു: ”നിന്റെ കോണ്‍വെന്റിലെ ചില സിസ്റ്റേഴ്‌സ് പരിശുദ്ധ കുര്‍ബാനയുടെ സമയത്ത് ശാരീരികമായി മാത്രമാണ് ദൈവാലയത്തിലുള്ളത്. ഞാന്‍ കാല്‍വരിയില്‍ അര്‍പ്പിച്ചതുപോലെ തീവ്രസ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി അള്‍ത്താരയില്‍ സ്വയം ബലിയായി അര്‍പ്പിക്കുന്ന ആ സമയങ്ങളില്‍പ്പോലും അവര്‍ മനസുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്…! ഇത് എന്നെ എത്രയധികം സങ്കടപ്പെടുത്തുന്നുവെന്ന് നിനക്കറിയാമോ?!”
ദിവ്യബലിക്കണയുന്ന എല്ലാവരും സ്വയം പരിശോധിക്കേണ്ട കാര്യങ്ങളാണ് ഈശോ വെളിപ്പെടുത്തിയത്.

ദിവ്യബലിയിലെ നമ്മുടെ പങ്കാളിത്തത്തില്‍ ഈശോ സന്തോഷിക്കുകയാണോ അതോ നാം അവിടുത്തെ വേദനിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമാണോ ചെയ്യുന്നത്? ഈശോയുടെ പരിശുദ്ധ ബലിയുടെ സമയം സ്വന്തം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനുള്ള സമയമായി നാം തരംതാഴ്ത്തിയിട്ടുണ്ടോ?’

ഈശോ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച അവസരത്തില്‍, അവിടുത്തെ ശിഷ്യരിലൊരാള്‍ താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്തുകൊണ്ട് അവിടെ ഉണ്ടായിരുന്നതായി യോഹന്നാന്‍ 13/2-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ശിഷ്യനോടാണ് ഈശോയ്ക്ക് പറയേണ്ടിവന്നത്, നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക’ (യോഹന്നാന്‍ 13/27) എന്ന്. ഈശോയുടെ കരങ്ങളില്‍നിന്ന് അപ്പം സ്വീകരിച്ചയുടന്‍ പുറത്തുപോയ യൂദാസ് ചെയ്തതെന്തെന്ന് നമുക്കറിയാം. പരിശുദ്ധ കുര്‍ബാനയെ ആദരിക്കാതെ, അശ്രദ്ധമായിരുന്ന്, ബോധപൂര്‍വം സ്വന്തം പദ്ധതികളില്‍ വ്യപരിക്കുന്നവര്‍ ശത്രുവിന് ഉള്ളില്‍ ഇടംനല്കുകയാണ് ചെയ്യുന്നത് (യോഹന്നാന്‍ 13/2). അത് തിരിച്ചറിഞ്ഞ്, തിരുത്തുന്നതിന് നാം തയ്യാറാകുന്നില്ലെങ്കില്‍, യൂദാസിനെപ്പോലെ ഈശോയെ വില്ക്കാനും ഒറ്റുകൊടുക്കാനുമൊക്കെ സാത്താന്‍ നമ്മെ തോന്നിപ്പിക്കും, നിര്‍ബന്ധിക്കും; വീണുപോകില്ലെന്ന് എന്താണുറപ്പ്?

വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം വെളിപ്പെടുത്തുന്നു: ”നാം ഭക്തിപൂര്‍വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് സ്‌നേഹത്തോടും ആദരവോടുംകൂടെ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുന്നത് കാണുന്ന സാത്താന്‍ ഭയത്തോടെ നമ്മെവിട്ട് ഓടിപ്പോകും. സര്‍വശക്തനായ ദൈവവും കര്‍ത്താവുമായ യേശുവിനെ ദിവ്യകാരുണ്യത്തില്‍ ഭക്തിയോടെ, യോഗ്യതയോടെ, സ്വീകരിക്കുന്നവരെ സാത്താന്‍ കാണുന്നത് ആളിക്കത്തുന്ന അഗ്നി അധരങ്ങളില്‍നിന്ന് പ്രവഹിക്കുന്ന ശക്തനായ സിംഹത്തെപ്പോലെയാണ്.”

യൂദാസിനെപ്പോലെ ആകാതെ, ദിവ്യബലിയില്‍ ഭക്തിപൂര്‍വം പൂര്‍ണഹൃദയത്തോടെ പങ്കുചേര്‍ന്ന്, ദിവ്യകാരുണ്യ ഈശോയെ സ്‌നേഹത്തോടെ സ്വീകരിക്കണം. അപ്പോള്‍, സ്വര്‍ഗത്തിന്റെ അഗ്നി പ്രവഹിക്കുന്ന ശക്തനായ സിംഹത്തെപ്പോലെയായിരിക്കും നാം.
”കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളില്‍ ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍… അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും” (സങ്കീര്‍ത്തനങ്ങള്‍ 112/1,3)
ആന്‍സിമോള്‍ ജോസഫ്