റഷ്യന്‍ സൈന്യം സ്ലോവാക് റിപ്പബ്ലിക്കിനെ നാസി അധിനിവേശത്തില്‍നിന്ന് വിമോചിപ്പിച്ചുകൊണ്ടിരുന്ന 1944 കാലഘട്ടം. ദാരിദ്ര്യവും രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങളും ലോകത്തെ ഉലച്ച സമയം.
നവംബര്‍ 22-ന് രാത്രിയില്‍ സ്ലോവാക്യയില ആ കൊച്ചുഗ്രാമത്തിലേക്ക് റഷ്യയുടെ ചുവന്ന സൈന്യം കടന്നുവന്നു. ആക്രമാസക്തരായ പട്ടാളക്കാരെ ഭയന്ന് ആളുകള്‍ അവരുടെ ഭൂഗര്‍ഭ അറകളില്‍ പോയി ഒളിക്കുകയാണ്. പതിനാറുകാരിയായ അന്നാ കൊലെസരോവ അവളുടെ സഹോദരനും പിതാവിനുമൊപ്പം ഒളിക്കാന്‍ ശ്രമിക്കവേയാണ് മദ്യപിച്ച് ഉന്മത്തനായിരുന്ന ഒരു പട്ടാളക്കാരന്‍ അവരെ കണ്ടത്.
ഭയന്നുപോയ പിതാവിനും പെട്ടെന്ന് എന്തുചെയ്യണമെന്നറിയില്ലായിരുന്നു. പട്ടാളക്കാരനുവേണ്ടി ഭക്ഷണം തയാറാക്കാന്‍ അദ്ദേഹം അന്നയോട് ആവശ്യപ്പെട്ടു. അവളുടെ പ്രായം മറച്ചുപിടിക്കുന്നതിനായി അന്നയ്ക്ക് പത്തുവയസുള്ളപ്പോള്‍ മരിച്ചുപോയ അമ്മയുടെ വസ്ത്രമാണ് അവള്‍ അണിഞ്ഞിരുന്നത്. പക്ഷേ അവള്‍ കൗമാരക്കാരിയാണെന്ന് പട്ടാളക്കാരന്‍ തിരിച്ചറിഞ്ഞു. പിന്നെ അവളോട് അതിക്രമം കാണിക്കാനായി ശ്രമം.
ഭയചകിതയായെങ്കിലും അന്ന അയാളുടെ നീക്കങ്ങളെ ചെറുത്തുനിന്നു. കോപാകുലനായ അയാള്‍ തന്റെ തോക്ക് പെട്ടെന്നാണ് അവള്‍ക്കുനേരെ ചൂണ്ടിയത്. പക്ഷേ എങ്ങനെയോ കുതറിമാറിയ അന്ന പിതാവിനുനേരെ പാഞ്ഞു. അതിനിടെ അവളുടെ നാവില്‍നിന്ന് ഉതിര്‍ന്നുവീണ വാക്കുകള്‍ ഇതായിരുന്നു, ‘ഗുഡ്‌ബൈ, അപ്പാ!” ആ നിമിഷങ്ങളില്‍ത്തന്നെ റൈഫിളില്‍നിന്ന് അവളുടെ മുഖത്തും നെഞ്ചിലും വെടിയുണ്ടകള്‍ തുളച്ചുകയറി.
”ഈശോ മറിയം യൗസേപ്പേ!”
ഹൃദയം പൊട്ടിയുള്ള ആ വിളിക്കൊപ്പം അവളുടെ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പിരിയുകയായിരുന്നു.
അപകടം നിറഞ്ഞ ആ നാളുകളിലും അനുദിനം ദിവ്യബലിക്കായി പോയിരുന്ന അന്ന മരണനേരത്തും ദൈവാശ്രയം അങ്ങേയറ്റം പ്രകടിപ്പിക്കുകയായിരുന്നു. അനുദിനബലിയിലൂടെയും ദൈവഭക്തിയിലൂടെയും ആര്‍ജിച്ചെടുത്ത കരുത്ത് മരിയ ഗൊരേത്തിയെപ്പോലെ പാപത്തെ ചെറുത്തുനില്‍ക്കാന്‍ അവളെ പ്രാപ്തയാക്കി.
ആ രാത്രിതന്നെ വെന്തുരുകുന്ന ഹൃദയത്തോടെ അവളുടെ പിതാവ് അവളെ താത്കാലികമായി ഒരു മൃതപേടകത്തിലാക്കി. പിന്നീട് ഒരാഴ്ചയ്ക്കകമാണ് അവിടത്തെ വൈദികനായ ഫാ. ആന്റണ്‍ ലൂക്കാക് എത്തി ഔപചാരികമായ മൃതസംസ്‌കാരം നടത്തിയത്.
മരണത്തിനുമുമ്പേ അന്ന വിശുദ്ധ കുമ്പസാരവും വിശുദ്ധ കുര്‍ബാനസ്വീകരണവും നടത്തിയിരുന്നു എന്ന് അദ്ദേഹം ഉറപ്പുനല്കി. മൃതസംസ്‌കാരകര്‍മം കഴിഞ്ഞ് മരണരജിസ്റ്ററില്‍ അദ്ദേഹം ഒരു കുറിപ്പുകൂടി ചേര്‍ത്തു, ‘പാവനമായ ശുദ്ധതയുടെ ബലി.’ 2018 സെപ്റ്റംബര്‍ ഒന്നിന് അവളുടെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനവേളയില്‍ ആ കുറിപ്പ് ശരിതന്നെയെന്ന് ഫ്രാന്‍സിസ് പാപ്പയും സ്ഥിരീകരിച്ചു. തന്റെ ശുദ്ധത സംരക്ഷിക്കാന്‍വേണ്ടിയുള്ള ശ്രമംനിമിത്തമാണ് അന്നയെന്ന കത്തോലിക്കാപെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ഇന്ന് വിശുദ്ധ മരിയ ഗൊരേത്തിയെപ്പോലെ വാഴ്ത്തപ്പെട്ട അന്ന കൊലെസരോവയും തിരുസഭയില്‍ വണങ്ങപ്പെടുന്നു.