വിസിറ്റിങ്ങ് വിസയില്‍ ഞാന്‍ ദുബായില്‍ എത്തിയത് 1996-97 കാലത്താണ്. വിസയ്ക്ക് പണം വാങ്ങി എന്നെ കൊണ്ടുപോയ എന്റെ സുഹൃത്ത് ജമാല്‍ ഞാന്‍ അവിടെയെത്തിയപ്പോള്‍ ജോലിക്കാര്യത്തില്‍ കൈമലര്‍ത്തി. ഭാഷപോലും അറിയില്ലാത്ത ഞാന്‍ പലരോടും യാചിച്ച് അവസാനം ഒരാള്‍ ജോലി തരാന്‍ സമ്മതിച്ചു.
അദ്ദേഹം ഒരു ഗോവക്കാരന് ആയിരുന്നു. ഫ്ളാറ്റിലേക്ക് എന്നെ കൊണ്ടുപോയി. ഒരു ചെറിയ മുറി തുറന്ന് ബ്രഷും ലോഷനും എടുത്തുതന്നിട്ട് ബാത്ത്റൂം ക്ലീന്‍ ചെയ്യാന്‍ പറഞ്ഞു. അതിനുള്ളില്‍ കയറി ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷേ ആ മനുഷ്യന് ഒരു തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. അദ്ദേഹം എന്നെ പള്ളിയില്‍ കൊണ്ടുപോയി. അവര്‍ക്ക് എന്നെ ഇഷ്ടപ്പെട്ടു. ആ ജോലിയില്‍ ഞാന്‍ അവിടെ തുടര്‍ന്നു.
ഒരു മാസത്തിനുശേഷം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ എനിക്ക് ജോലി കിട്ടി. പാര്‍ട്ട്ടൈം ആയി പഴയ ജോലിയും തുടര്‍ന്നു. അങ്ങനെയിരിക്കുമ്പോള്‍ പുതിയ പരീക്ഷണങ്ങള്‍…. ഞാനും സുഹൃത്തുംകൂടി സംസാരിച്ചുനില്‍ക്കുമ്പോള്‍ പോലീസ് വരുന്നതുകണ്ട് ഓടിക്കോ എന്ന് പറഞ്ഞ് എന്റെ കൂട്ടുകാരന് ഓടി. ഞാനും ഓടി. പോലീസിനെ പേടിച്ചിട്ടാണ്. അവര്‍ എന്നെ പിടികൂടി ക്രൂരമായി മര്‍ദിച്ചു. എന്റെ വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും രക്തം ഒഴുകി. പിന്നീട് അവര്‍ അന്വേഷിച്ചുവന്ന കള്ളനല്ല ഞാനെന്ന് മനസിലായപ്പോള്‍ സോറി പറഞ്ഞ് വിട്ടു.
സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയില്‍ ഞാന്‍ തുടര്‍ന്നുപോന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മുതലാളി മുങ്ങി. ഞങ്ങള്‍ മൂന്നുപേരുടെ പാസ്പോര്‍ട്ട് അയാളുടെ കൈയിലായിരുന്നു. കൈയില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ പല പ്രാവശ്യം ജയിലില്‍ പോകേണ്ടിവന്നു. അഞ്ച്, ഏഴ്, എട്ട് ദിവസംവരെയൊക്കെ ജയിലില്‍ കിടത്തും. പിന്നെ ഇറക്കിവിടും. അങ്ങനെ ദുബായിലെ ജയിലറകള്‍ എനിക്ക് സുപരിചിതമായി.
ഒന്നിനും പണമില്ലാതെ വിഷമിച്ച ദിനങ്ങളായിരുന്നു അത്. എങ്കിലും എന്നും ഞാന്‍ ബൈബിള്‍ വായിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ ഫോണ്‍ ചെയ്ത് പറഞ്ഞു. പാസ്പോര്‍ട്ട് ഒരു അറബിയുടെ കൈയില്‍ ഉണ്ടെന്ന്. അയാളെ പോയി കണ്ടു. ഫൈന്‍ അടയ്ക്കാന്‍ എന്നോടു പറഞ്ഞു. വിസ പാസ്പോര്ട്ടില് അടിച്ചിട്ടില്ല. വേഗം നാട്ടില്‍ പോകണമെന്ന് പറഞ്ഞു. ഞാനാകെ വിഷമിച്ചു. എല്ലാത്തിനും പണം വേണം. പ്രാര്‍ത്ഥന അല്ലാതെ വേറൊരു മാര്‍ഗവും എന്റെ മുമ്പില്‍ ഇല്ലായിരുന്നു.
പ്രാര്‍ത്ഥനകള്‍ വിഫലമാവില്ല
പക്ഷേ ”നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും” (ഏശയ്യാ 58/9) എന്ന വചനം എന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമായി. ശാരീരികവും മാനസികവുമായി വളരെയധികം തളര്‍ന്ന് വിഷമിച്ചിരിക്കുന്ന ആ സമയത്ത് ഒരു അറബിയെ യാദൃശ്ചികമായി പരിചയപ്പെടാനിടയായി. എന്റെ വിഷമങ്ങളെല്ലാം അദ്ദേഹം കേട്ടു. എന്റെ വിസപ്രശ്നങ്ങളെല്ലാം പരിഹരിച്ച് എനിക്ക് ജോലി തരാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ അയാളുടെ കൂടെയായി.
പറഞ്ഞ ജോലിയൊന്നും തന്നില്ല. അവിടെയും തൂപ്പുപണിയായിരുന്നു. അതും തുച്ഛമായ ശമ്പളം. വളരെ സഹിച്ച് വിഷമിച്ച് ഞാന്‍ അവിടെ പിടിച്ചുനിന്നു. മാസങ്ങള്‍, വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ ദുബായിലെത്തിയിട്ട് അഞ്ചുവര്‍ഷമായി. എനിക്ക് വീട്ടില്‍ പോകാനും എല്ലാവരെയും കാണുവാനും ആഗ്രഹമായി. സഹനങ്ങളിലൂടെ കടന്നുപോയ അഞ്ചുവര്‍ഷങ്ങള്‍.
എന്റെ ആഗ്രഹം സ്പോണ്സര് ആയ അറബിയോട് ഞാന്‍ പറഞ്ഞു. എന്റെ ജോലി ചെയ്യാന്‍ ഒരാളെ തത്കാലത്തേക്ക് കണ്ടെത്തി എന്നെ നാട്ടില്‍ പോകാന്‍ അനുവദിച്ചു, സന്തോഷമായി. നാട്ടിലേക്ക് പോരാനായി ഞാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി. പാസ്പോര്‍ട്ട് എമിഗ്രേഷനില്‍ കൊടുത്തു. എന്റെ അടുത്ത സഹനം ഇവിടെ തുടങ്ങുന്നു.
ജയിലറയില്‍…
പാസ്പോര്ട്ടില് സംശയമുണ്ടെന്ന് പറഞ്ഞ് ഞാന്‍ എമിഗ്രേഷന്‍ ജയിലിലായി. അവിടുത്തെ ക്രൂരമായ മര്‍ദനങ്ങള്‍… 37 ദിവസം തുടര്‍ച്ചയായി നില്ക്കേണ്ടിവന്നു. അവിടുത്തെ ശിക്ഷ അതായിരുന്നു. ഇരുട്ടറയിലേക്ക് ആളുകളെ കുത്തിനിറയ്ക്കും. ഉറങ്ങാന്‍ സമ്മതിക്കില്ല. അതാണ് എമിഗ്രേഷന്‍ ജയിലിന്റെ പ്രത്യേകത. ആര്‍ക്കും വന്ന് കാണാന്‍പോലും അനുവാദവുമില്ല. പക്ഷേ അവിടെയും ഏറെ വിഷമിച്ച് ഒരു കുപ്പി വെള്ളം ആഗ്രഹിച്ച സമയങ്ങളില്‍ അത്ഭുതകരമായി ഒരു കുപ്പി വെള്ളം ലഭിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്.
അധികം താമസിച്ചില്ല, എന്റെ അറബിയും എന്നെ കാണാന്‍ വന്നു. അത്ഭുതമെന്നല്ലാതെ ഒന്നും പറയാനില്ല, അറബി വന്ന് സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ജയില്‍മോചിതനായി. രണ്ട് കാലുകളും നീരുവന്ന് മന്ത് പിടിച്ചതുപോലെയായിരുന്നു. തറയില്‍ തുടര്‍ച്ചയായി നിന്നതിന്റെ ഫലമായുണ്ടായതാണ്. ജയിലില്‍നിന്നിറങ്ങി ഏഴുദിവസത്തിനുശേഷം പാസ്പോര്‍ട്ട് കിട്ടി. ഞാന്‍ നാട്ടിലെത്തി. രണ്ടുമാസം അവധിയുണ്ടായിരുന്നു.
തുടരുന്ന പരീക്ഷണങ്ങള്‍
എന്റെ പരീക്ഷണങ്ങള്‍ പിന്നെയും തുടര്‍ന്നു. രണ്ടുമാസത്തെ അവധി കഴിഞ്ഞ് ഞാന്‍ തിരിച്ചുചെന്നപ്പോള് എനിക്ക് എന്റെ ജോലി നഷ്ടപ്പെട്ടു. ജോലി തുടങ്ങിയപ്പോള്‍ സ്വീപ്പര്‍ ജോലിയാണ് അറബി തന്നതെങ്കിലും എന്റെ ആത്മാര്‍ത്ഥത കണ്ട് മാനേജര്‍ പോസ്റ്റില്‍ ആക്കിയിരുന്നു.
അവധി കഴിഞ്ഞെത്തിയ എന്നോട് അറബി പറഞ്ഞു, പഴയ തൂപ്പുപണി ചെയ്തോളാന്‍. പക്ഷേ എന്റെ ദൈവത്തെ ഞാന്‍ മുറുകെ പിടിച്ചു. പ്രതീക്ഷ കൈവിട്ടില്ല. ഏറെ കഠിനാധ്വാനം ചെയ്തു. പാര്‍ട്ട്ടൈം ജോലികള്‍ ചെയ്തു. ഉറങ്ങാതെ അധ്വാനിച്ചു. അതുകൊണ്ട് എന്റെ കൈയില്‍ പണം ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ, സ്വപ്നങ്ങള്‍ കണ്ട്, ദുബായിലേക്ക് പറന്ന എനിക്ക് എപ്പോഴും പരീക്ഷണങ്ങളും സഹനങ്ങളും ആയിരുന്നു. എന്നാലും പ്രാര്‍ത്ഥന ഞാന്‍ മുടക്കിയില്ല.
അധികം താമസിയാതെ അറബി എന്റെ സ്ഥാനത്ത് കയറിയ ആളെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. എന്നെ പോയ സ്ഥാനത്തേക്ക് ഉയര്‍ത്തി. ഞാന്‍ വിചാരിച്ചതിലും ശമ്പളം എനിക്ക് കിട്ടി. കമ്പനിയെ ഞാന്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. കമ്പനി വളരെയധികം മെച്ചപ്പെട്ടു.
സമാധാനകാലത്ത്…
അങ്ങനെയിരിക്കേ 2005ല്‍ ഞാന്‍ വിവാഹിതനായി. സമാധാനപരമായി കാര്യങ്ങള്‍ മുമ്പോട്ട് നീങ്ങി. കുറേ ഇടവേളക്കുശേഷം അറബി എന്നെ ഒരുപാട് സ്നേഹിക്കാന്‍ തുടങ്ങി. അവരുടെ വീട്ടില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നു. അറബിയുടെ ഈ സ്നേഹത്തില്‍ വലിയ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ഒരിക്കല്‍ എന്നെ വിളിച്ച് അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു: ”ഈ സ്ഥാപനം നിനക്ക് തരുന്നു. നീ ഇത് നോക്കി നടത്തണം.”
കഴുത്തില്‍ എന്തിനാണ് ‘കൊന്ത’ ഇട്ടുനടക്കുന്നത്. അതിന്റെയൊന്നും ആവശ്യമില്ല… അവസാനം ഉള്ളുതുറന്നു, ‘നീ ഒരു മുസ്ലീമാകണം.’ എത്ര പണം വേണം, എന്തുവേണം, കമ്പനി നിന്റെ പേരില്‍ എഴുതിത്തരും… വാഗ്ദാനങ്ങളുടെ ഒരു നീണ്ടനിര എനിക്ക് തന്നു. എന്തുവന്നാലും ഇതിന് സമ്മതമില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു.
എന്റെ ഈ വലിയ പ്രതിസന്ധി, ദുബായില്‍ പള്ളിയില്‍ പോയി കുമ്പസാരിച്ച് അച്ചനോട് ഞാന്‍ പങ്കവച്ചു. അച്ചന് എനിക്ക് വിലയേറിയ ഉപദേശങ്ങള്‍ തന്നു. ജോലി നിര്‍ത്തി നാട്ടില്‍ പോകാന്‍ പറഞ്ഞു.
കുടുക്കില്‍
അറബിയുടെ ആഗ്രഹത്തിന് എന്നെ കിട്ടില്ല എന്ന് മനസിലായതോടെ എന്നോട് പകയായി. ഞാന്‍ രാജിക്കത്ത് കൊടുത്തു. അയാള്‍ ഒന്നും പറഞ്ഞില്ല. എന്നെ കുടുക്കാന്‍ കെണികളൊരുക്കി, ഞാന്‍ ആ കെണിയില്‍ അകപ്പെട്ടു.
എനിക്ക് ഒരു മനസറിവും ഇല്ലാത്ത കുറ്റത്തിന് എന്റെ പേരില്‍ അവര്‍ കേസുകൊടുത്തു. ഞാന്‍ കോടതിയില്‍ ഹാജരായി. തെളിവെടുപ്പു നടത്തി. അതില്‍ അവര്‍ പരാജയപ്പെട്ടു. കീഴ്ക്കോടതിയില്‍നിന്ന് കേസ് വീണ്ടും മേല്‍ക്കോടതിയിലെത്തി.
എനിക്ക് ജോലിയില്ല, ശമ്പളമില്ല. റൂമില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. എന്റെ ജീവനുവരെ ഭീഷണിയായി. എന്റെ വീട്ടില്‍ കാര്യങ്ങള്‍ അറിഞ്ഞു. ജയിലിലായി എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. എന്റെ വീട്ടുകാര്‍ എല്ലായിടത്തും പ്രാര്‍ത്ഥനാസഹായം യാചിച്ചു.
ദൈവദൂതനെപ്പോലൊരാള്‍!
ഞാന്‍ ഒറ്റയ്ക്കായി. പൊള്ളുന്ന വെയിലില്‍ മുട്ടുകുത്തിനിന്ന് മാതാവിനോട് നിലവിളിച്ച് പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. ഇതിനിടയില്‍ അറബിയുടെ തടങ്കലില്‍ ആയിരുന്ന ഞാന്‍ അവിടെനിന്നും രക്ഷപ്പെട്ടു. കോടതിയില്‍ എന്നെ സഹായിക്കാന്‍ ദൈവദൂതനെപ്പോലെ ഒരാള്‍ എത്തി. തലശേരിക്കാരന് ഒരു വക്കീല്‍. ഒരു മുന്‍പരിചയവുമില്ലാത്ത അയാള്‍ എന്നെ സഹായിച്ചു. ഒരു പ്രതിഫലംപോലും വാങ്ങാതെ… അവിടെയും അവര്‍ പരാജയപ്പെട്ടു. പ്രോസിക്യൂഷന് കേസ് തള്ളി. വീണ്ടും അടുത്ത കോടതിയിലേക്ക് കേസ് വിട്ടു. അപ്പോഴേക്കും ഞാനാകെ തളര്‍ന്നു. എന്റെ ഓര്മ നഷ്ടപ്പെടാന്‍ തുടങ്ങി. ഞാന്‍ ഒരു ഡോക്ടറെ കണ്ടു. എത്രയും പെട്ടെന്ന് നാട്ടില്‍ പോകാന്‍ അദ്ദേഹം പറഞ്ഞു.
ഞാനാകെ വിഷമിച്ചു. എന്റെ പാസ്പോര്‍ട്ട് അവര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. എന്നെ സഹായിക്കുന്ന എന്റെ വക്കീല്‍ ഇതിനെതിരെ പരാതി കൊടുക്കാന്‍ എന്നോട് പറഞ്ഞു. അങ്ങനെ പാസ്പോര്‍ട്ട് കിട്ടി. എങ്കിലും കേസ് തീര്‍ന്നില്ല. എന്റെ സര്‍വീസ് മണിക്കുവേണ്ടിയുള്ള കേസ് തുടര്‍ന്നു.
എന്നെ സഹായിച്ച ആ വക്കീല്‍വഴി ജഡ്ജിയെ നേരിട്ട് കാണാനും എന്റെ കാര്യങ്ങള്‍ സംസാരിക്കാനും അവസരം കിട്ടി. കേസ് ഒരു മലയാളി വക്കീലിനെ ഏല്പിച്ച് എനിക്ക് നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുങ്ങി. അങ്ങനെ 2015 ഡിസംബര്‍ 24 ന് ഞാന്‍ നാട്ടിലെത്തി. എല്ലാത്തിനും എനിക്ക് സഹായമായി നിന്നത് ആ മലയാളി വക്കീലാണ്. അയാളെപ്പറ്റി കൂടുതലായി ഒന്നും എനിക്കറിയില്ല. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന മാത്രമേ അയാള്‍ക്ക് നല്കാനുള്ളൂ. മൂന്നുമാസം കേസ് നടത്തിയാണ് അവസാനം എനിക്ക് പോരാന്‍ സാധിച്ചത്. അതും ദൈവത്തിന്റെ അനന്തമായ കാരുണ്യംകൊണ്ടുമാത്രം.
ദൈവം ഒരിക്കലും ശിക്ഷിക്കുന്നവനല്ല, രക്ഷിക്കുന്നവനാണ്. മൂന്നു കുഞ്ഞുങ്ങളും ഭാര്യയുമായി സംതൃപ്തമായ ഒരു കുടുംബജീവിതം നയിക്കാന്‍ ദൈവം അനുഗ്രഹിച്ചു. ഈ സഹനങ്ങളില്ലായിരുന്നെങ്കില് ഞാനിത്രയും ഈശോയോട് അടുക്കില്ലായിരുന്നു. യേശുവേ നന്ദി, യേശുവേ സ്തോത്രം.
നോബിള്‍ മാത്യു