ആ സിസ്റ്റര്‍ ആരായിരുന്നു? – Shalom Times Shalom Times |
Welcome to Shalom Times

ആ സിസ്റ്റര്‍ ആരായിരുന്നു?

അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. പാതിരാത്രിയ്ക്കടുത്ത സമയത്താണ് ഞാനത് കണ്ടത്. വാര്‍ഡില്‍, ഹൃദയത്തിന് അസുഖമുള്ള ഒരു രോഗി വളരെ അസ്വസ്ഥനായി കിടക്കുന്നു. മെല്ലെ ഞാന്‍ ആ സഹോദരന്റെ അടുത്തുചെന്ന് ചോദിച്ചു. ”എന്തുപറ്റി, നെഞ്ചുവേദനയുണ്ടോ? ഇത്ര സമയമായിട്ടും സഹോദരന്‍ ഉറങ്ങിയില്ലല്ലോ?”
ഏറെ വിഷാദത്തോടെ ആ മകന്‍ പറഞ്ഞു, ”നാളത്തെ ദിനത്തെ ഓര്‍ത്ത്, ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിയെ ഓര്‍ത്ത് വല്ലാത്ത ടെന്‍ഷന്‍. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍…” ഇത്രയും പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ തൊണ്ടയിടറി.

ഞാന്‍ പറഞ്ഞു, ”സഹോദരാ, ഭയപ്പെടാതിരിക്കൂ. എല്ലാം നന്നായി പോകും.” ഏറെ വാത്സല്യത്തോടും അതിലേറെ വിശ്വാസത്തോടുംകൂടെ ഞാന്‍ ആ മകന്റെ നെറ്റിത്തടത്തില്‍ മൂന്ന് പ്രാവശ്യം കുരിശുവരച്ചുകൊണ്ട് പറഞ്ഞു: ”മൂന്നുപ്രാവശ്യം നന്മനിറഞ്ഞ മറിയം എന്ന പ്രാര്‍ത്ഥന നമുക്ക് ഒരുമിച്ച് ചൊല്ലിക്കൊണ്ട് മാതാവിനോട് പ്രാര്‍ത്ഥിക്കാം.” ആ സഹോദരനും എന്നോടൊന്നിച്ച് പ്രാര്‍ത്ഥിച്ചു. ശുഭനിദ്ര ആശംസിച്ച് ഞാന്‍ അവിടെനിന്ന് മടങ്ങി. ഒപ്പം ഉള്ളിന്റെ ഉള്ളില്‍ ‘എന്റെ എവുപ്രാസ്യാമ്മേ സഹായിക്കണേ’ എന്ന പ്രാര്‍ത്ഥനയും.

അന്നത്തെ ജോലി കഴിഞ്ഞ് പ്രഭാതത്തില്‍ ഞാന്‍ മഠത്തിലേക്ക് തിരിച്ചുവരുമ്പോഴും ആ മകന്‍ സുഖമായി ഉറങ്ങുകയായിരുന്നു. രണ്ടാംദിവസം രാവിലെ ജോലിക്കെത്തിയ എന്നെ ആ സഹോദരന്‍ കൈ കാണിച്ച് വിളിച്ചു. അദ്ദേഹത്തിന്റെ അടുത്തുചെന്ന് ഞാന്‍ ചോദിച്ചു: ”സഹോദരന്‍ സുഖമായിരിക്കുന്നുവോ?”
മറുപടി പറയാന്‍ സാധിക്കാതെ വികാരാധീനനായി എന്റെ കൈകള്‍ പിടിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. എന്നിട്ട് ചോദിച്ചു: ”സിസ്റ്ററിന്റെ മഠത്തില്‍ പ്രായമുള്ള ഏതെങ്കിലും സിസ്റ്റേഴ്‌സ് ഉണ്ടോ? അല്ലെങ്കില്‍ പ്രായമുള്ള ഏതെങ്കിലും സിസ്റ്റേഴ്‌സ് മരിച്ചുപോയിട്ടുണ്ടോ?”
അപ്പോള്‍ ഞാന്‍ ചോദിച്ചു: ”എന്താണ് സംഭവിച്ചത്? വ്യക്തമായി പറയൂ.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അന്ന് രാത്രി സിസ്റ്റര്‍ പ്രാര്‍ത്ഥിച്ച് പോയതിനുശേഷം ഞാന്‍ സുഖമായി ഉറങ്ങി. ആ സമയത്ത് സിസ്റ്ററിന്റെ നിറമുള്ള, എന്നാല്‍ പ്രായമായ ഒരു സിസ്റ്റര്‍ എന്റെ അടുത്ത് വന്നിരുന്ന് നെഞ്ചില്‍ തടവിക്കൊണ്ട് എന്നോട് പറഞ്ഞു: ഒന്നും പേടിക്കേണ്ട. എല്ലാം ശരിയാകും. തമ്പുരാന്‍ എല്ലാം നോക്കിക്കൊള്ളും! കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഞാന്‍ ആരെയും കണ്ടില്ല. പിന്നീട് വീണ്ടും ഞാന്‍ സുഖമായി ഉറങ്ങി.”
ഞാന്‍ അറിയാതെ തരിച്ചുനിന്നുപോയി. ‘എന്റെ എവുപ്രാസ്യാമ്മേ’ എന്ന മന്ത്രവുമായി നാട്ടില്‍നിന്ന് പറിച്ചു നടപ്പെട്ട് ഈ വിദേശവാസം നടത്തുമ്പോഴും സങ്കടങ്ങളുടെ തിരമാലകള്‍ ആഞ്ഞടിക്കുമ്പോഴും സാന്ത്വനമായി എവുപ്രാസ്യാമ്മ എന്റെ അരികിലുണ്ടായിരുന്നുവെന്ന വലിയ തിരിച്ചറിവ് എനിക്ക് ലഭിച്ചു. ഈ വിദേശീയന്റെ അടുത്തുവന്ന് എവുപ്രാസ്യാമ്മ തന്റെ സാന്നിധ്യത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തി.

ആ ദിവസങ്ങള്‍ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. എവുപ്രാസ്യമ്മയെ ആഗോളസഭയില്‍ വിശുദ്ധയെന്ന് നാമകരണം ചെയ്യുന്ന 2014 ജൂണ്‍ 12-നോടടുത്ത ദിവസങ്ങള്‍കൂടിയായിരുന്നു അത്. ഞങ്ങളെല്ലാം സന്തോഷഭരിതമായ ഹൃദയവുമായി കാത്തുകാത്തിരുന്ന നാളുകള്‍…
അതെ, ‘മരിച്ചാലും മറക്കില്ലാട്ടോ’ എന്നുപറഞ്ഞ അമ്മ. മറഞ്ഞിരിക്കാന്‍, അറിയപ്പെടാതിരിക്കുവാന്‍, ആഗ്രഹിച്ചവള്‍- ജപമാലയേന്തിയ കരങ്ങളുമായി, മൃദുലമന്ദഹാസത്തോടെ വിശുദ്ധിയുടെ പ്രഭയുമായി നമുക്ക് മുന്‍പില്‍!
ഞാനെന്ന സമര്‍പ്പിത കടന്നുപോകേണ്ട അപമാനത്തിന്റെ, സങ്കടങ്ങളുടെ, തെറ്റിദ്ധാരണകളുടെ, ഒറ്റപ്പെടുത്തലുകളുടെ, ഒരു കാലമുണ്ട്. എന്നിരുന്നാലും ഓര്‍മയില്‍ സൂക്ഷിക്കാം, നിത്യജീവനിലേക്കുള്ള വഴിത്താരയില്‍ ഈ കാലങ്ങളെല്ലാം അമൂല്യമാണെന്ന്. അതെല്ലാം എവുപ്രാസ്യാമ്മയെപ്പോലെ സ്വീകരിക്കുമ്പോള്‍ ആ വിശുദ്ധിയുടെ വെണ്‍പ്രഭ സ്വന്തമാക്കാന്‍ നമുക്കും കഴിയും!

സിസ്റ്റര്‍ ജീവ സിഎംസി, റോം