യേശുവില്‍ വിശ്വസിച്ചതിന്റെ നേട്ടങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

യേശുവില്‍ വിശ്വസിച്ചതിന്റെ നേട്ടങ്ങള്‍

ഞാന്‍ മറ്റൊരു സമുദായത്തില്‍നിന്നും മാമോദീസ സ്വീകരിച്ച് സഭയിലേക്ക് വന്നൊരു വ്യക്തിയാണ്. 2010 ഏപ്രില്‍ ഒമ്പതിനായിരുന്നു എന്റെ മാമോദീസ. 15 വര്‍ഷം പിന്നിടുമ്പോള്‍ കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമൊക്കെ നേരിടുന്ന ചില ചോദ്യങ്ങളുണ്ട്. ഈ കാലഘട്ടത്തില്‍ അനേക യുവജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍തന്നെയാണ് അവ. ‘എന്തിനാണ് യേശുക്രിസ്തു? എന്തിനാണ് കൂദാശകള്‍? എന്തിനാണ് സഭ? എന്തിനാണ് പ്രാര്‍ത്ഥന? എന്തിനാണ് കുമ്പസാരിക്കേണ്ടത്? ഇതുകൊണ്ടൊക്കെ എന്താണ് പ്രയോജനം?’ പതിനഞ്ചു വര്‍ഷത്തെ അനുഭവത്തില്‍നിന്ന് കുറച്ചു ഭൗതികകാര്യങ്ങള്‍ പങ്കുവയ്ക്കാമെന്ന് കരുതുന്നു.

കുടുംബത്തിലുണ്ടാകുന്ന ഐക്യം
പ്രാര്‍ത്ഥന, ഭക്ഷണം, ആത്മീയ ഉപദേശങ്ങള്‍, ബലിയര്‍പ്പണം തുടങ്ങിയവയെല്ലാം ഒന്നിച്ച് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഇതിലൂടെയെല്ലാം കുടുംബത്തില്‍ അസാധാരണമായൊരു ഐക്യം ഉടലെടുക്കാന്‍ തുടങ്ങുന്നു. എനിക്ക് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചത് ഇതാണ്: കുടുംബം ഒരുമിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍വേണ്ടി ഒരുമിച്ച് യത്‌നിക്കുന്നു. അതില്‍ എന്തുമാത്രം ബുദ്ധിമുട്ടുകളും സഹനങ്ങളും നേരിടേണ്ടിവന്നാലും ഒരുമിച്ച് നേരിടുന്നു. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെയും സഹനങ്ങളെയും നേരിടുന്നതും അങ്ങനെതന്നെ. നിലപാടുകളും ഒരുപോലെ. ഈ അവസ്ഥയെക്കുറിച്ചാണല്ലോ സങ്കീര്‍ത്തനം 133/1 വചനം പറയുന്നത്: ”സഹോദരര്‍ ഏകമനസായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്.”

പ്രശംസയിലേക്ക്…
മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുന്ന ജീവിതനിലവാരത്തിലേക്ക് നമ്മുടെ ജീവിതത്തെ ദൈവം ഉയര്‍ത്തുന്നു. സങ്കീര്‍ത്തനം 45/17: ”തലമുറതോറും നിന്റെ നാമം കീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.” ഈശോയിലേക്ക് വന്ന്, സഭയില്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ നിന്ദനങ്ങള്‍, അപമാനങ്ങള്‍, അവഗണനകള്‍ തുടങ്ങിയവ സഹിക്കേണ്ടിവന്നിട്ടുണ്ട്. പലരും ഒറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കാലം കുറെ മുമ്പോട്ടുപോയപ്പോള്‍, ആരൊക്കെ നമ്മെ മാറ്റിനിര്‍ത്തിയോ അവരുടെയൊക്കെ മുമ്പില്‍ വലിയൊരു അനുഗ്രഹമാക്കി കര്‍ത്താവ് നമ്മെ നിര്‍ത്തുന്നു. ആരൊക്കെ നമ്മെ അവഗണിച്ചോ അവരൊക്കെ പ്രശംസിക്കുന്നു. ‘നീ എടുത്ത തീരുമാനം ശരിയായിരുന്നു’ എന്നുപറയുന്നു. മറ്റുള്ളവര്‍ നമ്മെ പ്രകീര്‍ത്തിക്കുന്ന ജീവിതനിലവാരത്തിലേക്ക് കര്‍ത്താവ് നമ്മെ നയിക്കുന്നു.

പ്രതികരണങ്ങളില്‍ മാറ്റം
ജോഷ്വാ 1/9ല്‍ വചനം ഇങ്ങനെ പറയുന്നു: ”നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.” ചില പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പഴയ മനോഭാവത്തോടുകൂടിയല്ല ഇപ്പോള്‍ പ്രതികരിക്കുന്നത്. ക്രിസ്തുവിന്റെ കണ്ണിലൂടെ നോക്കിക്കണ്ട് തീരുമാനം എടുക്കുന്ന തലത്തിലേക്ക് നാം എത്തിച്ചേരുന്നു. പെട്ടെന്ന് പ്രതികരിക്കുന്നില്ല. അതുമൂലം കോപം പതുക്കെ ശാന്തമാകുന്നു. നമ്മുടെകൂടെ ദൈവം ഉണ്ടെന്നുള്ള ശക്തമായൊരു ഉറപ്പാണ് പ്രതികരണത്തിലുള്ള ഈ മാറ്റത്തിലേക്ക് നമ്മെ എത്തിക്കുന്നത്. എന്ത് സംസാരിക്കേണ്ടിവന്നാലും, എന്ത് കേള്‍ക്കേണ്ടി വന്നാലും എന്തു കാര്യത്തില്‍ ഇടപെടേണ്ടിവന്നാലും എന്റെകൂടെ ദൈവം ഉണ്ട് എന്നൊരു ശക്തമായ വിശ്വാസത്തിന്റെ അഭിഷേകം കര്‍ത്താവ് തരുന്നതിലൂടെയാണ് ഈ മാറ്റം സംഭവിക്കുന്നത്.

സമാധാനപൂര്‍ണമായ ഉറക്കം
സങ്കീര്‍ത്തകന്‍ 4/8: ”ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്‍കുന്നത്.” ഏറെ ധനം സമ്പാദിക്കുന്നതിനെക്കാളും, ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെക്കാളുമെല്ലാം, ജീവിതവിജയത്തിന്റെ അടയാളമായി നാം കാണേണ്ടത് സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ എന്നതാണ്. അങ്ങനെയുള്ള ഉറക്കം കര്‍ത്താവ് തരുന്നുണ്ട്. അത് വലിയൊരു ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്.

ആകുലതകളൊഴിഞ്ഞ ജീവിതം
എന്റെ ഈശോയോട് ഭൗതികമായ ഒരു കാര്യം ചോദിച്ചിട്ട് വര്‍ഷങ്ങളായി. നീ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. നിനക്ക് വേണ്ടതെല്ലാം ഞാന്‍ കൂട്ടിച്ചേര്‍ത്തുതരും (മത്തായി 6/33) എന്ന് വചനം പറയുന്നുണ്ടല്ലോ. ദൈവത്തോടുകൂടി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൗതികമായ കാര്യങ്ങളെല്ലാം ദൈവം മനോഹരമായി നടത്തിത്തരുന്നു. അതിനാല്‍ വലിയ ആകുലതകളൊന്നും ഇല്ല. കുഞ്ഞുങ്ങള്‍ ഉണ്ടായപ്പോഴും അവര്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയപ്പോഴും അതനുസരിച്ച് ജോലിയില്‍ ശമ്പളവര്‍ധനവ് നല്‍കി ദൈവം അനുഗ്രഹിക്കുന്നു. സകലതും ദൈവം അവന്റെ മക്കള്‍ക്കായി നല്കുമ്പോള്‍ നമ്മള്‍ പിന്നെ എന്തിന് ആകുലപ്പെടണം?

സന്തോഷപ്രദമായ ജീവിതം
വൈകിട്ട് നന്ദി പറഞ്ഞ് കിടക്കാന്‍ തക്കവണ്ണം അത്ഭുതകരമായ പ്രവൃത്തികള്‍ ഓരോ ദിവസവും കര്‍ത്താവ് ചെയ്യുന്നു. സങ്കീര്‍ത്തനം 92/4: ”കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അത്ഭുതപ്രവൃത്തി കണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു.” ഈയടുത്ത ദിവസങ്ങളിലുണ്ടായ ഒരു സംഭവം – വേദപാഠം കഴിഞ്ഞ് കുഞ്ഞിനെ വിളിക്കാനായി ചെന്നുനിന്നപ്പോള്‍ അവിടെ വചനാഗ്നി കണ്‍വന്‍ഷന്‍ നടക്കുകയാണ്. സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ അവിടെ തനിയെ നില്‍ക്കുന്നു. ഒരിക്കലും അച്ചനെ അങ്ങനെ കാണാന്‍ കിട്ടാറില്ല. അതിനാല്‍ പെട്ടെന്ന് ഞാനും ഭാര്യയും ഇളയ കുഞ്ഞുംകൂടി അച്ചന്റെ അടുത്ത് പോയി പ്രാര്‍ത്ഥിച്ചു. കുറെ നാളത്തെ ഒരു ആഗ്രഹമായിരുന്നു അച്ചനെ ഒന്ന് ആലിംഗനം ചെയ്യണം എന്നത്. അന്ന് എനിക്കതിന് അവരം ലഭിച്ചു. അച്ചന്റെ സ്‌നേഹചുംബനം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായി. അതെത്രയോ വലിയൊരു സന്തോഷമായിരുന്നെന്നോ! വാസ്തവത്തില്‍ നമ്മുടെ ചെറുതും വലുതുമായ ആഗ്രഹങ്ങളിലും ആവശ്യങ്ങളിലും ഇടപെടുന്ന ഒരു ദൈവമുള്ളപ്പോള്‍ എങ്ങനെ സന്തോഷിക്കാതിരിക്കും?

ആരോഗ്യത്തിലെ മാറ്റം
1 തിമോത്തിയോസ് 4/8 ല്‍ പറയുന്നു: ”ശാരീരികമായ പരിശീലനംകൊണ്ട് കുറച്ച് പ്രയോജനമുണ്ട്. എന്നാല്‍ ആത്മീയത എല്ലാ വിധത്തിലും വിലയുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ അത് ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.” ചിട്ടയുള്ള ഒരു ആത്മീയ ജീവിതം (പ്രാര്‍ത്ഥനാജീവിതം) നയിക്കാന്‍ തുടങ്ങിയാല്‍, കഴിക്കുന്ന ഭക്ഷണത്തില്‍വരെ മാറ്റമുണ്ടാകുമല്ലോ. ചിലതെല്ലാം വേണ്ടെന്നു വയ്ക്കാന്‍ നമുക്ക് തോന്നും. പച്ചക്കറികള്‍പോലെ ചിലതെല്ലാം കൂടുതലായി കഴിക്കാന്‍ തുടങ്ങും. അതിലൂടെതന്നെ ആരോഗ്യത്തില്‍ നല്ല മാറ്റം വരുന്നതായി കാണുന്നു.

രോഗപ്രതിരോധശേഷി
രോഗങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന പ്രതിരോധശേഷി വര്‍ധിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഇതിനായി എന്നെ കൂടുതല്‍ സഹായിക്കുന്നത് പരിശുദ്ധ കുര്‍ബാനയാണ്. നിരന്തരമായിട്ടുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ കുടുംബത്തില്‍നിന്നും പകര്‍ച്ചവ്യാധികള്‍പോലുള്ള പലവിധ അസുഖങ്ങളും മാറിനില്‍ക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. ജറെമിയ 30/17: ”ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്കും”
ഓര്‍മശക്തിയുടെ വര്‍ധനവ്
വേണ്ട സമയത്ത് ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നു. ഇതിനായി എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളത് പരിശുദ്ധ അമ്മയുടെ ജപമാലയാണ്. ബോധജ്ഞാനത്തിന്റെ സിംഹാസനമാണല്ലോ പരിശുദ്ധ അമ്മ.

സമയക്രമീകരണം
പ്രഭാഷകന്‍ 51/30 ”നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിനക്ക് പ്രതിഫലം നല്‍കും.” രാവിലെ നേരത്തെ എഴുന്നേല്‍ക്കാനും വിശുദ്ധബലിക്ക് പോകാനും തുടര്‍ന്ന് ജോലിക്ക് പോകാനും സമയം ക്രമീകരിച്ചുകിട്ടുന്നു. ജോലികഴിഞ്ഞ് യഥാസമയം വീട്ടില്‍ വരാനും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും നേരത്തേ കിടക്കാനും എല്ലാം സാധിക്കുന്ന വിധത്തില്‍ സമയം ക്രമീകരിക്കപ്പെടുന്നു. ജോലിമേഖലകളില്‍ അന്നന്ന് ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ അന്നന്നുതന്നെ ചെയ്തുതീര്‍ക്കാനും ദൈവം കൃപ തരുന്നു.

ജോര്‍ജ് ജോസഫ്