ആച്ചീ, ഞാന്‍തന്നെയല്ലേ സൂപ്പര്‍?! – Shalom Times Shalom Times |
Welcome to Shalom Times

ആച്ചീ, ഞാന്‍തന്നെയല്ലേ സൂപ്പര്‍?!

എന്റെ മൂത്തമകന്‍ മനുവിന്റെ കുട്ടികളാണ് ജിയന്നയും ഹന്നയും. എന്നെയവര്‍ ആച്ചീയെന്നാണ് വിളിക്കുന്നത്. രണ്ടുപേരും തമ്മില്‍ ഒരു വയസിന്റെ പ്രായവ്യത്യാസം. അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ കളിപ്പാട്ടങ്ങള്‍ക്കുവേണ്ടിയും മറ്റും കൊച്ചുകൊച്ചു തമ്മിത്തല്ലുകള്‍ ഇവരുടെ ഇടയില്‍ ഉണ്ടായിരുന്നു. ഈ തമ്മിത്തല്ലുകള്‍ പരിഹരിക്കാനെന്നവണ്ണം ഞാന്‍ രണ്ടുപേരെയും കഞ്ഞിയും കറിയും വയ്ക്കാന്‍ ഏല്‍പിക്കും. സൂപ്പറായിട്ട് കറികള്‍ വയ്ക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യും.

അങ്ങനെയൊരു ദിവസം അവര്‍ രണ്ടുപേരും കഞ്ഞിയും കറിയും വച്ച് കളിക്കുകയാണ്. കഞ്ഞിയും കറിയും വച്ച് കളിക്കാനുള്ള ചിരട്ടകളും ഞാനവര്‍ക്ക് സംഘടിപ്പിച്ചുകൊടുത്തു. രണ്ടുപേരും വളരെ ഗൗരവത്തോടെ പാചകം ചെയ്യുകയാണ്. ഒരാള്‍ സാമ്പാര്‍, മറ്റേയാള്‍ ചിക്കന്‍കറി. ചിരട്ടയില്‍ പച്ചിലകള്‍ മുറിച്ചിട്ട് വെള്ളവും ഒഴിച്ച് ചുള്ളിക്കമ്പുകള്‍കൊണ്ട് സ്പൂണ്‍ ഉണ്ടാക്കി ഇളക്കി ഹന്ന ചിക്കന്‍കറിയും ജിയന്ന സാമ്പാറും വളരെ ശ്രദ്ധയോടെ വയ്ക്കുകയാണ്. പാചകം പൂര്‍ത്തിയാക്കി രണ്ടുപേരും എന്റെയടുത്ത് ടേസ്റ്റ് ചെയ്ത് അഭിപ്രായം ആരായാനും സമ്മാനം മേടിക്കാനും വന്നു. ആരുടേതാണ് സൂപ്പറെന്ന് രണ്ടുപേര്‍ക്കും അറിയണം. സമ്മാനവും കിട്ടണം.

ജിയന്നയാണ് ആദ്യമായി താന്‍ വച്ച സാമ്പാറുമായി എന്റെയടുത്തെത്തുന്നത്. ഞാനത് ടേസ്റ്റു ചെയ്തു നോക്കുന്നതുപോലെ അഭിനയിച്ചിട്ട് ഇപ്രകാരം പറഞ്ഞു ”ജിന്നൂട്ടീ, ഇത് സൂപ്പറായിട്ടുണ്ടല്ലോ. ഇന്ന് ആച്ചി ഇതുകൂട്ടിയാണ് ചോറുണ്ണുന്നത്.” ഇതു പറഞ്ഞതും ഹന്നൂട്ടി തന്റെ ചിക്കന്‍കറിയുമായി വന്നു. അതും ടേസ്റ്റ് ചെയ്തിട്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി ”ഇത് അതിനെക്കാളും സൂപ്പര്‍.” രണ്ടുപേര്‍ക്കും സമ്മാനമുണ്ട്. ഇതു കേട്ടതും ജിയന്ന ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കാരണമെന്താണെന്ന് എനിക്ക് പിടികിട്ടിയില്ല. ഞാനവളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചിട്ട് കരച്ചിലിന്റെ കാരണം തിരക്കിയപ്പോള്‍ അവള്‍ പറയുകയാണ് ”ആച്ചി പറഞ്ഞില്ലേ, ഹന്നൂട്ടിയുടെ ചിക്കന്‍കറി അതിലും സൂപ്പറാണ് എന്ന്. ഹന്നൂട്ടിക്കും എന്റെയൊപ്പം സൂപ്പര്‍ മതി. അതിനെക്കാള്‍ കൂടുതല്‍ സൂപ്പര്‍ വേണ്ട. ഞാനിത് സമ്മതിക്കുകയില്ല.

” അപ്പോഴാണ് സംഗതിയുടെ കിടപ്പ് ഞാന്‍ മനസിലാക്കുന്നത്. അപ്പോള്‍ ഞാന്‍ വാക്കുകള്‍ ഒന്നു പരിഷ്‌കരിച്ചു. ജിന്നൂട്ടിയുടെ സാമ്പാര്‍ വെരി സൂപ്പര്‍, ഹന്നൂട്ടിയുടെ ചിക്കന്‍കറിയും വെരി സൂപ്പര്‍. രണ്ടുപേരുംകൂടി ഒന്നിച്ചുവച്ച ചോറ് വെരി വെരി സൂപ്പര്‍. അതുകേട്ടപ്പോള്‍ രണ്ടുപേര്‍ക്കും സമാധാനമായി. ജിയന്ന കരച്ചില്‍ നിര്‍ത്തി. രണ്ടുപേരും ചിരിച്ചുകൊണ്ട് സമ്മാനവും സ്വീകരിച്ച് മറ്റെല്ലാവരെയും തങ്ങളുടെ കറികള്‍ കാണിക്കുവാനും ടേസ്റ്റ് ചെയ്യിക്കുവാനും പോയി.

ജിന്നൂട്ടിയും ഹന്നൂട്ടിയും നമ്മുടെ ജീവിതത്തില്‍
ഈ ജിന്നൂട്ടി നമ്മുടെ ജീവിതത്തിലുമില്ലേ? അതിനെക്കാളും സൂപ്പര്‍ എന്ന എന്റെ പ്രയോഗമാണ് ജിന്നൂട്ടിയില്‍ പ്രതിഷേധവും കരച്ചിലും ഉണ്ടാക്കിയത്. മറ്റൊരാളുടെ ജീവനം അല്ലെങ്കില്‍ പ്രയത്‌നഫലം അതുമല്ലെങ്കില്‍ കഴിവുകള്‍ എന്റേതിനെക്കാള്‍ വിലമതിക്കപ്പെടുന്നുവെന്ന് ഫീല്‍ ചെയ്യുമ്പോഴാണ് നാം അസ്വസ്ഥരാകുന്നതും പ്രശ്‌നമുണ്ടാക്കുന്നതും. ഒരുപക്ഷേ നാം ജിന്നൂട്ടിയെപ്പോലെ കാറി നിലവിളിക്കുകയില്ലായിരിക്കാം. പക്ഷേ ഞാനിത് സമ്മതിക്കുകയില്ല എന്ന നിലപാട് മറ്റാരുമറിയാതെ നമ്മുടെ മനസില്‍ എടുക്കുന്നു. നമ്മുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലുമൊക്കെ അതു പ്രകടമാക്കുകയും ചെയ്യുന്നു. അവിടെയൊക്കെ ”ഹന്നൂട്ടിക്കും ജിയന്നയുടെയൊപ്പം സൂപ്പറു മതി” എന്ന് നാമറിയാതെ നാം പറഞ്ഞുപോകുകയാണ്.

ദാവീദും സാവൂളും നമ്മുടെ
ജീവിതത്തില്‍
ഇസ്രായേലിന്റെ ചരിത്രത്തിലെ ആദ്യത്തെ രാജാവ് സാവൂളായിരുന്നു. അവന്‍ കഴിവുറ്റവനും യുദ്ധവീരനുമായിരുന്നു. പല യുദ്ധങ്ങള്‍ക്കും അവന്‍ നേതൃത്വം നല്‍കുകയും ഇസ്രായേലിനെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവനെയും ദൈവംതന്നെ തിരഞ്ഞെടുത്തതുമാണ്. എന്നാല്‍ അവന്‍ അഹങ്കാരത്തോടെ ദൈവസന്നിധിയില്‍ അനുസരണക്കേടു കാണിച്ചതിനാല്‍ ദൈവം അവനെ രാജസിംഹാസനത്തില്‍നിന്നും മാറ്റി രാജത്വം സാവൂളിന്റെ ഒരു പ്രജമാത്രമായ ദാവീദിനു നല്‍കി. ഇസ്രായേല്‍ജനത്തിനുനേരെ സംഹാരതാണ്ഡവമാടി പാഞ്ഞടുത്ത ഫിലിസ്ത്യ മല്ലനായ ഗോലിയാത്തിനെ തറപറ്റിക്കാന്‍ ദാവീദിനെയാണ് ദൈവം അഭിഷേകം ചെയ്തത്. ദാവീദ് കവണിയില്‍ വെറുമൊരു പാറക്കല്ലു ചേര്‍ത്തുവച്ച് എയ്തപ്പോള്‍ ആ ചെറിയ പാറക്കല്ല് ഗോലിയാത്തിന്റെ തലയടിച്ചു തകര്‍ത്തു. തന്റെ പ്രജയായ ദാവീദിന്റെ ആ വീര്യപ്രവൃത്തിയില്‍ രാജാവായ സാവൂളും അതീവ സന്തുഷ്ടനായിരുന്നു. സാവൂള്‍ അവനെ അംഗീകരിച്ചാദരിച്ച് തന്റെ പടത്തലവനായി നിയോഗിച്ചു. അതുവരെ രാജാവായ സാവൂളും അവന്റെ പ്രജയും പടത്തലവനുമായ ദാവീദും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.

ചരിത്രം വഴിമാറുന്നു
ദാവീദ് ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം മടങ്ങിവരുമ്പോള്‍ എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ രാജാവായ സാവൂളിനെ എതിരേറ്റു. അവര്‍ മതിമറന്നു പാടി ”സാവൂള്‍ ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളെയും.” ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല. കോപാകുലനായ അവന്‍ പറഞ്ഞു. അവര്‍ ദാവീദിന് പതിനായിരങ്ങള്‍ കൊടുത്തു. എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്? അന്നുമുതല്‍ സാവൂള്‍ ദാവീദിനെ വധിക്കാന്‍ തക്കംപാര്‍ത്തിരുന്നു.

ജീവരക്ഷാര്‍ത്ഥം കൊട്ടാരം വിട്ടോടിയ ദാവീദിനെ സാവൂള്‍ സൈന്യസന്നാഹങ്ങളോടെ പിന്‍തുടര്‍ന്ന് വധിക്കുവാന്‍ ശ്രമിക്കുന്നു. ദാവീദ് ദൈവകരങ്ങളാല്‍ സംവഹിക്കപ്പെട്ട് രക്ഷപ്പെടുന്നു. ദാവീദിന്റെ അസാന്നിധ്യത്തില്‍ ഫിലിസ്ത്യര്‍ വീണ്ടും ഇസ്രായേലിനെ ആക്രമിക്കുന്നു. ഇസ്രായേല്യര്‍ ആ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെട്ട് മരിച്ചുവീഴുന്നു. മരണം ഉറപ്പായപ്പോള്‍ സാവൂള്‍ അപമാനഭാരം താങ്ങാനാവാതെ സ്വന്തം വായ്ത്തലയില്‍ വീണുമരിക്കുന്നു. സാവൂളിന്റെ പുത്രന്മാരും പിന്നാലെ വധിക്കപ്പെടുന്നു. ആരും രക്ഷിക്കുവാനില്ലാതെ ഇസ്രായേല്‍ ഫിലിസ്ത്യരുടെ മുമ്പില്‍ കീഴടങ്ങുന്നു. ഫിലിസ്ത്യര്‍ അവരെ കീഴടക്കുന്നു! ചരിത്രം വഴിമാറി എഴുതപ്പെടുന്നു!

സാവൂളിനെക്കാള്‍ സൂപ്പര്‍ ദാവീദ്
സാവൂളിന് ദാവീദിനെ തുടക്കത്തില്‍ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവനെ തന്റെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചതും പടത്തലവനായി നിയമിച്ചതും. എന്നാല്‍ ഇസ്രായേല്‍ വനിതകളുടെ വീണ്ടുവിചാരമില്ലാത്ത ആ ഒറ്റ പാട്ടാണ് സാവൂളിനെ ദാവീദിന്റെ ശത്രുവാക്കി മാറ്റിയത്. ആ വാക്കുകള്‍ സാവൂളില്‍ ഉറങ്ങിക്കിടന്ന അസൂയയെ തട്ടിയുണര്‍ത്തി. ”സാവൂള്‍ ആയിരങ്ങളെ കൊന്നു. ദാവീദ് പതിനായിരങ്ങളെയും.” കുട്ടികളുടെ ഭാഷയില്‍ പറഞ്ഞാല്‍ സാവൂള്‍ രാജാവ് സൂപ്പര്‍! ദാവീദാകട്ടെ വെരി വെരി സൂപ്പര്‍!! ഫലമോ ദാവീദിനെ കൊല്ലാന്‍വേണ്ടി ഓടിച്ചു പിന്‍തുടര്‍ന്ന സാവൂളിന് സ്വന്തം വാള്‍മുനയില്‍ വീണു മരിക്കേണ്ടതായി വന്നു. ദൈവത്തിന്റെ ജനമായ ഇസ്രായേല്‍ ഫിലിസ്ത്യരുടെ കിരാതഭരണത്തിന്റെ കീഴിലുമായി.

നമ്മുടെയുള്ളിലും ഒരു സാവൂള്‍!
ഈ കഥ വായിക്കുന്ന അനേകര്‍ വിരല്‍ചൂണ്ടുന്നത് സ്വാഭാവികമായും നമ്മുടെ അറിവില്‍പ്പെട്ട പല സാവൂളുമാരിലേക്കും ആയിരിക്കാം. എന്നാല്‍ നാം പലര്‍ക്കുനേരെ ചൂണ്ടുന്ന ചൂണ്ടുവിരല്‍ നമ്മുടെ നെഞ്ചിനുനേരെ ചൂണ്ടാന്‍ മനസായാല്‍ ഇന്ന് ഇവിടെ ചരിത്രം വീണ്ടും വഴിതിരിയും. നമ്മുടെയുള്ളിലെ സാവൂളിനെ കണ്ടെത്തി പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അവനെ വകവരുത്താന്‍ തയാറായാല്‍ ചരിത്രം വീണ്ടും വഴിമാറും. ഇവിടെ ദൈവത്തിന്റെ വിജയവും ദൈവജനത്തിന്റെ വിജയവും അരങ്ങേറും.

യാക്കോബിന്റെ മക്കളിലും
ഒരു സാവൂള്‍
യാക്കോബു പിതാവിന്റെ മക്കള്‍ സ്വസഹോദരനായ ജോസഫിനെ കൊല്ലാന്‍ ശ്രമിക്കുന്നതും പൊട്ടക്കിണറ്റിലെറിയുന്നതും ഇസ്മായേല്യര്‍ക്കു വില്‍ക്കുന്നതും എല്ലാം ഈയൊരു സാവൂളിന്റെ അരൂപിയാല്‍ പ്രേരിതരായിട്ടത്രേ! സ്വന്ത പിതാവിനാലും ദൈവത്താലും അംഗീകരിക്കപ്പെട്ട ജോസഫ് വെരി വെരി സൂപ്പറാണെന്ന് യാക്കോബുപിതാവിന്റെ മറ്റു മക്കള്‍ക്കു തോന്നി. ആ തോന്നലാണ് ജോസഫിനോട് ആ ഹീനകൃത്യങ്ങളെല്ലാം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. പക്ഷേ നല്ലവനായ ദൈവം അതെല്ലാം നന്മയ്ക്കായി പരിണമിപ്പിച്ചു. ദൈവജനമെന്ന് അഭിമാനിക്കുന്ന നമ്മുടെ ഹൃദയത്തിലുമുണ്ടാകാം ഇതുപോലെയുള്ള സാവൂളുമാര്‍. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ അതിനെ കണ്ടെത്തി വധിക്കുവാന്‍ തയാറായാല്‍ അതായിരിക്കും നമ്മുടെ വ്യക്തിജീവിതത്തിലെതന്നെയല്ല, സഭയുടെ ചരിത്രത്തിലെ തന്നെയും നിര്‍ണായകമായ വഴിത്തിരിവ്!

വലിയ നോമ്പിന്റെ തുടക്കത്തില്‍ ഒരു തിരിഞ്ഞുനോട്ടം
യേശുവിന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും അനുസ്മരണത്തിന് മുന്നോടിയായി നാം അമ്പതുനോമ്പ് ആചരണത്തിലേക്ക് കടന്നുവന്നിരിക്കുകയാണല്ലോ. യേശുവിനെ ബന്ധിക്കുകയും പീഡിപ്പിക്കുകയും കുരിശില്‍ തറയ്ക്കുവാന്‍ ഇടവരുത്തുകയും ചെയ്തത് പ്രധാന പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ഫരിസേയ പ്രമുഖന്മാരുടെയും യേശുവിനോടുള്ള അസൂയ ഒന്നുമാത്രമാണ് എന്ന് തിരുവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ”എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിതപ്രമുഖന്മാര്‍ അവനെ ഏല്‍പിച്ചുകൊടുത്തെന്ന് അവന് (പീലാത്തോസിന്) അറിയാമായിരുന്നു” (മര്‍ക്കോസ് 15/10). അതായത് തങ്ങള്‍ വെറും സൂപ്പറും യേശു വെരി വെരി വെരി സൂപ്പറും ആണെന്നുള്ള തിരിച്ചറിവാണ് യേശുവിനെ കൊലപ്പെടുത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്.

വലിയ നോമ്പാചരണത്തിലൂടെ കടന്നുപോകുമ്പോള്‍ ഇങ്ങനെയൊരു വിപരീത അരൂപി നമ്മുടെ ഉള്ളില്‍ത്തന്നെ വസിക്കുന്നുണ്ടോയെന്ന് നാം നമ്മുടെ ഹൃദയത്തെത്തന്നെ വിവേചിച്ചു തിരിച്ചറിയേണ്ടിയിരിക്കുന്നു. ”ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്. ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്‍ക്കാണ് മനസിലാക്കാന്‍ കഴിയുക. കര്‍ത്താവായ ഞാന്‍ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും” (ജറെമിയ 17/9-10).
നമ്മുടെയൊക്കെ ഹൃദയങ്ങളിലും കുടുംബങ്ങളിലും മാത്രമല്ല സഭാഭരണത്തിന്റെ ഉള്ളറകളിലും നിലകൊള്ളുന്ന ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങളുടെയും പിന്നില്‍ ഈ ഒരു അസൂയയുടെ പോര്‍വിളികളല്ലേ മുഴങ്ങിക്കേള്‍ക്കുന്നത്? എന്നിട്ടും ഇതെല്ലാം ഉള്ളില്‍വച്ചുകൊണ്ട് ഒന്നു തിരിഞ്ഞുനോക്കുവാന്‍പോലും തയാറാകാതെ നാം മത്സ്യവും മാംസവും വര്‍ജിച്ചുകൊണ്ടും കുരിശിന്റെ വഴി ചൊല്ലിയും നോമ്പാചരണം നടത്തി സംതൃപ്തി അടയുന്നു.

അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു! കര്‍ത്താവ് തന്റെ വചനങ്ങളിലൂടെ നമ്മുടെനേരെ വിരല്‍ചൂണ്ടുന്നത് കാണുന്നില്ലേ? ”ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം? ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കുവിരിച്ച് ചാരവും വിതറി കിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിന് സ്വീകാര്യമായ ദിവസമെന്നും വിളിക്കുക? ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?” (ഏശയ്യാ 58/5-6). ഉപവാസം എന്ന വാക്ക് നോമ്പാചരണത്തെക്കുറിച്ചുംകൂടിയാണ് ദൈവത്തിന്റെ അരൂപി ഉപയോഗിച്ചിരിക്കുന്നത്.

അതിനാല്‍ ഈ നോമ്പാചരണത്തിന്റെ നാളുകളില്‍ നമ്മെത്തന്നെ യഥാര്‍ത്ഥത്തില്‍ കണ്ടെത്തുവാനുള്ള ദൈവാരൂപിയുടെ വിവേചനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നാമിപ്പോള്‍ ആയിരിക്കുന്ന അസൂയയും സ്പര്‍ദ്ധയും ഭിന്നതയും മാത്സര്യവും തര്‍ക്കവും വിഭാഗീയതയും നിറഞ്ഞ താഴ്ന്ന അവസ്ഥയില്‍നിന്നും ആയിരിക്കേണ്ടതും ഇനിയും നാം എത്തിച്ചേരേണ്ടതമായ ദൈവകൃപയുടെയും പുണ്യത്തിന്റെയും അവസ്ഥകളിലേക്ക് നമ്മുടെയൊക്കെ ജീവിതങ്ങള്‍ ഉയര്‍ത്തപ്പെടുവാന്‍വേണ്ടി പരിശുദ്ധാത്മാവിന്റെ സഹായം ചോദിച്ച് നമുക്ക് ഈ നോമ്പാചരണത്തിന്റെ കാലഘട്ടങ്ങളില്‍ പ്രാര്‍ത്ഥിക്കാം.

എല്ലാവരും എന്നില്‍ താഴെയോ എന്റെ ഒപ്പമോ മാത്രം സൂപ്പറായാല്‍ മതി, അതിനെക്കാളും ആകണ്ട. അതു ഞാന്‍ സമ്മതിക്കുകയില്ല എന്ന സങ്കുചിതമായ ഹൃദയഭാവങ്ങളുടെ വക്താക്കളാകാതെ, വളരുകയും പരസ്പരം വളര്‍ത്തുകയും ചെയ്യുന്നവരായി നമുക്ക് രൂപാന്തരപ്പെടാം. അതിനുള്ള കൃപ പരിശുദ്ധാത്മാവ് നമുക്ക് നല്‍കട്ടെ. ”ആവേ മരിയ.”

സ്റ്റെല്ല ബെന്നി