സെമിനാരിയിലെ ചില പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ കാലം. മനസ് വല്ലാതെ ഉലഞ്ഞുപോയ സമയമായിരുന്നു അത്. ‘ഈ ജീവിതം തുടരണമോ അതോ തിരികെ വീട്ടില്‍ പോകണമോ, ദൈവം ശരിക്കുമെന്നെ വിളിച്ചിട്ടുണ്ടോ, ഇതാണോ എന്റെ ശരിക്കുമുള്ള വിളി’ എന്നിങ്ങനെ ഒരായിരം ചോദ്യങ്ങള്‍ മനസില്‍ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരുന്നു. വല്ലാത്തൊരു ഭാരം നെഞ്ചില്‍ കയറ്റിവച്ചതുപോലെ. ചെയ്യുന്ന ജോലികളോടൊക്കെ ഒരു മടുപ്പ് തോന്നിത്തുടങ്ങി. ചുമതലപ്പെട്ടവര്‍ എന്തെങ്കിലും തിരുത്തിയാല്‍ അതിനെ മറുതലിക്കാനുള്ള പ്രവണത കൂടിക്കൊണ്ടിരുന്നു.
പതിയെപ്പതിയെ എന്റെ പ്രാര്‍ത്ഥനകള്‍ കുറഞ്ഞുതുടങ്ങി. അനുദിന വചനവായനയും മറ്റു വായനകളും എനിക്കൊരു ഭാരമായി തോന്നി. യാമപ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും സെമിനാരി ടൈംടേബിൡലുള്ള ഒരു ‘സംഭവം’ എന്നതിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു. അതേസമയം മനസിന്റെ മറുപാതിയില്‍നിന്ന് എന്നിലെ പഴയ ആത്മീയ മനുഷ്യന്റെ നിലവിളി എനിക്കു കേള്‍ക്കുകയും ചെയ്യാം. പക്ഷേ വീട്ടില്‍ പോകാനുള്ള ചിന്ത ശക്തമായിരുന്നതുകൊണ്ട്, ആ നിലവിളിയെ ഞാന്‍ അവഗണിക്കുകയാണുണ്ടായത്.
ഏകദേശം രണ്ടു മാസത്തോളം ഇതു തുടര്‍ന്നു. ഒടുവില്‍ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കാര്യങ്ങളെല്ലാം പറഞ്ഞു. മാതാപിതാക്കള്‍ എന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാനതൊന്നും ചെവിക്കൊണ്ടില്ല. വളരെ സങ്കടത്തോടെ അവര്‍ ഫോണ്‍ കട്ട് ചെയ്തു. ജപമാലമാസമായ ഒക്‌ടോബറിലെ അവസാന ദിവസമായിരുന്നു അന്ന്. ഫോണ്‍ തിരികെ വച്ചിട്ട് പള്ളിയിലേക്ക് പോയി.
ജപമാലയ്ക്കും കുര്‍ബാനയ്ക്കുംശേഷം മനസിന് ചെറിയൊരു ആശ്വാസം കിട്ടിയതുപോലെ തോന്നി. ഉള്ളില്‍നിന്നും അധികം ശബ്ദവും ബഹളവുമൊന്നും കേള്‍ക്കാതെയായി. അപ്പോഴും തീരുമാനം ശക്തമായിരുന്നു.
ആയിടക്കുതന്നെ മറ്റൊരു സംഭവം ഉണ്ടായി. എന്റെ ഡയറിയെടുത്ത് വെറുതെ പേജുകള്‍ മറിച്ചുപോകുന്നതിനിടയില്‍ മുമ്പെപ്പോഴോ ഞാനെഴുതിയ ഒരു ലേഖനം. ഒന്നു ‘നൊസ്റ്റാള്‍ജിക്’ ആകാന്‍വേണ്ടി ഞാനതു വായിച്ചു. ഒരു വചനമായിരുന്നു ലേഖനത്തിന്റെ അവസാനം എഴുതിയിരുന്നത്: ”എങ്കിലും നിനക്കെതിരെ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു. അതിനാല്‍ നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്ന് ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക” (വെളിപാട് 2/4-5). പെട്ടെന്ന് കുറച്ചുനാള്‍ മുമ്പ് ഉണ്ടായ സംഭവം ഓര്‍ത്തു.
വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം പള്ളി അടയ്ക്കുന്നതുകൊണ്ട് ഡോര്‍മിറ്ററിയുടെ ടെറസില്‍ കയറി പള്ളിയെ നോക്കി വെറുതെ നില്‍ക്കുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. കുറച്ചുനാള്‍മുമ്പ് അങ്ങനെ നിന്നപ്പോള്‍ മനസിലേക്ക് ഒരു വചനഭാഗം കടന്നുവന്നു. പിന്നീട് വായിക്കാമെന്നു വിചാരിച്ചു. പക്ഷേ, ഞാനതു മറന്നുപോയി. ആ വചനമാണ് ലേഖനത്തിനൊടുവില്‍ എഴുതിയിരിക്കുന്നത്.
പ്രസ്തുത വചനം വായിച്ചപ്പോഴേക്കും എന്തെന്നില്ലാത്ത ഒരു പശ്ചാത്താപം എന്നില്‍ നിറഞ്ഞു. വെളിപാടിന്റെ പുസ്തകത്തിലെ ഈ വചനം ദൈവത്തിന്റെ ഒരു പരാതിയാണ്. ആയിരം കാര്യങ്ങള്‍ക്കുവേണ്ടി നാം ദൈവത്തോട് പരാതിപ്പെടുമ്പോള്‍ ഒരൊറ്റ കാര്യത്തിനുവേണ്ടി മാത്രമാണ് അവിടുന്ന് നമ്മോട് പരാതി പറയുന്നത്, സ്‌നേഹത്തിനുവേണ്ടി!
സ്‌നേഹമാണ് നമ്മുടെ ആത്മീയതയുടെ അളവുകോല്‍. സ്‌നേഹം നഷ്ടപ്പെടുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളല്ലാതെ ഈ ലോകത്ത് മറ്റൊന്നും പ്രത്യേകമായി സംഭവിക്കുന്നില്ല. നമ്മിലെ നവീകരിക്കപ്പെടേണ്ട ആത്മീയതലവും അതുതന്നെയാണ്. സ്‌നേഹത്തെ നവീകരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാതൃക യേശുവും പത്രോസ് അപ്പസ്‌തോലനും തമ്മിലുള്ള സംഭാഷണമാണ്. ‘നീ എന്നെ സ്‌നേഹിക്കുന്നുവോ?’ എന്ന യേശുവിന്റെ ചോദ്യത്തെ രണ്ടുവട്ടം മറികടക്കുന്ന പത്രോസ്, മൂന്നാം വട്ടം നിസഹായനാവുകയാണ്. ”കര്‍ത്താവേ നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു” (യോഹന്നാന്‍ 21/17).
അതെ, എല്ലാമറിഞ്ഞുകൊണ്ടാണ് ദൈവം നമ്മെ സ്‌നേഹിക്കുന്നതും പ്രതിസന്ധികള്‍ നല്‍കുന്നതും. എന്നാല്‍ അധികമാരും അത് മനസിലാക്കുന്നില്ല. സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുക എന്നത് ദൈവത്തിന്റെ ഒരു പ്രത്യേകതയാണ്. അത് അവിടുന്ന് ‘സാഡിസ്റ്റ്’ ആയതുകൊണ്ടല്ല, സ്‌നേഹത്തെ അളക്കാന്‍ അവിടുന്നുപയോഗിക്കുന്ന ഒരു തന്ത്രമാണത്. അതിലൂടെ ദൈവത്തെ സ്‌നേഹിക്കാനും ആത്മീയതയില്‍ ആഴപ്പെടാനും കല്പനകള്‍ പാലിക്കാനും നമുക്ക് കഴിയും.
പ്രതിസന്ധികളില്‍ പരാതിപ്പെടാതെ സ്‌നേഹിച്ചും അനുഗമിച്ചും അവിടുത്തെ പരാതി തീര്‍പ്പാക്കണം. അതുവഴി വരാനിരിക്കുന്ന പ്രതികൂലങ്ങളെ മറികടക്കാനുള്ള കരുത്ത് നേടിയെടുക്കണം. അധഃപതിച്ചുപോയ അവസ്ഥയില്‍നിന്ന് ആദ്യത്തെ ഉത്സാഹത്തിലേക്ക് തിരികെയെത്തുമ്പോള്‍ നമുക്ക് ദൈവത്തോടുള്ള സ്‌നേഹം അളവില്ലാത്തതാകും. വിശുദ്ധ പത്രോസിനെപ്പോലെ മൂന്നല്ല ജീവിതം മുഴുവനും ”ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു” എന്നു പറയാനും ആ സ്‌നേഹം ജീവിക്കാനും നമുക്ക് സാധിക്കും. ”സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല” (1 കോറിന്തോസ് 13/8).
ബ്രദര്‍ ആന്‍സന്‍ ജോസ്