സ്വന്തമാക്കൂ, ഈ ‘കോണ്‍ഫിഡന്‍സ്!’ – Shalom Times Shalom Times |
Welcome to Shalom Times

സ്വന്തമാക്കൂ, ഈ ‘കോണ്‍ഫിഡന്‍സ്!’

രാവിലെ ഏകദേശം ആറ് മണിയോടെ ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്തിന്റെ സന്ദേശം വാട്ട്‌സ് ആപ്പില്‍ ലഭിച്ചു. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. അവളുടെ മകന് വാഹനാപകടം ഉണ്ടായി എന്നും തലയ്ക്ക് വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞു ഐ.സി.യുവില്‍ കിടക്കുകയാണെന്നും പറഞ്ഞു. എട്ടു ദിവസങ്ങളോളം കഴിഞ്ഞിട്ടും യാതൊരു വിധത്തിലുള്ള പുരോഗതിയും ഇല്ലെന്ന് പങ്കുവയ്ക്കുമ്പോള്‍ അവള്‍ കരയുകയാണെന്ന് മനസിലായി. മകന്‍ ആരെയും തിരിച്ചറിയുന്നില്ലെന്നുള്ളത് കൂടുതല്‍ വേദന ഉളവാക്കി.

ഉടനെ അവളെ വിളിച്ചു. ഞാന്‍ ദുബായില്‍നിന്ന് അവധിക്ക് കേരളത്തിലെത്തിയ സമയമായിരുന്നു. ഫോണിലൂടെ അവളെ ആശ്വസിപ്പിച്ചു. പ്രാര്‍ത്ഥനകള്‍ ഉറപ്പു നല്‍കി. ഈശോയോട് ഞാന്‍ സങ്കടപ്പെട്ടു, ”എന്താ ഈശോയേ, ഇങ്ങനെ? അവന്‍ അപകടത്തില്‍ പെടുമ്പോള്‍ നീ എവിടെ ആയിരുന്നു?” ഈശോയുടെ സ്ഥായിഭാവമായ നിശബ്ദത തുടര്‍ന്നു. എന്നാല്‍ ഉച്ചയോടെ ഈശോ ഹൃദയത്തില്‍ ഒരു പ്രേരണ നല്‍കി, ആശുപത്രിയിലേക്ക് പോകാന്‍. വാശിക്കാരി ആയതിനാല്‍ ഈശോയോട് ചെറിയൊരു തര്‍ക്കം.

”അങ്ങോട്ട് പോയിട്ടെന്തിനാ? ഐ.സി.യുവില്‍ കയറാന്‍ എനിക്ക് കഴിയില്ലല്ലോ? രാവിലെ ഞാന്‍ ചോദിച്ചപ്പോള്‍ എന്തൊരു ജാഡ ആയിരുന്നു… ഇപ്പോള്‍ എന്നോടെന്തിനാ പോകാന്‍ പറയുന്നത്?”
ഈശോ കൂടുതല്‍ ഒന്നും സംസാരിച്ചില്ല. ആശുപത്രിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഈശോയെ ഉത്തരം മുട്ടിച്ചെന്ന ഭാവത്തില്‍ ആശുപത്രിയിലേക്ക് യാത്രയായി. കാറില്‍ പിന്‍സീറ്റില്‍ കിടന്നുകൊണ്ടാണ് യാത്ര, ഇരിക്കാന്‍ സാധിക്കാത്തതിനാല്‍.

ആശുപത്രിയില്‍ എത്തി. മുകളിലെ നിലയിലേക്ക് പോയി. ഐ.സി.യുവിന്റെ മുന്‍പില്‍ കരഞ്ഞു തളര്‍ന്ന ഒരു അമ്മയെ ഞാന്‍ കണ്ടു. വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് അധികം രൂപമാറ്റം വരുത്തിയെന്ന് തോന്നിയില്ല. എന്നെ കണ്ടപ്പോള്‍ അവള്‍ ഓടി വന്നു. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്വന്തം മകന്റെ അവസ്ഥകള്‍ വിവരിക്കാന്‍ തുടങ്ങി. ഇടയ്‌ക്കെപ്പോഴോ എന്റെ കണ്ണുകള്‍ എന്നോട് സമ്മതം ചോദിക്കാതെ ഈറനണിഞ്ഞു.
ഏകദേശം ഒരു മണിക്കൂറോളം ഈശോയെക്കുറിച്ച് അവളോട് നിര്‍ത്താതെ സംസാരിച്ചു. വിശ്വാസം നഷ്ടപ്പെടുത്തരുത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. കാരണം എന്റെ നസ്രായന്‍ എവിടെയും തോറ്റുപോയിട്ടില്ല, വിശ്വസിക്കുന്നവരുടെ ജീവിതങ്ങളില്‍. വിശ്വാസമില്ലാത്ത മനുഷ്യരുടെ പട്ടണങ്ങളില്‍ ഈശോ കാര്യമായ അത്ഭുതങ്ങള്‍ ചെയ്തില്ല എന്ന് സുവിശേഷങ്ങളില്‍ നാം വായിച്ചിട്ടുണ്ടല്ലോ.

സംസാരത്തിനൊടുവില്‍ യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഈശോ പറയുകയാണ്, അവളുടെ മകനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍. അവിടുത്തെ പ്രേരണയാല്‍ ഐ.സി.യുവിന്റെ വാതിലിനു മുന്നിലേക്ക് അവള്‍ക്കൊപ്പം നടന്നു. ഒരുപാട് മനുഷ്യര്‍ അവിടെ ആശങ്കയില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. പല സ്‌പെഷ്യലിറ്റിയുടെ ഐ.സി.യുകള്‍ അവിടെ ഉണ്ടായിരുന്നു. നാനാ ജാതി മതസ്ഥര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വേദനയോടെ കാത്തിരിക്കുന്ന, തീവ്രദുഃഖം നിഴലിക്കുന്ന, ഒരു സ്ഥലം.

കയ്യില്‍ എപ്പോഴും കരുതുന്ന വലിയൊരു ക്രൂശിതരൂപം ബാഗില്‍നിന്ന് പുറത്തെടുത്തു. ഐ.സി.യുവിന്റെ വാതിലിനോട് ചേര്‍ന്നുള്ള ചുമരില്‍ ആ കുരിശുരൂപം ചേര്‍ത്ത് ഉയര്‍ത്തി പിടിച്ചു. ഈശോയോട് ഇങ്ങനെ പറഞ്ഞു, ”ഈശോയേ, ഐ.സി.യുവിന്റെ ഉള്‍വശം എനിക്ക് കാണാന്‍ സാധിക്കില്ല. ആ മകന്‍ എവിടെയാണ് കിടക്കുന്നതെന്നും എനിക്കറിയില്ല. കുറെ രോഗികള്‍ ഈ ചുവരിനപ്പുറം ജീവന് വേണ്ടി മല്ലടിക്കുന്നുണ്ടെന്നു മാത്രം മനസ്സിലാക്കുന്നു. ഇവിടെ നില്‍ക്കുന്ന നാനാ ജാതി മതസ്ഥരുടെ മുന്‍പില്‍ നിന്റെ നാമം മഹത്വപ്പെടാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സൗഖ്യത്തിന്റെ കരം അങ്ങ് നീട്ടണമേ.”

അല്‍പസമയം ഈശോയെ സ്തുതിച്ചു മഹത്വപ്പെടുത്തി. ഈശോയുടെ സാന്നിധ്യം അവിടെ അനുഭവപ്പെടാന്‍ തുടങ്ങി. കൊച്ചുകുഞ്ഞിനെപ്പോലെ ഞാന്‍ കരഞ്ഞുകൊണ്ട് നിന്നു. ഈശോ വന്നു എന്നറിഞ്ഞപ്പോള്‍ ഹൃദയത്തില്‍ ആശ്വാസം അനുഭവപ്പെട്ടു. കണ്ണുകള്‍ തുടച്ച് ഈശോയ്ക്ക് ഉമ്മ കൊടുത്തു ഞാന്‍ ഇറങ്ങി . അവിടെ നില്‍ക്കുന്ന ഒരുപാട് മനുഷ്യരും സെക്യൂരിറ്റിയും ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.
ജീവിതത്തില്‍ ആദ്യമായി ഈശോയെ വ്യത്യസ്ത വിശ്വാസം പുലര്‍ത്തുന്നവരുടെ മുന്നില്‍ ഏറ്റു പറഞ്ഞു എന്നൊരു തോന്നല്‍… തിരിച്ചുള്ള യാത്ര മുഴുവന്‍ ഈശോയുടെ സ്‌നേഹം ഹൃദയത്തില്‍ നിറഞ്ഞൊഴുകുകയായിരുന്നു, നിലയ്ക്കാത്ത കണ്ണീരിലൂടെ. ഈശോ പ്രകടമായ അത്ഭുതം ഒന്നും ചെയ്തില്ലെങ്കിലും അവിടുത്തെ ഏറ്റു പറയാന്‍ ലഭിച്ച അവസരത്തെ ഓര്‍ത്തു അവിടുത്തോട് നന്ദി പറഞ്ഞു. ”എന്നെ ആദരിക്കുന്നവരെ ഞാനും ആദരിക്കും” (1 സാമുവല്‍ 2/30).

തൊട്ടടുത്ത ദിവസം രാത്രിയില്‍ എന്റെ സുഹൃത്തിന്റെ കോള്‍ ലഭിച്ചു, ‘അല്പം പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചിട്ടുണ്ട്.’ രണ്ടാം ദിവസം കുറച്ചുകൂടെ മെച്ചപ്പെട്ടു. മൂന്നാം ദിവസം റൂമിലേക്ക് മാറ്റി. പിന്നീട് നാല് ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്നശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തി.
ജീവിതത്തിലെ പ്രതിസന്ധികളില്‍ തളര്‍ന്നു പോയാലും വിശ്വാസം മുറുകെ പിടിക്കണം. ഞാന്‍ എത്രയോ വലിയ പാപിയാണ് എന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ എന്ന് ചിന്തിച്ചു കൊണ്ട് നിരാശരായിരിക്കുന്ന അനേകരെ കണ്ടുമുട്ടിയിട്ടുണ്ട്. പ്രാര്‍ത്ഥിച്ചിട്ടും ഒന്നും സംഭവിച്ചില്ല എന്ന് പരാതിപ്പെടുന്നവരുമുണ്ട്. പ്രതീക്ഷയോ പ്രത്യാശയോ ഇല്ലാത്തവര്‍…

ഈശോയുമായുള്ള നമ്മുടെ വ്യക്തിപരമായ സ്‌നേഹബന്ധം ഒരിക്കലും യജമാനനും ദാസനും തമ്മിലുള്ളതല്ല, മറിച്ച് അപ്പനും മക്കളും തമ്മിലുള്ളതാണ്. ദാസന്‍ തനിക്ക് എന്ത് ലഭിക്കും എന്ന് മാത്രം ചിന്തിക്കുമ്പോള്‍ മക്കള്‍ അപ്പന് എന്ത് നല്‍കാം എന്ന് ചിന്തിക്കുന്നവരാണ്. നോഹ മദ്യപിക്കുമെന്നറിഞ്ഞിട്ടും യാക്കോബ് കള്ളം പറയുമെന്നറിഞ്ഞിട്ടും മോശ കൊലപാതകം ചെയ്യുമെന്നറിഞ്ഞിട്ടും യോനാ അനുസരണക്കേട് കാണിക്കുമെന്നറിഞ്ഞിട്ടും ദാവീദ് വ്യഭിചാരം ചെയ്യുമെന്നറിഞ്ഞിട്ടും പത്രോസ് തള്ളിപ്പറയുമെന്നറിഞ്ഞിട്ടും യൂദാസ് ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും സാവൂള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുമെന്നറിഞ്ഞിട്ടും ഇവരെയെല്ലാം ചങ്കോട് ചേര്‍ത്ത് നിര്‍ത്തി തിരഞ്ഞെടുത്തു സ്‌നേഹിച്ച ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹം നമ്മെ തേടുന്നു ആള്‍ക്കൂട്ടത്തിനിടയില്‍. ”ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8/35).

ഒരുപക്ഷേ നാം ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു വ്യക്തി കുറച്ചു നാളുകള്‍ക്കു ശേഷം നമ്മെ ചതിക്കുമെന്ന് മനസ്സിലായാല്‍ ആ നിമിഷം മുതല്‍ നമ്മുടെ സ്‌നേഹത്തിന്റെ അളവും ആഴവും ആത്മാര്‍ത്ഥതയും എല്ലാം മാറിമറിയും. ഒരിക്കലും പഴയ ഊഷ്മളത നിലനില്‍ക്കുകയില്ല. പക്ഷേ ഈശോയുടെ സ്‌നേഹം നമ്മുടെ എല്ലാ പോരായ്മകളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ്. നാം അവനെ വേദനിപ്പിക്കുമെന്നും തള്ളിപ്പറയുമെന്നും ഒറ്റപ്പെടുത്തുമെന്നും എല്ലാം അറിഞ്ഞുകൊണ്ടുതന്നെ ‘മകനേ, മകളേ, നീ എന്റേതാണ്’ എന്ന് പറയുന്ന കിടിലന്‍ ഡയലോഗ് ഉണ്ടല്ലോ. അത് നസ്രായന് മാത്രം സ്വന്തം.

എത്ര പാപം ചെയ്തു ഈശോയെ മുറിപ്പെടുത്തിയാലും അവനില്‍നിന്നും ദൂരെ ഓടി മറഞ്ഞാലും ഈശോക്ക് ഒരു വാക്ക് മാത്രമേ ഉള്ളൂ, ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” (യോഹന്നാന്‍ 14/1).
ധൂര്‍ത്തപുത്രനുവേണ്ടി കാത്തിരുന്ന് വിരുന്നൊരുക്കി സ്വീകരിച്ച, എന്നെയും ഓര്‍ക്കണമേ എന്ന് പറഞ്ഞ കള്ളന് പറുദീസ നല്‍കിയ, അവസാനം വന്നവനും മുഴുവന്‍ കൂലിനല്‍കിയ ദൈവത്തിന്റെ സ്‌നേഹം നമ്മെ ലഹരിയില്‍ ആഴ്ത്തട്ടെ. ചെങ്കടലുകള്‍ക്ക് മുന്‍പിലും നടുവിലും നമുക്കായി വഴി തുറക്കുമെന്ന വിശ്വാസം നമ്മില്‍ ആഴത്തില്‍ വേരൂന്നട്ടെ. അവനിലുള്ള വിശ്വാസമായിരിക്കട്ടെ നമ്മുടെ ‘കോണ്‍ഫിഡന്‍സ്.’

വിശ്വാസത്താല്‍ അവന്റെ സമയത്തിനായി കാത്തിരിക്കാം. ”താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു. നൂറു വയസ്സായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു.” (റോമാ 4/18-20).

ആന്‍ മരിയ ക്രിസ്റ്റീന