2024 നവംബര്‍ നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്‍സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന്‍ സെന്ററിലേക്ക് ട്രെയിന്‍ കയറുകയാണ്. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും വചനങ്ങള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞു വലിയ സന്തോഷത്തോടെ ഞങ്ങള്‍ യാത്രയില്‍ മുന്നോട്ടു പോയി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉത്തരേന്ത്യയില്‍ പോയി സുവിശേഷം പങ്കുവയ്ക്കുക എന്നത്. അത് സാധ്യമാകാന്‍ പോവുകയാണല്ലോ എന്ന വലിയ ഒരു ആനന്ദം ഹൃദയത്തില്‍ നിറഞ്ഞു.
ട്രെയിന്‍ കേരളം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചു. ട്രെയിനിലെ ഞങ്ങളുടെ പ്രാര്‍ത്ഥനയും സംസാരവും വചനവായനയും എല്ലാം മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളും സഹനങ്ങളും ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയുള്ളവരായി. ഈ സമയത്താണ് ആജാനുബാഹുവായ ഒരു മനുഷ്യന്‍ ഞങ്ങളെ നോക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധിച്ചത്. ഞങ്ങള്‍ പരസ്പരം പറഞ്ഞു, ‘ചിലപ്പോള്‍ ഒരു മതതീവ്രവാദി ആയിരിക്കും. നമ്മള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം.’ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്ലാ ധാരണയെയും അതിലംഘിച്ച് ആ വ്യക്തി ഞങ്ങളുടെ മുന്നില്‍ വന്ന് ഇരുന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി.
അയാള്‍ സ്വയം പരിചയപ്പെടുത്തി, ”എന്റെ പേര് അലോക് ഭണ്ഡാര. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്!” ഞാനും എന്റെ കൂട്ടുകാരനും വാസ്തവത്തില്‍ ആശ്വസിച്ചു. കാരണം ഞങ്ങള്‍ പ്രതീക്ഷിച്ച വലിയ ഒരു പ്രതിസന്ധി മാറിപ്പോയി. അലോക് മഹാരാഷ്ട്രയിലെ നാഗ്പൂരാണ് താമസിക്കുന്നത്. ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ ആയിരുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. പാപത്തിന്റെയും സഹനത്തിന്റെയും പാതയില്‍ക്കൂടി ഈ വ്യക്തി ഏറെ സഞ്ചരിച്ചിട്ടുണ്ട്. ആ സമയങ്ങളിലാണ് ഗ്രാമത്തിലുള്ള ഒരു ക്രൈസ്തവവിശ്വാസിയിലൂടെ യേശുവിനെക്കുറിച്ച് അറിയുന്നത്. അലോക് പറഞ്ഞത് ഇപ്രകാരമാണ്, യേശുവിനെ അറിഞ്ഞതിനുശേഷം എന്റെ ജീവിതം പകലും രാത്രിയുംപോലെ മാറിപ്പോയി. ഞാനിപ്പോള്‍ യഥാര്‍ത്ഥ ആനന്ദവും സമാധാനവും അനുഭവിക്കുന്നു. യേശുവിനെ അറിഞ്ഞതിനുശേഷം അലോക് ഭണ്ഡാരയുടെ ജീവിതത്തില്‍ രണ്ട് പ്രധാനപ്പെട്ട അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ആദ്യം കണ്ടത് മഞ്ഞുമലയില്‍…
ഈ സഹോദരന്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന സമയം. ജമ്മു കാശ്മീരില്‍ ഉള്ള മഞ്ഞുമലനിരകളിലൂടെ, ട്രക്ക് ഓടിച്ച് പോകുകയായിരുന്നു. കൂടെ മറ്റ് ഏഴ് പട്ടാളക്കാര്‍ ഉണ്ട്. നല്ല കാറ്റും മഞ്ഞുവീഴ്ചയും ഉള്ള സമയം. സമയം പാതിരാത്രി ആയതുകൊണ്ടും കാലാവസ്ഥ മോശമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിച്ചിരുന്നത്. പെട്ടെന്ന് ഒരു വലിയ ചുരത്തിന്റെ അടുത്ത് വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം വലിയ താഴ്ചയിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. മരണമാണ് മുന്നില്‍, അലോക് ഭണ്ഡാര ഉറക്കെ യേശുനാമം വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നെ കത് അത്ഭുതമാണ്! ഇവരുടെ വാഹനത്തിന്റെ മുന്നിലേക്ക് വലിയ ഒരു മരം കടപുഴകി വീഴാന്‍ തുടങ്ങി. പക്ഷേ അത് വാഹനത്തിന്റെമേല്‍ വീണില്ല. പകരം ഈ മരത്തില്‍ തടഞ്ഞ് വാഹനം നിശ്ചലമായി. ഒരു വലിയ ഗര്‍ത്തത്തിന്റെ മുന്‍പില്‍ വച്ച് കര്‍ത്താവ് ഇവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കി.
സങ്കീര്‍ത്തനങ്ങള്‍ 18/33 വചനം പറയുന്നു, ”കര്‍ത്താവ് ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിര്‍ത്തി.” അലോക് എന്ന പട്ടാളക്കാരന്‍ പറയുകയാണ് യേശുക്രിസ്തുവിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിച്ചു.
പുഴയിലെ അത്ഭുതം
അലോക് സൈനികസേവനത്തില്‍നിന്ന് വിരമിച്ചതിനു ശേഷമാണ് ആ സംഭവം. സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്ന സമയം. നല്ല മഴക്കാലമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ കാട്ടില്‍നിന്ന് നല്ല മരങ്ങള്‍ ഒഴുകിവരുമായിരുന്നു. ആ ഗ്രാമത്തിലുള്ള അനേകം കുടുംബനാഥന്മാരുടെ വരുമാനമാര്‍ഗം, ഈ സമയങ്ങളില്‍ ഒഴുക്കില്‍നിന്ന് നല്ല മരത്തടികള്‍ ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു. നല്ല ആരോഗ്യമുള്ളവര്‍ക്കുമാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലി. അലോക് ഭണ്ഡാരയും ഇത് ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം സാധാരണ ഒഴുക്കുള്ള പുഴയുടെ തീരത്ത് നിന്നുകൊണ്ട് അലോക് ഭണ്ഡാര മരങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്താണ് അപ്രതീക്ഷിതമായി അദ്ദേഹം ഒരു കാഴ്ച കാണുന്നത്, ഒരു വലിയ മലവെള്ളപ്പാച്ചില്‍ തന്റെ നേരെ വരുന്നു. മരവും കല്ലും എല്ലാം അതിലുണ്ട്. നിമിഷനേരം കൊണ്ട് അലോക് ഭണ്ഡാരയും ഒഴുക്കില്‍ പെട്ടുപോയി. എത്ര ശക്തി ഉപയോഗിച്ചിട്ടും അതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. താന്‍ മരണത്തെ മുന്നില്‍ കണ്ടു എന്നാണ് അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യയെയും മക്കളെയുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഈ സമയത്താണ് ഉള്ളില്‍ ആരോ പറയുന്നതുപോലെ, യേശുവിന്റെ നാമം വിളിക്കുക. രണ്ടാം പ്രാവശ്യം മുങ്ങി മുകളിലേക്ക് വന്നപ്പോള്‍ ശക്തി സംഭരിച്ച് അദ്ദേഹം യേശുനാമം വിളിച്ചു. ഫിലിപ്പി 2/9 വചനം പറയുന്നുണ്ട്, യേശുവിന്റെ നാമം എല്ലാ നാമത്തെക്കാളും ഉപരിയായ നാമമാണ്.
പരിശുദ്ധ അമ്മ യൂറോപ്പില്‍ ഉള്ള മെഡ്ജുഗോറിയ എന്ന ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇപ്രകാരം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, മക്കളേ, നിങ്ങളുടെ പ്രതിസന്ധികളില്‍ എന്റെ പുത്രനായ യേശുവിന്റെ നാമം വിളിക്കുക. അവന്റെ നാമം എല്ലാ അന്ധകാരങ്ങളെയും കീറിമുറിക്കുന്ന ശക്തിയാണ്. അവന്റെ നാമം വിളിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ യേശുവിന്റെ നാമം വിളിക്കുമ്പോള്‍ത്തന്നെ ഞാനും എന്റെ മകനും നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവരുന്നുണ്ട്. അലോക് ഭണ്ഡാര ഹൃദയത്തിന്റെ അഗാധങ്ങളില്‍ നിന്ന് യേശുവിന്റെ നാമം വിളിച്ചപ്പോള്‍, സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നു. ന്യായാധിപന്മാര്‍ 15/18-19 വചനം സാംസനെക്കുറിച്ച് പറയുന്നു, പ്രതിസന്ധിയില്‍ അവന്‍ കര്‍ത്താവിനെ വിളിച്ച് അപേക്ഷിച്ചു. ദൈവം ലേഹിയില്‍ ഉള്ള് പൊള്ളയായ ഒരു സ്ഥലം തുറന്നു.
കര്‍ത്താവ് ഒരുക്കിയ അത്ഭുതകരമായ രക്ഷപ്പെടലിന്റെ തുരുത്തില്‍ കയറി നിന്ന് അലോക് കരമുയര്‍ത്തി ഒരിക്കല്‍ക്കൂടി നിലവിളിയോടെ ദൈവത്തിന് നന്ദി പറഞ്ഞു. പെട്ടെന്നുതന്നെ ആ മലവെള്ളപ്പാച്ചില്‍ നില്‍ക്കുകയും ചെയ്തു. ഒരു നിലവിളിയുടെ മുന്‍പിലും പിന്‍പിലും മരണവും ജീവനും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഈ വ്യക്തിയിലൂടെ അനേകം അക്രൈസ്തവസഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. സാധിക്കുന്ന സ്ഥലങ്ങളിളെല്ലാം പോയി തന്റെ ജീവിതസാക്ഷ്യം പങ്കുവെച്ച് യേശുനാമം മഹത്വപ്പെടുത്തുകയാണ് അലോക്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടു. അതില്‍ ഒരു സുഹൃത്തിന്റെ മകന്‍ പറയുകയാണ്, ‘എനിക്ക് ഒരു സുവിശേഷപ്രസംഗകന്‍ ആകണം.’
അതുകേട്ട് ഞാന്‍ ചോദിച്ചു, ”മോന്റെ കയ്യില്‍ ബൈബിള്‍ ഉണ്ടോ?” അവന്‍ ബാഗില്‍നിന്ന് ബൈബിള്‍ എടുത്ത് അഭിമാനത്തോടെ എനിക്ക് കാണിച്ചുതന്നു. ഈ മകന്‍ പറയുകയാണ് കോളേജില്‍ ഞാന്‍ ഇപ്പോള്‍ യേശുവിന്റെ സാക്ഷിയാണ്. ഞങ്ങള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഇന്ത്യയുടെ സുവിശേഷവത്കരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോ എടുത്തു സ്‌നേഹം പങ്കുവെച്ചു. ഇവരെ യേശുവിനെ അറിയിച്ച, ആ നല്ല വിശ്വാസികളെ ഞാന്‍ സ്‌നേഹത്തോടെ ഓര്‍ത്തു.
സുവിശേഷത്തിന്റെ ആനന്ദവും ശക്തിയും പങ്കുവയ്ക്കാന്‍ നമുക്കും ഒരുങ്ങാം. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെയും സുവിശേഷവേലയിലൂടെയും നമുക്ക് ദൈവരാജ്യത്തിനായി ഉണരാം. ഹല്ലേലുയാ!
ജസ്റ്റിന്‍ പുളിക്കന്‍