പെട്ടുപോയവരുടെ പിടച്ചിലുകള്‍!! – Shalom Times Shalom Times |
Welcome to Shalom Times

പെട്ടുപോയവരുടെ പിടച്ചിലുകള്‍!!

പെട്ടെന്നാണ് ആ വാര്‍ത്ത സ്‌കൂളില്‍ കാട്ടുതീപോലെ പടര്‍ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില്‍ ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ്മയെ കാണാന്‍ പോയി. അക്കൂട്ടത്തില്‍ സുധീഷിന്റെ ക്ലാസ്ടീച്ചറും ഉണ്ടായിരുന്നു. സുധീഷിന്റെ അച്ഛനെ നോക്കി പ്രാകുന്ന, പിച്ചും പേയും പറഞ്ഞ് തലമുടി പിച്ചിനിരത്തി ബഹളം വച്ചുകൊണ്ട് ചങ്ങലയില്‍ കിടക്കുന്ന, അമ്മയെ നോക്കി പല അഭിപ്രായങ്ങളും പാസാക്കി മിക്കവരുംതന്നെ കടന്നുപോയി. സുധീഷിന്റെ സഹപാഠികളില്‍ പലരും സുധീഷിന്റെ അമ്മയെ നോക്കി ചിരിയടക്കി. കണ്ടു കടന്നുപോയവരില്‍ ചിലര്‍ അടക്കം പറഞ്ഞു, ”ഭ്രാന്തു പണ്ടേ ഉള്ളതാ. ഇപ്പോഴത് മൂത്ത് ചങ്ങലയ്ക്കിടേണ്ടി വന്നു എന്നുമാത്രം. അങ്ങേരുടെ (സുധീഷിന്റെ അച്ഛന്റെ) ഒരു കഷ്ടകാലം.”

ഒരു പഴമൊഴി ഇപ്രകാരമുണ്ട്. ”ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ശേലാണ്.” അമ്മയെനോക്കി നെടുവീര്‍പ്പടക്കി മൂലയില്‍ കുത്തിയിരുന്ന് കരയുന്ന സുധീഷിനെ ആ ടീച്ചര്‍ താങ്ങിയെഴുന്നേല്‍പിച്ചു. അവനെ മാറോടു ചേര്‍ത്തണച്ച് നെറുകയില്‍ ചുംബിച്ചു. അവന്റെ കണ്ണില്‍നിന്നും കണ്ണീര്‍ തുടച്ചുനീക്കി. ആ ടീച്ചര്‍ അവനോടു പറഞ്ഞു. ”മോനേ, സുധീഷേ ഒട്ടും പേടിക്കേണ്ട. നിന്റെയമ്മ തീര്‍ച്ചയായും സുഖപ്പെടും. മോന്‍ നാളെമുതല്‍ തീര്‍ച്ചയായും സ്‌കൂളില്‍ വന്നുതുടങ്ങണം. നിനക്കൊരു നല്ല ഭാവിയുണ്ട്.”

ഒരു ഭ്രാന്തിയുടെ മകനായിട്ട് സ്‌കൂളില്‍ വരിക എന്നത് സുധീഷിന് വളരെ വേദനാജനകമായ കാര്യമായിരുന്നു. എന്നിരുന്നാലും ആ ടീച്ചറിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹം അവനെ താങ്ങിനിര്‍ത്തി. വീണ്ടും സ്‌കൂളിലെത്തിച്ചു. ടീച്ചര്‍ അവനെ ചേര്‍ത്തുപിടിച്ചു ചോദിച്ചു, ”മോനേ സുധീഷ്, നീ ടീച്ചറിനോട് സത്യം പറയണം. നിന്റെ അമ്മയ്ക്ക് നിന്റെ ഓര്‍മവച്ച നാള്‍ മുതല്‍ ഭ്രാന്തുണ്ടായിരുന്നോ?” അവന്‍ പറഞ്ഞു, ”ഇല്ല ടീച്ചര്‍. എന്റെ അമ്മ ഒത്തിരി നല്ലവളായിരുന്നു. എല്ലാവരുംകൂടി എന്റെ അമ്മയെ അങ്ങനെ ആക്കിത്തീര്‍ത്തതാണ്.” അതുപറയുമ്പോള്‍ അവന്റെ കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങി.

ടീച്ചര്‍ ചോദിച്ചു, ”അപ്പോള്‍ മോനേ ഇതെങ്ങനെ സംഭവിച്ചു?” ആ ചോദ്യത്തിനുമുമ്പില്‍ അവന്‍ വല്ലാതെ നിസഹായനായി വിതുമ്പിനിന്നുപോയി. ടീച്ചര്‍ ഒന്നുകൂടി അവനെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു, ”മോന്‍ ധൈര്യമായി ഈ ടീച്ചറമ്മയോടു പറഞ്ഞുകൊള്ളൂ. ഈ ടീച്ചര്‍ ഇതാരോടും പറയില്ല.” അവന്‍ പേടിച്ചുപേടിച്ചു പറഞ്ഞുതുടങ്ങി. ”എന്റെ അച്ഛനാണ് അമ്മയ്ക്ക് ഭ്രാന്താണെന്ന് എല്ലാവരോടും പണ്ടുമുതലേ പറഞ്ഞുപരത്തിയത്. അച്ഛന് പല സ്ത്രീകളുമായും രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു. അമ്മ അതിനെക്കുറിച്ച് അച്ഛനോട് പരാതിപ്പെടുകയും കരയുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന്‍ അമ്മയെ അടിക്കും. സഹിക്കവയ്യാതെ വരുമ്പോള്‍ അമ്മ ഉച്ചത്തില്‍ കരയും. അതു കേള്‍ക്കുമ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടും. എന്തു പ്രശ്‌നമെന്നു നാട്ടുകാര്‍ ചോദിക്കുമ്പോള്‍ അമ്മ ഒരുത്തരവും അച്ഛനെതിരായി പറയുകയില്ല.

പക്ഷേ അച്ഛന്‍ പറയും, ‘അവള്‍ക്ക് മാനസികരോഗമാണ്. നാട്ടിലുള്ള പെണ്ണുങ്ങളുടെ ഒക്കെ പേരു ചേര്‍ത്തുപറഞ്ഞ് എന്റെ സമാധാനം കെടുത്തും. എന്നെ നിങ്ങള്‍ക്കറിയില്ലേ. സഹികെട്ടു കഴിയുമ്പോള്‍ ഞാന്‍ രണ്ടു പെട കൊടുക്കും. അതിന്റെ ബഹളമാണ് നിങ്ങളിപ്പോഴീ കേള്‍ക്കുന്നത്. ഇനി ഇങ്ങനെയൊരു ബഹളം കേട്ടാല്‍ നിങ്ങളാരും ഇങ്ങോട്ട് ഓടിവരേണ്ട. ഈ നില കൂടിക്കൂടി വന്നാല്‍ നമുക്കിവളെ ഭ്രാന്താശുപത്രിയിലെത്തിക്കാം. അപ്പോള്‍ നിങ്ങളെന്നെ ഒന്നു സഹായിച്ചാല്‍ മതി.”
അങ്ങനെ ആ വീട്ടിലേക്കുള്ള അയല്‍ക്കാരുടെ വരവുകള്‍ നിലച്ചു. മാന്യന്മാരില്‍ മാന്യനായ പൊതുപ്രവര്‍ത്തകനായ സുധീഷിന്റെ അച്ഛന്‍ പറഞ്ഞത് അയല്‍ക്കാരും പൊതുജനവും വിശ്വസിച്ചു. ”എന്റെ അമ്മ ഞങ്ങളോടു പറഞ്ഞു. അച്ഛന്റെ ഈവക കാര്യങ്ങളൊന്നും പുറത്താരോടും പറയരുതെന്ന്. ഞങ്ങളുടെ ഭാവി പോകുമെന്ന്. അതുകൊണ്ട് ഞാനും എന്റെ പെങ്ങളും ഇതാരോടും പറഞ്ഞുമില്ല. അങ്ങനെ സുധീഷിന്റെ അമ്മ പൊതുജനത്തിന്റെ മുമ്പില്‍ ഭ്രാന്തിയായിത്തീര്‍ന്നു. കണ്ണുനീരും കരച്ചിലുമായിട്ടാണ് എന്റെയമ്മ ഇതുവരെ എത്തിയത്,” സുധീഷ് പറഞ്ഞുനിര്‍ത്തി.

ഇപ്പോഴെന്തുപറ്റി ഇങ്ങനെ വരാന്‍?
ടീച്ചര്‍ അവനോടു ചോദിച്ചു. ”മോനേ, പക്ഷേ ഇപ്പോള്‍ നിന്റെയമ്മ കാണിക്കുന്നത് തനി ഭ്രാന്തിന്റെ ലക്ഷണങ്ങളാണല്ലോ.” അവന്‍ പറഞ്ഞു, അതോ ടീച്ചേറേ, അച്ഛന്റെ ചില കൂട്ടുകാര്‍ചേര്‍ന്ന് അച്ഛന്റെ അനുവാദത്തോടുകൂടി അമ്മയെ മാനഭംഗപ്പെടുത്തി. വാക്കത്തിയുമായി അവരെയും അച്ഛനെയും വെട്ടാനൊരുങ്ങിയ അമ്മ ശരിക്കും ഭ്രാന്തിയെപ്പോലായി.
ഞാനിതെങ്ങനെ മറ്റുള്ളവരോട് പറയും ടീച്ചേറേ? അച്ഛനെതിരായി മറ്റുള്ളവരോടെന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കും അമ്മയുടെ ഇതേ അനുഭവംതന്നെ ഉണ്ടാകും. അമ്മയ്‌ക്കെതിരായി അമ്മ ഭ്രാന്തിയാണെന്ന് മറ്റുള്ളവരോടു പറഞ്ഞാല്‍ ദൈവംപോലും ഞങ്ങളോടു ക്ഷമിക്കില്ല. ഞാനും എന്റെ പെങ്ങളും എന്തുചെയ്യണം ടീച്ചര്‍? പുറത്തുള്ളവരെല്ലാവരും ഞങ്ങളുടെ അച്ഛന്‍ പറയുന്നതേ വിശ്വസിക്കൂ.”
അച്ഛന്റെയും അമ്മയുടെയും തകര്‍ന്ന ദാമ്പത്യത്തിന്റെ ദുരവസ്ഥകളില്‍പെട്ടുപോയ രണ്ടു ബാല്യങ്ങളുടെ പിടച്ചിലുകളാണ് നാം മുകളില്‍ കണ്ടത്.

ആ ടീച്ചര്‍ അവനെ ഒന്നുകൂടി ചേര്‍ത്തുനിര്‍ത്തി ഉറപ്പിച്ചു പറഞ്ഞു, മോനേ സുധീഷേ, ദൈവം നിങ്ങളെ സഹായിക്കും. എന്റെ മക്കള്‍ അച്ഛനെതിരായോ അമ്മയ്‌ക്കെതിരായോ ആരോടും ഒന്നും പറയേണ്ട. മോന്‍ യേശുവിനോടു പ്രാര്‍ത്ഥിക്കൂ, യേശു നിങ്ങളെ സഹായിക്കും. ആ ടീച്ചറിലൂടെ കവിഞ്ഞൊഴുകിയ യേശുസ്‌നേഹത്തിന്റെ അനുഭവം ആ കുടുംബത്തെ വീണ്ടുരക്ഷിച്ചു. സുധീഷിന്റെ അച്ഛന്‍ മാനസാന്തരത്തിലേക്കു കടന്നുവന്നു. അമ്മയുടെ ഭ്രാന്തു മാറി. സുധീഷ്, റോഡിലൂടെ അലയുന്ന മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിലെ പ്രധാനശുശ്രൂഷകനായി. സുധീഷിന്റെ അനുജത്തിയെ നല്ല രീതിയില്‍ വിവാഹം ചെയ്ത് പറഞ്ഞയച്ചു. സമാധാനത്തിന്റെ തീരത്തേക്ക് ദൈവം ആ കുടുംബത്തെ നയിച്ചു.
സങ്കീര്‍ത്തനം 27/10-ല്‍ പറയുന്നു: ”അപ്പനും അമ്മയും ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും.” ”സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം. എന്നാല്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/10).

പെട്ടുപോയ ഒരു യുവാവിന്റെ കഥ
ബാല്യകാലത്ത് എനിക്ക് വളരെ അടുത്തറിയാവുന്ന ഞാന്‍ എന്റെ സ്വന്തം മകനെപ്പോലെ കരുതി സ്‌നേഹിച്ച ഒരു ആണ്‍കുട്ടിയെക്കുറിച്ച് അവന്റെ യുവത്വത്തിന്റെ കാലഘട്ടത്തില്‍ വളരെ മോശമായതു പലതും കേള്‍ക്കുവാനിടയായി. സ്വന്തം വീട്ടിലെ കനത്ത വിധിവൈപരീത്യങ്ങളുടെയും നിസഹായതകളുടെയും നടുവിലും മനോജിന്റെ (പേര് സാങ്കല്പികം) ജീവിതം അത്രമേല്‍ വിശുദ്ധമായിരുന്നു അന്ന്. കേട്ടതെല്ലാം സത്യമെങ്കില്‍ ഇവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തിയെടുക്കണം എന്ന ആഗ്രഹത്തിന്റെ തീവ്രതകൊണ്ട് ഞാനവനെ വീട്ടില്‍ വിളിച്ചുവരുത്തി. സാഹചര്യങ്ങളും എന്റെ ആരോഗ്യവും വളരെ വിപരീതമായിരുന്നിട്ടും അങ്ങനെയൊരു സ്‌നേഹശുശ്രൂഷ നല്‍കാന്‍ യേശുവിന്റെ സ്‌നേഹം എന്നെ നിര്‍ബന്ധിച്ചു. വളരെയേറെ കരുണക്കൊന്തകളും ജപമാലകളും അവനും അവന്റെ കുടുംബത്തിനുംവേണ്ടി ചൊല്ലിയതിനുശേഷമാണ് ഞാനവനെ വിളിച്ചത്.
അവനോട് ഒത്തിരി സ്‌നേഹത്തോടെ ചോദിച്ചു, ”മോനേ മനോജേ, നീ ഒരു വിശുദ്ധനായ ബാലകനായിരുന്നു നിന്റെ ഇന്നലെകളില്‍. പക്ഷേ ഇപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് കേള്‍ക്കുന്നതൊന്നും ഒട്ടും നല്ല കാര്യങ്ങളല്ല. പറയൂ മോനേ, നിനക്കെന്താണ് സംഭവിച്ചത്? ഞാനൊരിക്കലും നിന്നെ ഒറ്റുകൊടുക്കുകയില്ല.”

എന്റെ ആ ചോദ്യത്തിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. പെട്ടുപോയ ഒരു യുവത്വത്തിന്റെ നിസഹായതയുടെ പിടച്ചിലായിരുന്നു ആ കരച്ചില്‍. ”എന്റെ ആന്റീ, എന്നെയിന്ന് ഒരു ക്രിമിനലായിട്ടാണ് എന്റെ വീട്ടുകാര്‍ കാണുന്നത്. എന്റെ നാട്ടുകാരും ലോകവും അങ്ങനെതന്നെ കാണുന്നു. എന്നെക്കുറിച്ച് കേട്ടറിഞ്ഞവര്‍ എനിക്കൊരിക്കലും ഒരു നല്ല ജോലി തരില്ല. എന്നെ വിശ്വസിച്ച് ഒരു പെണ്ണിനെയും കെട്ടിച്ചു തരികയുമില്ല. ഞാനെന്തായിരുന്നുവെന്ന് യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ അറിയാവുന്നത് ആന്റിക്കുമാത്രമാണ്. എന്റെ അമ്മയ്ക്കുപോലും എന്നെ അറിയില്ല. അവരൊക്കെ എന്റെ ജീവിതത്തില്‍ ഇന്നു കാണുന്ന നെഗറ്റീവായ കാര്യങ്ങള്‍ കണ്ടിട്ടാണ് എന്നെ വിലയിരുത്തുന്നത്. പക്ഷേ ഞാനെങ്ങനെ ഇങ്ങനെ ആയി എന്നറിയാന്‍ ആര്‍ക്കുമൊട്ടു താല്‍പര്യവുമില്ല ആന്റി.”
തുടര്‍ന്ന് അവന്‍ തന്റെ തകര്‍ച്ചയുടെ കഥ പറഞ്ഞു. സ്വന്തം തെറ്റുകൊണ്ടെന്നല്ലാതെ മറ്റുള്ളവരുടെ തെറ്റുകൊണ്ടും തിന്മ നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍കൊണ്ടും പെട്ടുപോയ പല നിസഹായതകളും തകര്‍ച്ചകളും അവയുടെ പെടച്ചിലുകളും! അതില്‍നിന്ന് സ്വന്തപരിശ്രമംകൊണ്ട് കരകയറാന്‍ കഴിയാതെ പോയി.

അവനെ യഥാര്‍ത്ഥത്തില്‍ ഒന്നു മനസിലാക്കുവാനോ ഒരു കൈത്താങ്ങ് കൊടുത്ത് ഉയര്‍ത്തുവാനോ ആരും ഇല്ലാതെപോയി. എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകള്‍മാത്രം! അതിനിടയില്‍ വന്നുപോയ ചില പാപങ്ങളും പാപാവസ്ഥകളും കരുതിക്കൂട്ടി ദ്രോഹിച്ചവരോടുള്ള പ്രതികാരചിന്തയും. അതാണ് അവനൊരു ക്രിമിനല്‍ പരിവേഷം കൊടുത്തത്.
അവന്‍ കണ്ണുനീരോടെ പറഞ്ഞു: ”ആന്റീ ഞാനിന്ന് പലരുടെയും കാഴ്ചപ്പാടില്‍ ഒരു പക്കാ ക്രിമിനലാണ്. പക്ഷേ എന്റെ ഹൃദയംകൊണ്ട് എനിക്കങ്ങനെ ആകാന്‍ കഴിയില്ല എന്ന് ആന്റിക്കറിയാമല്ലോ. ഇനിയും മറ്റൊരു കാര്യമുണ്ട്. ഇനിയും മുന്നോട്ട് ദൈവമെന്നെ ഒരു പുണ്യവാളനാക്കി മാറ്റിയാലും എന്റെ ചുറ്റുമുള്ള ലോകം അതംഗീകരിക്കില്ല…” അവന്‍ പറഞ്ഞുനിര്‍ത്തി.

ഞാനവനെ ഹൃദയംകൊണ്ട് ചേര്‍ത്തുനിര്‍ത്തി പറഞ്ഞു. ”മനുഷ്യര്‍ക്കാണ് ഇത് അസാധ്യമായിട്ടുള്ളത്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” ”ഞാന്‍ സകല മര്‍ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (ജറെമിയ 32/27).” ഞാനവനെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഉയര്‍ന്ന പ്രത്യാശയും ദൈവസ്‌നേഹാനുഭവവും കൊടുത്ത് സന്തോഷത്തോടെ പറഞ്ഞയച്ചു. തുടര്‍ന്നും കരുണക്കൊന്ത ചൊല്ലിയും ജപമാല ചൊല്ലിയും അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. നല്ല രീതിയില്‍ അവന്റെ വിവാഹം നടന്നു. സാമാന്യം ഭേദപ്പെട്ട ഒരു നല്ല ജോലി നല്‍കി ദൈവം അവനെ അനുഗ്രഹിച്ചു. അങ്ങനെ വലിയൊരു പ്രത്യാശയുടെ തുറമുഖത്തേക്ക് ദൈവമവനെ നയിച്ചു. ”ഈ ഭൂമിയില്‍ ആരെങ്കിലും ഒരാളെങ്കിലും യഥാര്‍ത്ഥത്തില്‍ എന്നെ മനസിലാക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു ആന്റീ. ആന്റിയെങ്കിലും അതിനു തയാറായല്ലോ, നന്ദി, ആന്റീ നന്ദി.

പ്രിയപ്പെട്ടവരേ, പെട്ടുപോയതിന്റെ പിടച്ചിലുകളുമായി നിസഹായതയില്‍ ആരും സഹായിക്കാനില്ലാതെ ഉള്ളിന്റെ ഉള്ളില്‍ കരയുന്ന ഒത്തിരി യുവത്വങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരൊരുപക്ഷേ ഇന്ന് ക്രിമിനല്‍ പരിവേഷം ഉള്ളവരായിരിക്കാം. ആരും ആഗ്രഹിച്ചിട്ടല്ല അവരൊക്കെ ആ രീതിയില്‍ ആയിപ്പോയത്. അവരെ കുറ്റം വിധിക്കാതെ, ഒറ്റപ്പെടുത്താതെ തക്കസമയത്ത് ഒരു താങ്ങു നല്‍കി നിസഹായതയുടെ നീര്‍ക്കയത്തില്‍നിന്നും അവരെ പിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ നിര്‍ബന്ധിക്കുന്നില്ലേ. ഇതല്ലേ ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സുവിശേഷപ്രഘോഷണം.

ഒരു ഭാര്യയുടെ കദനകഥ
ഈ ഭാര്യയും നിസഹായതയില്‍പെട്ട് പിടഞ്ഞുപോയവളാണ്. ഉയര്‍ന്ന സാമ്പത്തികം കൊടുത്ത് മാന്യമായി മാതാപിതാക്കള്‍ പറഞ്ഞയച്ചവള്‍. സുന്ദരി, ആരോഗ്യവതി, അഭ്യസ്ഥവിദ്യ, സല്‍സ്വഭാവി. ഭര്‍ത്താവ് ഉന്നതമായ വരുമാനമുള്ള ഉന്നത ഉദ്യോഗസ്ഥന്‍. സമൂഹത്തില്‍ ആദരണീയന്‍. എന്റെ അടുത്തുവന്ന നിമിഷം മുതല്‍ അവള്‍ കരയാന്‍ തുടങ്ങി. പക്ഷേ ആ കരച്ചില്‍ പരിശുദ്ധാത്മാവ് കൊടുത്ത ഒരു കരച്ചിലായിരുന്നു. അവള്‍ പറഞ്ഞു. ”വര്‍ഷങ്ങളായി സ്വയംഭോഗത്തിന്റെ ബന്ധനത്തിലാണ് ഞാന്‍. ഞങ്ങള്‍ക്കു കുട്ടികളില്ല. എത്ര പ്രാര്‍ത്ഥിച്ചിട്ടും കുമ്പസാരിച്ചിട്ടും സ്വയംഭോഗത്തിന്റെ ബന്ധനം എന്നെ വിട്ടുപോകുന്നില്ല.”

അവള്‍ തന്റെ കദനകഥ പറഞ്ഞു. ഭര്‍ത്താവിന് വിവാഹത്തിന് വളരെ പണ്ടുമുതലേ വേശ്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ വിവാഹിതനാകാന്‍ ആഗ്രഹിച്ചതും വിവാഹിതനായതുമെല്ലാം സമൂഹത്തിലെ ഒരു മാന്യതക്കുവേണ്ടിമാത്രം. മാതാപിതാക്കള്‍ വളരെയേറെ ആലോചിച്ചിട്ടും അന്വേഷിച്ചിട്ടുമാണ് തന്റെ പ്രിയമകളുടെ വിവാഹം നടത്തിയത്. അങ്ങനെയൊരു വേശ്യാദോഷം ആരും അയാളെക്കുറിച്ച് ഒരിടത്തുനിന്നും പറഞ്ഞുകേട്ടതുമില്ല. പക്ഷേ ദുര്‍വിധി അവളുടെ ജീവിതത്തെ ക്രൂരമായി കാര്‍ന്നുതിന്നുകയായിരുന്നു. ഭര്‍ത്താവിന് അവളെ തീര്‍ത്തും വേണ്ടായിരുന്നു. അങ്ങനെ അവള്‍ ആ ദുശ്ശീലത്തിന് അടിമയായി.
ഒരു വശത്ത് ഒരു യുവഭാര്യയുടെ ശരീരത്തിന്റെയും മനസിന്റെയും ന്യായമായ ആവശ്യങ്ങള്‍. മറുവശത്ത് മനഃസാക്ഷിയുടെ പിടച്ചിലുകള്‍! മാതാപിതാക്കളുടെ ഏകമകളാണവള്‍. ഒരുപക്ഷേ ഇതറിഞ്ഞാല്‍ അവര്‍ ചങ്കുപൊട്ടി ചാകുമെന്നും ആത്മഹത്യ ചെയ്തുപോയേക്കുമെന്നുമുള്ള ഭയം വീട്ടില്‍ ഈ വിവരം അറിയിക്കുന്നതില്‍നിന്നും അവളെ തടഞ്ഞു. അങ്ങനെ പുകയുന്ന ഒരു അഗ്നികുണ്ഠംപോലെയാണ്. ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ചാണ് അവള്‍ എന്റെയടുത്ത് എത്തിച്ചേര്‍ന്നത്.

ഈ സംഭവം കേട്ടതിന്റെ ഷോക്കില്‍ ഞാനാകെ നിസഹായയായി തരിച്ചിരുന്നുപോയി. എന്തുപറഞ്ഞ് ഞാനിവളെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥ. ഇങ്ങനെയുമുണ്ടോ ദൈവമേ, ഭൂമിയില്‍ മനുഷ്യര്‍! ഇത്തവണ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളാണ്. ഞാനവളുടെ തലയില്‍ കൈവച്ച് അബോധാവസ്ഥയില്‍ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. അങ്ങനെയേ എനിക്ക് കഴിയുമായിരുന്നുള്ളൂ. പെട്ടെന്ന് ഞാനവളോടു പറഞ്ഞു, ”മോളെ, സ്വയംഭോഗം തീര്‍ച്ചയായും പാപമാണ്. കത്തോലിക്കാസഭയും അങ്ങനെതന്നെയാണ് പഠിപ്പിക്കുന്നത്. പക്ഷേ എന്റെ പൊന്നുസഹോദരീ, സഹോദരിയുടെ കാര്യത്തില്‍ ഇത് പെട്ടുപോയതിന്റെ പിടച്ചിലുകളാണ്. കാരുണ്യവാനായ ദൈവം നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുന്നവനാണ്. നമ്മെ തള്ളിക്കളയുന്നവനല്ല, അവിടുത്തേക്ക് നിന്നെ മനസിലാകും. കാരുണ്യത്തിന്റെ ദൈവമായ അവിടുന്ന് കാര്‍ക്കശ്യത്തിന്റെ മഹാഭീകരനല്ല. കുറ്റബോധം ഉപേക്ഷിച്ച് കുമ്പസാരത്തില്‍ ഏറ്റു പറഞ്ഞ് കരുണയ്ക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി.”

ഒരു നിമിഷം അവളുടെ മുഖം പ്രസന്നമായി. കുറ്റബോധത്തിന്റെയും നിരാശയുടെയും പിടച്ചിലുകള്‍ അവളുടെ മനസില്‍നിന്നും അകന്നുപോയിരുന്നു. ശരിയായി ആശ്വസിപ്പിക്കപ്പെട്ടുതന്നെയാണ് നന്ദിപറഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍ തിരിച്ചുപോയത്. പിന്നീട് ഒരിക്കലും ഞാനവരെ കാണാന്‍ ദൈവം ഇടവരുത്തിയില്ല.
പ്രിയപ്പെട്ടവരേ, ഈ രീതിയില്‍ സ്വന്തം തെറ്റുകൊണ്ടല്ലാതെ പെട്ടുപോയ എത്രപേരുടെ പിടച്ചിലുകളെ യഥാര്‍ത്ഥ സത്യമെന്തെന്ന് തിരിച്ചറിയാതെ നാം നിര്‍ദാക്ഷിണ്യം കുറ്റംവിധിക്കുന്നുണ്ട്. ”ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം മനസിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല” (മത്തായി 12/7) എന്ന കരുണാമയനായ യേശുവിന്റെ വചനം നമുക്കുനേരെ പലവട്ടം വിരല്‍ചൂണ്ടിയിട്ടും നാമതിനെ വകവയ്ക്കാതെ അതിനുനേരെ പുറംതിരിഞ്ഞ് നിന്നുകൊണ്ട് നമ്മുടേതായ ബോധ്യങ്ങളില്‍നിന്നും അണുവിട മാറാതെ നമ്മുടേതായ രീതികളില്‍ സുവിശേഷം പറയുന്നു.

2025 ല്‍ എങ്കിലും ഒരു മാറ്റം?!
2025 പ്രത്യാശയുടെ വര്‍ഷമായിട്ടാണല്ലോ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. തകര്‍ന്നവനും തകര്‍ച്ചയുടെ പാതയിലൂടെ ചരിക്കുന്നവനും പ്രത്യാശ നല്‍കി അവരെ ഉയര്‍ത്തുന്നവരായിട്ടാണ് ഈ വര്‍ഷത്തിലെങ്കിലും നാം രൂപാന്തരം പ്രാപിക്കേണ്ടത്. കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു, നിലം പറ്റിയവരെ എഴുന്നേല്‍പിക്കുന്നു (സങ്കീര്‍ത്തനം 145/15). പാപം പാപമല്ല എന്ന് പഠിപ്പിക്കാനല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിസഹായതയുടെ തീരങ്ങളില്‍ പെട്ടുപോയതിന്റെ പിടച്ചിലുകളില്‍ കഴിയുന്നവരെ അവരുടെ ഉള്ളില്‍ അവശേഷിക്കുന്ന നേരിയ പ്രത്യാശയെകൂടി തകര്‍ക്കുന്നവരും അവരുടെ വഴികളെ മുള്ളുവേലി കെട്ടി അവര്‍ക്കെതിരെ പ്രതിരോധം ഏര്‍പ്പെടുത്തുന്നവരും ആയി ഇനിയെങ്കിലും നാം മാറാതിരിക്കട്ടെ എന്നാണ്.

ഇതു വായിക്കുവാന്‍ ഇടവരുന്ന പ്രിയപ്പെട്ട ദൈവശുശ്രൂഷകരേ, നമ്മള്‍ നടത്തുന്ന വചനപ്രഘോഷണങ്ങളും പ്രബോധനങ്ങളും ഗാനാലാപനങ്ങളും സ്പിരിച്വല്‍ കൗണ്‍സിലിങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമെല്ലാം സമ്പൂര്‍ണ വിമോചനത്തിലേക്കും സത്യത്തിന്റെ പൂര്‍ണതയിലേക്കും നമ്മുടെ സഹജീവികളെ നയിക്കുന്നതായി രൂപാന്തരപ്പെടട്ടെ ആമ്മേന്‍.
നിരാശയ്ക്കടിമപ്പെട്ട ജീവിതങ്ങളെ പ്രത്യാശയുടെ പൊന്‍വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവേ എന്നില്‍വന്നു നിറയണമേ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി ഉള്ളുരുകി പ്രാര്‍ത്ഥിക്കാം.
‘പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ’

സ്റ്റെല്ല ബെന്നി