ബേക്കറിക്കടയിലൂടെ അല്പം വരുമാനമൊക്കെ ലഭിച്ചുതുടങ്ങിയ സമയത്താണ് ജോസേട്ടന്‍ വിവാഹജീവിതത്തിലേക്ക് കടന്നത്. ഭാര്യയായി എത്തിയ ജോളിച്ചേച്ചി സൗമ്യസ്വഭാവവും പ്രാര്‍ത്ഥനാശീലവുമെല്ലാം ഉള്ള ആളായിരുന്നു. വിവാഹം കഴിഞ്ഞ് നാളുകള്‍ക്കകം രണ്ട് മക്കളും ജനിച്ചു. അന്ന് അല്പം പുകവലിയും മദ്യപാനവുമൊക്കെ ഉണ്ടെങ്കിലും ജീവിതമെല്ലാം നന്നായി പോകുന്നുവെന്നുതന്നെയാണ് ജോസേട്ടന്‍ കരുതിയത്. എന്നാല്‍ കരിസ്മാറ്റിക് ധ്യാനം ആ ധാരണയെ പൊളിച്ചെഴുതി. അന്നുവരെ തന്റെ ഭാഗത്ത് തെറ്റുകളൊന്നുമില്ലെന്ന് കരുതിയിരുന്നിടത്ത് തന്റെ ഭാഗത്ത് തെറ്റുകള്‍മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞു എന്നാണ് അതെക്കുറിച്ച് ജോസേട്ടന്റെ ഭാഷ്യം. ജോളിച്ചേച്ചിയുടെ പ്രാര്‍ത്ഥനകളുടെ സ്വാധീനവും ഈ മാറ്റത്തിന് സഹായിച്ചു എന്നത് നിശ്ചയം. ”ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്ക് കഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്രേ” (സുഭാഷിതങ്ങള്‍ 31/10).
മാപ്പ്
ധ്യാനം കഴിഞ്ഞ് വന്നപ്പോള്‍ ഏറ്റവും പ്രധാനമായി മാപ്പുചോദിച്ചത് ഭാര്യയോടാണ്. മാപ്പുപറഞ്ഞെന്നുകരുതി പിന്നീടങ്ങോട്ട് തെറ്റുകളൊന്നും സംഭവിക്കാതിരിക്കുമോ? തീര്‍ച്ചയായും ഇല്ല. അതുതന്നെയായിരുന്നു ജോസേട്ടന്റെ ജീവിതത്തിലും ഉണ്ടായിക്കൊണ്ടിരുന്നത്. പലപ്പോഴും ജോളിച്ചേച്ചിയെ വേദനിപ്പിക്കുന്ന പെരുമാറ്റവും സംസാരവുമെല്ലാം സംഭവിക്കും. പക്ഷേ അത് തിരിച്ചറിഞ്ഞ്, ശാന്തമായിക്കഴിയുമ്പോള്‍ മാപ്പുചോദിക്കും. രാവിലെ കടയില്‍ പോകുന്നതിനുമുമ്പ് രമ്യതപ്പെട്ടിട്ട് പോകണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് പലപ്പോഴും രാവിലെസമയങ്ങളിലായിരിക്കും മാപ്പുപറച്ചില്‍. അതിനായി ഭാര്യയെ മുറിയിലെ കട്ടിലില്‍ വിളിച്ചിരുത്തും. ”ഞാന്‍ ആ വാക്കുപറഞ്ഞ് നിന്നെ വേദനിപ്പിച്ചു, എനിക്ക് മാപ്പുതരണം” എന്നിങ്ങനെ ഉണ്ടായ പ്രശ്‌നം കൃത്യമായി എടുത്തുപറഞ്ഞ് മാപ്പുചോദിക്കും. പലപ്പോഴും കാലില്‍ വീഴും. ജോളിച്ചേച്ചി മാപ്പുനല്കുകയും ചെയ്യും.
എങ്കിലും പിന്നീടും പല പ്രശ്‌നങ്ങളും ആവര്‍ത്തിക്കും. അങ്ങനെ ഇടയ്ക്കിടയ്ക്ക് മാപ്പുപറച്ചില്‍ അരങ്ങേറുന്നതുകൊണ്ട് പിന്നെപ്പിന്നെ ജോളിച്ചേച്ചി പറയും, ”ഞാന്‍ വരുന്നില്ല, മാപ്പുപറയാന്‍ വിളിക്കുന്നതല്ലേ. നിങ്ങള്‍ പൊയ്‌ക്കോളൂ.” കാരണം മറ്റൊന്നുമല്ല, മാപ്പുപറച്ചില്‍ കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും ജോസേട്ടനില്‍ കണ്ടിരുന്നില്ല.
അങ്ങനെ അല്പനാളുകള്‍ കഴിഞ്ഞപ്പോള്‍ ജോസേട്ടന്‍ ജോളിച്ചേച്ചിയോട് ചോദിച്ചു, ”എനിക്ക് ഇപ്പോള്‍ മാറ്റമുണ്ടോ?” ജോളിച്ചേച്ചി മറ്റെന്തുപറയാന്‍? അനുഭവംകൊണ്ട് ജോളിച്ചേച്ചിക്ക് ഒരു മാറ്റവും തോന്നുന്നില്ല. അതിനാല്‍ ‘ഒരു മാറ്റവുമില്ല’ എന്നുതന്നെയായിരുന്നു മറുപടി. എങ്കിലും ജോസേട്ടന്‍ പിന്‍മാറിയില്ല. തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അല്പം കഴിഞ്ഞ് ജോളിച്ചേച്ചിയോട് മാപ്പ് ചോദിക്കും. ചിലപ്പോള്‍ കടയില്‍നിന്ന് ഫോണില്‍ വിളിച്ചിട്ടായിരിക്കും മാപ്പ് ചോദിക്കുക. ജോളിച്ചേച്ചിക്കും ഇതെല്ലാം ശീലമായി.
അങ്ങനെ വീണ്ടും മാസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. പലപ്പോഴും ജോസേട്ടന്‍ തന്റെ ചോദ്യം ആവര്‍ത്തിക്കും. ”പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല, മാറ്റമൊന്നുമില്ല, നിങ്ങള്‍ പണ്ടത്തെപ്പോലെതന്നെയാണ് ഇപ്പോഴും!” ജോളിച്ചേച്ചിയുടെ മറുപടിയും ആവര്‍ത്തിക്കപ്പെടും.
ഇപ്പോള്‍ മാറ്റമുണ്ടോ?
പിന്നെയും കുറച്ച് മാസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ജോസേട്ടന്‍ തന്റെ ചോദ്യം ആവര്‍ത്തിച്ചു, ”ഇപ്പോള്‍ എനിക്ക് മാറ്റമുണ്ടോ?”
”ഇപ്പോള്‍ ചെറിയ മാറ്റമുണ്ട്”എന്നായിരുന്നു അന്ന് കിട്ടിയ മറുപടി. ഹൃദയത്തില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടുള്ള തന്റെ പരിശ്രമങ്ങള്‍ വൃഥാവിലല്ല എന്ന് വ്യക്തമായി. പ്രാര്‍ത്ഥനയും വചനവായനയും ആഴ്ചതോറുമുള്ള പ്രാര്‍ത്ഥനാകൂട്ടായ്മയുമായി മുന്നോട്ടുപോയി.
ഒരു ദിവസം വീണ്ടും ജോളിച്ചേച്ചിയോട് ചോദിച്ചു, ”ഇപ്പോള്‍ എനിക്ക് കൂടുതല്‍ മാറ്റമുണ്ടോ?”
”ഉവ്വ്, കൂടുതല്‍ മാറിയിട്ടുണ്ട്! ഇങ്ങനെ മുന്നോട്ടുപോയാല്‍ മതി!” ആ മറുപടി കേട്ട ജോസേട്ടന്റെ സന്തോഷം വര്‍ണിക്കാന്‍ കഴിയുമോ?
മാനസാന്തരത്തിന്റെ ഫലമായി ജീവിതത്തിന് നിറം കൂടുകയായിരുന്നു. ഈ സന്തോഷം മറ്റ് ദുഃശീലങ്ങളില്‍നിന്നൊന്നും ലഭ്യമായിരുന്നില്ല എന്ന് ജോസേട്ടന് മനസിലായി. അതിനാല്‍ത്തന്നെ അനേകര്‍ക്ക് താന്‍ അനുഭവിക്കുന്ന യേശുവിനെ പകര്‍ന്നുകൊടുക്കാന്‍ ജോസേട്ടന് ആവേശമായിരുന്നു.
സുവിശേഷശുശ്രൂഷകളെ ഒട്ടും പിശുക്കാതെ സഹായിക്കുന്നതും ആവശ്യക്കാര്‍ക്ക് സഹായം നല്കുന്നതും മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് കൂട്ടിരിക്കുന്ന സംഘം രൂപീകരിച്ചതും ക്രൈസ്തവപ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തതുമെല്ലാം അതിനാലായിരുന്നു. ഇതൊന്നും കൂടാതെ ധ്യാനത്തിന് കൗണ്‍സിലിംഗ് നല്കാനും പോകുമായിരുന്നു.
വീട്ടിലേക്ക് വീണ്ടും വരാം. ജോസേട്ടനുപിന്നാലെ ജോളിച്ചേച്ചിയും ധ്യാനത്തിന് പോയി. അതോടെ പ്രാര്‍ത്ഥനയിലും ആത്മീയജീവിതത്തിലും ഏറെ വളരുകയും ചെയ്തു. ജോസേട്ടന്‍ പറയുന്നത് രാത്രി പന്ത്രണ്ട് മണി നേരത്തും ജോളിച്ചേച്ചി കൈയില്‍ കൊന്തയുമേന്തി ഇരിക്കുന്നത് കാണാം എന്നാണ്. ചിലപ്പോള്‍ ഉറക്കം തൂങ്ങിപ്പോകും. അതുകാണുമ്പോള്‍ കിടക്കാന്‍ പറയും ജോസേട്ടന്‍. കിടക്കുമെങ്കിലും എന്നും ഇപ്രകാരം പ്രാര്‍ത്ഥിക്കുന്ന ശീലം ജോളിച്ചേച്ചി തുടരുന്നു. ”ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍ഹിക്കുന്നു” (സുഭാഷിതങ്ങള്‍ 31/30).
ദമ്പതിധ്യാനത്തില്‍ പങ്കെടുത്തതിനുശേഷം എന്നും രാത്രിയില്‍ കിടക്കുംമുമ്പ് പരസ്പരം നെറ്റിയില്‍ കുരിശുവരച്ച് ചുംബിക്കുന്ന ശീലം ആരംഭിച്ചു. ഇന്നും അത് തുടരുന്നു. പ്രായത്തിന്റെ അവശതകള്‍മൂലം നേരത്തേ കിടന്നാല്‍ കുനിഞ്ഞ് ചുംബിക്കാന്‍ കഴിയാത്തതുകൊണ്ട് ചിലപ്പോള്‍ ജോളിച്ചേച്ചി കൈനീട്ടിയിട്ട് പറയും, ”കൈയില്‍ ഉമ്മ തന്നാലും മതി!”
എങ്ങനെയാണെങ്കിലും സ്‌നേഹത്തില്‍ ഊന്നിയ ശീലം ഈ ദമ്പതികള്‍ മുടക്കുന്നില്ല, എണ്‍പതുകളുടെ അവശതകളെല്ലാം ഉണ്ടെങ്കിലും… ഇപ്പോള്‍ ‘ഓവര്‍’ അടുപ്പമാണെന്നാണ് ജോസേട്ടന്‍ അവരുടെ പരസ്പരബന്ധത്തെക്കുറിച്ച് പറയുന്നത്.
സ്വന്തം അനുഭവങ്ങളുടെ പിന്‍ബലത്തില്‍ ദാമ്പത്യം മനോഹരമാക്കാനുള്ള കുറുക്കുവഴികള്‍ ജോസേട്ടന്‍ പങ്കുവയ്ക്കുന്നു.
എന്നും രാത്രിയില്‍ കിടക്കുംമുമ്പ് പരസ്പരം പ്രാര്‍ത്ഥിച്ച് നെറ്റിയില്‍ കുരിശുവരയ്ക്കുന്ന ശീലം ദാമ്പത്യത്തെ കൂടുതല്‍ അനുഗ്രഹപ്രദമാക്കാന്‍ സഹായിക്കും.
പരസ്പരം മാപ്പുപറയണം. സംസാരത്തിലോ പ്രവൃത്തിയിലോ ഒക്കെ പങ്കാളിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചുപോയാല്‍ താമസിയാതെതന്നെ ആ സംഭവം എടുത്തുപറഞ്ഞ് മാപ്പുചോദിക്കണം. ഉദാഹരണത്തിന് ഒരു നിസാരകുറ്റത്തിന് അമിതമായി കോപിക്കുകയും വഴക്ക് പറയുകയും ചെയ്തു എന്ന് കരുതുക. അന്നുതന്നെ അത് തീര്‍ക്കാനായി മാപ്പുപറയണം. ”എടീ, നിന്നോട് ഞാന്‍ വല്ലാതെ ചൂടായി വഴക്ക് പറഞ്ഞു. നീയത് ക്ഷമിക്കണം. ഇനി ഞാന്‍ അങ്ങനെ ചെയ്യില്ല” എന്ന് പറയാന്‍ മടികാണിക്കരുത്.
പലപ്പോഴും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം. പക്ഷേ വീണ്ടും വീണ്ടും മാപ്പ് പറയുകയും തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
കുറച്ചുനാള്‍ കൂടുമ്പോള്‍ പങ്കാളിയോട് നമുക്ക് പുരോഗതിയുണ്ടോ എന്ന് ചോദിക്കണം. ആദ്യമൊന്നും വ്യത്യാസം അനുഭവപ്പെട്ടില്ലെങ്കിലും സാവധാനം മാറ്റം പ്രകടമാകും. നിര്‍ത്താതെ പരിശ്രമം തുടരുകയും വേണം. ഓരോ ദിവസവും മെച്ചപ്പെടണമെന്ന് നമുക്ക് ആഗ്രഹമുണ്ടാകേണ്ടത് പ്രധാനമാണ്.