ഷെവ. ബെന്നി പുന്നത്തറ
രാജാവായി അധികാരം ഏല്ക്കുന്നതിന് മുമ്പ് ദാവീദ് പൂര്‍ണമായും തകര്‍ക്കപ്പെട്ട ഒരു സംഭവം 1 സാമുവല്‍ 29-ാം അധ്യായത്തില്‍ കാണാം. സാവൂള്‍രാജാവിന്റെ വധഭീഷണിയില്‍നിന്ന് രക്ഷപ്പെടാനായി ദാവീദ് ഫിലിസ്ത്യരാജാവായ അക്കീഷിന്റെ അടുത്ത് അഭയംതേടി. ദാവീദിന്റെകൂടെ 600 അനുചരന്മാരും ഉണ്ടായിരുന്നു. അങ്ങനെ ദാവീദ് അക്കീഷിന്റ ആശ്രിതനായി തനിക്ക് അനുവദിക്കപ്പെട്ട സിക്ലാഗ് എന്ന പ്രദേശത്ത് കൂടാരമടിച്ച് ജീവിക്കുകയാണ്. അക്കാലത്ത്, അക്കീഷ് രാജാവ് ഇസ്രായേലുമായി യുദ്ധത്തിന് പുറപ്പെട്ടപ്പോള്‍ ദാവീദിനെയും സംഘത്തെയും യുദ്ധത്തിന് വിളിച്ചുചേര്‍ത്തു. എന്നാല്‍ യുദ്ധം മുറുകുമ്പോള്‍ ദാവീദും അനുചരന്മാരും ഇസ്രായേല്പക്ഷത്തേക്ക് കൂറുമാറി, ഫിലിസ്ത്യരെ ചതിക്കുമോ എന്ന് സൈന്യാധിപന്മാര്ക്ക് സംശയം. അവരുടെ ആശങ്കയും ഭയവും കാരണം അക്കീഷ് രാജാവ് ദാവീദിനെയും സംഘത്തെയും മടക്കി അയച്ചു.
അങ്ങനെ അപമാനിതനായി, ആത്മാര്‍ത്ഥത ചോദ്യംചെയ്യപ്പെട്ട്, മടക്കി അയക്കപ്പെട്ട ദാവീദ് തിരികെ സിക്ലാഗ് പ്രദേശത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. അമലേക്യര്‍ സിക്ലാഗ്, നെഗെബ് എന്നീ പ്രദേശങ്ങള്‍ ആക്രമിച്ച് അവരുടെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം അടിമകളാക്കി കൊണ്ടുപോയി. സിക്ലാഗ് നഗരം തീവച്ചു നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ എല്ലാവിധത്തിലും ഹൃദയം തകര്‍ന്നിരിക്കുന്ന സമയത്ത് അനുചരന്മാരെല്ലാം ദാവീദിന് എതിരെ തിരിഞ്ഞു. ഇദ്ദേഹത്തിന്റെ കൂടെ കൂടിയിട്ട് തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയുമെല്ലാം നഷ്ടപ്പെട്ടല്ലോ. അതുകൊണ്ട് ദാവീദിനെ കല്ലെറിഞ്ഞ് കൊല്ലണം എന്നാണ് അവര്‍ തീരുമാനിച്ചത്. ദാവീദിന് ആരുമില്ലാത്ത സാഹചര്യം. അനുചരന്മാരായി കൂടെയുണ്ടായിരുന്നവര്‍ കല്ലെറിഞ്ഞ് കൊല്ലാന്‍ പദ്ധതിയിടുന്നു, ആശ്രിതനായിനിന്ന അക്കീഷിന്റെയടുത്തുനിന്ന് പറഞ്ഞുവിടപ്പെടുന്നു. അങ്ങനെ ആരും സഹായിക്കാനില്ലാത്ത അവസ്ഥ.
ജയത്തിന്റെയും തോല്‍വിയുടെയും കാരണമെന്ത്?
ഇതുപോലെ, നമ്മളും ഏറ്റവും തളര്‍ന്നിരിക്കുമ്പോഴാണ് എല്ലായിടത്തുനിന്നും ആക്രമണം ഉണ്ടാകുന്നത്. അത് ഒരു വ്യക്തിയായാലും ശുശ്രൂഷയായാലും അങ്ങനെതന്നെ. എല്ലാം നന്നായി പോകുമ്പോള്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ ബലഹീനരായിരിക്കുന്ന സമയത്ത് സകലയിടത്തുനിന്നും ആക്രമണം വരും. ശുശ്രൂഷയാണെങ്കില്‍ ഒരു വീഴ്ചയോ കുറവോ സംഭവിക്കുമ്പോള്‍ എല്ലായിടത്തുനിന്നും ആക്രമണം വരുന്നത് കാണാം. സാത്താന് ഈ അവസരം നോക്കിയിരിക്കുകയാണ്.
പലപ്പോഴും നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് ആ സമയത്ത് വലിയ നിസഹായത അനുഭവപ്പെടും. ഇങ്ങനെയുള്ള അവസ്ഥ എല്ലാവര്ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. പക്ഷേ ദൈവം ഇത് അനുവദിക്കുന്നതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. വിജയത്തിന്റെ നാളുകളില്‍ നാം ഏറെപ്പേരെ ആശ്രയിക്കും. വിജയത്തിനുപിന്നില്‍ എപ്പോഴും വളരെപ്പേരുണ്ടായിരിക്കും. പക്ഷേ നമ്മുടെ ആശ്രയം വ്യക്തികളിലും സാഹചര്യങ്ങളിലും സമ്പത്തിലുമൊക്കെ ആകാതിരിക്കാന്‍ ദൈവം ഇതുപോലുള്ള നിസഹായതകള്‍ അനുവദിക്കും.
ഈ അവസരത്തില്‍ ദാവീദ് എന്താണ് ചെയ്തത്? അവന് തന്റെ ദൈവമായ കര്‍ത്താവില്‍ ശരണംവച്ചു'(1 സാമുവല്‍ 30/6 – പിഒസി മലയാളം ബൈബിള്‍). എന്നാല്‍ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്‍ ഈ വചനം: ‘ഉമ്ശറ േെൃലിഴവേലിലറ വശാലെഹള ശി വേല ഘീൃറ വശ െഏീറ’എന്നാണ്. അതായത്, അവന് കര്‍ത്താവില്‍ ബലമാര്ജിച്ചു. മറ്റ് ബലങ്ങളൊന്നുമില്ല. അനുയായികളില്ല, ആശ്രിതനെന്ന നിലയില്‍ തന്നെ സഹായിച്ചിരുന്ന രാജാവില്ല! അങ്ങനെ എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവന് കര്‍ത്താവില്‍ ബലമാര്ജിച്ചു. ദൈവത്തില്‍ കരുത്ത് ആര്ജിച്ചുകഴിഞ്ഞപ്പോള് എന്തുചെയ്യണം എന്ന് വേവലാതിപ്പെടുന്ന ദാവീദിനെ കാണുന്നില്ല. മറിച്ച്, കര്‍ത്താവിനോട് ആലോചന ചോദിച്ച്, കൂടെ അവശേഷിച്ച 400 പേരെയും കൂട്ടി അമലേക്യരെ പിന്തുടരുകയാണ് അവന് ചെയ്യുന്നത്. അവരെ തോല്പിച്ച്, അവര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു. കൊള്ളവസ്തുക്കള്‍ തിരികെക്കൊണ്ടുവന്നു വിജയശ്രീലാളിതനായി ദാവീദ്.
എന്നാല്‍ കര്‍ത്താവില്‍ ശക്തിപ്രാപിച്ചില്ലെങ്കില്‍ എന്തുണ്ടാകും? വിറളിപിടിച്ച് എന്തുചെയ്യണമെന്നറിയാതെ ഓടിനടക്കും. ഇതേ അധ്യായത്തിന് തൊട്ടുമുമ്പ് പ്രതിസന്ധിയിലായ സാവൂളിനെ കാണാം. ഫിലിസ്ത്യരുമായി യുദ്ധത്തിനൊരുങ്ങിയെങ്കിലും ഫിലിസ്ത്യരുടെ സൈന്യത്തെ കണ്ട് സാവൂള്‍ ഭയപ്പെട്ടു. വേവലാതിയോടെ പ്രവാചകരുടെയടുത്ത് പോയി, സന്ദേശങ്ങള്‍ കിട്ടിയില്ല; രാത്രിയില്‍ പ്രാര്‍ത്ഥിച്ചു, സ്വപ്നത്തിലൂടെ കര്‍ത്താവ് ഒന്നും പറഞ്ഞില്ല. ഒടുവില്‍ മന്ത്രവാദിനിയുടെ അടുത്ത് പോയി ആലോചന ചോദിക്കുകയാണ് ചെയ്തത്. സാവൂളിന്റെ നാശത്തിന് അത് കാരണമാകുന്നു.
പ്രതിസന്ധികളില്‍
ചെയ്യേണ്ടണ്ടത്
പ്രതിസന്ധികള്‍ വരുമ്പോള്‍ നാമും വേവലാതിപ്പെട്ട് നടക്കരുത്, അപ്പോള്‍ നാം ദുര്‍ബലരാകും. എപ്പോഴും കര്‍ത്താവിന്റെ അടുത്തിരിക്കുക. കര്‍ത്താവില്‍ ശക്തിപ്രാപിക്കുക. നേതൃസ്ഥാനത്തേക്ക് വിളിക്കപ്പെട്ടവര്‍ ഇപ്രകാരം കര്‍ത്താവില്‍ ബലമാര്ജിക്കാന് പഠിക്കണം.
എന്തെങ്കിലും വിഷമങ്ങള്‍ വരുമ്പോള്‍ നാം പലപ്പോഴും പ്രാര്‍ത്ഥിക്കാന്‍ മറ്റ് വ്യക്തികളെ തേടി ഓടിനടക്കും. അത് തെറ്റല്ല. പക്ഷേ അങ്ങനെ പുറത്തുനിന്നൊരു സഹായം തേടി ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കാതെ കര്‍ത്താവില്‍ ശരണപ്പെടുന്നതാണ് ഒരു ആത്മീയ വ്യക്തിക്ക് കൂടുതല്‍ ഉചിതം. ഒരു യഥാര്‍ത്ഥനേതാവ് പ്രതിസന്ധിയുണ്ടാകുമ്പോള്‍ കര്‍ത്താവില്‍ ബലമാര്ജിക്കാന് പഠിക്കണം. എങ്കിലേ കരുത്തനാകാനും പുതിയൊരു തലത്തിലേക്ക് ശുശ്രൂഷയെ നയിക്കാനും സാധിക്കുകയുള്ളൂ. അതിനുവേണ്ടിയാണ് ദൈവം നമ്മുടെ ജീവിതത്തെ നിസഹായതയുടെ അനുഭവങ്ങളിലൂടെ നയിക്കുന്നത്.
ഒരു കാര്യം എപ്പോഴും ഓര്‍ക്കണം. ഒരു ദൗത്യം പൂര്‍ത്തീകരിച്ചുകഴിയുമ്പോള്‍ ഒരു ശൂന്യതയുണ്ടാകും. ആ ശൂന്യത വീണ്ടും ദൈവത്താല്‍ പോഷിപ്പിക്കപ്പെടാന്‍ വേണ്ടിയുള്ളതാണ്. അങ്ങനെ പരിപോഷിപ്പിക്കപ്പെട്ടാല്‍ മാത്രമേ പുതിയ ദൗത്യങ്ങള്‍ ദൈവം വെളിപ്പെടുത്തുകയുള്ളൂ. ദുര്‍ബലനായ ഒരാള്‍ക്ക് ദൈവം ഒരിക്കലും ഒരു നിയോഗം നല്കുകയില്ല. ആദ്യം അവന് ദൈവത്തിന്റെ അടുത്തിരുന്ന് ശക്തിയാര്‍ജിക്കണം. ശക്തിയാര്ജിച്ചുകഴിയുമ്പോഴാണ് പുതിയ ദൗത്യത്തിന് തുടക്കം കുറിക്കുന്നത്.
ചില അവസരങ്ങളില്‍ നാം ദുര്‍ബലരാകാന്‍ ദൈവം അനുവദിക്കുന്നത് അടുത്ത ദൗത്യത്തിനായി നമ്മെ ഒരുക്കാനാണ്, അതിനായി അവിടുന്ന് ചിലപ്പോള്‍ നമ്മെ തളര്‍ത്തും, കിടത്തും. ശുശ്രൂഷയില്‍ പ്രതിസന്ധി, ഒറ്റപ്പെടല്‍, ചീത്തപ്പേര്, അങ്ങനെ പലതും ഉണ്ടാകും. അപ്പോള്‍ നമുക്കത് അംഗീകരിക്കാനാവാതെ വന്നേക്കാം. എന്നാല്‍ നമ്മെ പരിപോഷിപ്പിക്കാനാണ് അവിടുന്ന് അവ അനുവദിക്കുന്നത്. അത് സ്വന്തമാക്കണമെങ്കില്‍ തിരക്കിട്ട ഓട്ടങ്ങള്‍ അവസാനിക്കണം, നിസഹായതയിലേക്ക് വരണം. തുടര്‍ന്നാണ് ദൈവം നമ്മെ അടുത്ത ദൗത്യത്തിലേക്ക് നയിക്കുന്നത്. ശുശ്രൂഷയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഓര്‍ക്കണം: പുതുശക്തികൊണ്ട് നിറയാനായിട്ടാണ് ദൈവം നമുക്ക് നിസഹായത തരുന്നത്. നാം വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും നോക്കാതെ അവിടുത്തെ മാത്രം നോക്കി, കര്‍ത്താവില്‍നിന്ന് ശക്തിയാര്‍ജിക്കണം.
കരുത്തിന്റെ 3 രഹസ്യങ്ങള്‍
ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍, പുതിയ കരുത്ത് സ്വന്തമാക്കാന്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യാം:
കര്‍ത്താവുമായി കൂടുതല്‍ സംഭാഷണം നടത്തുക. വിഷമങ്ങള്‍ കര്ത്താവിനോടുമാത്രം പറയുക. ഒന്നും ചെയ്യാനില്ല, പ്രാര്‍ത്ഥിക്കാനാ കുന്നില്ല എന്ന അവസ്ഥയാണെങ്കില്‍ ഭാഷാവരത്തില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കണം. 1 കോറിന്തോസ് 14/4 പ്രകാരം ഭാഷാവരത്തില്‍ പ്രാര്ത്ഥിക്കുന്നവന് തനിക്കുതന്നെ അഭിവൃദ്ധി വരുത്തുന്നു. അതിനാല്‍ നമ്മെത്തന്നെ കരുത്തരാക്കി മാറ്റാന്‍ ഭാഷാവരം ഉപയോഗിക്കുക. ഒപ്പം നമ്മുടെ ആത്മാവിനോടുതന്നെ സംസാരിക്കണം. നാം എപ്പോഴും പരിസരങ്ങളോടും മറ്റുള്ളവരോടുമാണ് സംവദിക്കുന്നത്. എന്നാല്‍ ദാവീദിന്റെ മാതൃക നോക്കുക. ദാവീദ് സ്വന്തം ആത്മാവിനോട് സംസാരിക്കുന്നു, ”എന്റെ ആത്മാവേ, നീയെന്തിന് വിഷാദിക്കുന്നു, നീയെന്തിന് നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും” (സങ്കീര്‍ത്തനങ്ങള്‍ 43/5). ഇതുപോലെ, ‘നീയെന്തിന് വിഷമിക്കുന്നു, നിന്റെ ദൈവം കൈവിടുകയില്ല, നിന്റെ ദൈവം കൂടെയില്ലേ?’ എന്നിങ്ങനെ സ്വന്തം ആത്മാവിനോട് സംസാരിക്കുക.
സ്തോത്രഗീതങ്ങള് ആലപിക്കണം. നമ്മുടേതായ ഭാഷയിലും രാഗത്തിലും പാടിയാല്‍ മതി. അത് നമ്മെ ബലപ്പെടുത്തും. അങ്ങനെ കര്‍ത്താവില്‍ ബലം പ്രാപിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തത കിട്ടും. അല്ലാത്തപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയുകയില്ല. ആലോചിച്ച് സമ്മര്‍ദം കൂടും.
നമ്മുടെ ശുശ്രൂഷയില്‍ എപ്പോഴും സുഗമമായ കാലങ്ങളായിരിക്കുകയില്ല. പ്രതിസന്ധികളിലൂടെയാണ് ദൈവം നമ്മെ വളര്‍ത്തുന്നത്. ആ പ്രതിസന്ധിസമയത്ത് ആത്മാവിന്റെ സാന്നിധ്യമില്ലെങ്കില്‍ പരസ്പരം കുറ്റപ്പെടുത്തിയും മറ്റും വെറുതെ കാലം പോകും, അതിനാല്‍ ആത്മാവിന്റെ നയിക്കപ്പെടലിനായി നാം കര്‍ത്താവിന്റെ അടുത്തിരിക്കണം. ദൈവം പ്രവര്‍ത്തിക്കും, നാം വെറുതെ ഓടിനടന്ന് വേവലാതിപ്പെട്ട് കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. ദൈവം പ്രവര്‍ത്തിക്കണം, ദൈവം പ്രവര്‍ത്തിക്കാനുള്ള സമയത്തിനുമുമ്പായി അതിനുള്ള ആത്മീയ അന്തരീക്ഷം ഒരുക്കണം. ആത്മീയമായി നാം ഒരുക്കപ്പെടണം. സമയത്തിന്റെ തികവില്‍ അവിടുന്ന് പ്രവര്‍ത്തിക്കും. കര്‍ത്താവില്‍ ശക്തിയാര്‍ജിക്കുക എന്നതാണ് പ്രധാനപ്പെട്ടത്.
എപ്പോഴും വ്യക്തിപരമായി കര്‍ത്താവില്‍ ശക്തിയാര്‍ജിക്കുന്ന ഒരു സ്വഭാവമുണ്ടാകണം. പല കാര്യങ്ങളിലും മറ്റുള്ളവരുടെ സഹായം നമുക്ക് ആവശ്യമുണ്ടെങ്കിലും കരുത്തിന്റെ രഹസ്യം ഇരിക്കുന്നത് ‘ഞാനും കര്‍ത്താവും’തമ്മിലുള്ള ബന്ധത്തിലാണ്. നമ്മുടെ നേതൃത്വത്തിന്റെ കരുത്ത് വെളിപ്പെടുന്നത് ആ ബന്ധത്തിലാണ്. അതിനാല്‍ കര്‍ത്താവില്‍ കരുത്താര്ജിക്കുന്നവരാകാം.
നമുക്ക് പ്രാര്‍ത്ഥിക്കാം, കര്‍ത്താവേ, ഈ കാലഘട്ടത്തില്‍ ഞങ്ങളെ ശക്തിപ്പെടുത്തണേ. അങ്ങയില്‍ കരുത്താര്‍ജിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേന്‍.