ആധ്യാത്മികമായ സ്നേഹം എത്രമാത്രം വികാരനിര്ഭരമാണെന്നറിയുന്നത് വിസ്മയകരംതന്നെ! അതു പ്രാപിക്കുന്നതിന് എന്തുമാത്രം കണ്ണുനീരും തപഃക്രിയകളും പ്രാര്‍ത്ഥനകളും ആവശ്യമായിരിക്കുന്നു. അല്പംപോലും സ്വാര്‍ത്ഥതാത്പര്യം കലരാത്ത സ്നേഹം ഇതാണ്. സ്നേഹിക്കുന്ന ആത്മാവ് സ്വര്ഗീയാനുഗ്രഹങ്ങളാല് സമ്പന്നമായി കാണണമെന്നു മാത്രമാണ് അങ്ങനെ സ്നേഹിക്കുന്നയാളുടെ അഭീഷ്ടവും ആവേശവുമെല്ലാം. ഇതാണ് യഥാര്‍ഥമായ സ്നേഹം.
നമുക്ക് തമ്മില്‍ത്തമ്മില്‍ അഥവാ ബന്ധുമിത്രാദികളോട് സാധാരണമായി ഉള്ള സ്നേഹബന്ധം മറ്റൊരു തരത്തിലാണ്; നാം സ്നേഹിക്കുന്നവര്‍ മരിക്കരുതെന്നാണ് നാം ആഗ്രഹിക്കുക. അവരുടെ തല വേദനിച്ചാല്‍ നമ്മുടെ പ്രാണനും വേദനിക്കുന്നെന്നു തോന്നിപ്പോകും.
വിശുദ്ധമായ സഹോദരസ്നേഹം
ആധ്യാത്മികമായ സ്നേഹം ഇങ്ങനെയല്ല. സ്വാഭാവിക ബലഹീനത നിമിത്തം മേല്പറഞ്ഞതുപോലെ നമുക്ക് പെട്ടെന്ന് തോന്നിയേക്കാമെങ്കിലും, ക്ലേശങ്ങള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു പ്രയോജനകരമല്ലേ? അവ നിമിത്തം അവരുടെ സുകൃതസമ്പത്ത് വര്‍ധിക്കുന്നുണ്ടോ? അവര്‍ എപ്രകാരം അവ സഹിക്കുന്നു? എന്നൊക്കെ നാം പര്യാലോചിച്ചു തുടങ്ങും; അതോടൊപ്പം അവര്‍ക്കു ക്ഷമയുണ്ടാകുന്നതിനും കഷ്ടതകള്‍ അവര്‍ക്ക് പുണ്യയോഗ്യതയായി പരിണമിക്കുന്നതിനുംവേണ്ടി നാം പ്രാര്‍ത്ഥിക്കുകയും ചെയ്യും. അത്തരം ഫലങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നമുക്കു ദുഃഖമൊന്നും തോന്നില്ല.
പ്രത്യുത സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്യും. ക്ലേശങ്ങളില്‍നിന്നു ലഭിക്കുന്ന യോഗ്യതകളും പുണ്യങ്ങളുമെല്ലാം പ്രിയപ്പേട്ടവരുടെ നിക്ഷേപത്തിലേക്ക് വരവുവയ്ക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അവര്‍ സഹിക്കുന്നതു കാണാതിരിക്കാന്‍ അവരുടെ കഷ്ടതകള്‍ നാംതന്നെ സസന്തോഷം സഹിച്ചേനേ. എങ്കിലും അവനിമിത്തം നാം കലങ്ങുകയോ അസ്വസ്ഥരാകുകയോ ചെയ്യില്ല. ഞാന്‍ ഒന്നുകൂടി ആവര്‍ത്തിച്ചു പറയുന്നു. ഈ സ്നേഹം നല്ല സ്നേഹിതനായ ഈശോയ്ക്ക് നമ്മോടുണ്ടായിരുന്ന സ്നേഹത്തിനു സദൃശവും അതിന്റെ അനുകരണവുമത്രേ.
തന്നിമിത്തം ഇതു നമുക്ക് അത്യന്തം ഗുണകരമാണ്; എന്തുകൊണ്ടെന്നാല്‍ മറ്റുള്ളവര്‍ ക്ലേശങ്ങള്‍ സഹിക്കാതെ അവയുടെ ഫലം പ്രാപിക്കുവാന്‍ പര്യാപ്തമായവിധം നാംതന്നെ സര്‍വവും സഹിക്കാന്‍ ഈ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. ഇപ്രകാരം സ്നേഹിക്കുന്നവരുടെ മൈത്രി സമ്പാദിക്കുന്നവര്‍ക്ക് വളരെയധികം പ്രയോജനം സിദ്ധിക്കുന്നു. പക്ഷേ അനന്തരഫലം രണ്ടിലൊന്ന് തീര്‍ച്ചയായിരിക്കും. ഒന്നുകില്‍ മിത്രങ്ങള്‍ ഇവരുടെ സവിശേഷസൗഹൃദം വിട്ടുപേക്ഷിക്കും; അല്ലെങ്കില്‍ അവരും തങ്ങളുടെ മാര്‍ഗം അവലംബിച്ചു തങ്ങളോടൊന്നിച്ച് ഒരേ ലക്ഷ്യത്തിലെത്താനുള്ള അനുഗ്രഹം വിശുദ്ധ മോനിക്ക വിശുദ്ധ അഗസ്റ്റിനുവേണ്ടി പ്രാപിച്ചതുപോലെ ഇവര്‍ കര്‍ത്താവില്‍നിന്നു പ്രാപിക്കും.
മിത്രങ്ങളുടെ നേര്‍ക്ക് രണ്ടുതരത്തിലുള്ള ഭാവം കാണിക്കാന്‍ ഇവര്‍ തുനിയുകയില്ല. സുഹൃത്തുക്കള്‍ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നതില്‍ അവര്‍ ബദ്ധശ്രദ്ധരായിരിക്കും. അവരുടെ ചെയ്തികള്‍ യാതൊന്നും ഇവരില്‍നിന്നും മറഞ്ഞിരിക്കയില്ല. ഏറ്റവും നിസാരമായ ന്യൂനതപോലും ഇവരുടെ ദൃഷ്ടിയില്‍പെടും. അവര്‍ വഴിതെറ്റി സഞ്ചരിക്കുന്നെന്നും അരുതാത്തത് വല്ലതും ചെയ്യുന്നെന്നും കണ്ടാല്‍ ഇവര്‍ അവരെ ഗുണദോഷിക്കും; അവര്‍ മനസുതിരിയുന്നില്ലെങ്കില്‍ പിന്നെ അവര്‍ക്കുള്ള പിന്തുണ പിന്‍വലിക്കും, കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കുകയുമില്ല. തല്‍ഫലമായി ഒന്നുകില്‍ അവര്‍ നന്നാവും. അല്ലെങ്കില്‍ നമ്മോടുള്ള സൗഹൃദം ഉപേക്ഷിക്കും.
പുണ്യപ്പെട്ട സൗഹൃദങ്ങളുടെ ഗുണങ്ങള്‍
ഇത്തരക്കാരാല്‍ സ്നേഹിക്കപ്പെടുന്നവര്‍ ഭാഗ്യമുള്ളവര്‍! ഇവരെ അവര്‍ അറിഞ്ഞ ദിവസവും ഭാഗ്യപ്പെട്ടത്! ഇങ്ങനെയുള്ള ആരെയെങ്കിലും നിങ്ങള്‍ കണ്ടുമുട്ടുന്നെങ്കില്‍, അങ്ങനെയുള്ളവരെ എത്രവേണമെങ്കിലും സ്നേഹിച്ചുകൊള്ളുക. ഇത്തരക്കാര്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടാകൂ; എങ്കിലും പൂര്‍ണത പ്രാപിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അറിയപ്പെടാതിരിക്കാന്‍ കര്‍ത്താവ് ഇടവരുത്തുകയില്ല.
എന്നാല്‍ നിങ്ങള്‍ പറയുമായിരിക്കും: ഇതത്ര ആവശ്യമുള്ള കാര്യമല്ല. ദൈവത്തെ പ്രാപിക്കുന്നെങ്കില്‍ അതുമതിയെന്ന്. ദൈവത്തെ പ്രാപിക്കുന്നതിനുള്ള നല്ല വഴിയാണ് അവിടുത്തെ മിത്രങ്ങളുമായി ഇടപെടുക എന്നത്. അതില്‍നിന്ന് എപ്പോഴും സദ്ഫലങ്ങള്‍ ഉണ്ടാകും. എന്റെ സ്വന്തം അനുഭവംകൊണ്ട് എനിക്കതറിയാം.
ഈ തരത്തിലുള്ള സ്നേഹമാണ് നമുക്കുണ്ടായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത്. ആരംഭത്തില്‍ അത് അത്ര പരിപൂര്ണമായിരിക്കയില്ലെങ്കിലും കര്‍ത്താവ് ക്രമേണ അതിനെ പൂര്‍ത്തിയാക്കിക്കൊള്ളും. അത് ആര്‍ജിക്കാനുള്ള മാര്‍ഗങ്ങള്‍ മുതല്‍ നമുക്കാരംഭിക്കാം. സ്നേഹം ആദ്യം വികാര പ്രേരിതമായിരിക്കുമെങ്കിലും സാമാന്യമായി പറഞ്ഞാല്‍, അതത്ര ഹാനികരമായിരിക്കയില്ല. സ്നേഹത്തില്‍ ആര്‍ദ്രത കലരുന്നതും അതിനെ പോഷിപ്പിക്കുന്നതുതന്നെയും സഹോദരങ്ങളുടെ കഷ്ടതകളെയും രോഗങ്ങളെയുംകുറിച്ച് അനുകമ്പ തോന്നുന്നതും ചിലപ്പോള്‍ അഭിലഷണീയവും ആവശ്യവുമത്രേ.
മറ്റുള്ളവരുടെ കുറവുകള്‍ സഹിക്കാന്‍ എളുപ്പവഴി
ചില അവസരങ്ങളില്‍ ഉഗ്രമായ ദുരിതങ്ങള്‍ കാരണമാക്കുന്നത്രയും പീഡകള്‍, മറ്റവസരങ്ങളില്‍ നിസാരമായ അസുഖങ്ങളില്‍നിന്ന് അനുഭവപ്പെട്ടെന്നു വരാം. ലഘുവായ കാരണങ്ങള്‍ നിമിത്തം കഠിനമായ ഞെരുക്കനുഭവിക്കുക ചിലയാളുകളുടെ പ്രകൃതവുമായിരിക്കും. നിങ്ങളുടെ സ്വഭാവം നേരെ മറിച്ചായിരുന്നാലും മറ്റുള്ളവരോടു സഹതപിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ വിമുഖരായിരിക്കരുത്. ഒരുപക്ഷേ ഈവക ക്ലേശങ്ങളില്‍നിന്നു നമ്മുടെ കര്‍ത്താവ് നിങ്ങളെ ഒഴിവാക്കിയിരിക്കുകയും യഥാര്‍ത്ഥത്തില്‍ ഗുരുതരവും എന്നാല്‍ മറ്റുള്ളവര്‍ക്ക് നിസാരമെന്നു തോന്നുന്നവയും അവിടുന്നു നമുക്ക് തരാനിരിക്കുകയായിരിക്കും. തന്നിമിത്തം അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ അളവുകൊണ്ടു നാം മറ്റുള്ളവരെ വിധിക്കരുത്; നമ്മുടെ ശ്രമം കൂടാതെ കര്‍ത്താവ് നമുക്ക് ആത്മീയവീര്യം തന്നിട്ടുള്ള സന്ദര്‍ഭങ്ങളല്ല, പ്രത്യുത നാം ദുര്‍ബലരായിരുന്ന അവസരങ്ങളാണ് നമ്മുടെ ഓര്‍മ്മയില്‍ വരേണ്ടത്.
സഹനത്തെ അഭിലഷിക്കുകയും തന്നിമിത്തം സകല വിഷമങ്ങളും നിസാരമെന്നു ഗണിക്കുകയും ചെയ്യുന്നവരെന്നു വിശേഷിപ്പിച്ചിട്ടുള്ളവര് ഇതു പ്രത്യേകം ഓര്‍ക്കണം. തങ്ങള്‍ ദുര്ബലരായിരുന്നപ്പോഴത്തെ സ്ഥിതി എന്തായിരുന്നുവെന്നും ഇപ്പോള്‍ ആ നില മാറിയിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ ഗുണംകൊണ്ടല്ലെന്നും ഓര്മിക്കുവാന് ഇക്കൂട്ടര്‍ ഉറ്റു ശ്രമിക്കേണ്ടതാണ്. അല്ലാത്തപക്ഷം പിശാച്, സമീപസ്ഥരുടെ പേരില്‍ നമുക്കുണ്ടായിരിക്കേണ്ട ഉപവിയെ ഇപ്രകാരം ക്രമേണ തണുപ്പിക്കാനും അങ്ങനെ യഥാര്‍ത്ഥത്തില്‍ നമ്മുടെ പക്ഷത്ത് കൃത്യവിലോപമായിരിക്കുന്നത് പുണ്യപൂര്ണതയാണെന്നു നമ്മെ തെറ്റിദ്ധരിപ്പിക്കാനും ഇടയുണ്ട്.
തിന്മയുടെ തന്ത്രങ്ങള്‍ തിരിച്ചറിയാം
എല്ലാറ്റിലും ശ്രദ്ധയും കരുതലും ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍ പിശാച് ഒരിക്കലും ഉറങ്ങുന്നില്ല. പുണ്യവഴിയില്‍ കൂടുതല്‍ പുരോഗമിച്ചവരാണ് കൂടുതല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നത്. കാരണം അവരുടെ നേര്‍ക്ക് അവന് ഉന്നയിക്കുന്ന പ്രലോഭനങ്ങള്‍ കൂടുതല്‍ കഠിനമാണ്. ഞാന്‍ നിര്‍ദേശിക്കുന്നതുപോലെ ശ്രദ്ധയില്ലാത്തവര്‍ അപകടം ഗുരുതരാവസ്ഥയില്‍ എത്തുന്നതിനുമുമ്പ് വിവരം ഗ്രഹിച്ചില്ലെന്നും വരും. ചുരുക്കത്തില്‍ നാം സദാ ജാഗ്രതയോടെ പ്രാര്‍ത്ഥിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പിശാചിന്റെ ഗൂഢതന്ത്രങ്ങളെ കണ്ടുപിടിക്കുന്നതിനും അവന്റെ സാന്നിധ്യത്തിന്റെ ലക്ഷണങ്ങള്‍ നിര്‍ണയിക്കുന്നതിനും പ്രാര്‍ത്ഥനയെക്കാള്‍ ഫലപ്രദമായ ഉപാധി മറ്റൊന്നില്ല.
പ്രത്യക്ഷമായ ഏതെങ്കിലും കുറ്റം ആരിലെങ്കിലും കണ്ടാല്‍ അതേപ്പറ്റി അത്യന്തം പരിതപിക്കുക. അതിനെക്കുറിച്ച് വിസ്മയിക്കാതെ, അതിന്റെ ന്യൂനത സഹിക്കാന്‍ അഭ്യസിക്കുന്നത് ഉറപ്പായ സ്നേഹത്തിന്റെ തെളിവാണ്. നിങ്ങളുടെ ഇഷ്ടത്തിന് എല്ലാം യോജിക്കുന്നില്ലെങ്കിലും അവരുടെ നേര്‍ക്കുള്ള ആദരവുനിമിത്തം ഒത്തൊരുമിച്ചുപോവാന് പരിശ്രമിക്കുന്നെങ്കില്‍ എല്ലാം പരിപൂര്‍ണമായ സ്നേഹമായിരിക്കും. സഹോദരങ്ങളില്‍ അനുകമ്പയും സഹതാപവും അര്‍ഹിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്നു ശരിയായി ഗ്രഹിക്കുകയും വേണം.
നിങ്ങളുടെ കുറവുകളും കുറ്റങ്ങളുംമൂലം മറ്റുള്ളവര്‍ക്കും സഹിക്കേണ്ടതായിട്ടുണ്ട് എന്നത് മറക്കാതിരിക്കാം. നിങ്ങളുടെ ശ്രദ്ധയില്പെടാത്തവയും അക്കൂട്ടത്തില്‍ ധാരാളമുണ്ടെന്നു നിങ്ങള്‍ ഓര്‍ക്കണം. കുറ്റക്കാരായ സഹോദരങ്ങള്‍ക്കുവേണ്ടി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും അവരില്‍ കാണുന്ന ഓരോ കുറ്റത്തിനുമെതിരായ പുണ്യം അഭ്യസിക്കുകയും ചെയ്യുക. തിരുത്തലുകൊണ്ടു പരിഹരിക്കാന്‍ സാധിക്കാത്ത മറ്റുള്ളവരുടെ കുറവുകള്‍ സ്വന്തം മാതൃകയിലൂടെ മാറ്റിയെടുക്കാന്‍ അക്ഷീണം യത്നിക്കണം. ഒരു പുണ്യം ശ്രദ്ധേയമായ രീതിയില്‍ മറ്റുള്ളവര്‍ അഭ്യസിക്കുന്ന കാഴ്ച അതില്ലാത്തവരെ ആകര്ഷിക്കാതിരിക്കയില്ല. അത്യന്തം ഫലപ്രദമായ ഈ ഉപദേശം നിങ്ങള്‍ മറക്കരുത്.
ആവിലായിലെ വിശുദ്ധ തെരേസ
(സുകൃതസരണി)