ഉത്തരം സ്വിസ് കുറിപ്പുകളില്‍… – Shalom Times Shalom Times |
Welcome to Shalom Times

ഉത്തരം സ്വിസ് കുറിപ്പുകളില്‍…

”…അതിന് യൂറോപ്പില്‍ ആളുകള്‍ക്ക് വിശ്വാസം ഒക്കെ ഉണ്ടോ?” ഫോണിലൂടെ കേട്ട ചോദ്യം മനസിലങ്ങനെ തങ്ങിനിന്നു. കേരളത്തില്‍നിന്ന് സുഹൃത്തായ ഒരു വൈദികനാണ് അങ്ങനെ ചോദിച്ചത്.
അത് ഒരു വൈകുന്നേരമായിരുന്നു. താത്കാലികമായി ശുശ്രൂഷ ചെയ്യുന്ന ഇടവകയിലെ കപ്പേളയില്‍ ജപമാലപ്രാര്‍ത്ഥനയ്ക്കായി നടന്നുപോകുകയാണ് ഞാന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ റീമെന്‍സ്റ്റാള്‍ഡന്‍ ആണ് സ്ഥലം. കഴിഞ്ഞ വേനലവധിക്കാലത്തെ രണ്ടുമാസം അവിടത്തെ ഇടവകയിലാണ് ശുശ്രൂഷ ചെയ്യാന്‍ അവസരം ലഭിച്ചത്. റീമെന്‍സ്റ്റാള്‍ഡന്‍ ഒരു ചെറിയ പര്‍വ്വതഗ്രാമമാണ്.

ചുറ്റുമുള്ള മലനിരകള്‍ക്ക് 2,000 മീറ്ററിലധികം ഉയരമുണ്ട്. കത്തോലിക്കര്‍മാത്രം താമസിക്കുന്ന ഒരു ചെറിയ ഇടവക കൂടിയാണ് അത്. പശുക്കളെ വളര്‍ത്തിയും കൃഷി ചെയ്തും ജീവിക്കുന്ന കുടുംബങ്ങള്‍. മക്കളും കൊച്ചുമക്കളുമായി ഒരുമിച്ച് താമസിക്കുന്നവരാണ് അവര്‍. ഇടവകയില്‍ എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയും വൈകുന്നേരം കപ്പേളയില്‍ ജപമാല പ്രാര്‍ത്ഥനയും ഉണ്ട്. അന്ന് ജപമാലക്ക് പോകുന്ന സമയത്താണ് ഈ ഫോണ്‍ സംഭാഷണം നടന്നത്.

അരമണിക്കൂര്‍ ദൂരം നടക്കണം കപ്പേളയിലെത്താന്‍. പോകുന്ന വഴിയില്‍ ഏകദേശം പകുതി ദൂരം പിന്നിടുമ്പോള്‍ 75 വയസോളം പ്രായമുള്ള ഒരു അമ്മയും അവരുടെ കൊച്ചുമക്കളും കൂടെ കൂടും. ജപമാല തുടങ്ങുമ്പോഴേക്കും കപ്പേളക്ക് ചുറ്റുമുള്ള വീടുകളില്‍നിന്നും ആളുകള്‍ വരും. എല്ലാ ദിവസവും അവര്‍ അവിടെ ജപമാല ചൊല്ലും. എന്നോടൊപ്പം സഞ്ചരിക്കാനെത്തുന്ന അമ്മയുടെ പേര് അന്ന മരിയ എന്നാണ്. അവര്‍ എന്നും പരിശുദ്ധ കുര്‍ബാനയ്ക്കും ജപമാല പ്രാര്‍ത്ഥനയ്ക്കും വരും. പരിശുദ്ധ കുര്‍ബാന തുടങ്ങുന്നതിനു വളരെ മുന്‍പുതന്നെ അവര്‍ ദൈവാലയത്തില്‍ എത്തും. ആദ്യം പോകുന്നത് പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയിലേക്കാണ്. അവിടെ ഈ അമ്മയുടെ മകന്റെ കല്ലറയുടെ മുന്‍പില്‍ മെഴുകുതിരി തെളിക്കും.

ആ മകന്‍ ചെറുപ്പത്തില്‍ ഒരു അപകടത്തില്‍ മരണമടഞ്ഞതാണ്. പരിശുദ്ധ കുര്‍ബാന കഴിഞ്ഞ് വളരെ നേരം ഈ അമ്മ പള്ളിയില്‍ ചെലവഴിക്കും. എന്നിട്ട് പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ മുന്‍പില്‍ എന്നും രണ്ട് തിരികള്‍ തെളിയിക്കും. അങ്ങനെയാണ് ഈ അമ്മ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു ദിവസം കൗതുകം കൊണ്ട് ഞാന്‍ ചോദിച്ചു, ”ഇതെന്താണ് രണ്ടു തിരികള്‍ കത്തിക്കുന്നത്? എന്തെങ്കിലും പ്രത്യേക നിയോഗത്തിനാണോ? അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു: ”അല്ല അച്ചാ, ഒരെണ്ണം എന്റെ കുടുംബത്തിനും ഒരെണ്ണം ഫാറര്‍-വികാരിയച്ചനും!” അതുകേട്ട് എനിക്ക് അല്പം അത്ഭുതം തോന്നി. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഒരമ്മ സ്വിറ്റ്‌സര്‍ലന്‍ഡില്‍!!

അവധിക്കാലമാണെങ്കിലും ഞാന്‍ പഠനത്തിനും ലാറ്റിന്‍ ഭാഷ പരീക്ഷയ്ക്കും എല്ലാം ഒരുങ്ങുന്ന സമയം ആയിരുന്നു അത്. അതുകൊണ്ട് ഞാന്‍ ഈ അമ്മക്ക് ഒരു നിയോഗം കൊടുത്തു, എന്റെ പഠനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന്. പിറ്റേദിവസം ഈ അമ്മ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് എന്റെ അടുത്ത് വന്നു പറഞ്ഞു, ”ഞാന്‍ ഈശോയുടെ അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്. ഇനി ഒന്നും പേടിക്കണ്ടാട്ടോ.”

ഞാന്‍ പറഞ്ഞ നിയോഗത്തില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്ന് അവരുടേതായ രീതിയില്‍ പറഞ്ഞതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. അതിനാല്‍ അതത്ര കാര്യമാക്കിയില്ലെന്ന് പറയാം. എന്നാല്‍ അടുത്ത വെള്ളിയാഴ്ചയായിരുന്നു അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് മനസിലായത്. അതെന്നെ ഏറെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു.

സംഭവം ഇങ്ങനെ: ഈ അമ്മയുടെ ഭര്‍ത്താവിന്റെ സഹോദരി വര്‍ഷങ്ങളായി കിടപ്പിലാണ്. അവരെ കുമ്പസാരിപ്പിക്കാനും വിശുദ്ധ കുര്‍ബാന കൊടുക്കുവാനുമായി ഞാന്‍ അവരുടെ വീട്ടില്‍ പോയി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് അവിടെ പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ മുന്‍പില്‍ കുറച്ചധികം കുറിപ്പുകള്‍. അന്ന മരിയ എന്ന ഈ അമ്മയോട് ആരെങ്കിലും പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞാല്‍ അവരുടെ നിയോഗം ഇതുപോലെ ചെറിയ കടലാസില്‍ എഴുതി വയ്ക്കും. ആ നിയോഗം നിറവേറുന്നതുവരെ എന്നും രാവിലെ ഈ രൂപത്തിന്റെ മുന്‍പില്‍ മുട്ടുകുത്തിനിന്ന് അവ ഓരോന്നും എടുത്തുവച്ച് പ്രാര്‍ത്ഥിക്കും. അതിനുശേഷമാണ് പരിശുദ്ധ കുര്‍ബാനയ്ക്ക് വരുക. അതാണ് അവര്‍ എന്നോടും പറഞ്ഞത്, ”ഈശോയുടെ അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്!” ഈ മലയാളിവൈദികനുവേണ്ടി ആ അമ്മ അവരുടേതായ സ്വിസ് ഭാഷയിലെഴുതിയ കുറിപ്പിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ഹൃദയത്തില്‍ വല്ലാത്ത ഒരു സന്തോഷം…

ആ അവധിക്കാല ശുശ്രൂഷ കഴിഞ്ഞ് ഞാന്‍ ജര്‍മ്മനിയിലേക്ക് മടങ്ങി. പരീക്ഷ അടുക്കാറായപ്പോള്‍ ഞാന്‍ ഈ അമ്മയെ ഒന്ന് കൂടി ഓര്‍മപ്പെടുത്തി, എന്റെ പരിക്ഷാതീയതിയും സമയവും. ഞാന്‍ പരിശുദ്ധ അമ്മയ്ക്ക് കൊടുത്തിട്ടുണ്ടെന്നായിരുന്നു അപ്പോഴും കിട്ടിയ മറുപടി. പരീക്ഷ വിജയിച്ചതിനുശേഷം ഈയടുത്തൊരു ദിവസം ഞാന്‍ ഈ അമ്മയെ വിളിച്ചു. അപ്പോഴാണ് അറിഞ്ഞത് എന്റെ പരീക്ഷയുടെ സമയത്ത് ഈ അമ്മ പള്ളിയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു എന്ന്. നിഷ്‌കളങ്കമായി ആ അമ്മ എന്നോട് പറഞ്ഞു, ഞാന്‍ 5 തിരികള്‍ കൂടി കത്തിച്ചിട്ടുണ്ടെന്ന്.

ഞാനിത് എഴുതുമ്പോള്‍ വിദേശത്ത് ശുശ്രൂഷ ചെയുന്ന വൈദികര്‍ക്ക് ഇതുപാലെ ഉള്ള ആയിരക്കണക്കിന് അമ്മമാരെ ഓര്‍മ്മവരും. അത് അങ്ങനെയാണ്, ഈശോയ്ക്കുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോള്‍ നമുക്കായി പ്രാര്‍ത്ഥിക്കുന്ന കൈകളെ ലോകത്തിന്റെ പല ഇടങ്ങളിലും ദൈവം ഉയര്‍ത്തും. ഒരുപക്ഷേ ഇതെല്ലാം ഒരു ഓര്‍മ്മപ്പെടുത്തലാണ്, ആ അമ്മയെപ്പോലെ ശക്തമായ വിശ്വാസം പുലര്‍ത്താനും അതിന് അനുസൃതമായി ക്രൈസ്തവജീവിതം നയിക്കാനും നമുക്കും കഴിയണം. ”ദൈവത്തോടു ചേര്‍ന്നുില്‍ക്കുന്നതാണ് എന്റെ ആനന്ദം; ദൈവമായ കര്‍ത്താവിനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു; അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും” (സങ്കീര്‍ത്തനങ്ങള്‍ 73/28).

മകന്റെ ചെറുപ്പത്തിലെ മരണമൊന്നും അവരുടെ വിശ്വാസത്തെ തകര്‍ത്തില്ല. അപ്പോഴും അവര്‍ ദൈവത്തോട് ചേര്‍ന്നുതന്നെ നിന്നു. ഒരു വൈദികന് ഹൃദയത്തില്‍ ഇത്രമാത്രം വില നല്കാന്‍ കഴിയുന്നതും അപ്പോഴാണല്ലോ. അങ്ങനെയുള്ള അനേകരുടെ പ്രാര്‍ത്ഥനതന്നെയല്ലേ അനേകം വൈദികജീവിതങ്ങളെ ഇപ്പോഴും താങ്ങിനിര്‍ത്തുന്നത്!
വൈദികസുഹൃത്തിന്റെ ചോദ്യം മനസില്‍ വരുന്നു: ‘…അതിന് യൂറോപ്പില്‍ ആളുകള്‍ക്ക് വിശ്വാസം ഉണ്ടോ?’
ഉണ്ട് സുഹൃത്തേ, വിശ്വാസം ഹൃദയത്തില്‍ സ്വീകരിച്ചവര്‍ യൂറോപ്പിലുണ്ട്. അവര്‍ ഉള്ളിടത്തോളം വിശ്വാസത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. അത് അവര്‍ പകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും, മക്കളിലേക്കും കൊച്ചുമക്കളിലേക്കും പിന്നെ ചുറ്റുമുള്ളവരിലേക്കും… അന്ന അമ്മയെപ്പോലെ…

ഫാ. ബേസില്‍ കല്ലംപിള്ളി, ജര്‍മ്മനി