ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ദൈവവചനം ഏത് എന്ന് പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരു സംശയവും കൂടാതെ ഞാന്‍ പറയാറുള്ളതും എന്റെ മനസ്സില്‍ എപ്പോഴും നിലനില്‍ക്കുന്നതുമായ ഒരു ദൈവവചനമാണ് റോമാ 8/28. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന് നമുക്കറിയാമല്ലോ.” കാരണം ഈ ദൈവവചനം എന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
അച്ഛന്റെ അഭിമാനം
തൃശ്ശൂര്‍ പാട്ടുരായ്ക്കലുള്ള ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ജനിക്കുമ്പോള്‍ എന്റെ അച്ഛന്‍ രാമസ്വാമി അയ്യര്‍ക്ക് 50 വയസ്സും എന്റെ അമ്മ മീനാക്ഷിക്ക് 40 വയസ്സും ആയിരുന്നു പ്രായം. അവരുടെ ജീവിതത്തിലേക്ക് വളരെ വൈകി എത്തിയ എന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ അച്ഛന്‍ അഭിമാനപൂര്‍വ്വം പറയാറുള്ളത് ഞാന്‍ അച്ഛന്റെ ‘വിരമിക്കല്‍ ആനുകൂല്യം’ ആണ് എന്നായിരുന്നു. പതിനൊന്നാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട എനിക്ക് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛനെയും നഷ്ടമായി. എന്നെക്കാള്‍ അല്പം കൂടുതല്‍ മുതിര്‍ന്നവരായിരുന്ന സഹോദരിമാര്‍ അവരുടെ ജീവിതവുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
ആ സാഹചര്യത്തില്‍ എന്റെ ജീവിതത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരുന്ന ശൂന്യതയിലേക്കാണ് ഈശോ അനന്തസ്‌നേഹമായി കടന്നുവന്നത്. ഇന്ന് ആലോചിച്ചു നോക്കുമ്പോള്‍ ഈ ജീവിതസാഹചര്യങ്ങളിലൂടെയെല്ലാം ദൈവം എനിക്കുവേണ്ടി ഒരു പദ്ധതി ഒരുക്കുകയായിരുന്നു എന്ന് എനിക്ക് വ്യക്തമാകുന്നു.
ഗവണ്‍മെന്റ് സ്‌കൂളില്‍, മലയാളം മീഡിയത്തില്‍ പഠിച്ചിരുന്ന എന്നെ അമ്മയുടെ മരണശേഷം അച്ഛന്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തപ്പോഴായിരുന്നു വ്യക്തമായ അടുത്ത ദൈവിക ഇടപെടല്‍ നടന്നത്.
അമ്മയില്ലാത്ത കുട്ടി എന്ന പ്രത്യേക പരിഗണനയിലാണ് ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ചിരുന്ന എന്നെ അച്ഛന്‍ ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്ത് പഠിപ്പിച്ചത്. എന്നെ അനന്തകാലം മുതല്‍ കാത്തു നിന്നതുപോലെയുള്ള ക്രിസ്തുവിന്റെ ക്രൂശിതരൂപം കോണ്‍വെന്റിന്റെ ഭിത്തിയില്‍; ആദ്യമായി കണ്ടു. ആ കാഴ്ച എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. ക്രിസ്തുവും ക്രിസ്തുവിന്റെ ക്രൂശിലെ സഹനവും എല്ലാം എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു. ആ ക്രൂശിത രൂപത്തിലേക്ക് വിസ്മയത്തോടെയും വേദനയോടെയും നോക്കിനിന്ന എന്റെ മനസ്സിലേക്ക് യേശു കുടിയേറുകയായിരുന്നു.
വിദ്യാഭ്യാസകാലത്ത്…
ഈശോ എന്നെ അത്യധികമായി സ്‌നേഹിക്കുന്നുണ്ടെന്നും എനിക്കുവേണ്ടി അനാദികാലംമുതലേ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അത് എന്റെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്നും തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള എന്റെ ജീവിതത്തിലെ ഓരോ അനുഭവവും. സാധാരണഗതിയില്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഡിഗ്രി പഠനം ഞാന്‍ പൂര്‍ത്തിയാക്കിയത് 9 വര്‍ഷം എടുത്താണ്. അന്നൊന്നും ഈ കാലതാമസത്തിന്റെ കാരണം എനിക്ക് മനസ്സിലായില്ലെങ്കിലും ഇന്ന് അതെല്ലാം എനിക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.
ആദ്യത്തെ രണ്ടുവര്‍ഷം കൊമേഴ്‌സ് എന്ന വിഷയത്തിലും പിന്നീട് നാലുമാസം എക്കണോമിക്‌സ് വിഷയത്തിലും പഠനം തുടര്‍ന്നെങ്കിലും അതൊന്നും പൂര്‍ത്തിയാക്കാന്‍ പലവിധ കാരണങ്ങളാല്‍ എനിക്ക് സാധിച്ചില്ല. ഇതിനിടയില്‍ എനിക്കുണ്ടായ ആഴമേറിയ ക്രിസ്തു അനുഭവത്തെ തുടര്‍ന്ന്, ഉത്തമബോധ്യത്തോടെ 1982 ഡിസംബര്‍ എട്ടാം തീയതി ഞാന്‍ കത്തോലിക്കാ സഭയിലെ അംഗമായി. ”ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്” (2 കോറിന്തോസ് 5/17). അങ്ങനെ ഹേമലത രാമസ്വാമി എന്ന ഞാന്‍ ഹേമലത മേരി ആയി മാറി.
അതിനുശേഷം 1983 മുതല്‍ 86 വരെയുള്ള മൂന്ന് വര്‍ഷം കൊണ്ട് ഞാന്‍ ആംഗലേയ സാഹിത്യത്തില്‍ ബിരുദം എടുത്തു. അതേതുടര്‍ന്ന് സി. എസ്. എസ്. ടി സന്യാസഭയിലെ അംഗമായിരുന്ന മരണമടഞ്ഞ സിസ്റ്റര്‍ ലോരേറ്റ വഴി ഈശോ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എഡ് നേടുവാന്‍ എന്നെ സഹായിച്ചു. അതിനു ശേഷം ഇശോയുടെ പദ്ധതി പ്രകാരം ഇപ്പോള്‍ നിത്യതയിലായിരിക്കുന്ന സിസ്റ്റര്‍ ക്ലിയോപാട്ര വഴി ഒരു ഇംഗ്ലീഷ് അധ്യാപിക ആകാനും എനിക്ക് സാധിച്ചു. ഈശോയോടൊത്തുള്ള ജീവിതത്തില്‍, ഏകസ്ഥയായിരിക്കുന്നതാണ് എനിക്ക് ഉചിതം എന്ന് ബോധ്യമായതിനാല്‍ ഞാന്‍ ഏകസ്ഥജീവിതം തെരഞ്ഞെടുത്തു.
കൊച്ചുസ്വര്‍ഗത്തിലെ ടീച്ചര്‍
എന്റെ സുദീര്‍ഘമായ അധ്യാപനജീവിതകാലത്ത് ക്രൂശിതന്റെ സ്‌നേഹസാന്നിധ്യത്തെക്കുറിച്ച് ആഴത്തില്‍ അനുഭവിച്ചറിയാനും, അത് എന്റെ മുന്നിലെത്തുന്ന കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനും ദൈവം എന്നെ അനുഗ്രഹിച്ചു. അതിനാല്‍ത്തന്നെ എന്റെ ക്ലാസിന് ഒരു പേര് വീണു, ‘കൊച്ചുസ്വര്‍ഗം.’ കൊച്ചുസ്വര്‍ഗത്തിലെ ആ കുട്ടികള്‍ ഇന്നും ഈശോയുടെ സ്‌നേഹസാന്നിധ്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നിരന്തരമായി പരസ്പരം സ്‌നേഹബന്ധം പുലര്‍ത്തുന്നു.
സമൂഹത്തിന് ഗുണകരമായ ഒരു പ്രതിസംസ്‌കാരത്തിന് വേണ്ടി നിലകൊള്ളാന്‍ അവരില്‍ പലര്‍ക്കും കഴിയുന്നു എന്നത് അഭിമാനം നല്‍കുകയും ഒപ്പം ഈശോയുടെ പദ്ധതിയെക്കുറിച്ചുള്ള ഉറച്ച ബോധ്യം നല്‍കുകയും ചെയ്യുന്നു. ഒരു ഇംഗ്ലീഷ് അധ്യാപികയായിരുന്നതുകൊണ്ട് കോവിഡ് കാലത്ത് പ്രശസ്ത വചന പ്രഘോഷകയായ സിസ്റ്റര്‍ ഗ്രേസ് തോമസിന്റെ ‘തിരിച്ചറിവിന്റെ സുഗന്ധം’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യാന്‍ ദൈവം അവസരം തന്നു.
ഈ ജീവിതം എന്റെ പദ്ധതിപ്രകാരം ഞാന്‍ മുന്നോട്ടു കൊണ്ടുപോകുമായിരുന്നെങ്കില്‍ വിശേഷപ്പെട്ടതായി ഒന്നും തന്നെ ചെയ്യുവാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.
ഇന്നും എന്റെ പ്രാര്‍ത്ഥന ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ചെയ്യാറുള്ളത് ഒരു സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും മൂന്നു നന്മ നിറഞ്ഞ മറിയവും ത്രിത്വ സ്തുതിയും ചൊല്ലി കാഴ്ച വയ്ക്കുക എന്നതാണ്. ഈശോയെ സ്‌നേഹിക്കുന്നവര്‍ക്ക്, എന്നും ഏറ്റവും ശ്രേഷ്ഠമായത് നല്‍കാന്‍ അവിടുന്ന് സന്നദ്ധനാണ്. ആ സ്‌നേഹത്തണലില്‍, ദൈവിക പദ്ധതിയുടെ കീഴില്‍ നമ്മള്‍ വിനീതരായി നിന്നുകൊടുത്താല്‍ മാത്രം മതി. ഒരിക്കല്‍ക്കൂടി ദൈവഹിതത്തിന് നമുക്ക് പരിപൂര്‍ണ്ണമായി നമ്മെത്തന്നെ സമര്‍പ്പിക്കാം.
ഹേമലത മേരി
ഹേമലത മേരി ഇപ്പോള്‍ തൃശൂരില്‍ വിശ്രമജീവിതം നയിക്കുന്നു. സുവിശേഷശുശ്രൂഷയില്‍ സജീവമാണ്. കൊച്ചുസ്വര്‍ഗം എന്ന ഹേമലതടീച്ചറിന്റെ ക്ലാസില്‍ പഠിച്ച് ഈശോയുടെ സ്‌നേഹം അനുഭവിച്ച വിദ്യാര്‍ത്ഥിനിയാണ് ശാലോം ടൈംസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായ ആന്‍ മരിയ ക്രിസ്റ്റീന. 2023 ശാലോം ടൈംസ് ലക്കത്തില്‍ ആന്‍ അതെക്കുറിച്ച് എഴുതിയിട്ടുണ്ട്.