ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് ശക്തമായ ദൈവസാന്നിധ്യം! – Shalom Times Shalom Times |
Welcome to Shalom Times

ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് ശക്തമായ ദൈവസാന്നിധ്യം!

വര്‍ഷത്തില്‍ ആറ് മാസം കൂടുമ്പോള്‍ ഒരു ആശുപത്രിവാസം പതിവാണ്. ആ നാളുകളിലെ ചികിത്സയുടെ ബലത്തില്‍ അടുത്ത ആറ് മാസം മുന്നോട്ടുള്ള ജീവിതം. അലോപ്പതിയും ആയുര്‍വേദവും രണ്ടും കൂടിയ ഒരു മസാല മിക്‌സ്.
ഒരിക്കല്‍ അലോപ്പതി ചികിത്സ കഴിഞ്ഞു ഡിസ്ചാര്‍ജ് ആയപ്പോള്‍ ആയുര്‍വേദ ചികിത്സക്കായി ഒരു ആശുപത്രി അന്വേഷിക്കുകയായിരുന്നു. എന്റെ സ്വഭാവം വച്ച് ചാപ്പലും വിശുദ്ധ കുര്‍ബ്ബാനയും ഒക്കെയുള്ള സ്ഥാപനങ്ങള്‍മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. ഇത്തവണ എന്താണ് സംഭവിച്ചതെന്നറിയില്ല. ഞാന്‍ സമീപിക്കുന്ന സ്ഥാപനങ്ങളില്‍ പല കാരണങ്ങളാല്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.

നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞാന്‍ ഈശോയോട് വഴക്കിടാന്‍ തുടങ്ങി. മൂന്ന് ആശുപത്രികളുടെ പേരുകള്‍ കയ്യിലുണ്ട്. എവിടെ പോകണം എന്ന് കണ്‍ഫ്യൂഷന്‍. രണ്ട് ക്രൈസ്തവ സ്ഥാപനവും മറ്റൊന്ന് അക്രൈസ്തവസ്ഥാപനവും. ഏതെങ്കിലും ക്രിസ്ത്യന്‍ ആശുപത്രിയുടെ പേര് ഈശോ പറയുമെന്നോര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. മനസ്സിലേക്ക് ഉയര്‍ന്നു വന്നു കൊണ്ടിരുന്നത് അക്രൈസ്തവ സ്ഥാപനത്തിന്റെ പേരാണ്.
ഈശോ നല്‍കിയ പ്രേരണയാല്‍ അവിടെത്തന്നെ അഡ്മിഷന്‍ ബുക്ക് ചെയ്തു. മനസ്സില്‍ ഒരുപാടു ആശങ്ക ഉടലെടുത്തു. ഈശോയ്ക്ക് തെറ്റുപറ്റിയോ എന്ന് പോലും ചിന്തിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് വേണ്ടിയൊക്കെ അല്പം ആഗ്രഹിച്ചാല്‍പ്പോലും എല്ലാം സെറ്റ് ആക്കുന്നതാണ്. പക്ഷേ ഇത്തവണ എല്ലാം വ്യത്യസ്തം.

ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന ദിവസങ്ങള്‍ അടുത്തു. എന്നെ വ്യക്തിപരമായി അടുത്തറിയാവുന്ന ചിലര്‍ എന്നെ നോക്കി അത്ഭുതത്തോടെ ചോദിച്ചു, ”ആന്‍ നീ എങ്ങനെ ഇത്രയും ദിവസം അവിടെ കഴിയും?” ഇങ്ങനെ നിരവധി ആകുലതകള്‍ അവര്‍ പ്രകടിപ്പിച്ചു. എല്ലാം യാഥാര്‍ഥ്യമാണുതാനും.
ശാരീരികാവസ്ഥയുടെ പരിമിതികളും വേദനകളും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ മാനസികമായും ഞാന്‍ തളര്‍ന്നു പോകുമോ ഈശോയില്ലാതെ എന്നൊരു ഭയം എന്നില്‍ ഉടലെടുത്തു. എങ്കിലും തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ ഈശോയോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അഡ്മിറ്റ് ആയി. എന്നെ കൊണ്ടുചെന്നാക്കിയ സഹോദരി മടങ്ങുമ്പോള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ”നിനക്ക് എന്ത് ബുദ്ധിമുട്ട് തോന്നിയാലും പാതിരാത്രിയാണെങ്കിലും വിളിക്കണം. ഞാന്‍ കാറുമായി വന്നു കൊണ്ടുപോയ്‌ക്കോളാം. വേറെ എവിടെയെങ്കിലും ഈശോ ഉള്ളിടത്തു ചികിത്സ പൂര്‍ത്തീകരിക്കാം.” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ”ഇത്തവണ ഞാനുംഈശോയും ഇവിടെയാണ്. ധൈര്യമായി മടങ്ങിക്കോളൂ.”

വിശ്വാസം പൂര്‍ണ്ണത പ്രാപിക്കാത്ത, ഈശോയുടെ സ്‌നേഹത്തിന്റെ ആഴമായ ബോധ്യം ഇല്ലാത്ത, എന്നെപ്പോലുള്ള ക്രിസ്ത്യാനികള്‍ക്ക് കയറിച്ചെല്ലുമ്പോള്‍ത്തന്നെ ഒരുപക്ഷേ മനസ്സില്‍ അസ്വസ്ഥത തോന്നിയേക്കാവുന്ന ഒരു അന്തരീക്ഷം. നിറയെ വിഗ്രഹങ്ങള്‍. എന്റെ മുറിയില്‍ കയറി ഈശോയുടെ കുരിശുരൂപം നെഞ്ചില്‍ ചേര്‍ത്ത് ഞാന്‍ പതിയെ കട്ടിലില്‍ കിടന്നു. നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഈശോയുടെ അതിശക്തമായ സാന്നിധ്യം മുറിയില്‍ നിറയുകയാണ്. കിടന്ന ഞാന്‍ മുറിയില്‍ എഴുന്നേറ്റുനിന്ന് ഭാഷാവരത്തില്‍ ഉറക്കെ സ്തുതിച്ചുകൊണ്ടിരുന്നു. ഈശോയുടെ അതിതീവ്രസ്‌നേഹം എന്നെ പൊതിഞ്ഞു. അസാധാരണമായ ഒരു ദൈവസ്‌നേഹാനുഭവം…. എന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീരായി നിലയ്ക്കാതെ ഒഴുകി….

ആ രാത്രിയില്‍ എനിക്കുണ്ടായ അനുഭവംപോലെ, അതിലും ശക്തമായ ഒരു ദൈവസാന്നിധ്യം എനിക്ക് മുന്‍പ് ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല. അതുവരെയുള്ള എന്റെ ചിന്തകള്‍ക്കും ബോധ്യങ്ങള്‍ക്കും അപ്പുറമാണ് ഈശോയുടെ ശക്തിയും സാന്നിധ്യവും എന്ന് ഞാന്‍ മനസ്സിലാക്കി . ഈശോ എന്നെ ഇവിടെ കൊണ്ടുവന്നത് വെറുതെ അല്ല എന്ന് ആ രാത്രിയില്‍ ഈശോ എന്നെ ബോധ്യപ്പെടുത്തി.
ഈശോയുടെ തിരുസ്വരൂപം ഉള്ളിടത്തോ അവിടുത്തേക്ക് പ്രതിഷ്ഠിക്കപ്പെട്ട സ്ഥലങ്ങളിലോ ദിവ്യകാരുണ്യത്തിലോ മാത്രമേ ഈശോയുടെ സാന്നിധ്യം ഉണ്ടാകൂ എന്നൊരു വിശ്വാസം എന്നില്‍ ഉണ്ടായിരുന്നു. അതിനേക്കാള്‍ ഉപരിയാണ് അവിടുന്ന് തിരഞ്ഞെടുത്ത സ്ഥലത്ത് അവന്റെ സാന്നിധ്യം വെളിപ്പെടുന്നത്. കാരണം ദൈവഹിതം എന്നത് ബുദ്ധിക്ക് അതീതമാണ്. ”എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും” (പുറപ്പാട് 20/24).

തൊട്ടടുത്ത ദിവസം രാവിലെ ചികിത്സ ആരംഭിക്കുകയാണ്. പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞ് ഞാന്‍ ട്രീറ്റ്‌മെന്റ് റൂമിലേക്ക് പോയി. എനിക്ക് ചുറ്റും മൂന്നു പേര്‍ വന്നുനിന്ന് അവരുടെ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. മനസ്സില്‍ വീണ്ടും അവിശ്വാസത്തിന്റെ ഭയം നിഴലിച്ചു. ‘ഈ പ്രാര്‍ത്ഥന ഈശോയ്ക്ക് വിഷമം ഉണ്ടാക്കുമോ? പ്രാര്‍ത്ഥന വേണ്ടെന്നു പറഞ്ഞാലോ’ എന്നെല്ലാം തിരമാലപോലെ ചിന്തകള്‍ ഉയര്‍ന്നു. എങ്കിലും മനസ്സില്‍ ഈശോയെ സ്തുതിച്ചുകൊണ്ടിരുന്നു.
നിശബ്ദത പാലിക്കാന്‍ ഈശോ എന്നോട് ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ ഒന്നും തടസ്സപ്പെടുത്തിയില്ല. അവര്‍ ചികിത്സ ആരംഭിച്ചു. ഒരു മണിക്കൂര്‍ ഈശോയെ സ്തുതിച്ചുകൊണ്ട് ഞാന്‍ അവിടെ കിടന്നു. അന്നത്തെ സെഷന്‍ കഴിഞ്ഞു എഴുന്നേറ്റിരുന്നപ്പോള്‍ ഈശോ പറഞ്ഞു.’ഇപ്പോള്‍ ഞാന്‍ പറയുന്നത് അവരോടു സംസാരിക്കുക.

എന്നെ ചികില്‍സിക്കുന്ന നഴ്‌സുമാരില്‍ ഒരാളെ നോക്കി ഈശോ ഇങ്ങനെ പറയാന്‍ ആവശ്യപ്പെട്ടു, ”എന്ത് ഭക്ഷണവും അസാധാരണമായ രുചിയില്‍ ഉണ്ടാക്കുന്ന ആളാണ്. ഞാന്‍ അതില്‍ സന്തോഷിക്കുന്നു. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവച്ച നിന്റെ സഹനജീവിതം എന്റെ കണ്മുന്‍പില്‍ ഉണ്ട്…” ഇത്രയും പറഞ്ഞു തീരുമ്പോഴേക്കും അവരുടെ കണ്ണുകള്‍ പെരുമഴപോല്‍ കണ്ണുനീര്‍ പൊഴിച്ചു.
തൊട്ടടുത്തു നില്‍ക്കുന്ന വ്യക്തിയോട് ഈശോ ഇങ്ങനെ പറഞ്ഞു, ”നിന്റെ അച്ഛനെക്കുറിച്ചുള്ള വേദന എനിക്കറിയാം.”
മൂന്നാമത്തെ വ്യക്തിയോട് ഈശോ പറഞ്ഞു, ”നിന്നെ വേദനിപ്പിക്കുന്ന, വാക്കുകള്‍കൊണ്ട് മുറിപ്പെടുത്തുന്ന ഒരു സഹോദരിയോട് നീ പൂര്‍ണ്ണമായും ക്ഷമിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” ആ മുറി ഈശോയുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് തണുത്തുറഞ്ഞു. ഞങ്ങള്‍ നാലുപേരും നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. കണ്ണുനീര്‍ അടക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. കാരണം എന്റെ ഈശോ ആ മുറിക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്റെ ശരീരം അവിടുത്തെ സാന്നിധ്യം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി.

എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കു മനസ്സിലായില്ല. തങ്ങള്‍ ആദ്യമായി കാണുന്ന ഒരു രോഗിയിലൂടെ അവര്‍ക്ക് അത്ര പരിചയം ഇല്ലാത്ത ഒരു ദൈവം സ്‌നേഹത്തോടെ സംസാരിക്കുന്നതും അവരുടെ വേദനകളെ അറിയുന്നതും അവരെ ഈശോയുടെ സ്‌നേഹത്തിലേക്ക് നയിക്കാന്‍ തുടങ്ങി. പത്തു ദിവസത്തോളം ഞാന്‍ അവിടെ ചികിത്സയില്‍ ഉണ്ടായിരുന്നു. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം ചികിത്സ സമയം മുഴുവന്‍ ഈശോയെക്കുറിച്ച് വാ തോരാതെ അവരോടു പറയാന്‍ അവിടുന്ന് എന്നോട് കരുണ കാണിച്ചു.
ഈശോയെക്കുറിച്ച് കേട്ടതുകൊണ്ട് അവര്‍ പോയി മറ്റുള്ള ജീവനക്കാരെ കൂട്ടി കൊണ്ടുവന്നു. അങ്ങനെ നാല് പേര്‍ കൂടി ഈശോയെ അറിഞ്ഞു. ഒടുവില്‍ ഡിസ്ചാര്‍ജ് ദിനം ആയപ്പോള്‍ എനിക്കും ഈശോയ്ക്കും അവിടെ ഉള്ളവര്‍ക്കും തീരാസങ്കടം. ഹൃദയം പറിച്ചെടുക്കുന്ന വേദന. എല്ലാവരെയും ചേര്‍ത്ത് ഫോട്ടോസ് എടുത്തു. എല്ലാവര്‍ക്കും കെട്ടിപ്പിടിച്ച് ഉമ്മകള്‍. അങ്ങനെ പത്തു ദിവസങ്ങള്‍ കൊണ്ട് ഈശോയെ അറിയാത്ത ഏഴ് പേര്‍ക്ക് എന്റെ ചങ്കിടിപ്പ് നസ്രായനെ പരിചയപ്പെടുത്തി. എന്നെ കൊണ്ടു പോകാന്‍ വന്ന സഹോദരിയോട് മലയാളം ബൈബിള്‍ കൊണ്ടുവരാന്‍ പറഞ്ഞു. അവര്‍ക്കു വിതരണം ചെയ്തു. ഏത് സങ്കടത്തിലും ആശ്വാസം ബൈബിളില്‍ ഉണ്ടെന്നു അവരോടു പറയുമ്പോള്‍ അവര്‍ക്ക് അതില്‍ സംശയം തോന്നാത്തവിധം ഈശോ അവരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചിരുന്നു.
”വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ” (എഫേസോസ് 3/17-19).

ആന്‍ മരിയ ക്രിസ്റ്റീന