അഗ്നിക്കും അട്ടഹാസത്തിനും മീതെ…. – Shalom Times Shalom Times |
Welcome to Shalom Times

അഗ്നിക്കും അട്ടഹാസത്തിനും മീതെ….

തന്റെ അവിശുദ്ധ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കാത്ത കൊട്ടാരബാലന്‍മാര്‍ ഉഗാണ്ടയിലെ രാജാവായിരുന്ന മ്‌വാന്‍ഗയെ കുപിതനാക്കി. അവരെ വധിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അവര്‍ തന്റെ പ്രവൃത്തികള്‍ക്ക് എതിര്‍ക്കുന്നതിന്റെ കാരണവും അദ്ദേഹത്തിനറിയാം. ഡെന്നിസ് സെബുഗ്വാവോ എന്ന ക്രൈസ്തവനേതാവില്‍നിന്ന് ക്രൈസ്തവപഠനങ്ങള്‍ സ്വീകരിച്ചവരാണ് അവര്‍.

അതിനാല്‍ത്തന്നെ ആദ്യം ഡെന്നിസിനെ കൊട്ടാരത്തില്‍ വരുത്തി കഴുത്തില്‍ കത്തിയിറക്കി വധിച്ചു. തുടര്‍ന്ന് ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്ന ബാലന്‍മാരെ തന്റെ മുന്നില്‍ ഹാജരാക്കി, പതിനഞ്ചുപേര്‍. അവര്‍ക്കുള്ള കൊലയാളികളെയും തയാറാക്കിനിര്‍ത്തിയിരുന്നു. സമയം തെല്ലും ലഭിക്കില്ലെന്ന് മനസിലായപ്പോള്‍ ഫാ. ചാള്‍സ് ലവംഗ അതിവേഗം അവര്‍ക്ക് ജ്ഞാനസ്‌നാനം നല്കി. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ബാലന്‍ പതിമൂന്നുകാരന്‍ കിസിതോ. എല്ലാവരുംതന്നെ 25 വയസിലും താഴെ പ്രായമുള്ളവര്‍.
”ക്രിസ്ത്യാനിയായി തുടരുമോ?” എന്ന ചോദ്യത്തിന് ”മരണംവരെ” എന്ന് ധീരമായ മറുപടി.
”ഉടന്‍ അവരെ വധിക്കുക” രാജകല്പന വന്നു.

നാമുഗോന്‍ഗോ എന്ന സ്ഥലത്താണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. അവിടേക്ക് 37 മൈലോളം ദൂരമുണ്ട്. പട്ടാളക്കാര്‍ അവരെ ബന്ധിച്ച് കൊണ്ടുപോയി. ആ യാത്രയ്ക്ക് ദൃക്‌സാക്ഷിയായ ഫാ. ലൂര്‍ഡല്‍ രേഖപ്പെടുത്തിയത് ഇങ്ങനെ- ”എല്ലാവരും സന്തോഷവും ധൈര്യവും നിറഞ്ഞ മുഖത്തോടെയാണ് യാത്രയായത്. കിസിതോയെ കണ്ടാല്‍ തിരുനാളാഘോഷത്തിന് പോകുന്ന ഒരു ബാലനെപ്പോലെയായിരുന്നു. ചിരിച്ചും കളിച്ചും വര്‍ത്തമാനം പറഞ്ഞുമാണ് അവന്‍ പോയത്!”
യാത്രയ്ക്കിടെ മൂന്ന് പേരെ വധിച്ചു. ബാക്കിയുള്ളവരെ ഏഴുദിവസം തടവറയിലടച്ച് കഠിനമായി പീഡിപ്പിച്ചു. അവരെക്കൊണ്ടുതന്നെ വലിയ ചിത തയാറാക്കിച്ചു.

1886 ജൂണ്‍ 3-ന് സ്വര്‍ഗാരോഹണതിരുനാള്‍ദിനത്തില്‍ എല്ലാവരെയും പുറത്തിറക്കി. എല്ലാവരെയും നഗ്നരാക്കി മുളമ്പായില്‍ പൊതിഞ്ഞു. അവിടത്തെ ന്യായാധിപന്റെ മകനുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. മകന്‍ ക്രൈസ്തവനായതിന്റെ പകയില്‍ അവന്റെ പിതാവുതന്നെ പറഞ്ഞത് അവനെ കഴുത്തില്‍ ഇടിച്ച് കൊല്ലാനാണ്. അതിനാല്‍ അവന അപ്രകാരം വധിച്ചു. ഫാ. ചാള്‍സിനെ ആദ്യം അഗ്നിക്കിരയാക്കി. ബാക്കിയുള്ളവരെയെല്ലാം ചിതയില്‍ നിര്‍ത്തി തീ കൊളുത്തി. എല്ലാവരും യേശുനാമം ഉറക്കെ വിളിച്ച് പ്രാര്‍ത്ഥിച്ചു. ആ സ്വരം പട്ടാളക്കാരുടെ അട്ടഹാസങ്ങളെയും ഭേദിച്ച് അന്തരീക്ഷത്തില്‍ ഉയര്‍ന്നു!