
സെമിനാരിയില്‍ കുമ്പസാരിക്കാന്‍ ധാരാളം പേര്‍ വരാറുണ്ട്, അപരിചിതരായ മനുഷ്യര്‍ മുതല്‍ മെത്രാന്മാര്‍വരെ. ആര് വന്നാലും കുമ്പസാരിപ്പിക്കുന്നത് വര്‍ഗീസ് അച്ചനാണ്. സമയമാണോ അസമയമാണോ എന്നൊന്നും അച്ചന്‍ നോക്കാറേയില്ല. വിളമ്പിവച്ച ഭക്ഷണത്തിനു മുന്നില്‍നിന്നുവരെ കുമ്പസാരിപ്പിക്കാന്‍ അച്ചന്‍ എഴുന്നേറ്റുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കഴിഞ്ഞ നോമ്പുകാലത്തോടനുബന്ധിച്ച് ഞാന്‍ ശുശ്രൂഷ ചെയ്യുന്ന ഇടവകപ്പള്ളിയില്‍ കുമ്പസാരിപ്പിക്കാന്‍ വിളിച്ചത് വര്‍ഗീസച്ചനെയാണ്. വന്നപ്പോള്‍ അദ്ദേഹം വെറുംകൈയോടെയല്ല വന്നത്. ഒരു യുദ്ധത്തിനിറങ്ങുന്നതല്ലേ, അതിനാവശ്യമുള്ള ആയുധം അച്ചന്‍ കൈയില്‍ കരുതിയിരുന്നു. ഒരു കുഞ്ഞു ബൈബിളാണ് അച്ചന്‍ കൈയില്‍ കരുതിയ ആയുധം. അച്ചന്‍ ഏറെ നാളായി ഉപയോഗിക്കുന്ന ബൈബിള്‍. വായിച്ചു വായിച്ച് മുഷിഞ്ഞെങ്കിലും അതിന്റെ മൂര്‍ച്ച അപാരമാണ്.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, അതില്‍ നിറയെ ‘ബുക്ക്മാര്‍ക്കുകള്‍’ വച്ച് ‘ഷോര്‍ട്ട്കട്ടുകള്‍’ സജ്ജീകരിച്ചിരിക്കുന്നത്. ചെറിയ ചെറിയ പ്രാര്‍ഥനകള്‍ കുറിപ്പുകളാക്കി നിറയെ തിരുകി വച്ചിട്ടുണ്ട്. വലതു കൈപ്പത്തിക്കുള്ളില്‍ ആരും കാണാതെ ഒരു ചെറിയ ബനഡിക്‌ടൈന്‍ കുരിശ് ഒളിപ്പിച്ചിട്ടുണ്ട്. കുമ്പസാരത്തില്‍ ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ ആ കുരിശുരൂപത്തില്‍ അച്ചന്റെ വിരലുകള്‍ മുറുകും. ഇടയ്ക്ക് ബൈബിള്‍ തുറന്ന് നോക്കും.
കുമ്പസാരിക്കാനെത്തിയിരിക്കുന്നയാള്‍ക്ക് വചനങ്ങള്‍ പറഞ്ഞുകൊടുക്കും, കുഞ്ഞുകുഞ്ഞു പ്രാര്‍ഥനകള്‍ ചൊല്ലിക്കൊടുക്കും. കുമ്പസാരത്തിനു മുന്‍പും ആളുകള്‍ ഒഴിയുന്ന ഇടവേളകളിലും കുമ്പസാരക്കൂട്ടില്‍ അച്ചന്‍ പ്രാര്‍ഥിച്ചൊരുങ്ങിക്കൊണ്ട് ഇരിക്കും. ഈ പോരാട്ടത്തില്‍ അദ്ദേഹമല്ലാതെ മറ്റാരു ജയിക്കാനാണ്? വേണ്ടത്ര ഒരുക്കത്തോടെ കുമ്പസാരിക്കുന്നത് എത്ര കൃപാദായകം! എങ്കില്‍ ഒരുക്കത്തോടെ കുമ്പസാരിപ്പിക്കുന്നതോ?
”രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍” (എഫേസോസ് 6:17).
ഫാ. ഷീന്‍ പാലക്കുഴി,
റെക്ടര്‍, സെയ്ന്റ് അലോഷ്യസ് മൈനര്‍ സെമിനാരി, തിരുവനന്തപുരം