
ഞങ്ങളുടെ അപ്പച്ചനും അമ്മച്ചിയും ഈശോയെ ഒരുപാട് സ്‌നേഹിക്കുന്ന, പ്രാര്‍ഥിക്കുന്ന, വ്യക്തികളാണ്. അമ്മച്ചി ചൊല്ലുന്ന പ്രാര്‍ഥനകളെയും ചെയ്യുന്ന ത്യാഗങ്ങളെയുംകുറിച്ച് ഞങ്ങളോട് പറഞ്ഞുതരുമായിരുന്നു. എന്നാല്‍ അപ്പച്ചന്റെ പ്രാര്‍ഥനകളും ത്യാഗങ്ങളും മറ്റാരും അറിയാതെ ആയിരുന്നു.
അമ്മച്ചി ഓരോ ത്യാഗങ്ങള്‍ ചെയ്ത് ആത്മാക്കളുടെ രക്ഷയ്ക്കും പാപികളുടെ മാനസാന്തരത്തിനും വേണ്ടി കാഴ്ചവയ്ക്കുമ്പോള്‍ പറയും: ”അമ്മച്ചിക്ക് ചായ കുടിക്കാന്‍ ഇപ്പോള്‍ തോന്നുന്നുണ്ടെങ്കിലും കുടിക്കുന്നില്ല. പാപികളുടെ മാനസാന്തരത്തിനുവേണ്ടി ഈശോയ്ക്ക് കാഴ്ചവയ്ക്കാമല്ലോ.” ഇത് കണ്ടും കേട്ടും വളര്‍ന്നത് കൊണ്ട് തന്നെ പ്രായം കൂടുംതോറും കുഞ്ഞുകുഞ്ഞു ത്യാഗപ്രവൃത്തികള്‍ അമ്മച്ചി ചെയ്യുന്നപോലെ കാഴ്ച വയ്ക്കുവാന്‍ ഞങ്ങളും ശീലിച്ചു.
എന്നാല്‍ ചെയ്യുന്ന ത്യാഗപ്രവൃത്തികള്‍ ആരും അറിയാതിരിക്കണം എന്നതായിരുന്നു എന്റെ ചിന്താഗതി. ആ കാര്യത്തില്‍ അപ്പച്ചനെ പിന്തുടരാനായിരുന്നു എനിക്കിഷ്ടം. ഒരു സഹനം കാഴ്ചവയ്ക്കുമ്പോള്‍ അത് ഈശോ മാത്രം അറിഞ്ഞാല്‍ മതിയെന്നും, വേറെ ആരോടും പറയുന്നത് ശരിയല്ല എന്നും ഉള്ള ചിന്തയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അമ്മച്ചി ത്യാഗപ്രവൃത്തികള്‍ ചെയ്ത് കാഴ്ചവയ്ക്കുന്ന കാര്യങ്ങള്‍ ഞങ്ങളോടും അടുത്ത ചില ബന്ധുക്കളോടുമൊക്കെ പറയുമ്പോള്‍ ഞാന്‍ അമ്മച്ചിയെ ഉപദേശിക്കാന്‍ തുടങ്ങി, ‘ചെയ്യുന്ന ത്യാഗപ്രവൃത്തികളെ പറ്റി മറ്റുള്ളവരോട് പറഞ്ഞാല്‍ കാഴ്ചവയ്ക്കുന്നതിന്റെ ഫലം കുറയും.’
ഒരിക്കല്‍ ഞങ്ങളുടെ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ച് സീറ്റിലേക്ക് നടന്നു വരുമ്പോള്‍ കാലിലെ വിരലുകള്‍ അവിടെയുള്ള ഒരു ബെഞ്ചില്‍ തട്ടി. അത്യാവശ്യം നല്ല വേദന അനുഭവപ്പെട്ടെങ്കിലും ആരോടും പറയാതെ അത് ആത്മാക്കളുടെ രക്ഷക്കുവേണ്ടി കാഴ്ചവയ്ക്കാന്‍ ആണ് എനിക്ക് അപ്പോള്‍ പ്രേരണ ഉണ്ടായത്. ഈ ഒരു ചെറിയ സഹനം ആരോടും പറയാതിരിക്കുന്നതും ഒരു പുണ്യപ്രവൃത്തിയായി ഞാന്‍ കരുതി. ആ സംഭവം അങ്ങനെ കഴിഞ്ഞുപോയി.
ഏതാനും ദിവസങ്ങള്‍ക്കുശേഷം അമ്മച്ചി വിശുദ്ധ കുര്‍ബാന സ്വീകരിച്ച് വരുമ്പോള്‍ അമ്മച്ചിയുടെ കാലും അതേ സ്ഥലത്തുതന്നെ തട്ടി. കടുത്ത വേദന അമ്മച്ചിക്കും അനുഭവപ്പെടുകയും ചെയ്തു. കാലിലെ മൂന്ന് വിരലുകള്‍ നീര് വന്ന് വീര്‍ത്തു. പാപികളുടെ മാനസാന്തരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി അമ്മച്ചി ആ സഹനം കാഴ്ചവച്ചു. ഈ കാര്യം ഞങ്ങളോട് പറയുകയും ചെയ്തു.
ഈ സംഭവങ്ങള്‍ എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചു. അമ്മച്ചിക്ക് ഉണ്ടായ അനുഭവങ്ങളും അമ്മച്ചിയുടെ പ്രാര്‍ത്ഥനകളും ഞങ്ങളോടും പറയുന്നതുകൊണ്ടല്ലേ ഞങ്ങളും ഇങ്ങനെ ഈശോയ്ക്ക് വേണ്ടി ആത്മാക്കളെ നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നത്? ഒരു അമ്മയായിക്കഴിഞ്ഞപ്പോള്‍ ഇതൊക്കെ മക്കളോട് പറയണം എന്നതിന്റെ ആവശ്യകത എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി.
അടുത്ത തലമുറകളിലേക്ക് ഈ നന്മകള്‍ കൈമാറ്റം ചെയ്യപ്പെടണമെങ്കില്‍ അമ്മച്ചി കാണിച്ചുതന്നത് പോലെ ആത്മാക്കളെ ചെറിയ ചെറിയ നന്മപ്രവൃത്തികളിലൂടെ നേടേണ്ടത് എങ്ങനെ എന്ന് ഞങ്ങളും മക്കള്‍ക്ക് കാണിച്ചു കൊടുക്കണ്ടേ? അതെല്ലാം പറഞ്ഞു തന്നെ മനസ്സിലാക്കി കൊടുക്കണ്ടേ? ആ ചിന്ത വന്നതോടെ ഞാന്‍ മകനോട് ഇതിനെക്കുറിച്ച് പറയാന്‍ തുടങ്ങി.
‘കാഴ്ചവയ്ക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ അറിഞ്ഞാല്‍ കുറയും’ എന്ന് അമ്മച്ചിക്ക് നല്‍കിയിരുന്ന എന്റെ പണ്ടത്തെ ഉപദേശത്തെ ഞാനോര്‍ത്തു ഇപ്പോള്‍ ഞാന്‍ ചിരിക്കാറുണ്ട്. ഇന്ന്, അടുത്ത ചില സുഹൃത്തുക്കളോടും ബന്ധുക്കളോടും എന്റെ എളിയ ഈ ത്യാഗപ്രവൃത്തികളെ പറ്റി പറയേണ്ടതുണ്ടോ എന്ന് ഞാനും ചിന്തിച്ചുതുടങ്ങി.
എന്നാല്‍ എനിക്ക് അങ്ങനെയുള്ള അവസരങ്ങള്‍ കിട്ടിയാലും അമ്മച്ചിയെപ്പോലെ ഫലപ്രദമായി അവ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഒന്നുകില്‍ ഉചിതമായ സമയത്ത് സംസാരിക്കാന്‍ സാധിക്കില്ല; അല്ലെങ്കില്‍ കേള്‍ക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ പോകും.
ഇതില്‍നിന്നെല്ലാം ഈശോ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് ചിന്തിച്ചപ്പോള്‍ ലഭിച്ച ബോധ്യം ഇങ്ങനെയായിരുന്നു: മറ്റുള്ളവരോട് ഇതെല്ലാം പങ്കുവച്ച് പ്രചോദനം നല്‍കാന്‍ ചിലരെ ദൈവം നിയോഗിക്കുമ്പോള്‍ നിശബ്ദമായി ഇതെല്ലാം കാഴ്ചവയ്ക്കാനാണ് ചിലരെ ദൈവം നിയോഗിക്കുന്നത്. ഓരോരുത്തരെ കുറിച്ചും ദൈവത്തിനുള്ള പദ്ധതികള്‍ വ്യത്യസ്തമാണ്. ദൈവത്തോട് ചേര്‍ന്ന് നിന്നാല്‍ നമ്മെക്കുറിച്ചുള്ള തിരുഹിതം ദൈവം നമ്മില്‍ നിറവേറ്റും. ”നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്” (എഫേസോസ് 2:10).
ലിന്റി ജെ. ഊക്കന്‍