
ഓര്‍മ്മ വച്ച നാള് മുതല്‍ വീട്ടില്‍ വാഹനാപകടങ്ങള്‍ ഒരു തുടര്‍പരമ്പര ആയിരുന്നു. രക്തം കണ്ടാല്‍ ഞാന്‍ ഭയന്ന് വിറയ്ക്കും. ആശുപത്രികളും വാഹനങ്ങളും ഒരുപോലെ എന്റെ പേടിസ്വപ്നമായി. എന്റെ ദുര്‍ബലാവസ്ഥയില്‍ ഒരു നഴ്സ് ആവുക എന്നത് മാനുഷികദൃഷ്ടിയില്‍ അസാധ്യമാണ്. ”എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലിപ്പി 4:13) എന്ന വചനം മാംസം ധരിച്ചതാണ് ഞാന്‍ എന്ന നഴ്സിന്റെ ഉത്ഭവം.
2009 ഫെബ്രുവരിമാസം ബി.എസ്സി. നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കി. നഴ്സിംഗ് പഠിച്ച തമിഴ്നാട്ടില്‍ത്തന്നെ ചെറിയൊരു ആശുപത്രിയില്‍ മൂന്നു മാസക്കാലം ജോലിക്ക് കയറി. ആദ്യശമ്പളം 3000 രൂപ. പഠിച്ച കുറെ നഴ്സിംഗ് തിയറിയും വളരെ കുറച്ച് പ്രാക്ടിക്കല്‍ അറിവും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
തുച്ഛമായ ശമ്പളം ഒന്നിനും തികയാതെ വന്നപ്പോള്‍ മഹാരാഷ്ട്രയിലേക്ക് ചേക്കേറി. ബോംബെയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത് 2010 ജൂണ്‍ മാസത്തില്‍ ആണ്. അന്ന് ഒരു ഐ.വി ക്യാനുല വെയിനില്‍ ഇടാന്‍ ഭയമായിരുന്നു, കൈ വിറയ്ക്കും. കൂടെ ഉള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും കമന്റ ് പറഞ്ഞിട്ടുണ്ട്. എത്ര വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ള നേഴ്സ് ആണെങ്കിലും ഒരു രോഗിക്ക് ആദ്യ പരിശ്രമത്തില്‍ തന്നെ വെയിന്‍ കൃത്യമായി കണ്ടുപിടിച്ചു ക്യാനുല ഇടാന്‍ കഴിഞ്ഞില്ലെങ്കില്‍ നഴ്സ് എന്ന നിലയില്‍ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും.
ഇങ്ങനെ വിറയ്ക്കുന്ന എനിക്ക് ജോലി ലഭിച്ചത് ആക്സിഡന്റ ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍. ‘എന്റെ ഈശോയേ, നീ ഇത് എന്ത് ഭാവിച്ചാണ്’ എന്ന് കൂടെക്കൂടെ ചോദിച്ചിട്ടുണ്ട്. രാത്രിയില്‍ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടിക്ക് പോകാന്‍തന്നെ വല്ലാത്ത ഭയം. വളരെ പെട്ടെന്ന് ചികിത്സ ആവശ്യമുള്ള, അത്യാസന്ന നിലയിലുള്ള, രോഗികള്‍ നിറഞ്ഞു കിടക്കുന്ന ഇടം. പലവിധ അപകടങ്ങളില്‍പ്പെട്ട് രക്തത്തില്‍ കുളിച്ച് ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ടും മറ്റും വരുന്ന രോഗികള്‍. മരിച്ചശേഷം എത്തിച്ചേരുന്ന മനുഷ്യശരീരങ്ങള്‍. എന്റെ ജീവിതം ഇരുട്ടില്‍നിന്ന് കൂരിരുട്ടിലേക്കു വഴി മാറുന്ന അവസ്ഥ.
ആദ്യത്തെ വെല്ലുവിളി ഐ.വി ക്യാനുല ആണെങ്കില്‍ രണ്ടാമത്തേത് ഹിന്ദി ഭാഷ പ്രാവീണ്യം ഇല്ലാത്തതാണ്. ഹിന്ദി അക്ഷരമാല ഉപയോഗിച്ച് വാക്കുകള്‍ കൂട്ടി വായിക്കാം എന്നല്ലാതെ എനിക്കു ഹിന്ദി ഭാഷ കേട്ടാല്‍ മനസ്സിലാകുകയോ സംസാരിക്കാന്‍ അറിയുകയോ ഇല്ല.
13 കിടക്കകള്‍ ഉള്ള എമര്‍ജന്‍സി യൂണിറ്റ് തന്നെ എനിക്ക് ഭാരം ആയിരുന്നു. മുന്പില് ഒരു വഴിയും ഇല്ലാതെ ചെങ്കടലിനുമുന്നില് നില്ക്കുന്ന ഇസ്രായേല്‍ക്കാരെ ഓര്‍ത്തുപോയ നാളുകള്‍. ‘ഈശോയേ നിനക്ക് ഇങ്ങനെയും പണി തരാന്‍ അറിയാം അല്ലേ’ എന്നുള്ള ചോദ്യം നിത്യസംഭാഷണമായി.
ആശാരി ആയതുകൊണ്ട് ഈശോക്ക് ഒരു പ്രശ്നം ഉണ്ട്. തോലുരിഞ്ഞു മരം മിനുസപ്പെടുത്തുന്നതുപോലെ ഈശോ ഉദ്ദേശിച്ചകണക്ക് മിനുസവും വഴക്കവും ലഭിക്കുന്നതുവരെ നമ്മള് മനുഷ്യാത്മാക്കളോടും പ്രവര്‍ത്തിക്കും. എന്തെങ്കിലും അറിവില്ലെന്നോ ചെയ്യാന്‍ കഴിവില്ലെന്നോ പറഞ്ഞു പോയാല്‍ അതു
പഠിപ്പിച്ചു ചെയ്യിപ്പിച്ചിട്ടേ ഈശോക്ക് വിശ്രമം ഉള്ളൂ.
”ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടു കൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരുപോലെയാക്കും. നീ അവയെ പാറ്റുകയും കാറ്റ് അവയെ പറപ്പിച്ചുകളയുകയും കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും. നീ കര്‍ത്താവില്‍ ആനന്ദിക്കും; ഇസ്രായേലിന്റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും” (ഏശയ്യാ 41:15-16).
മൂന്നാമത്തെ എന്റെ വെല്ലുവിളി നേതൃത്വപരമായ കഴിവില്ലായ്മയാണ്. വളരെ അപകര്‍ഷതാബോധം ഉള്ള ഒരു വ്യക്തിത്വം ആയിരുന്നു എനിക്ക്. ആരെയെങ്കിലും അഭിമുഖീകരിക്കാനും എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും ഒക്കെ ബുദ്ധിമുട്ട്. ഒരു നഴ്സ് എന്ന നിലയില്‍ ഞാന്‍ പൂര്‍ണ്ണ പരാജയത്തിന്റെ കിരീടം സ്വീകരിക്കേണ്ടിവന്ന നാളുകള്‍.
എമര്‍ജന്‍സി നഴ്സിന് മറ്റേതു യൂണിറ്റിലെ നഴ്സുമാരെക്കാളും അറിവും കഴിവും കാര്യപ്രാപ്തിയും ‘ക്രിട്ടിക്കല്‍ തിങ്കിങ്ങും’ എല്ലാം ഉണ്ടായിരിക്കണം. കാരണം എല്ലാവിധ രോഗികളും ആദ്യം കടന്നെത്തുന്ന ഇടമാണത്. ഓരോ രോഗിക്കും ഏറ്റവും അത്യാവശ്യമായ ചികിത്സ വളരെ പെട്ടെന്ന് കൊടുക്കേണ്ടതുണ്ട്. പാതിവഴിയില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജീവനുകളെ തിരിച്ചു പിടിക്കാന്‍ സര്‍വ്വ പരിശ്രമങ്ങളും നടത്തുന്ന സ്ഥലം. ഓരോ നിമിഷവും ഏറ്റവും വിലപ്പെട്ടതായി എണ്ണപ്പെടുന്ന മറ്റൊരിടം ആശുപത്രിയില്‍ ഉണ്ടാകില്ല. അതാണ് അത്യാഹിത വിഭാഗം.
ഒരു ജോലിയില്‍ നമുക്ക് ‘ഹെല്‍പ്പര്‍’ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സഹായത്തിന് ഉപയോഗിക്കാനുള്ളതാണ്. ഈശോ സ്വര്‍ഗ്ഗത്തിലേക്ക് പോയപ്പോള്‍ ഒരു സഹായകനെ നമുക്കും നല്കി. ആത്മീയവും ഭൗതികവും ആയ എല്ലാ കാര്യങ്ങളിലും നമുക്ക് സഹായമായ പരിശുദ്ധാത്മാവ്.
സഹായകന് എന്നതിനെ എല്ലാ അര്‍ത്ഥത്തിലും സാധൂകരിക്കുന്ന വ്യക്തി. പരിശുദ്ധാത്മാവിനെ ഒറ്റവാക്കില്‍ വേണമെങ്കില്‍ ‘ജീസസ് അണ്‍ലിമിറ്റഡ്’ എന്നോ ‘ജീസസ് ഓവര്‍ലോഡഡ്’ എന്നോ വിളിക്കാം. പരിധികളില്ലാത്ത, അസാധ്യതകളില്ലാത്ത, എപ്പോഴും നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വളരെ സെന്‍സിറ്റീവ് ആയ വ്യക്തി.
എന്റെ മൂന്ന് വെല്ലുവിളികള്‍ക്കും സഹായം പരിശുദ്ധാത്മാവ് ആയിരുന്നു. ആറുമാസം കൊണ്ട് ഹിന്ദി ഭാഷ നല്ലപോലെ കൈകാര്യം ചെയ്യാന്‍ പഠിച്ചു. ഐ.വി ക്യാനുല ഇടാന്‍ കൈ വിറച്ചിരുന്ന എന്റെ കൈകളിലൂടെ പ്രയാസമേറിയ വെയ്നുകളിലേക്ക് പരിശുദ്ധാത്മാവ് ക്യാനുലകള്‍ അനായാസം പ്രവേശിപ്പിച്ചു. വളരെ പെട്ടെന്നുതന്നെ ‘ഐ.വി ക്യാനുല എക്സ്പര്‍ട്ട്’ എന്ന പേരില്‍ മറ്റു വാര്‍ഡുകളിലേക്ക് ക്യാനുല ഇടാന്‍ ക്ഷണിക്കപ്പെട്ടു. ഒടുവില്‍ എമര്‍ജന്‍സി യൂണിറ്റിന്റെ ടീം ലീഡര്‍ ആയി ഈശോ എന്നെ രൂപാന്തരപ്പെടുത്തി.
ഓരോ രോഗിക്കും ക്യാനുല ഇടുന്നതിനു മുന്‍പ് ആ ഭാഗം സ്പിരിറ്റ് ഉപയോഗിച്ച് നന്നായി തുടക്കണം. ആ സമയം ഞാന്‍ പരിശുദ്ധാത്മാവേ സഹായിക്കണമേ എന്ന് ഉരുവിട്ട് കൊണ്ടിരിക്കും. സ്പിരിറ്റ് വച്ച് തുടക്കുന്നതിനിടയില്‍ കുരിശടയാളം വരയ്ക്കും. ഒരിക്കലും തലകുനിക്കാന്‍ പരിശുദ്ധാത്മാവ് അനുവദിച്ചിട്ടില്ല.
എന്റെ ഡ്യൂട്ടിസമയം എപ്പോഴും തിരക്കായിരുന്നു. മറ്റു ഷിഫ്റ്റുകളില്‍ ഉണ്ടാകാത്തവിധം വ്യത്യസ്തമായ രോഗാവസ്ഥകളില്‍ ഉള്ള രോഗികള്‍. ഒരു ടീം ലീഡര്‍ ആകാന്‍ ഈശോ ഒരുക്കിയ സ്പെഷ്യല്‍ ട്രെയിനിംഗ്. ഈശോയും പരിശുദ്ധാത്മാവും ചേര്‍ന്ന് ഒരു അടിപൊളി ‘കോമ്പോ,’ അതായിരുന്നു എന്റെ നഴ്സിംഗ് ജീവിതം.
കുറ്റപ്പെടുത്തലുകളുടെയും അപമാനത്തിന്റെയും നാളുകള്‍ സ്വര്‍ഗം തുടച്ചുനീക്കി. അനേകം രോഗികള്‍ പ്രശംസകളുമായെത്തി. നഴ്സിംഗ് ജീവിതം 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഢമരൌഹമൃ അരരല ൈഠലമാ നഴ്സുമാരില്‍ ഒരാള്‍ ആയി ഈശോ ഇന്നും എന്നെ ഉപയോഗിക്കുന്നു.
സംസാരിക്കാന്‍ പാടവം ഇല്ലെന്നു പറഞ്ഞ മോശയെ നേതാവാക്കിയവന്, ബാലനാണെന്ന് പറഞ്ഞ ജറെമിയായെ പ്രവാചകനാക്കിയവന്, ഇടയബാലനായ ദാവീദിനെ രാജാവാക്കിയവന്‍, പൊട്ടക്കിണറ്റില്‍ കിടന്ന ജോസഫിനെ കൊട്ടാരപദവിയില് എത്തിച്ചവന്, മീന്‍പിടുത്തക്കാരെ മനുഷ്യരെ പിടിക്കുന്നവരാക്കിയവന്, വ്യഭിചാരിണിയെ സുവിശേഷ പ്രഘോഷകയാക്കിയവന്, കള്ളനെ സ്വര്‍ഗം മോഷ്ടിക്കാന്‍ പഠിപ്പിച്ചവന്… അവന്റെ പേര് അന്നും ഇന്നും എന്നും നസ്രായനായ യേശു എന്നാണ്. അവനിലൂടെ പരിശുദ്ധാത്മശക്തി നമ്മിലേക്കും ഒഴുകപ്പെടുന്നു. ”തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുംമേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു” (റോമാ 10:12).
ജീവിതത്തിന്റെ കുറവുകളെ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവുമായി ഒരു വ്യക്തിബന്ധം നമുക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ. നമ്മുടെ ഹൃദയത്തിന്റെ താക്കോല്‍ അവിടുത്തെ ഏല്പിക്കാം. ലേസര്‍ പോലെ സൂക്ഷ്മമായി നിരീക്ഷിച്ച് വിലകെട്ടതെല്ലാം എടുത്തുമാറ്റി അതിനെ രൂപാന്തരപ്പെടുത്തി പുതിയൊരു ഹൃദയവും പുതിയൊരു അഭിഷേകവും അവിടുന്നു നല്കട്ടെ. ”സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!” (ലൂക്കാ 11:13).
ആന്‍ മരിയ ക്രിസ്റ്റീന