
എന്റെ ആദ്യത്തെ ശമ്പളം നാലായിട്ടാണ് ഭാഗിച്ചത്. വിദ്യാഭ്യാസലോണിന് ഒരു വിഹിതം. കഷ്ടപ്പെട്ട് പഠിപ്പിച്ച പപ്പയ്ക്ക് മറ്റൊരു വിഹിതം. വരുന്ന മാസത്തെ എന്റെ വട്ടച്ചിലവുകള്ക്ക് മൂന്നാമത്തെ വിഹിതം. അവസാനമായി, മരിച്ചുപോയ എന്റെ അമ്മാമ്മയ്ക്ക് വേണ്ടി ഒരു കുര്‍ബാന അര്‍പ്പിക്കാന്‍.
നാളുകള്‍ കഴിഞ്ഞിട്ടും മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കുന്ന ഒരു കാര്യമാണ് അമ്മാമ്മയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന. സെമിനാരിയില്‍ ആണെങ്കിലും ഇതിന് മുടക്കം വരുത്താറില്ല. അതിനൊരു കാരണമുണ്ട്.
മരിച്ചുപോയ ആത്മാക്കള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് അവര്‍ക്ക് ചെയ്തുകൊടുക്കാവുന്ന ഏറ്റവും വലിയ സഹായമാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു.
വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ കുറേയൊക്കെ പ്രാര്‍ഥിച്ച ശേഷം നിര്‍ത്തുന്നവരാണ് നമ്മില്‍ പലരും. മരണത്തിന്റെ ഓര്‍മ്മ അവസാനിക്കുന്നതിനൊപ്പം അല്ലെങ്കില്‍ അതിനുമുന്പേതന്നെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും അവസാനിപ്പിക്കുന്ന രീതി നമുക്കുണ്ടാകും. എന്നാല്‍, യഥാര്‍ഥത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒരു പ്രാര്‍ഥനയും അധികമായിപ്പോവുകയോ പാഴായിപ്പോവുകയോ ചെയ്യുന്നില്ല. ലക്ഷ്യം കൈവരിച്ചാല്പോലും ശേഷമുള്ള പ്രാര്‍ഥനകള്‍ ഒരു പൊതുവായ ശേഖരത്തിലേക്ക് – അതായത് സഭയുടെ ‘കോമണ്‍ ട്രഷറി’യിലേക്ക് എന്നവിധത്തില്‍ കണ്ടുകൊണ്ട് പ്രാര്‍ഥനകള്‍ തുടരുകയാണ് ചെയ്യേണ്ടത്. അത് സ്വീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരാത്മാവിനായി അത് വിനിയോഗിക്കപ്പെട്ടുകൊള്ളും.
ഒരു അമ്മ തന്റെ മക്കളില്‍ ഏറ്റവും ക്ഷീണിച്ചിരിക്കുന്ന കുഞ്ഞിന് മറ്റുള്ളവരെക്കാള്‍ അധികമായി പോഷകാഹാരം കൊടുക്കാന്‍ ആദ്യം ശ്രദ്ധിക്കുകയില്ലേ? ഇതുപോലെയാണ് ഇക്കാര്യത്തില്‍ കൃപകളുടെ വിതരണക്കാരിയായ
പരിശുദ്ധ അമ്മ ചെയ്യുക.
ഇത്തരം ഏതാനും ബോധ്യങ്ങളാണ് മണ്മറഞ്ഞു പോയവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ത്താതിരിക്കാന്‍ എന്നെ സഹായിക്കുന്നത്.
പറഞ്ഞുവരുന്നത്, ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന, അതായത് സഹനസഭയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി നിരന്തരം നമ്മള് പ്രാര്ഥിക്കണമെന്നാണ്. പ്രസാദവരാവസ്ഥയില്‍ മരിക്കുന്നതും എന്നാല്‍ ലഘുപാപകടങ്ങള് ശേഷിക്കുന്നതുമായ ആത്മാക്കള്‍ക്ക് മരണശേഷം ശുദ്ധീകരണത്തിനുള്ള അവസരം ദൈവം നല്‍കും എന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണസ്ഥലം എന്നത് ഒരു സ്ഥലം എന്നതിനെക്കാളേറെ ശുദ്ധീകരണവസ്ഥയായി കാണണം. ”…എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവര്‍ രക്ഷ പ്രാപിക്കും” (1 കോറിന്തോസ് 3:15).
മൂന്നുവിധത്തില്‍ ശുദ്ധീകരണാത്മാക്കളെ നമുക്ക് സഹായിക്കാനാകും: വിശുദ്ധ കുര്‍ബാന, പ്രാര്‍ത്ഥനകളും ദണ്ഡവിമോചനങ്ങളും, ദാനധര്‍മ്മങ്ങളും പ്രായശ്ചിത്ത പ്രവൃത്തികളും.
സഭാപിതാക്കന്മാര്, വിശുദ്ധാത്മാക്കള്‍, സഭാപാരമ്പര്യം, തിരുസഭാപ്രബോധനങ്ങള് എന്നിങ്ങനെ എല്ലാത്തരത്തിലും കത്തോലിക്കാ വിശ്വാസം പ്രഘോഷിക്കുന്ന കാര്യമാണ് ഇത്. കേവലം അവരുടെ ഓര്മദിനത്തിലോ, മരിച്ചവരെ പ്രത്യേകം അനുസ്മരിക്കുന്ന ഒരു മാസത്തിലോ മാത്രം ഇത് ചെയ്താല്‍ പോരാ.
സ്ഥിരതയോടെ, തീക്ഷ്ണതയോടെ, ശുദ്ധീകരണസ്ഥലത്ത് കഴിയുന്നവര്‍ക്കുവേണ്ടി നമ്മള് പ്രാര്‍ഥിക്കണം. ”മരിച്ചവരോടുള്ള കടമ മറക്കരുത്” (പ്രഭാഷകന്‍ 7:33).
പോള്‍ ആറാമന്‍ മാര്‍പ്പാപ്പ 1967- ല്‍ ദണ്ഡവിമോചനങ്ങളെക്കുറിച്ച് പുറത്തിറക്കിയ കിറൗഹഴലിശേമൃൗാ ഉീരൃേശിമ എന്ന പ്രമാണരേഖ, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങളില്‍ ഒന്നായ Spe Salvi, സീറോ മലബാര്‍ സഭയുടെ ഡോക്ട്രിനല്‍ കമ്മീഷന് പ്രസിദ്ധീകരിച്ച യുഗാന്ത്യ ദൈവശാസ്ത്രം എന്നിവ ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്കുന്ന ഔദ്യോഗിക രേഖകളാണ്.
”മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന് പ്രത്യാശ പുലര്ത്തിയെങ്കില് അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന് അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു” (2 മക്കബായര്‍ 12:44-45).
ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM